സേവനവാരം - ഒരു നല്ലോർമ്മ [ഓർമ്മക്കുറിപ്പ്]

സേവനവാരം - ഒരു നല്ലോർമ്മ [ഓർമ്മക്കുറിപ്പ്] സേവനവാരം - ഒരുപക്ഷെ, ഈ വാക്ക് ഇന്നത്തെ കുട്ടികൾക്ക് തീർത്തും അപരിചിതമാവാം. എന്നാൽ ഒരു 30-35 കൊല്ലങ്ങൾക്കപ്പുറം തങ്ങളുടെ സ്കൂൾ വിദ്യാഭ്യാസം നടത്തിയവർക്കെല്ലാം, അതു നല്ല പരിചിതമായിരിയ്ക്കും. അഥവാ എങ്ങാനും ഇടയ്ക്കുവച്ചു മറന്നെങ്കിൽ, ഇപ്പോൾ ഓർമ്മ വന്നു കാണും. അന്നൊക്കെ ഒക്ടോബർ-2 ലെ ഗാന്ധിജയന്തി ദിനം ആഘോഷിച്ചിരുന്നത്, ഇന്നത്തെപോലെ വെറും ഒരു അവധിദിനം മാത്രമായിട്ടായിരുന്നില്ല. മറിച്ച്, ഒരാഴ്ചക്കാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു ആഘോഷമായിരുന്നു അഥവാ സേവനമായിരുന്നു അത്. അന്നത്തെ ആ ആഘോഷത്തിന്റെ പേരായിരുന്നു നമ്മൾ ആദ്യം പറഞ്ഞ 'സേവനവാരം'. "ഓഹ് ... അതിനിപ്പോ എന്താണിത്ര പറയാൻ?... അല്ലെങ്കിൽ ഓർക്കാൻ മാത്രം? ..." എന്നാണോ ? പറയാം.... പറയാനാണെങ്കിൽ, ഒരുപാടുണ്ട് താനും. കോട്ടയം ജില്ലയിലെ മോനിപ്പള്ളി സർക്കാർ എൽപി സ്‌കൂളിൽ ആയിരുന്നു എന്റെ പ്രൈമറി വിദ്യാഭ്യാസം. വീട്ടിൽ നിന്നും, കൃത്യമായി പറഞ്ഞാൽ മൂന്നു കിലോമീറ്റർ നടന്നാണ് അന്നൊക്കെ ഞങ്ങൾ സ്‌കൂളിൽ പോയിരുന്നത്. ഞങ്ങൾ എന്ന് പറഞ്ഞാൽ അത് വലിയൊരു കൂട്ട...