അസ്തമയത്തിന്റെ ആ അനഘ ചാരുത [ വയനാടൻ യാത്രാ വിവരണം-2024-I ]

അസ്തമയത്തിന്റെ ആ അനഘ ചാരുത [ വയനാടൻ യാത്രാ വിവരണം-2024-I ] ഇത്തവണത്തെ വിഷു, മാതാപിതാക്കളോടൊപ്പം വയനാട്ടിൽ ആകാം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അവധിക്കാലത്തേയ്ക്കു കടന്ന കുട്ടികളും, പിന്നെ ഏറിവന്ന ചില ഔദ്യോഗിക തിരക്കുകളും ആ തീരുമാനത്തിന് ആക്കം കൂട്ടി എന്നും പറയാം. പതിവുപോലെ അനന്തപുരിയിൽ നിന്നും അതിരാവിലെ യാത്ര തുടങ്ങി. ഏറ്റുമാനൂരപ്പനെ വണങ്ങി, മോനിപ്പള്ളിയിലെ തറവാട്ടിൽ ഉച്ചഭക്ഷണത്തിനും അല്പം വിശ്രമത്തിനും ശേഷം, വൈകുന്നേരത്തോടെ എറണാകുളത്തെ ബന്ധുവീട്ടിൽ. ശരിയ്ക്കും എരിതീ പോലെ എരിയുന്ന ഈ വേനലിൽ ഒരുപോള കണ്ണടയ്ക്കാനാവാത്ത രാത്രി. കേരളത്തിൽ എല്ലായിടത്തും ചൂട് ആണെങ്കിലും "എറണാകുളത്തെ ചൂടാണ് ചൂട്" എന്ന് തോന്നിപ്പോയി. പക്ഷെ അതുകൊണ്ട് ഒരു ഗുണമുണ്ടായി. അതിരാവിലെ 5:30 ന് യാത്ര പ്ലാൻ ചെയ്ത ഞങ്ങൾ, അതിനും ഒരു മണിക്കൂർ മുൻപേ യാത്ര തുടങ്ങി. മിനി പമ്പയിൽ (കുറ്റിപ്പുറം), കടുത്ത വേനലിൽ കണ്ണീർചാലുപോലൊഴുകുന്ന ആ നിളാ നദിയും കടന്ന്, ഞങ്ങൾ താമരശ്ശേരിച്ചുരത്തിന്റെ അടിവാരത്തെത്തി. അവിടെ, അനിയനും മോനും കാത്തുനിന്നിരുന്നു. 'ലഞ്ചിയോണിൽ' നിന്നും ലഘുഭക്ഷണത്തിന് ശേഷം, ഞങ്ങൾ ചുരം കയ...