ഓലവര - ഓർമ്മയിലെ ചന്ദന വര

ഓലവര - ഓർമ്മയിലെ ചന്ദന വര [ഓർമ്മക്കുറിപ്പ്] 'ഓല' എന്നാൽ, എല്ലാവർക്കും അറിയാം. 'വര' എന്നാലോ? അതും അറിയാം. പക്ഷേ, ഈ 'ഓലവര' എന്ന സാധനം, നമ്മുടെ പ്രിയവായനക്കാരിൽ എത്രപേർക്ക് അറിയാം, എന്നെനിയ്ക്കറിയില്ല. കാര്യം അത്രയ്ക്കങ്ങ് പിടികിട്ടുന്നില്ല. അല്ലേ? എന്നാൽ നമുക്കൊരല്പം 'ഫ്ലാഷ് ബാക്ക്' ആയാലോ? ഏറെ വർഷങ്ങൾക്കു മുൻപുള്ള കാര്യമാണ്. ശ്രീ സാംബശിവൻ സാറിന്റെ കഥാപ്രസംഗഭാഷയിൽ പറഞ്ഞാൽ.... കോട്ടയം ജില്ലയിലെ മോനിപ്പള്ളി എന്ന പ്രശാന്ത സുന്ദരമായ ഒരു ഗ്രാമം. അതേ ... അവിടേയ്ക്കാണ് ഇത്തവണ ഞാൻ നിങ്ങളെ കൊണ്ടുപോകുന്നത്. പച്ചപുതച്ച നെൽവയലുകളും, അതിന്റെ കരയിൽ ഒരു പുരാതന ദേവീക്ഷേത്രവും, ക്ഷേത്രമുറ്റത്ത് താമരകൾ വിരിയുന്ന കുളവും; പിന്നെ കുറച്ചങ്ങു മാറി ഈശോയുടെ തിരുഹൃദയനാമത്തിലുള്ള കേരളത്തിലെ ആദ്യപള്ളിയും; കൂടെ, കൊച്ചുടൗണിന്റെ ഒത്ത നടുക്ക് പടർന്നു വളർന്ന് പൂത്തുനിൽക്കുന്ന ആ ഗുൽമോഹർ മരവും ഒക്കെ.... നമുക്കാ ഗ്രാമത്തിൽ കാണുവാൻ കഴിയും. "പുഷ്പിതജീവിതവാടിയിലോ ഒരപ്സരസുന്ദരിയാണ് അനീസ്യ...." എന്ന അതിപ്രശസ്തമായ ആ കഥാപ്രസംഗവരികൾ, വേണമെങ്കിൽ നമുക്കിങ്ങനെയൊന്ന് മാറ്റി പാടാം. ...