ഒബ്രോ [ചെറുകഥ]

"ഡാ ...കുമാരച്ചാ ...അതു നിന്റെ ചെറുമോനല്ലേടാ ?" "അതെ പാക്കരാ ബാലചന്ദ്രന്റെ മൂത്തമോൻ ..." "ആഹാ മിടുക്കൻ...... ഡാ ഇങ്ങു വന്നേ " പാക്കരൻ അവനെ കൈകാട്ടി വിളിച്ചു. കൂട്ടുകാരോടോത്ത് ആ വരാന്തയുടെ അങ്ങേയറ്റത്ത് മൊബൈലിൽ കളിച്ചിരുന്ന പയ്യൻ തെല്ലു നീരസത്തോടെ എഴുന്നേറ്റു വന്നു. "എന്താ നിന്റെ ?പേര് " "നവനീത്" "ആഹാ ...നല്ല പേര്. ഏതു ക്ളാസിലാ നീ പഠിക്കുന്നെ ?" "സെവന്തിൽ" "എന്നിട്ടാ ഏതു നേരവും ഇങ്ങനെ ഇതും കുത്തി ഇരിക്കുന്നേ? പഠിച്ചു വലിയ ആളാകണ്ടെടോ നിനക്ക് ?" ചോദ്യം തീരെ രസിക്കാത്ത മട്ടിൽ അവൻ ഒന്നു നോക്കി. പക്ഷെ നമ്മുടെ പാക്കരനുണ്ടോ വിടുന്നു. "നിനക്ക് വലുതാകുമ്പം ആരാകാനാ മോഹം?" "വലുതാകുന്നത് പിന്നെയല്ലേ ....എനിക്ക് ഇപ്പം ഒരു വൈറൽ ആകണം.." ഉത്തരം പെട്ടെന്നായിരുന്നു. എന്റെ ദൈവമേ... എന്തോന്നാണാവോ ഈ വൈറൽ? വല്ല ഡോക്ടറോ, എൻജിനീയറോ മറ്റോ ആകണം എന്നുപറയും എന്നാ കരുതിയത്. അതാണല്ലോ അതിന്റെയൊരു നാട്ടുനടപ്പ്. അപ്പോൾ "മിടുക്കാ....കൊള്ളാം" എന്നു പറഞ്ഞു പയ്യനെ പറഞ്ഞു വിടാമല്ലോ...