ഒബ്രോ [ചെറുകഥ]


"ഡാ ...കുമാരച്ചാ ...അതു നിന്റെ ചെറുമോനല്ലേടാ ?"

"അതെ പാക്കരാ ബാലചന്ദ്രന്റെ  മൂത്തമോൻ ..."

"ആഹാ മിടുക്കൻ...... ഡാ ഇങ്ങു വന്നേ " പാക്കരൻ അവനെ കൈകാട്ടി വിളിച്ചു.

കൂട്ടുകാരോടോത്ത് ആ വരാന്തയുടെ അങ്ങേയറ്റത്ത് മൊബൈലിൽ   കളിച്ചിരുന്ന പയ്യൻ തെല്ലു നീരസത്തോടെ എഴുന്നേറ്റു വന്നു.

"എന്താ നിന്റെ ?പേര് "

"നവനീത്"

"ആഹാ ...നല്ല പേര്. ഏതു ക്ളാസിലാ നീ പഠിക്കുന്നെ ?"

"സെവന്തിൽ" 

"എന്നിട്ടാ ഏതു നേരവും ഇങ്ങനെ ഇതും കുത്തി ഇരിക്കുന്നേ? പഠിച്ചു വലിയ ആളാകണ്ടെടോ നിനക്ക് ?"

ചോദ്യം തീരെ രസിക്കാത്ത മട്ടിൽ അവൻ ഒന്നു നോക്കി. പക്ഷെ നമ്മുടെ പാക്കരനുണ്ടോ വിടുന്നു.

"നിനക്ക് വലുതാകുമ്പം ആരാകാനാ മോഹം?"

"വലുതാകുന്നത് പിന്നെയല്ലേ ....എനിക്ക് ഇപ്പം ഒരു വൈറൽ ആകണം.." ഉത്തരം പെട്ടെന്നായിരുന്നു.

എന്റെ ദൈവമേ... എന്തോന്നാണാവോ ഈ വൈറൽ?  വല്ല ഡോക്ടറോ, എൻജിനീയറോ മറ്റോ ആകണം എന്നുപറയും എന്നാ കരുതിയത്.  അതാണല്ലോ അതിന്റെയൊരു നാട്ടുനടപ്പ്. അപ്പോൾ "മിടുക്കാ....കൊള്ളാം" എന്നു പറഞ്ഞു പയ്യനെ പറഞ്ഞു വിടാമല്ലോ എന്നും കരുതി. ഇതിപ്പോൾ പുലിവാലായല്ലോ!

കുമാരച്ചനെ ഒന്നു നോക്കി. പുള്ളിക്കാരൻ തികട്ടി വന്ന ചിരി അടക്കി  എങ്ങോ നോക്കി ഒരു ഇരിപ്പ്. അതും കൂടി കണ്ടപ്പോൾ  തീർച്ചയാക്കി എന്തോ കുഴപ്പമുണ്ട്. ശ്ശെ ...വേണ്ടാർന്നു ...!
ആരോട് ചോദിക്കും? ഈ പയ്യനോട് തന്നെ ചോദിക്കാം.

"എന്തോന്നാ മോനെ ഈ വൈറൽ?"

ചോദ്യം കേട്ടതും പയ്യൻ അത്ഭുതത്തോടെ പാക്കരനെ നോക്കി. (കണ്ടാൽ തോന്നും പാവം പാക്കരൻ എന്തോ വലിയ അപരാധം ചെയ്തു എന്ന്).  എന്നിട്ട് ഊറിച്ചിരിച്ചു കൊണ്ടൊരു ചോദ്യം.

"വൈറൽ  എന്താന്ന് അറിയില്ലേ ?"

"ഇല്ല"

"ഒബ്രോ ... സ്വന്തമായി എഫ്ബി  അക്കൗണ്ട് ഉണ്ടോ?"

ഭഗവാനേ ... വീണ്ടും കുഴഞ്ഞല്ലോ....വൈറൽ എന്താണെന്നു ചോദിച്ചപ്പോൾ ഇതാ വരുന്നു  അതിനേക്കാൾ വലിയ വേറെ കുറെയെണ്ണം ... ഒബ്രോ, എഫ്ബി അക്കൗണ്ട്....  എന്താണാവോ ഇതൊക്കെ? ശ്ശെ ...വേണ്ടാർന്നു ...!

"ഇല്ല ...പക്ഷെ  ജംക്ഷനിലെ ബാങ്കിൽ ഒരു എസ്ബി അക്കൗണ്ട് ഉണ്ട്. പണ്ടെങ്ങോ തുടങ്ങിയതാ"

"ഒബ്രോ ...  ന്താ ...കളിയാക്കിയതാ....?"

എന്റെ ദൈവമേ ദേ വീണ്ടും ആ സാധനം ഒബ്രോ ...എന്ത് കുന്ത്രാണ്ടമാണോ ഇത്. ഒരു കാര്യവുമില്ലാതെ ഈ പയ്യനെ ഒന്ന് ഉപദേശിക്കാൻ പോയതാ ... ഗുലുമാലായല്ലോ ... ഇനി എങ്ങിനെ ഇതിൽ നിന്നും ഒന്ന് ഊരിപ്പോരും?

ദയനീയമായി കുമാരച്ചനെ നോക്കി. പാവം ചിരിയടക്കാൻ നന്നേ പാടുപെടുന്നുണ്ട്.

പാക്കരന് നന്നായി ദേഷ്യം വന്നു. ഒന്നാമതേ ഈ നരുന്ത് പയ്യൻ പറയുന്നത് ഒന്നും അങ്ങോട്ട് പിടി കിട്ടുന്നില്ല ...അതിനിടക്കാ  അവന്റെ മുത്തച്ഛന്റെ വക  ഒരു തരം  മറ്റേ ചിരി ! കാര്യം തന്റെ കൂട്ടുകാരനൊക്കെ തന്നെ...എന്നാലെന്താ?

പാവം പാക്കരന്റെ വിഷമം മനസിലാക്കി അവസാനം കൂട്ടുകാരൻ തന്നെ രക്ഷക്കെത്തി. കുമാരച്ചൻ പയ്യനോട് പൊയ്‌ക്കോളാൻ ആംഗ്യം കാണിച്ചു.

 "അല്ല കുമാരച്ചാ  അവൻ എന്താ പറഞ്ഞത് ?... ഇനി എന്നെ വല്ല ചീത്തയും വിളിച്ചതാണോ ? ഇപ്പോളത്തെ പിള്ളേരല്ലേ ? ചിലപ്പോൾ അതും ചെയ്യും"

"ഏയ് ..അതൊന്നുമല്ല പാക്കരാ... നീയെന്തിനാ  പിള്ളേരുടെ അടുത്ത് ഈ മാതിരി കൊനഷ്ടു ചോദ്യവുമായി പോകുന്നത് ?"

"കൊനഷ്ടു ചോദ്യമോ?"

"ആ വിട്...എടോ എഫ്ബി എന്നാൽ ഫേസ്ബുക് ... അതിൽ നീ മെമ്പർ ആണോ എന്നാ അവൻ  ചോദിച്ചത് ..."

"അത് ശരി ...അപ്പോൾ വൈറലോ ?"

"അതീ..... എഫ്ബിയിൽ  ചില ഐറ്റം പോസ്റ്റ് ചെയ്‌താൽ അതിങ്ങനെ നമ്മടെ ഡെങ്കിപനി പടരുന്നത് പോലെ പടർന്നു പടർന്നു അങ്ങിനെ പോകും ... അതിനെ ആണെ  ഈ വൈറൽ, വൈറൽ എന്നു പറയുന്നേ ...മനസിലായോ?"

"മ്മ്മ് ... മുഴുവൻ അങ്ങ് കത്തിയില്ല ...  എന്നാലും ...വൈറൽ ... ആഹ് എന്തൊക്കെയോ മനസിലായി ... ശരി  വേറെ ഒന്ന് കൂടി പറഞ്ഞല്ലോ ... എന്തോ ഒരു ബ്രോ ...അതെന്തോന്ന് ?"

"ഹ ഹ ...ഒബ്രോ .... അതല്ലേ ? എന്ന് പറഞ്ഞാൽ 'ഓൾഡ് ബ്രോ ' ...."

"എന്ന് പറഞ്ഞാൽ ?"

"ശെടാ  ...ഇത് കുറെ നേരമായല്ലോ ... എടോ  ഈ  ഒബ്രോ എന്നു പറഞ്ഞാൽ ഓൾഡ് ബ്രദർ ... എന്ന് പറഞ്ഞാൽ "കാരണവരെ" എന്നാണ്  അവൻ ഉദ്ദേശിച്ചത് ...  ഈ കാരണവർ, വയസ്സൻ എന്നൊക്കെ പറയുമ്പോൾ ഒരു പഞ്ച് ഇല്ലല്ലോ.... ഇതാകുമ്പോൾ കേൾക്കാനും ഒരു സുഖം ..പറയുന്നവൻ പഴഞ്ചൻ ആകുകേം ഇല്ല  ....എങ്ങിനെ? "

"എന്റെ ദൈവമേ ...ഈ പിള്ളേരെ  കൊണ്ട് തോൽക്കുമല്ലോ ....അതിരിക്കട്ടെ ...എടാ കുമാരാ ഇതൊക്കെ നിനക്കെങ്ങനെ അറിയാം?"

"നല്ല ചോദ്യം .... എഡോ ഇതൊക്കെ അറിഞ്ഞാലല്ലേ ഇവന്മാരുടെ  ഇടയിൽ പിടിച്ചു നില്ക്കാൻ പറ്റൂ ...  നേരം പരപരാ വെളുക്കുമ്പം ദാ  അവനും അവന്റെ കുറെ കൂട്ടുകാരും കൂടി മൊബൈലും പിടിച്ചു  ഈ ഇരിപ്പു തുടങ്ങും ..പിന്നെ ഈ ജാതി വർത്തമാനങ്ങൾ ഒക്കെ തന്നെയാ ഇവിടെ കേൾക്കുന്നത് . അങ്ങിനെ ഞാനും അപ്ഡേറ്റഡ് ആയി ... ആയല്ലേ പറ്റൂ "

"അതെന്തോന്നെടെ ഈ അപ്ഡേറ്റഡ് ... ഈ ഒബ്രോ പോലെ വല്ലതും ആണോ ?"

"അതീ ... കാലത്തിനൊത്തു കോലം മാറി....... എന്ന് .....മനസിലായോ?"

"ഒഹ്ഹ്ഹ് ...... ആയി ഒബ്രോ ...ആയി"

"ഹ ഹ ...അത് കലക്കി ....നീയും അപ്ഡേറ്റഡ് ആയല്ലോ ..."

"എന്നാ പിന്നെ ഞാൻ ഇറങ്ങട്ടെ ..ഇനി ഇവിടെ നിന്നാൽ വീണ്ടും അവന്മാരുടെ വായിൽ നിന്നും വേറെ വലതും കേൾക്കും. അതിനു മുൻപേ ഞാൻ അങ്ങോട്ട്  ...."

"ഒകെ  ഒബ്രോ...ചെന്നിട്ടു സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യണേ ...."

"പോടാ ... ...പോടാ "
******
Blog: https://binumonippally.blogspot.com
Mail: binu_mp@hotmail.com 
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്















Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]