ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്


ശ്രീനാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്


പ്രിയപ്പെട്ടവരെ നമസ്കാരം,

ശ്രീ നാരായണ ദർശനങ്ങളിലേയ്ക്ക് കടക്കുന്നതിനു മുൻപ്, നമുക്കാദ്യം ശ്രീ നാരായണ ഗുരു ആരായിരുന്നു എന്നൊന്നു നോക്കാം? എന്താ ?

ആരായിരുന്നു  ശ്രീ നാരായണ ഗുരു ? ദൈവമായിരുന്നോ ?

അല്ല

ഒരു അവതാരമായിരുന്നോ ?

അല്ല

ഒരു അമാനുഷികനായിരുന്നോ ?

അല്ല

പിന്നെ, ആരായിരുന്നു ?

ഞാൻ പറയും, അദ്ദേഹം ഒരു ഉത്തമ മനുഷ്യൻ ആയിരുന്നു, അഥവാ കറകളഞ്ഞ ഒരു മനുഷ്യസ്നേഹി ആയിരുന്നു എന്ന്.

എന്നാൽ, അതായിരുന്നോ അദ്ദേഹത്തിന്റെ പ്രസക്തി ?

അല്ല

പിന്നെ ?

അദ്ദേഹം കേരളം കണ്ട അഥവാ ഭാരതം കണ്ട, ഏറ്റവും വിപ്ലവകാരിയായ ഒരു സാമൂഹ്യപരിഷ്കർത്താവായിരുന്നു.

പക്ഷേ,  ഭാരതത്തിലും കേരളത്തിലും വേറെയും ഒരുപാട് സാമൂഹ്യപരിഷ്ക്കർത്താക്കൾ ഉണ്ടായിരുന്നുവല്ലോ. അപ്പോൾ, അവരിൽ നിന്നും ഗുരു എങ്ങിനെ ആണ് വ്യത്യസ്തനാകുന്നത് ?

തന്റെ ജീവിതകാലത്ത്, സമൂഹത്തിൽ നിലനിന്നിരുന്ന എല്ലാ അനീതികൾക്കെതിരെയും പ്രതികരിച്ച, അവയെ തുറന്നെതിർത്ത ഒരു വിപ്ലവകാരിയായിരുന്നു ഗുരു. അഹിംസാ മാർഗത്തിൽ ചരിച്ച വിപ്ലവകാരി. തന്റെ ലളിതമായ വാക്കുകളിലൂടെ അഥവാ ദർശനങ്ങളിലൂടെ, അയിത്തം ഉൾപ്പെടെയുള്ള സാമൂഹിക കാപാലികതകളെ നിഷ്കാസനം ചെയ്യാൻ ആഹ്വാനം ചെയ്ത, അതല്ലെങ്കിൽ നിഷ്കാസനം ചെയ്ത സാമൂഹ്യപരിഷ്ക്കർത്താവായിരുന്നു ശ്രീ നാരായണ ഗുരു.

അതോടൊപ്പം തന്നെ, തന്റെ ആശയങ്ങളെ, ദർശനങ്ങളെ, ഉദ്ബോധനങ്ങളെ വെറും വാക്കുകൾ മാത്രം ആക്കി മാറ്റാതെ, അവയെ എല്ലാം തന്റെ സ്വന്തം ജീവിതത്തിൽ പ്രയോഗികമാക്കി കാണിച്ച 'പ്രായോഗിക' സാമൂഹ്യപരിഷ്കർത്താവായിരുന്നു ശ്രീ നാരായണ ഗുരു. [കൂട്ടത്തിൽ ഒന്നു കൂടെ പറയാം; തന്റെ ദർശനങ്ങൾ ആർക്കും മനസിലാകുന്ന രീതിയിൽ, നല്ല പച്ച മലയാളത്തിൽ ആണ് അദ്ദേഹം അവതരിപ്പിച്ചതും]. ഒരു പക്ഷേ, ആ ഗണത്തിൽ പെടുത്താവുന്ന ഒരേയൊരു ആളും ഗുരു മാത്രമാണ് എന്നു തന്നെ പറയാം.

അതുതന്നെയാണ്, എന്റെ കാഴ്ചപ്പാടിൽ ശ്രീ നാരായണ ഗുരുവിന്റെ, അദ്ദേഹത്തിന്റെ ദർശനങ്ങളുടെ, ഏറ്റവും വലിയ പ്രസക്തി.

അദ്ദേഹം മറിമായങ്ങളോ ജാലവിദ്യകളോ കാണിച്ചില്ല. ശൂന്യതയിൽ നിന്നും ഒന്നും സൃഷ്ടിച്ചു കാണിച്ച്, ആരെയും അത്ഭുതപ്പെടുത്തിയതുമില്ല. മറിച്ച്, സമൂഹത്തിൽ ഒരു വിളിപ്പാടകലെ മാറ്റി നിർത്തപ്പെട്ടവർക്കായി പ്രാർത്ഥനാലയങ്ങൾ സ്ഥാപിച്ചു. അറിവ് കൊണ്ടേ വളരാൻ കഴിയൂ എന്ന വലിയ സത്യം മനസിലാക്കിയ അദ്ദേഹം, ജാതി-മത-സാമ്പത്തിക ഭേദമന്യേ എല്ലാവർക്കും നല്ല വിദ്യാഭ്യാസത്തിനായി എത്രയോ പാഠശാലകൾ തുടങ്ങി. അവിടെ ആധുനിക ഭാഷയായ ഇംഗ്ലീഷ് ഉൾപ്പെടെ പഠിയ്ക്കാനുള്ള സൗകര്യങ്ങൾ ചെയ്തു.

ഏതെങ്കിലും ഒരു ആശയത്തെ, അല്ലെങ്കിൽ മതബോധത്തെ മുന്നോട്ടു വച്ച്, അതു വഴി സഞ്ചരിയ്ക്കാനല്ല അദ്ദേഹം ആഹ്വാനം ചെയ്തത്. പകരം, ജീവിതത്തെ പ്രകാശമാനമാക്കാനുള്ള ആശയങ്ങളെ അഥവാ വിചാരധാരകളെ, കാലോചിതമായ മെച്ചപ്പെടുത്തലുകളോടെ സ്വന്തം ജീവിതത്തിൽ ഉപയോഗപ്പെടുത്താനാണ്.

അതുകൊണ്ട് തന്നെ, നമ്മൾ ചെയ്യേണ്ടത് അദ്ദേഹത്തെ ഒരു ദൈവമായോ, ദൈവത്തിന്റെ പ്രതിപുരുഷനായോ കണ്ട് ആരാധിയ്ക്കുകയല്ല മറിച്ച്, അദ്ദേഹത്തിന്റെ ആശയങ്ങളെ, ആദർശങ്ങളെ, ഉദ്ബോധനങ്ങളെ അടുത്തറിയുകയും, വിശകലനം ചെയ്തു മനസിലാക്കുകയും, ശേഷം അവയെ സ്വന്തം ജീവിതത്തിൽ ആവുന്നത്ര പകർത്തുകയും ആണ്.  അങ്ങിനെ ചെയ്യാൻ നമുക്ക് കഴിഞ്ഞാൽ, അതാകും നമ്മൾ അദ്ദേഹത്തിന് കൊടുക്കുന്ന ഏറ്റവും വലിയ ആദരം.



വരും ഭാഗങ്ങളിൽ, നമുക്ക് അദ്ദേഹത്തിന്റെ ആ മഹദ് ദർശനങ്ങൾ ഓരോന്നായി കാണാം. [പിന്നെ അവയുടെ സ്വതന്ത്ര വ്യഖ്യാനങ്ങളും].

സ്നേഹത്തോടെ
ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ ഇമേജസ് 

പിൻകുറിപ്പ്: ഇവിടെ പറഞ്ഞിരിയ്ക്കുന്നത്, ലേഖകന്റെ കാഴ്ചപ്പാട് മാത്രമാണ്. അതിനോട് യോജിയ്ക്കാനും വിയോജിയ്ക്കാനും വായനക്കാർക്ക് സ്വാതന്ത്രവുമുണ്ട്.












Comments

  1. തീർച്ചയായും യോജിക്കുന്നു. ഗുരുദേവന്റെ പേരിൽ പ്രവർത്തിക്കുന്ന സംഘടനകൾ പോലും ഇതൊന്നും പാലിക്കുന്നില്ല എന്നൊരു സങ്കടം കൂടി ഉണ്ട്

    ReplyDelete

Post a Comment

Popular posts from this blog

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]