കൊറോണക്കാലത്തെ ആൾദൈവങ്ങൾ [ലേഖനം]
കൊറോണക്കാലത്തെ ആൾദൈവങ്ങൾ
[ലേഖനം]
നമ്മുടെ ഈ നാടും ദേശവും, ഒരു മഹാവിപത്തിനെ നേരിടാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിയ്ക്കുന്ന ഈ സമയത്ത്, ഇങ്ങനെ ഒരു ലേഖനം വേണമോ എന്ന് ഞാൻ പലവട്ടം ആലോചിച്ചു.
പിന്നെ കരുതി, എഴുതണം ചില അപ്രിയ സത്യങ്ങളെ തുറന്നു കാണിയ്ക്കാൻ. അതിനു വേണ്ടി മാത്രം.
ആൾദൈവങ്ങൾക്കും, ദൈവവചനപ്രഘോഷണക്കാർക്കും, നേരിൽ ദൈവവിളി ഉണ്ടായവർക്കും, സ്വയംപ്രഖ്യാപിത ദൈവ-പ്രതിപുരുഷന്മാർക്കും, ദൈവത്തിനും സാധാരണക്കാരനും ഇടയിലെ ഇടനിലക്കാർക്കും..... ഒന്നും ഒരു പഞ്ഞവുമില്ലാത്ത നാടായിരുന്നു ഇന്നലെ വരെ കേരളം.
അല്ലേ?
നാടിന്റെ എല്ലാ മുക്കിലും മൂലകളിലും, ഫ്‌ളക്‌സുകളിൽ അവരങ്ങിനെ വെളുക്കെ ചിരിച്ചു നിന്നിരുന്നു. കെട്ടിയൊരുക്കിയ പന്തലുകളിൽ അവർ ദൈവവചനങ്ങളും, പിന്നെ പ്രവചനങ്ങളും ആവോളം നടത്തിയിരുന്നു. പാവപ്പെട്ട വിശ്വാസിയുടെ കഴുത്തിലും കാതിലും ഉള്ളവയടക്കം, എല്ലാം ദൈവത്തിന്റെ പേരിൽ ഊരി വാങ്ങിയിരുന്നു.
സന്യാസവേഷത്തിലും, സമാന വേഷങ്ങളിലും അവർ സ്വയം ദൈവ-പ്രതിനിധികളായി അങ്ങിനെ അവരോധിച്ചിരുന്നു.
വരി നിന്നിരുന്ന അനേകരുടെ ഭൂതവും ഭാവിയും, എന്തിന് അവർക്കു ജനിയ്ക്കാനിരിയ്ക്കുന്ന കുഞ്ഞുങ്ങളുടെ വാർദ്ധക്യകാലം പോലും 'അച്ചട്ടായി' ഗണിച്ചുപറയുന്ന ഭാവിപ്രവചനക്കാരാൽ അതിസമ്പന്നമായിരുന്നു നമ്മുടെ ഈ കൊച്ചു കേരളം.
എന്നാൽ, നമ്മൾ ഇന്നീ വൻവിപത്തിന്റെ മുൻപിൽ, കൈമെയ് മറന്നു പൊരുതുമ്പോൾ, ഇവരൊക്കെ എവിടെ?
നിങ്ങളിൽ ആരെങ്കിലും ആലോചിച്ചോ?
എന്തേ ഇവരിൽ ഒരാൾക്കും ഈ വിപത്തിനെ മുൻകൂട്ടി കാണാൻ കഴിയാതിരുന്നത്? അല്ലെങ്കിൽ, ഇതിന്റെ പ്രതിവിധി അവർക്കു നേരിൽ ബന്ധമുള്ള അവരുടെ ആ ദൈവങ്ങളോട് ചോദിച്ച് മനസ്സിലാക്കി, അത് നമ്മോട് പറയാൻ കഴിയാത്തത് ?
ആലോചിച്ചില്ലെങ്കിൽ, ഇപ്പോളെങ്കിലും നിങ്ങൾ അത് ആലോചിയ്ക്കണം. എന്നിട്ട്, സ്വയം ഉത്തരം കണ്ടെത്തണം.
ഈ വിപത്തിനെയും നമ്മൾ മറികടക്കും. അപ്പോൾ, ഈ പറഞ്ഞ ആളുകളൊക്കെ വീണ്ടും ഇവിടെ പതുക്കെ തലപൊക്കും. അന്നെങ്കിലും നമ്മൾ അവരുടെ മുഖത്തു നോക്കി ചോദിയ്ക്കണം.
"മഹാനുഭാവാ/വീ, എവിടെ ആയിരുന്നു അങ്ങ്? ഞങ്ങൾ ഇവിടെ ഒരു ജീവന്മരണ പോരാട്ടം നടത്തിയപ്പോൾ?" എന്ന്.
എന്നിട്ട് ആ മുഖത്ത് നോക്കി പറയണം.. "..നിപ്പയേയും കൊറോണയേയും, താങ്കളുടെ സഹായമില്ലാതെ ഞങ്ങൾക്ക് അതിജീവിയ്ക്കാൻ പറ്റിയെങ്കിൽ, ശിഷ്ടജീവിതത്തിലും താങ്കളുടെ സഹായമില്ലാതെ തന്നെ ഞങ്ങൾ അങ്ങ് ജീവിച്ചോളാം..." എന്ന്.
"ഇനി അഥവാ ഞങ്ങൾക്ക് എന്തെങ്കിലും ദൈവത്തോട് പറയണം എങ്കിൽത്തന്നെ, അതിനു താങ്കളുടെ ഒരു ഇടനിലയും വേണ്ട" എന്നും.
അതേ പ്രിയപ്പെട്ടവരേ, ഞാനും, നിങ്ങളും, നമ്മളും ... ഈ വിപത്തിനെ ഒരുമിച്ചു നേരിടും. അതിജീവിയ്ക്കുകയും ചെയ്യും.
തോൽപ്പിയ്ക്കാനാവില്ല, ഇതിനൊന്നിനും നമ്മുടെ ആ ഇച്ഛാശക്തിയെ.
ഒരുമിച്ചു നിൽക്കാം, നേരിടാം ...!!
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ, ആരോഗ്യ പ്രവർത്തനങ്ങളിലും, മുൻകരുതൽ നടപടികളിലും സഹകരിയ്ക്കുക.... പങ്കാളികളാകുക.
എല്ലാ പ്രിയ വായനക്കാർക്കും, കുടുംബാംഗങ്ങൾക്കും ആയുരാരോഗ്യ സൗഖ്യം നേർന്നു കൊണ്ട്...
ബിനു മോനിപ്പള്ളി.
*************
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ ഇമേജസ്
പിൻകുറിപ്പ്: ഈ ലേഖനം വായിച്ച ചിലർക്കെങ്കിലും ഇപ്പോൾ ഒരു സംശയം തോന്നിക്കാണും. "ശരി, ഇതിൽ ആൾദൈവങ്ങളെയും അഭിനവദൈവങ്ങളെയും കുറിച്ചൊക്കെ ഏറെ പറഞ്ഞു. എന്നാൽ ആ യഥാർത്ഥ 'ദൈവം' ഈ കൊറോണക്കാലത്ത് എന്താണ് ചെയ്യുന്നത്? എന്ന്. അല്ലേ?
പറയാം.
കഥകളിലോ ഐതിഹ്യങ്ങളിലോ ഒക്കെ പറയുന്നതു പോലെ, കാറ്റായോ, മഴയായോ, ഇടിമിന്നലായോ ഒന്നും, നേരിൽ ദൈവം നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെടും എന്ന് വിചാരിയ്ക്കുന്ന ഒരാളല്ല ഞാൻ. എന്നാൽ, ദൈവവിശ്വാസിയാണ് താനും.
അതായത്,
ഈ ദുരിതകാലത്ത്, സ്വയം മറന്ന്, സ്വന്തം സുരക്ഷ മറന്ന്, നമ്മളെ സേവിയ്ക്കുന്ന ആ ആതുരശുശ്രുഷകരിലും, ആരോഗ്യപ്രവർത്തകരിലും, ആഹാരം പോലും കഴിയ്ക്കാൻ സമയം കിട്ടാതെ കഴിയുന്നത്ര ദൂരം ഓടിത്തീർക്കുന്ന ആ ആംബുലൻസ് ജീവനക്കാരിലും, പിന്നെ പരോപകാര തല്പരരായ ആ അനേകം സന്നദ്ധപ്രവർത്തകരിലും, ഞാൻ എന്റെ ദൈവത്തെ അഥവാ ദൈവാംശത്തെ കാണുന്നു. അവരിലൂടെ ദൈവം ഈ വിപത്തിനെ നേരിടുന്നു, നേരിടാൻ നമ്മളെ സഹായിയ്ക്കുന്നു, എന്ന് കരുതുകയും ചെയ്യുന്നു.
നിങ്ങൾക്ക് യോജിയ്ക്കാം, വിയോജിയ്ക്കാം....
Comments
Post a Comment