ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]
ഷഡാധാര പ്രതിഷ്‌ഠ
[ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]
പ്രിയ വായനക്കാരെ,
"ഹൈന്ദവ പുരാണങ്ങളിലൂടെ" എന്ന പരമ്പരയിലെ, ഈ അഞ്ചാം ലേഖനത്തിൽ നമ്മൾ കാണുന്നത്, കേരളീയ ക്ഷേത്രനിർമ്മിതിയുടെയും അവിടുത്തെ പ്രതിഷ്‌ഠയുടെയും, അധികം അറിയപ്പെടാത്ത, ചില വിശേഷങ്ങൾ ആണ്.
നിങ്ങൾ എല്ലാവരും തന്നെ, പ്രശസ്തങ്ങളും അപ്രശസ്തങ്ങളുമായ പല ക്ഷേത്രങ്ങളിലും ദർശനം നടത്തിയിട്ടുള്ളവരാകുമല്ലോ. അതും പലവട്ടം. പ്രതിഷ്ഠ/മൂർത്തിയ്ക്കനുസരിച്ച്, ഓരോ ക്ഷേത്രത്തിലേയും ആചാരങ്ങളിലും, അനുഷ്ടാനങ്ങളിലും വ്യത്യാസം ഉണ്ടാകാം. ദേശപരമായ വ്യത്യാസങ്ങളും കണ്ടേക്കാം.
അതുപോലെ തന്നെ, ക്ഷേത്രനിർമ്മിതിയിലും വലുപ്പത്തിലും ബാഹ്യമായി ഏറെ വ്യത്യാസങ്ങൾ ഉണ്ടാകാം. പ്രതിഷ്ഠാരൂപത്തിലും ഈ വൈവിധ്യങ്ങൾ നമുക്ക് കാണുവാൻ കഴിയും.
അതിനുമപ്പുറമുള്ള ചില കാര്യങ്ങളിലേക്കാണ് ഇത്തവണ നമ്മൾ പോകുന്നത്.
ഒരു ക്ഷേത്രത്തിൽ എത്തിയാൽ, നമ്മൾ ഭക്തിപൂർവ്വം അവിടുത്തെ മൂർത്തിയുടെ മുൻപിൽ കൈകൾ തൊഴുത്, നമ്മുടെ സങ്കടങ്ങൾ ഉണർത്തിയ്ക്കുന്നു. കൺനിറയെ ആ രൂപം കണ്ട് നിർവൃതിയടയുന്നു. ശേഷം സാവധാനം മടങ്ങുന്നു.
ശ്രീകോവിലിൽ, ഒരു പീഠത്തിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന, കല്ലിലോ, സ്വർണത്തിലോ, വെള്ളിയിലോ, പഞ്ചലോഹത്തിലോ തീർത്ത, ആരാധനാ മൂർത്തിയുടെ രൂപം അഥവാ വിഗ്രഹം ആണല്ലോ സാധാരണ നമ്മൾ ക്ഷേത്രങ്ങളിൽ കാണുന്നത്. അല്ലേ?
എന്നാൽ, വെറുമൊരു പീഠത്തിൽ സ്ഥാപിച്ചിരിയ്ക്കുന്ന, ബാഹ്യമായ ഒരു വിഗ്രഹം മാത്രമല്ല അതെന്നും, മറിച്ച് ആറു തലങ്ങളിലായി, വാസ്തു, യോഗ ശാസ്ത്രങ്ങൾ പ്രകാരം സ്ഥാപിച്ചിരിയ്ക്കുന്ന ആഴത്തിലുള്ള ഒരു വലിയ നിർമിതിയുടെ മുകളിലാണ് ആ പീഠം വരുന്നത് എന്നും, അടിയിലെ ആ ആറ് തലങ്ങൾക്ക്, മനുഷ്യ ശരീരത്തിന്റെ ഘടനയോട് ഏറെ സാമ്യമുണ്ടെന്നും, നമ്മളിൽ എത്ര പേർക്ക് അറിയാം?
സത്യം പറയാമല്ലോ. എനിയ്ക്ക് ഈ അടുത്ത കാലം വരെ, അതിനെക്കുറിച്ച് യാതൊരു ഒരു അറിവും ഉണ്ടായിരുന്നില്ല. അതിനു വേണ്ടി ശ്രമിച്ചില്ല അഥവാ അന്വേഷിച്ചില്ല, എന്ന് പറയുന്നതാവും കൂടുതൽ ശരി.
അതെ, ഇത്തവണ നമ്മൾ കാണുന്നത്, ആ ആറ് തലങ്ങളുള്ള 'ഷഡാധാര പ്രതിഷ്ഠയെ' കുറിച്ചാണ്. കൂടെ കേരളീയ ക്ഷേത്രനിർമ്മിതിയിലെ ചില അടിസ്ഥാനതത്വങ്ങളെ കുറിച്ചും.
ക്ഷേത്രനിർമിതി:
ലൗകിക ജീവിതം നയിയ്ക്കുന്ന ഒരു സാധാരണ മനുഷ്യന്, നിരാകാരനായ ഈശ്വരനെ, സ്വന്തം മനസിലാണെങ്കിൽ പോലും സങ്കൽപ്പിയ്ക്കുക അത്ര എളുപ്പമല്ല.
(ഈശ്വരന്റെ കാര്യത്തിൽ മാത്രമല്ല, ഒരു കാര്യത്തിലും ഇത് സാധ്യമല്ല എന്ന് നിങ്ങൾക്ക് തന്നെ ആലോചിച്ചാൽ മനസിലാകും. ഉദാഹരണത്തിന്, നിങ്ങൾ ഇതുവരെ കാണാത്ത, അല്ലെങ്കിൽ പോകാത്ത ഒരു സ്ഥലത്ത് സന്ദർശനം നടത്തി വന്ന ഒരാൾ, അതിനെക്കുറിച്ച് നിങ്ങളോട് ഏതാനും വാക്കുകളിൽ ഒന്ന് ചുരുക്കി വിവരിച്ചാൽ പോലും, അപ്പോൾ തന്നെ നിങ്ങളുടെ മനസ്സിൽ ആ സ്ഥലത്തെ കുറിച്ച് ഒരു ചിത്രം തെളിയും. ശരിയല്ലേ? അത് നിങ്ങളറിയാതെ തന്നെ സംഭവിയ്ക്കുന്നതാണ്. എത്ര വ്യക്തതയോടെയാണോ ആ ചിത്രം തെളിയുന്നത്, അത്ര വ്യക്തമായി നിങ്ങൾക്ക് ആ സുഹൃത്തിന്റെ വിശദീകരണവും മനസിലാകും).
അതായത്, ഒരു സാധാരണ മനുഷ്യന്, ആകാരത്തോടെ മാത്രമേ എന്തെങ്കിലും ഒരു കാര്യം തന്റെ മനസ്സിൽ സങ്കൽപ്പിയ്ക്കുവാൻ അഥവാ കാണുവാൻ കഴിയൂ എന്ന് ചുരുക്കം. ആ ആകാരം യഥാർത്ഥ ആകാരവുമായി എത്ര സാമ്യം പുലർത്തും എന്നത് വ്യക്തി അധിഷ്ഠിതമായ കാര്യവുമാകുന്നു.
ഇതേ കാരണം കൊണ്ടാണ്, ഒരു സാധാരണ മനുഷ്യന്റെ ദൈവ സങ്കല്പത്തിന് പൂർണ്ണതയേകാൻ, വിഗ്രഹ/മൂർത്തി പ്രതിഷ്ഠകൾ സാധാരണയായി എല്ലാ ക്ഷേത്രങ്ങളിലും സ്ഥാപിച്ചിരിയ്ക്കുന്നതും. കണ്മുന്നിൽ കാണുന്ന ആ വിഗ്രഹങ്ങളിലൂടെ, ഒരു ഭക്തന്/ഭക്തയ്ക്ക് വളരെ എളുപ്പം, തന്റെ ആരാധനാമൂർത്തിയുടെ ചിത്രം അഥവാ ചൈതന്യം സ്വന്തം മനസ്സിൽ പ്രകാശിപ്പിയ്ക്കുവാനും, അതുവഴി കൂടുതൽ അടുപ്പത്തോടെ ആ മൂർത്തിയോട് തന്റെ സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വയ്ക്കുവാനും കഴിയും എന്ന് ചുരുക്കം.
വാസ്തുശാസ്ത്രവും യോഗശാസ്ത്രവുമനുസരിച്ചുള്ള മനുഷ്യശരീരഘടന, പരമ്പരാഗത ക്ഷേത്ര നിർമ്മാണ രീതി, ക്ഷേത്രപ്രതിഷ്ഠ ഇവയൊക്കെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്. അതിനാൽ തന്നെ, കുറച്ചേറെ സങ്കീർണ്ണവും. എങ്കിലും, കഴിയുന്നത്ര ലളിതമായി, അതിനെ നമുക്കൊന്ന് കാണാം.
മനുഷ്യ ശരീരത്തെ വേണമെങ്കിൽ നമുക്ക് പൊതുവേ രണ്ടായി തിരിക്കാം. ബാഹ്യമായി നമുക്ക് കാണുവാൻ കഴിയുന്ന "സ്ഥൂലശരീരം"; നഗ്നനേത്രങ്ങളാൽ കാണുവാൻ കഴിയാത്ത "സൂക്ഷ്മശരീരം" എന്നിങ്ങനെ.
ഇതിലെ സൂക്ഷ്മശരീരത്തിൽ (ഇത് വിശദമായി യോഗശാസ്ത്രത്തിൽ വിവരിയ്ക്കുന്നുണ്ട്) മൂലാധാരം മുതൽ ഏറ്റവും മുകളിലെ സഹസ്രാര (അഥവാ സഹസ്രദളപത്മം) വരെ ഏഴു ചക്രങ്ങൾ ആണ് ഉള്ളത്. നമുക്കീ ചക്രങ്ങളെ നാഡീസംഗമങ്ങളെന്നും വിശേഷിപ്പിക്കാം. ഏറ്റവും താഴെ സ്ഥിതിചെയ്യുന്ന മൂലാധാരം, അതിനു മുകളിലായി സ്വാധിഷ്ഠാനം, തുടർന്ന് മുകളിലേയ്ക്ക്, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, അവസാനമായി, ശിരസ്സിന്റെ മേൽ ഭാഗത്തു സ്ഥിതിചെയ്യുന്ന സഹസ്രാരം അഥവാ ബ്രഹ്മരന്ധ്രം എന്നിവയാണ് ഈ ഏഴു ചക്രങ്ങൾ.
മനുഷ്യ ശരീരത്തിന്റെ ഇതേ ഘടന തന്നെയാണ് ക്ഷേത്രനിർമ്മിതിയുടെയും അടിസ്ഥാന ഘടന.
ഒരു ക്ഷേതത്തിന്റെ പ്രധാന ഭാഗങ്ങളായ 'പ്രകാര' (outer wall), 'ബാഹ്യഹാര/ശീവേലിപ്പുര', മധ്യഹാര(the middle room of the temple where the holy lamp lights), 'അന്തഹാര'(the room for offering sacrifices), 'അന്തർമണ്ഡല' എന്നീ ഭാഗങ്ങൾ 'സ്ഥൂലശരീര'ത്തെ പ്രതിനിധാനം ചെയ്യുമ്പോൾ, ശ്രീകോവിലിനുള്ളിലെ ആ "ഷഡാധാര പ്രതിഷ്‌ഠ"യാകട്ടെ 'സൂക്ഷ്മശരീര'ത്തെ പ്രതിനിധാനം ചെയ്യുന്നു.
ഷഡാധാര പ്രതിഷ്‌ഠ:
പേര് സൂചിപ്പിയ്ക്കുന്നത് പോലെ തന്നെ, ആറ് ഭാഗങ്ങളുള്ള, വളരെ ഗഹനമായ അർത്ഥതലങ്ങളുള്ള, ഒരു നിർമ്മിതിയാണ്, വളരെ ലളിതമെന്ന് ഒറ്റനോട്ടത്തിൽ തോന്നിപ്പിയ്ക്കുന്ന, ഒരു ക്ഷേത്ര ശ്രീകോവിലിൽ നമ്മൾ കാണുന്ന, ആ പ്രതിഷ്ഠയുടെ താഴെ ഉള്ളത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, ആറ് ആധാരങ്ങൾക്ക് മുകളിലാണ് ആ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നത്, എന്ന് ചുരുക്കം.
ഷഡാധാര പ്രതിഷ്‌ഠയുടെ അടിസ്ഥാന ഭാഗങ്ങൾ താഴെ പറയുന്നവയാണ് (താഴെ നിന്നും മുകളിലേയ്ക്ക്).
1. ആധാരശില
2. നിധികുംഭ
3. അഷ്ടദളപദ്‌മ
4. കൂർമ്മ
5. യോഗനാള
6. നപുംസകശില
ഈ ആറു ഭാഗങ്ങൾ യഥാക്രമം നമ്മൾ മുകളിൽ പറഞ്ഞ, മനുഷ്യ ശരീരത്തിലെ (സൂക്ഷ്മശരീരത്തിലെ) മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവയ്ക്ക് തുല്യങ്ങളത്രെ.
മുൻപ് പറഞ്ഞത് പോലെ, ഏറെ ഗഹനവും, വിവിധ അർത്ഥ തലങ്ങൾ ഉള്ളതുമായ ഒന്നാണ് ക്ഷേത്രനിർമ്മിതിയും ഷഡാധാര പ്രതിഷ്ഠയും. അതു മുഴുവൻ, ഇവിടെ ഇങ്ങിനെ ഒരു കൊച്ചുലേഖനത്തിൽ ഒതുക്കി പറയുക സാധ്യവും അല്ല. അതറിയാവുന്നതിനാലും വിസ്താരഭയത്താലും, വളരെ അത്യാവശ്യമായി ഒരു ഭക്തൻ/ഭക്ത അറിഞ്ഞിരിയ്ക്കേണ്ട ചുരുക്കം ചില കാര്യങ്ങൾ മാത്രം, കഴിയുന്നത്ര ലളിതമായി പറഞ്ഞ്, ഈ ലേഖനം നമ്മൾ ഇവിടെ അവസാനിപ്പിയ്ക്കുകയാണ്.
Comments
Post a Comment