അവൻ [ഗദ്യ കവിത]

 

അവൻ 
[ഗദ്യ കവിത]

അവനും ഒരു മൃഗമായിരുന്നു
പിന്നെ
എങ്ങിനെയോ അവനു 'വിശേഷബുദ്ധി' കിട്ടി
ശേഷം 
അവൻ ഉന്മത്തനായി, അഹങ്കാരിയും

മറ്റു മൃഗങ്ങളെ അവൻ ഭയപ്പെടുത്തി
പറവകളും പക്ഷികളും അതിലുൾപ്പെട്ടു
അവ പിന്നെ
മാളങ്ങളിൽ മാത്രമായൊതുങ്ങി

അവനാകട്ടെ മാളങ്ങൾ മാളികകളാക്കി
പിന്നെപ്പോഴോ,
അവനു പാർക്കാൻ, അവനി പോരാതെയായി
അവൻ വളരുകയല്ലേ?

അവനപ്പോൾ ചൊവ്വയിലേക്ക് കണ്ണുവച്ചു
പിന്നെ
അവിടെ സ്ഥലങ്ങൾ അളന്നിട്ടു
അവിടവും അവനു വേണമായിരുന്നു

അവനിയ്ക്കു മടുത്തു തുടങ്ങി
അവളവനു മുന്നറിയിപ്പുകൾ നൽകി
പ്രളയവും, വരൾച്ചയും, പിന്നെ
ചില കുലുക്കങ്ങളും

അവനതൊന്നും കണ്ടതേയില്ല
അവൻ തിരക്കിലായിരുന്നല്ലോ
ബാക്കി മാളങ്ങൾ കൂടി സ്വന്തമാക്കുന്ന
തിരക്കിൽ

അവസാനം
അവളവനെ കൈവിടാൻ തീരുമാനിച്ചു
അതിനായ് നിയോഗിയ്ക്കപ്പെട്ടതോ
ആ *'കൊച്ചു' പടയും

ആ പടയെ പേടിച്ച അവൻ പിന്നെ
മാളങ്ങളിൽ മാത്രമായ് ഒതുങ്ങി
അപ്പോൾ പക്ഷിമൃഗാദികൾ
അവരുടെ മാളങ്ങൾ വിട്ടിറങ്ങി

അവർ അവനെ നോക്കി ചിരിച്ചു
അവനോ?
ചിരിയ്ക്കാൻ ആവില്ലായിരുന്നു
അവിടം **മോന്തക്കെട്ടിനാൽ മറച്ചിരുന്നു

***

ഇത് മറ്റൊരു മുന്നറിയിപ്പാകാം
അല്ലെങ്കിൽ കാവ്യനീതി
അതിജീവനത്തിനു മാറ്റങ്ങൾ വേണം
എന്ന തിരിച്ചറിവുണ്ടാവേണ്ടിയിരിക്കുന്നു 

ഇനി
അഥവാ, അതുണ്ടായില്ലെങ്കിൽ?
ഈ അവനിയിൽ,
അതവന്റെ അന്ത്യവിധി ...!!

*****

*വൈറസ്
** ഫേസ് മാസ്ക്

സ്നേഹത്തോടെ 
ബിനു മോനിപ്പള്ളി

*************
Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com
ചിത്രത്തിന് കടപ്പാട്: ഗൂഗിൾ ഇമേജസ് 


അടിക്കുറിപ്പ്: മെയ്-2021 ലക്കം "ഇമ മാസിക"യിൽ പ്രസിദ്ധീകരിച്ച കവിത.
മാസിക വായിയ്ക്കുവാൻ : https://online.fliphtml5.com/oqcso/ilrk/#p=13






Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]