'വർക്കിംഗ് ഫ്രം ഹോം' : അതും, ഈ കൊറോണക്കാലത്ത് ....
'വർക്കിംഗ് ഫ്രം ഹോം' : അതും, ഈ കൊറോണക്കാലത്ത് ....
പ്രിയരേ,
നാടും നഗരവും ദേശവും ലോകവും, ഒരു മഹാമാരിയുടെ മുൻപിൽ ഇങ്ങിനെ വിറങ്ങലിച്ചു നിൽക്കുമ്പോൾ, പിന്നെ കൈമെയ് മറന്നു പൊരുതുമ്പോൾ, അതിജീവനത്തിനായി ലോകമെമ്പാടുമുള്ള ബഹുഭൂരിപക്ഷം ജോലിക്കാരും 'വീട്ടിൽ നിന്നും ജോലി' അഥവാ 'വർക്കിംഗ് ഫ്രം ഹോം' എന്ന രീതിയിലേക്ക് മാറിയിരിയ്ക്കുന്നു.
അതേ, അങ്ങിനെയൊന്നും തോൽക്കാൻ നമുക്ക് മനസ്സില്ല തന്നെ....!!
പക്ഷേ, നല്ല ആസൂത്രണത്തോടെ ചെയ്തില്ലയെങ്കിൽ, ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന ഒരു സംഗതിയാണ് ഈ 'വർക്കിംഗ് ഫ്രം ഹോം' എന്ന്, നമ്മളിൽ എത്ര പേർക്കറിയാം?
അതെ, നല്ല പ്ലാനിങ്ങോടെ ചെയ്തില്ലായെങ്കിൽ, ജോലിയും, ഓഫീസും, വീടും, എന്തിന് സ്വന്തം വീട്ടുകാരെ വരെ വെറുക്കാൻ ഇടയാക്കുന്നതാവും, പലർക്കും ഈ പറഞ്ഞ 'വർക്കിംഗ് ഫ്രം ഹോം'.
അതിനിട നൽകാതെ, 'വർക്കിംഗ് ഫ്രം ഹോം' എങ്ങിനെ ഫലപ്രദമായി ചെയ്യാം എന്നതിനുള്ള ചെറിയ ചില സൂത്രവിദ്യകളാണ് നമ്മൾ ഇന്നിവിടെ പ്രതിപാദിയ്ക്കുന്നത്.
[സൂത്രവിദ്യകളിലേയ്ക്കൊക്കെ കടക്കുന്നതിനു മുൻപ്, ആദ്യം ചെയ്യേണ്ട കാര്യം, എന്താണ് ഈ 'വർക്കിംഗ് ഫ്രം ഹോം' എന്ന് സ്വന്തം കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തുക എന്നുള്ളതാണ്. അതും വീട്ടിലെ എല്ലാവരേയും, കുട്ടികളെ അടക്കം. കാരണം, അവരുടെ പരിപൂർണ്ണ സഹകരണം ഉണ്ടെങ്കിൽ മാത്രം, നിങ്ങൾക്ക് വിജയകരമാക്കാൻ കഴിയുന്ന ഒന്നാണീ 'വർക്കിംഗ് ഫ്രം ഹോം' പരിപാടി. ഓർക്കുക].
ഈ ലേഖനത്തിന്റെ ശബ്ദചിത്രത്തിന് സന്ദർശിയ്ക്കുക:
https://www.youtube.com/watch?v=uCEzom4bmdU&feature=youtu.be
ഇനി, കാര്യങ്ങളിലേയ്ക്ക്.
1 . അനുയോജ്യമായ മുറി അഥവാ മൂല
ഈ കൂട്ടത്തിൽ ഒരു കാര്യം കൂടി ശ്രദ്ധിയ്ക്കണം. നിങ്ങളുടെ ഇരിപ്പിടം അഥവാ കസേര, ദീർഘമായ ഇരിപ്പിനു യോജിച്ചതാവണം, അതിന്റെ ഉയരവും. അതല്ല എങ്കിൽ, കഠിനമായ പുറം/നടു-വേദനയിൽ ആവും ആ ഇരിപ്പ് അവസാനിയ്ക്കുക.
2. അനിവാര്യമായ സാഹചര്യം
'വർക്കിംഗ് ഫ്രം ഹോം' ചെയ്യേണ്ടി വന്നതിന് സ്വയമോ, മേലധികാരിയെയോ, തൊഴിൽദാതാവിനെയോ, മറ്റാരെയെങ്കിലുമോ, എന്തിന് കോവിഡ്-19 നെ തന്നെയോ, കുറ്റപ്പെടുത്താതിരിയ്ക്കുക. ഇതൊരു അസാധാരണ സാഹചര്യമാണെന്നും, അതിനെ അസാധാരണ മനധൈര്യത്തോടെയും, സംയമനത്തോടെയും താൻ നേരിടുമെന്നും, സ്വയം ബോധ്യപ്പെടുത്തുക. അനാവശ്യ ക്ഷോഭങ്ങളിൽ നിന്നും, പിന്നെ അതിൽ നിന്നും ഉരുത്തിരിയാൻ ഇടയുള്ള മറ്റു പ്രശ്നങ്ങളിൽ നിന്നും ഒക്കെ, അത് നിങ്ങളെ രക്ഷിയ്ക്കും.
3. സമാന ചുറ്റുപാടുകൾ
ഒരു പക്ഷെ, തന്റേതിനേക്കാൾ വളരെ മോശമാണ് തനിയ്ക്ക് ചുറ്റുമുള്ളവരുടെ ജോലി/ജീവിത സാഹചര്യങ്ങൾ എന്ന് മനസിലാക്കുകയും, ഒപ്പം, താൻ അവരെക്കാൾ എത്രയോ ഭാഗ്യവാനാണ്/ഭാഗ്യവതിയാണ് എന്ന് സ്വയം ആശ്വസിയ്ക്കുകയും ചെയ്യുക. ഉദാഹരണത്തിന്, തനിയ്ക്ക് 'വർക്കിംഗ് ഫ്രം ഹോം' രീതിയിൽ ചെയ്യാവുന്ന ജോലിയായതിനാൽ, ഈ രീതിയിലെങ്കിലും മുൻപോട്ടു പോകാൻ കഴിയുന്നു. എന്നാൽ, ദിവസക്കൂലിയ്ക്കു ജോലി ചെയ്തു കുടുംബം പോറ്റിയിരുന്ന തന്റെ അയൽക്കാരന്റെ സ്ഥിതി, തന്റേതിനേക്കാൾ എത്രയോ മോശമാണ് എന്ന് ഒരു നിമിഷം ചിന്തിയ്ക്കുക.
4. മാറ്റമില്ലാതെ ദിനചര്യകൾ
'വർക്കിംഗ് ഫ്രം ഹോം' ആണല്ലോ എന്നോർത്ത് നിങ്ങളുടെ ദിനചര്യകളിൽ ഒരു മാറ്റവും വരുത്താതിരിയ്ക്കുക. ഓഫീസിൽ പോകുന്ന ദിവസങ്ങളിൽ, ഉറക്കമെണീൽക്കുന്ന അതേ സമയത്തു തന്നെ എണീൽക്കുക, പ്രാഥമിക കൃത്യങ്ങൾ ചെയ്യുക. പ്രഭാത-ഉച്ച ഭക്ഷണങ്ങൾ പാചകം ചെയ്യേണ്ടവർ അത് ചെയ്യുക. ഷേവ് ചെയ്യേണ്ടവർ അതും ചെയ്യുക. എല്ലാം കഴിഞ്ഞ് കുളിയ്ക്കുകയും, വസ്ത്രം മാറുകയും ചെയ്യുക. ഓഫീസിൽ പോകേണ്ട തരത്തിൽ പാന്റും ഷർട്ടും, ചുരിദാറും സാരിയുമൊന്നും ധരില്ലെങ്കിലും, തലേന്ന് രാത്രിയിൽ താൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ ആകെ മാറ്റി പുതിയവ ധരിയ്ക്കുക. പ്രഭാതഭക്ഷണത്തിനു ശേഷം, കൃത്യ സമയത്തു തന്നെ ജോലിയ്ക്കു വേണ്ടി കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്യുക.
5. ഒരു കുപ്പി വെള്ളം
ജോലി തുടങ്ങാൻ നിങ്ങളുടെ സീറ്റിലേക്ക് പോകുമ്പോൾ, കൂടെ ഒരു കുപ്പി വെള്ളവും കരുതുക. ഇടയ്ക്കുള്ള പല 'ബ്രേക്കുകളും' ഒഴിവാക്കാൻ അത് നിങ്ങളെ സഹായിയ്ക്കും.
6. ഇടവേളകൾ
ഓഫീസിൽ നിങ്ങൾ ജോലി ചെയ്യുമ്പോൾ അനുവദിച്ചിട്ടുള്ള അതേ ഇടവേളകൾ (ടോയ്‌ലറ്റ്, ലഞ്ച്, ചായ) മാത്രം 'വർക്കിംഗ് ഫ്രം ഹോം' ചെയ്യുമ്പോഴും എടുക്കുക. അതല്ലായെങ്കിൽ, നിങ്ങളറിയാതെ തന്നെ ഇടവേളകളുടെ എണ്ണവും, ദൈർഘ്യവും കൂടുകയും, അത് ജോലിയെ സാരമായി തന്നെ ബാധിയ്ക്കുകയും ചെയ്യും.
7. തൊഴിൽദാതാവിന്റെ നിബന്ധനകൾ
'വർക്കിംഗ് ഫ്രം ഹോം' നൽകുമ്പോൾ, നിങ്ങളുടെ തൊഴിൽദാതാവ് നൽകിയ നിബന്ധനകൾ കൃത്യമായും പാലിയ്ക്കുക. അവ മിക്കവാറും ജോലി തുടങ്ങേണ്ട സമയം, ഇടവേളകൾ, റിപ്പോർട്ടിങ് രീതി, ഓൺലൈൻ ആയി ഇരിയ്‌ക്കേണ്ട ആശയവിനിമയ മാർഗങ്ങൾ എന്നിവയൊക്കെയുമായി ബന്ധപ്പെട്ടാകാം. ഇവയെല്ലാം അനാവശ്യമാണെന്നും, ഇതൊക്കെ തന്നെ ബുദ്ധിമുട്ടിയ്ക്കാൻ വേണ്ടി മാത്രമാണെന്നുമുള്ള ചിന്ത പാടെ ഒഴിവാക്കുക. തികച്ചും അപ്രതീക്ഷിതമായ ഈ വിഷമഘട്ടം മറികടക്കാൻ ഇത്തരം ചില നിയന്ത്രണങ്ങൾ, ഒരുപക്ഷെ തന്റെ തൊഴിൽദാതാവിന് ആവശ്യമായിരിയ്ക്കാമെന്നും, അങ്ങിനെയെങ്കിൽ ഈ ഘട്ടത്തിൽ ഒപ്പം നിൽക്കേണ്ട ഉത്തരവാദിത്ത്വം തന്റേതു കൂടിയാണെന്നും, പോസിറ്റീവായി ചിന്തിയ്ക്കുക.
8. സ്വഭാവിക വേഗക്കുറവ്
ഓഫീസിനു പകരം വീട്ടിൽ ഇരുന്നു ജോലി ചെയ്യുമ്പോൾ, ഏതൊരാൾക്കും ഒരു 'സ്വഭാവിക വേഗക്കുറവ്' വരുമെന്ന് അറിയുക. അതിനാൽ തന്നെ, 8 മണിക്കൂർ കൊണ്ട് ഓഫീസിൽ ചെയ്തു തീർക്കുന്ന അതേ ജോലി, ഒരാൾ വീട്ടിൽ ഇരുന്നു തീർക്കണമെങ്കിൽ, കുറഞ്ഞത് 9 മണിക്കൂർ എങ്കിലും വേണ്ടിവരും എന്ന് മനസിലാക്കുക. അതിനനുസരിച്ച് ജോലിസമയം ക്രമീകരിയ്ക്കുക. ഒരു പക്ഷേ വേഗം കുറഞ്ഞ ഇന്റർനെറ്റും, ഇടയ്ക്കിടെ വന്നു പോകുന്ന വൈദ്യുതിയുമൊക്കെ ഈ വേഗക്കുറവിനുള്ള മറ്റു ചില കാരണങ്ങളാകാം.
9. സ്വകാര്യ സംഭാഷണങ്ങൾ, ചാറ്റുകൾ, ഫോൺ വിളികൾ
ഇതെല്ലാം തന്റെ ജോലിയെ നേരിട്ട് ബാധിയ്ക്കുമെന്നും, അതിനാൽ തന്നെ തന്റെ ജോലി സമയത്ത് അവയെല്ലാം കഴിയുന്നതും ഒഴിവാക്കണമെന്നും, മനസിലാക്കുക. പ്രാവർത്തികമാക്കുക.
10. സൈൻ-ഔട്ട്
ഒരു ദിവസത്തെ ജോലി കഴിഞ്ഞാൽ (റിപ്പോർട്ടിങ് ഉൾപ്പെടെ ) ഒരു നിമിഷം പോലും വൈകാതെ സൈൻ-ഔട്ട് ചെയ്യുക. വിശാലമായ ഒരു കുളി പാസാക്കുക, പിന്നെ കടുപ്പത്തിൽ ഒരു ചായയും. ബാക്കി മുഴുവൻ സമയവും, നിങ്ങൾക്ക് വേണ്ടി ദിവസം മുഴുവൻ ക്ഷമയോടെ കാത്തിരുന്ന സ്വന്തം കുടുംബാംഗങ്ങളോടൊത്ത് ചിലവഴിയ്ക്കുക.
ഓർക്കുക, 'വർക്കിംഗ് ഫ്രം ഹോം' ആസ്വാദ്യകരമാക്കാൻ എന്നതിലുപരി, 'പ്രശ്ന-രഹിതമാക്കാൻ' ഉതകുന്ന ചില ലളിത മാർഗ്ഗങ്ങൾ മാത്രമാണ് ഇവ. ഇവയെ, അവനവന് പാകമാകുന്ന രീതിയിൽ മാറ്റം വരുത്തി, നടപ്പിലാക്കേണ്ടത് നിങ്ങളാണ്.
വളരെ പ്രധാനപ്പെട്ടത്:
ഈ വെല്ലുവിളിയെ വിജയകരമായി തരണം ചെയ്ത് നിങ്ങൾ ഓഫീസിൽ തിരിച്ചെത്തുമ്പോൾ, തൊഴിൽദാതാവിന്റെ പക്കലുള്ള നിങ്ങളുടെ ആ 'കോൺഫിഡൻഷ്യൽ പ്രൊഫൈലിൽ', (സർക്കാർ ജീവനക്കാർ ആണെങ്കിൽ സർവീസ് ബുക്കിൽ) "വർക്കിംഗ് ഫ്രം ഹോം നൽകിയപ്പോൾ ഏറ്റവും നന്നായി വർക്ക് ചെയ്തയാൾ" എന്ന പച്ച റിമാർക്കല്ലേ നല്ലത് ? അതോ "വർക്കിംഗ് ഫ്രം ഹോം നൽകിയപ്പോൾ ഏറ്റവും കൂടുതൽ തലവേദന ഉണ്ടാക്കിയ ആൾ" എന്ന ആ ചുവന്ന റിമാർക്കോ?
അത്തരം ചുവന്ന റിമാർക്കുകൾ ഒരു പക്ഷേ, ഈ മഹാമാരിയ്ക്കു ശേഷം നമ്മളെ കാത്തിരിയ്ക്കുന്ന ആ 'കടുത്ത സാമ്പത്തിക അച്ചടക്ക കാലത്ത്' നിങ്ങൾക്ക് തന്നെ വിനയായേക്കാം.
ഓർക്കുക, കരുതലെടുക്കുക.
ഇനി, സ്വകാര്യ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെയുള്ള തൊഴിൽദാതാക്കളോട് ഒരു വാക്ക്:
ഓർക്കുക. എത്രയൊക്കെ, ഏതൊക്കെ മാർഗ്ഗങ്ങൾ അവലംബിച്ചാലും ശരി, ആകെയുള്ള ഉല്പാദനക്ഷമതയിൽ 20 മുതൽ 25 ശതമാനം ഇടിവ്, ഈ പറഞ്ഞ
'വർക്കിംഗ് ഫ്രം ഹോം' കാലഘട്ടത്തിൽ ഉണ്ടായേക്കാം. അതിനെ, ഈ അടിയന്തിര സാഹചര്യത്തിന്റെ, സ്വാഭാവിക പ്രതിഫലനമായി കാണുകയും, അതിന്റെ ഉത്തരവാദിത്വം മുഴുവനായും 'വർക്കിംഗ് ഫ്രം ഹോം' തൊഴിലാളികളുടെ തലയിൽ മാത്രം വയ്ക്കാതിരിയുകയും ചെയ്യുക.
പിൻകുറിപ്പ്:
അതെ, ഈ പ്രതിസന്ധിയും നമ്മൾ ഒരുമിച്ചു തരണം ചെയ്യുക തന്നെ ചെയ്യും. ഒരുമയാണ് നമ്മുടെ ബലം.
ഒരുമിച്ചു നിൽക്കാം പോരാടാം, ഈ മഹാമാരിയ്ക്കെതിരെ.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ ആരോഗ്യ/കരുതൽ നടപടികളോടും സഹകരിയ്ക്കുക.
ആതുരശുശ്രുഷകരുടെയും, ആരോഗ്യപ്രവർത്തകരുടെയും, സന്നദ്ധപ്രവർത്തകരുടെയും, നിയമപാലകരുടെയും ഒക്കെ സ്തുത്യർഹ സേവനങ്ങളെ നന്ദിയോടെ സ്മരിയ്ക്കുക.
ശാരീരിക അകലം
സാമൂഹിക അവബോധം
മാനസിക അടുപ്പം
അതാകട്ടെ, കൊറോണയ്ക്കെതിരെ നമ്മുടെ മുദ്രാവാക്യം
കഴിയുന്നതും, നിങ്ങളുടെ വീടുകളിൽ തന്നെ കഴിയാൻ ശ്രമിയ്ക്കുക. കരുതലെടുക്കുക.
നിങ്ങൾ ഓരോരുത്തരും എനിയ്ക്കു വളരെ പ്രിയപ്പെട്ടവരാണ്. അതുകൊണ്ടു തന്നെ നിങ്ങളുടെ ആരോഗ്യവും, ജീവനും വളരെ വിലപ്പെട്ടതും.
ഏവർക്കും, ആയുരാരോഗ്യ സൗഖ്യം നേർന്നുകൊണ്ട്,
സ്നേഹത്തോടെ
ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ ഇമേജസ്
Comments
Post a Comment