'കെട്ടുനിറ'യും ശബരിമല യാത്രയും [ഹൈന്ദവ പുരാണങ്ങളിലൂടെ - 2]


'കെട്ടുനിറ'യും ശബരിമല യാത്രയും
[ഹൈന്ദവ പുരാണങ്ങളിലൂടെ - 2]


പ്രിയരേ, നമസ്കാരം.

സമാധാനപൂർണമായ ഒരു മണ്ഡലകാലത്തിനു ശേഷം, നമ്മളിതാ ഭക്തിസാന്ദ്രമായ ഒരു മകരവിളക്ക് കാലത്തിലൂടെ കടന്നു പോകുകയാണ്.

ഞാനും നിങ്ങളും ഒക്കെ ഒരുപാട് തവണ ശബരിമല യാത്ര  നടത്തിയിട്ടുള്ളവരാണ്. കണ്ണ് നിറയെ, മനസ്സ് നിറയെ ശബരീശ ദർശനം നേടിയിട്ടുള്ളവരുമാണ്. എന്നാൽ, നമ്മളിൽ ചിലർക്കെങ്കിലും ശബരിമല യാത്രയിലെ ഒരു പ്രധാന ചടങ്ങായ 'കെട്ടുനിറ' എന്താണെന്നോ, അത് എന്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്നോ, ഒരു പക്ഷെ അറിയില്ലായിരിയ്ക്കും.

അവർക്കു വേണ്ടിയാണ്, 'ഹൈന്ദവപുരാണങ്ങളിലൂടെ' എന്ന പരമ്പരയിലെ, ഈ രണ്ടാമത്തെ ലേഖനം - 'കെട്ടുനിറ'യും ശബരിമല യാത്രയും. 

കെട്ടുനിറയുടെ കൂടുതൽ വിശദശാംശങ്ങളിലേയ്ക്ക് പോകുന്നതിനുമുമ്പ്, നമുക്ക് ഭഗവത് ഗീതയും, പിന്നെ ഒരൽപ്പം യോഗവിദ്യയുമൊക്കെ ഒന്ന് ഓടിച്ചു കാണേണ്ടിവരും.  ഭഗവത് ഗീതയിൽ, യോഗവിദ്യയുടെ പ്രാധാന്യം, വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഭഗവാൻ ശ്രീകൃഷ്ണൻ ഒരിടത്ത് അർജ്ജുനനോട് പറയുന്നുണ്ട് "അല്ലയോ അർജുനാ, നീ എന്ത് കഷ്ടം സഹിച്ചും, ത്യാഗം ചെയ്തും, യോഗവിദ്യ അഭ്യസിക്കൂ. അങ്ങിനെയെങ്കിൽ അതോടെ നിന്റെ ജന്മം തന്നെ സഫലമാകും.." എന്ന്.

യോഗവിദ്യ എന്നാൽ കൂടിച്ചേരൽ എന്നർത്ഥം. പക്ഷേ, എന്തിന്റെ കൂടിച്ചേരൽ? 

ജീവാത്മാവും, പരമാത്മാവും തമ്മിലുള്ള കൂടിച്ചേരൽ. അതായത്, ഈ ലോകജീവിതം നയിയ്ക്കുന്ന സാധാരണ മനുഷ്യനും, പരബ്രഹ്മവും തമ്മിലുള്ള കൂടിച്ചേരൽ.  

പറയാൻ വളരെ എളുപ്പമാണെങ്കിലും, അതെങ്ങിനെ സാധ്യമാകും? അതിസങ്കീർണമായ അല്ലെങ്കിൽ അതികഠിനമായ, ധ്യാനം, തപസ്സ്, അർപ്പണം എന്നിവയൊക്കെ വഴി, പൂർണമായ ശാരീരിക-മാനസിക നിയന്ത്രണങ്ങൾ കൈവരിയ്ക്കുന്ന, അഥവാ ശരീരത്തിനെയും മനസിനെയും പൂർണമായും ജയിയ്ക്കുന്ന, ഒരാൾക്കു മാത്രമേ അത്തരത്തിലൊരു കൂടിച്ചേരൽ സാധ്യമാകൂ.

അതെത്ര സംഭവ്യമാണ്?  ഇനി, ആണെങ്കിൽ തന്നെ, അതിനെത്ര കാലം ഒരാൾ ഈ യോഗവിദ്യ അഭ്യസിയ്ക്കേണ്ടി വരും?

അവിടെയാണ്, ശബരിമലയാത്രയുടെ പ്രാധാന്യം.

എല്ലാ വ്രതശുദ്ധിയോടും കൂടി നടത്തുന്ന ഒരു ശബരിമല ദർശനം, ഒരുവർഷം മുഴുവൻ നീണ്ട തപസ്സിന് (അഥവാ യോഗവിദ്യയ്ക്ക്) തുല്യമാണ് എന്നാണ് വിശ്വാസം.
***

ഇനി, നമുക്ക് മലയാത്ര വിശദമായി കാണാം.

സ്വാമിയേ ശരണമയ്യപ്പാ .....!!

ശബരിമലയിലെ ആ പുണ്യപതിനെട്ടാം പടി ചവിട്ടണമെങ്കിൽ, തലയിൽ ഇരുമുടികെട്ട് വേണം എന്ന് നിർബന്ധമാണ്.


പേര് സൂചിപ്പിയ്ക്കുന്നതു പോലെ, രണ്ടു കെട്ടുകൾ അഥവാ രണ്ട് അറകളോട് കൂടിയ ഒരു തുണിസഞ്ചിയാണ് ഇരുമുടികെട്ട്. ഇതിൽ മുൻകെട്ട്, ഭക്തന്റെ ജന്മപുണ്യത്തെ സൂചിപ്പിയ്ക്കുന്നുവെങ്കിൽ, പിൻകെട്ട് അവന്റെ ജന്മപാപത്തെ പ്രതിനിധാനം ചെയ്യുന്നു.
[പ്രത്യേക അടയാളങ്ങളില്ലാത്ത ഇരുമുടിയാണെങ്കിൽ, മുൻകെട്ടിനെ തിരിച്ചറിയാൻ മഞ്ഞൾ ഉപയോഗിച്ച് അടയാളപ്പെടുത്താറുണ്ട്].

മുൻകെട്ടിൽ ശബരീശനുള്ള പൂജാസാധനങ്ങൾ നിറയ്ക്കുമ്പോൾ, പിൻകെട്ടിൽ ഭക്തനുള്ള ഭക്ഷണ സാധനങ്ങളും, പിന്നെ മലയാത്രയിൽ ഉടയ്ക്കാനുള്ള തേങ്ങകളുമാണ്  നിറയ്ക്കാറുള്ളത്.

പന്തൽ:
കെട്ടുനിറ ചടങ്ങുകൾ നടത്തുന്നതിന്, വീടിന്റെ നടുമുറ്റത്ത് ചെറിയ ഒരു പന്തൽ സജ്ജീകരിയ്ക്കും. നാല് തൂണുകൾ നാട്ടി, സിൽപോളിനോ മറ്റോ മേൽക്കൂരയായി വലിച്ചു കെട്ടുന്നു. നാല് വശത്തും, ചരടുകളിൽ മാവില, കുരുത്തോല, പുഷ്പങ്ങൾ, ആലില എന്നിവയൊക്കെ തോരണമായി തൂക്കി പന്തൽ അലങ്കരിയ്ക്കുന്നു. പന്തലിന്റെ ഉൾവശമാകട്ടെ, നന്നായി ചാണകം മെഴുകി വൃത്തിയാക്കുന്നു.

ഇനി നമുക്ക് കെട്ടുനിറയെ, അതിന്റെ ക്രമത്തിൽ തന്നെ ഒന്നു കാണാം. എന്താ?

1. ഗണപതി വന്ദനം
കത്തിച്ച നിലവിളക്കിന് മുൻപിൽ, തൂശനിലയിൽ അവൽ, മലർ, കൽക്കണ്ടം, മുന്തിരി ഇത്യാദി പൂജാദ്രവ്യങ്ങൾ നിരത്തി, ചന്ദനത്തിരി കത്തിച്ചുവച്ച്, ആദ്യം വിഗ്നേശ്വര വന്ദനം. 

2. ഇഷ്ടദേവതാ വന്ദനം:
ഓരോ ഭക്തനും, അവന്റെ ഇഷ്ടദേവതയെ മനസ്സിൽ സങ്കൽപ്പിച്ച്  പ്രാർത്ഥിയ്ക്കുന്നു.

3. ദേവീ-ദേവ വന്ദനം:
സകല ദേവീദേവന്മാരെയും മനസ്സിൽ ധ്യാനിച്ച് പ്രാർത്ഥിയ്ക്കുന്നു. [സാധാരണ, മലയാത്രയ്ക്കു മുൻപ് ഭക്തൻ തന്റെ നാട്ടിലെ എല്ലാ ദേവാലയങ്ങളിലും സന്ദർശനം നടത്താറുണ്ട്].

4. കാണിപ്പൊന്ന്:
ശബരിമലയാത്രയും യോഗവിദ്യയുമായുള്ള ബന്ധത്തെ കുറിച്ച്, ആമുഖത്തിൽ സൂചിപ്പിച്ചുവല്ലോ. ഗുരുസ്ഥാനീയനായ അയ്യപ്പനെ കാണാൻ, ശിഷ്യസ്ഥാനത്തുള്ള ഭക്തൻ പോകുന്നതാണ് മലയാത്ര. അങ്ങിനെ വരുമ്പോൾ, ആ ഗുരുവിനുള്ള ശിഷ്യന്റെ ദക്ഷിണയത്രെ ഈ 'കാണിപ്പൊന്ന്'. അതിനാൽ തന്നെ, വളരെ പ്രാധാന്യമേറിയ ചടങ്ങായി മാറുന്നു  കാണിപ്പൊന്നുകെട്ടൽ.

നന്നായി കഴുകി വ്യത്തിയാക്കിയ ഒരു വെറ്റിലയിൽ, കുറച്ചു നെല്ല്, ഉണക്കലരി, ഒരു നാണയം, പിന്നെ ഒരു കഷ്ണം അടയ്ക്ക എന്നിവ ഭദ്രമായി പൊതിഞ്ഞെടുത്ത്, ശേഷം വൃത്തിയുള്ള ഒരു തിരശീല (വെള്ളത്തുണി)യിൽ നന്നായി പൊതിഞ്ഞു കെട്ടുന്നു. ഈ കാണിപ്പൊന്ന്, കത്തിച്ചു വച്ചിരിയ്ക്കുന്ന നിലവിളക്കിനു സമീപം വയ്ക്കുന്നു.

5. നെയ്‌മുദ്ര:
കാണിപ്പൊന്ന് പോലെ തന്നെ, മറ്റൊരു പ്രധാന ചടങ്ങാണിത്. ഒരു തേങ്ങ നന്നായി ഉരച്ചു വൃത്തിയാക്കുന്നു (ചിലർ പാറയിൽ ഉരച്ച്, ആ തേങ്ങയെ കറുത്തനിറത്തിൽ ആക്കിയിട്ടുണ്ടാകും). പിന്നെ തേങ്ങയുടെ ഒരു കണ്ണ് തുരന്ന്, ഉള്ളിലെ മധുരം നിറഞ്ഞ വെള്ളം പൂർണമായും ഊറ്റിക്കളഞ്ഞ ശേഷം, ശുദ്ധമായ നെയ്യ് ശരണം വിളിയോടെ ഈ തേങ്ങയിൽ നിറയ്ക്കുന്നു. നിറഞ്ഞാൽ, കോർക്ക് ഉപയോഗിച്ച് ഭദ്രമായി അടയ്ക്കുന്നു. ഉള്ളിലെ നെയ്യ് അല്പം പോലും പുറത്തേയ്ക്ക് വരാതിരിയ്ക്കാൻ, കോർക്കിനു മുകളിൽ, നന്നായി വെള്ളത്തിൽ നനച്ച ഒരു പപ്പടത്തിന്റെ നാലിലൊന്നു ഭാഗം, വീണ്ടും രണ്ടായി മടക്കി, അമർത്തി ഒട്ടിയ്ക്കുന്നു. അതിനു മുകളിൽ  സമചതുരത്തിൽ കീറിയെടുത്ത ഒരു ചെറിയ തിരശീല കഷ്ണവും. അല്പസമയത്തിനുള്ളിൽ ഈ തിരശീല പപ്പടത്തോടുചേർന്ന്, അകത്തെ നെയ്യ് ചോരാത്ത രീതിയിൽ തേങ്ങയിൽ ശക്തമായിതന്നെ അങ്ങ്  ഒട്ടിച്ചേർന്നുകൊള്ളും.  


ഈ നെയ്‌ത്തേങ്ങ (നെയ്‌മുദ്ര) പ്രതിനിധാനം ചെയ്യുന്നത്, ഭക്തന്റെ ഇഹലോകജീവിതത്തെയത്രേ. ലൗകിക സുഖങ്ങളാകുന്ന, ഉള്ളിലെ ആ മധുരജലത്തെ പൂർണമായും ഊറ്റിക്കളഞ്ഞ്, അതിൽ ഭക്തിയാകുന്ന നെയ്യ് നിറയ്ക്കുന്നു എന്നർത്ഥം.

ആ വർഷം ശബരിമല യാത്ര നടത്താൻ പറ്റാത്ത ആളുകൾ, അവരുടെ വകയായും നെയ്‌മുദ്രകൾ ഇതേ പോലെ നിറച്ചു നൽകാറുണ്ട് കേട്ടോ.

6. ഇരുമുടി നിറയ്ക്കൽ: 
[ഓരോ സാധനങ്ങളും ഇരുമുടിക്കെട്ടിൽ നിറയ്ക്കുമ്പോൾ, ഭക്തനും, ചുറ്റും നിൽക്കുന്ന മറ്റുള്ളവരും, ഭക്‌തിപൂർവ്വം ശരണം വിളിയ്ക്കണം]

A. 
പൊതിച്ചു വച്ചിരിയ്ക്കുന്നതിൽ ഒരു നാളികേരം, വൃത്തിയായി കഴുകി, ഒരൽപം ഭസ്മം പൂശി, ശരണം വിളികളോടെ, നേരത്തെ തയ്യാറാക്കി വച്ച കാണിപ്പൊന്നിനൊപ്പം, ഇരുമുടിയുടെ മുൻകെട്ടിൽ വയ്ക്കുന്നു. ഈ നാളികേരത്തെ 'ശിവനാളികേരം' എന്നും ചില സ്ഥലങ്ങളിൽ പറയാറുണ്ട്.

ഭക്തന്റെ വൃതാനുഷ്ടാന പ്രതീകമായാണ് ഈ നാളികേരത്തെ കണക്കാക്കുന്നത്. അതിനാൽ തന്നെയാണ്, ഏറ്റവും ആദ്യം ഈ നാളികേരം ഗുരുദക്ഷിണയായ കാണിപ്പൊന്നിനൊപ്പം, ഇരുമുടിക്കെട്ടിൽ വയ്ക്കുന്നത്.

ശേഷം, ഭക്തൻ തന്റെ ഇരുകൈകളും ചേർത്ത് മൂന്ന് തവണ ഉണക്കലരി, ശരണം വിളികളോടെ മുൻകെട്ടിൽ ഇടുന്നു.
[കന്നി അയ്യപ്പനോ/ മാളികപ്പുറമോ ആണെങ്കിൽ, അച്ഛൻ, മറ്റു കാരണവ-സ്ഥാനീയർ, ഒക്കെ ശരണം വിളിച്ച് ഇതേപോലെ ഉണക്കലരി കന്നിക്കാരന്റെ കെട്ടിൽ ഇടുന്നു. ഏറ്റവും അവസാനം അമ്മയും].

B. 
ശേഷം, നിറച്ചു വച്ചിരിയ്ക്കുന്ന നെയ്‌മുദ്രകൾ മുൻകെട്ടിൽ വയ്ക്കുന്നു.

C. 
അവൽ, മലർ, ഭസ്മം, മഞ്ഞൾപൊടി, ചന്ദനത്തിരി എന്നീ പൂജാദ്രവ്യങ്ങൾ മുൻകെട്ടിൽ നിറയ്ക്കുന്നു.

പിന്നെ, ഭക്തിപൂർവ്വം ശരണം വിളികളോടെ മുൻകെട്ട് അതിൽ തന്നെ കൊരുത്തിരിയ്ക്കുന്ന ചരടുപയോഗിച്ചു മുറുകെ കെട്ടുന്നു. കെട്ടുമ്പോൾ ഓർക്കണം, ചരട് മുറുക്കുന്നത് സമയദിശയിൽ (clockwise) ആയിരിയ്ക്കണം.

D. 
പിൻകെട്ടിൽ, ശബരിമലയിലും, പമ്പയിലും ഒക്കെ ഉടയ്ക്കാനുള്ള നാളികേരങ്ങൾ ഇട്ട്, പിൻകെട്ടും മുറുക്കുന്നു. (പണ്ട് ഹോട്ടലുകളിൽ നിന്നും ഉള്ള ഭക്ഷണം മലയാത്രയിൽ ഒഴിവാക്കിയിരുന്നതിനാൽ, അന്നൊക്കെ ആഹാരം  സ്വയം പാകം ചെയ്യുകയായിരുന്നു. അങ്ങനെയാകുമ്പോൾ അതിനുള്ള അരി, ചമ്മന്തിപൊടി എന്നീ ഭക്ഷണ സാധനങ്ങൾ കൂടി പിൻകെട്ടിൽ ഇടാറുണ്ടായിരുന്നു). പിൻകെട്ട്, സാധാരണ anticlockwise ആയി ആണ് കെട്ടുന്നത്.

ഇപ്പോൾ, മുൻകെട്ടിന്റെയും പിൻകെട്ടിന്റെയും ചരടുകൾ, ബാക്കിയായത് നീണ്ടുകിടക്കുന്നുണ്ടാകും. അതുരണ്ടും ചേർത്ത്, രണ്ടുകെട്ടുകളെയും ഒന്നുകൂടി ചേർത്തുകെട്ടുന്നു. ഇവിടെയും ഓർക്കണം, മുൻകെട്ടിന്റെ ചരട് മുറുക്കേണ്ടത് clockwise ദിശയിലും പിൻകെട്ടിന്റേത് anticlockwise ദിശയിലും ആണ്.

E. 
ഇതോടെ, കെട്ടുമുറുക്കിന്റെ ചടങ്ങുകൾ ഏതാണ്ട് കഴിഞ്ഞു. ഗുരുസ്വാമിയ്ക്കു ഭക്തൻ ദക്ഷിണ നൽകി വന്ദിയ്ക്കുന്നു. ശേഷം, ശബരിമല യാത്രയിൽ കൂടെ കരുതുന്ന കട്ടിയുള്ള പുതപ്പിനെ ചെറുതാക്കി മടക്കി, തന്റെ ഇരുമുടികെട്ടിനെ നിലവിളക്കിനു സമീപം, ആ പുതപ്പിനു മുകളിലായി വയ്ക്കുന്നു.

ഭക്തൻ പ്രഭാത ഭക്ഷണം കഴിച്ചിട്ടില്ല എങ്കിൽ, ഇപ്പോൾ അതിനു പോകാവുന്നതാണ്.

F. യാത്രാരംഭം:
നേരത്തെ തന്നെ, ഏതാണ്ട് ചതുരാകൃതിയിൽ ഉള്ള ഒരു പരന്ന കരിങ്കല്ല് (ഏതാണ്ട് ഒരടി ചതുരത്തിലെങ്കിലും ഉള്ളത്) വൃത്തിയായി കഴുകി പന്തലിൽ വച്ചിട്ടുണ്ടാകും. ഈ കല്ലിൽ, ശരണം വിളികളോടെ എണ്ണയിൽ കുതിർത്ത ഒരു തിരി തെളിയിക്കുന്നു.

വീണ്ടും ശരണം വിളികളോടെ, ഭക്തിപൂർവ്വം നിറച്ചു വച്ചിരിയ്ക്കുന്ന തന്റെ ഇരുമുടികെട്ടിനെ തൊട്ടുതൊഴുത്, ആ കെട്ടുയർത്തി, ആദ്യം അടിയിലെ ആ കട്ടിയുള്ള പുതപ്പ് തലയിൽ വയ്ക്കുന്നു. പിന്നീട്, മുൻകെട്ട്  മുൻഭാഗത്തേക്ക്‌ വരുന്ന രീതിയിൽ, ഇരുമുടികെട്ട് തലയിൽ ഏറ്റുന്നു.

[ഓർക്കുക, ഇരുമുടികെട്ട് തലയിൽ വയ്ക്കുമ്പോൾ, എല്ലായ്‌പ്പോഴും കട്ടിയുള്ള പുതപ്പോ, ഇല്ലെങ്കിൽ ഒരു തോർത്തോ എങ്കിലും, തലയിൽ വച്ചതിനു ശേഷം മാത്രം അതിനു മുകളിൽ ആണ് കെട്ടു വയ്ക്കേണ്ടത്. അതുപോലെ, യാത്രാമദ്ധ്യേ എവിടെയെയെങ്കിലും കെട്ട് നിലത്തു വയ്‌ക്കേണ്ടി വരികയാണെങ്കിൽ (വാഹനത്തിൽ ഉൾപ്പെടെ), അതും ഇതേപോലെ പുതപ്പിനു മുകളിൽ ആയിരിയ്ക്കണം]. തലയിൽ ഏറ്റുന്ന അവസരത്തിൽ, മുൻകെട്ടാവണം എല്ലായ്പ്പോഴും മുന്നിൽ വരേണ്ടതും.

ശേഷം, ഉടയ്ക്കാനുള്ള ഒരു നാളികേരം കയ്യിൽ എടുത്ത്, ശരണം  വിളികളോടെ ഭക്തൻ, മൂന്നു തവണ പന്തലിൽ (നിലവിളക്കും, പിന്നെ തിരി തെളിയിച്ച ആ കല്ലും ഉള്ളിൽ വരുന്ന രീതിയിൽ) വലംവയ്ക്കുന്നു. മൂന്നാമത്തെ വലം പൂർത്തിയായാൽ, കയ്യിലെ തേങ്ങ പന്തലിലെ കല്ലിൽ എറിഞ്ഞുടയ്ക്കുന്നു. 

തേങ്ങ ഉടച്ചു കഴിഞ്ഞാൽ പിന്നെ, ഒരു  നിമിഷം പോലും വീട്ടിൽ തങ്ങാതെ യാത്ര ആരംഭിയ്ക്കണം. തിരിഞ്ഞു നോക്കാനോ, വീട്ടുകാരോട് സംസാരിയ്ക്കാനോ പോലും മുതിരരരുത്. അതായത്, താൽക്കാലികമായി ഈ ലോകത്തോടുള്ള, ഈ ലോകത്തിലുള്ള സകലതിനോടുമുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച്, ശബരീശനിൽ മാത്രം വിശ്വാസം അർപ്പിച്ച്, ഈലോക ജീവിതത്തിന്റെ പാപപുണ്യങ്ങൾ തലയിൽ ഏന്തി, ഏകനായി, തന്റെ ആ യാത്ര തുടങ്ങുന്നു എന്നർത്ഥം.

ഒരു ഭക്തൻ ഈ രീതിയിൽ, തന്റെ യാത്രാരംഭം കുറിച്ച്, കല്ലിൽ തേങ്ങ ഉടയ്ക്കുമ്പോൾ, അതോടെ ആ കല്ലിൽ അയ്യപ്പസാന്നിധ്യം ഉണ്ടാകുന്നു എന്നാണ് വിശ്വാസം. ആ ഭക്തൻ, ശബരീശ ദർശനം പൂർത്തിയാക്കി തിരികെ വീട്ടിൽ എത്തുന്നതു വരെ, ആ കുടുബത്തിന്റെ സകല ഉത്തരവാദിത്വങ്ങളും, സംരക്ഷണവും ഒക്കെ, ആ അയ്യപ്പസാന്നിധ്യത്തിനാണത്രെ. 

അതിൽ ഒരു ഭക്തന് സംശയം ഉണ്ടാകേണ്ട ആവശ്യമേയില്ല. അതിനാൽ തന്നെ, യാത്രാവേളകളിലോ, ദർശനം പൂർത്തിയാക്കുന്നതിനു മുൻപോ, ആ ഭക്തൻ തന്റെ വീടിനേയോ വീട്ടുകാരേയോ ഒന്നും ഓർത്ത്  വേവലാതിപ്പെടേണ്ടതുമില്ല. ഇന്നത്തെ കാലത്താണെങ്കിൽ മൊബൈലിൽ ബന്ധപ്പെടേണ്ടതും ഇല്ല.
[ചിലരെ കണ്ടിട്ടില്ലേ, അവരുടെ ശബരിമല യാത്ര, ഏതാണ്ടൊരു  വിനോദയാത്ര പോകുന്നത് പോലെയാണ്. അരമണിക്കൂർ ഇടവിട്ട്,  വീട്ടിലേയ്ക്കു വിളിച്ചു കൊണ്ടിരിയ്ക്കും. പോകുന്ന വഴികളിലെ ഫോട്ടോകളും, സെൽഫിയുമൊക്ക, അങ്ങിനെ എടുത്തു കൊണ്ടേയിരിയ്ക്കും].

ഭക്തൻ മലയാത്ര ആരംഭിച്ചാൽ, തിരികെ എത്തുന്നതുവരെ വീട്ടിൽ രാവിലേയും വൈകിട്ടും നിലവിളക്കു കൊളുത്തുന്നതിനൊപ്പം, ഈ കല്ലിലും, ശരണം വിളികളോടെ വീട്ടുകാർ തിരി തെളിയിയ്ക്കുന്നു.

G. മലയാത്ര:
സാധാരണ മലയാത്രയിൽ, വഴിയിൽ ഉടനീളമുള്ള വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളിൽ പ്രാർത്ഥിച്ചാവും മുന്നോട്ടു പോകുന്നത്. മത സൗഹാർദത്തിന്റെ മകുടോദാഹരണമായ എരുമേലി വാവര് പള്ളി, പമ്പ ഇവിടങ്ങളിലൊക്കെ ഭക്തർ തേങ്ങാ ഉടയ്ക്കുന്നു. പിതൃപുണ്യം തേടി പമ്പയിൽ ബലികർമ്മങ്ങൾ അനുഷ്ഠിയ്ക്കുന്നു.

പിന്നെ, കഠിനമായ മലകയറ്റമാണ്. സ്വന്തം കണ്ഠത്തിൽനിന്നു മാത്രമല്ല ചുറ്റുപാടുമെല്ലാം നിന്നും മുഴങ്ങുന്ന, ശരണ മന്ത്രങ്ങൾ ഭക്തന് വിവരണാതീതമായ ഒരു ശക്തി നൽകുന്നു. ആ ശക്തിയെ, സ്വന്തം ഹൃദയത്തിലും, ശേഷം കാലുകളിലും ആവേശിപ്പിച്ച്, ആ മലകയറ്റം അയാൾ പൂർത്തിയാക്കി, പുണ്യപതിനെട്ടാംപടിയുടെ താഴെ എത്തുന്നു.


H:
പതിനെട്ടാംപടിയുടെ താഴെ, ഒരു തേങ്ങ കൂടി ഉടയ്ക്കുന്നതോടെ, ആ ഭക്തന്റെ അതുവരെയുള്ള എല്ലാ ജന്മപാപങ്ങളും ഇല്ലാതാവുന്നു. കൃത്യമായ വ്രതാനുഷ്ടാനങ്ങളോടെ, ഇരുമുടികെട്ടും താങ്ങി, പമ്പാസ്നാനം കഴിഞ്ഞ്, പിതൃപുണ്യവും നേടി, മലകയറിയെത്തി, തേങ്ങ ഉടയ്ക്കുന്ന ഒരു യഥാർത്ഥഭക്തൻ, സാക്ഷാൽ അയ്യപ്പന് തുല്യനത്രെ. 

മനുഷ്യനും ദൈവവും ഒന്നായി തീരുന്ന. അതല്ലയെങ്കിൽ, മനുഷ്യനെ ദൈവ സമാനനായി കാണുന്ന മറ്റൊരു ദേവാലയവും, ഈ ഭൂമുഖത്ത് വേറെ ഉണ്ടാകില്ല, തന്നെ.

ആ മഹാതത്വമത്രേ "തത്വമസി". 

തത്വമസി എന്നാൽ "അത് നീ ആകുന്നു" എന്നർത്ഥം. 

അതായത്, പുണ്യത്തിന്റെ നിറകുടമായി ഈ ലോകത്തിൽ പിറന്ന്, പിന്നെ ലൗകികജീവിതത്തിൽ നിന്നും ഒരുപാട് പാപങ്ങൾ, അറിഞ്ഞോ അറിയാതെയോ ആർജ്ജിച്ച്, സുഖലോലുപനായി മാറിയ ഒരു സാധാരണ മനുഷ്യനെ, 41 ദിവസത്തെ കഠിനവ്രതാനുഷ്ടാനങ്ങളാൽ ശുദ്ധനാക്കി, ദൈവ സമാനനാക്കുന്ന പുണ്യസന്നിധിയത്രെ ശബരിമല. അങ്ങിനെ ശുദ്ധനായ, ആ ഭക്തനോടുള്ള ദൈവ വചനമാണ്, അല്ലെങ്കിൽ ആദരവാണ്, 'അത് നീ ആകുന്നു' എന്നർത്ഥം വരുന്ന ആ ഒരൊറ്റ മന്ത്രം "തത്വമസി".


പുണ്യപതിനെട്ടാംപടിയേറി, ആ കലിയുഗവരദനെ മനംനിറയെ കണ്ടു തൊഴുതാൽ പിന്നെ, സൗകര്യപ്രദമായ ഒരു സ്ഥലം കണ്ടെത്തി, ശരണം വിളികളോടെ, ഇരുമുടികെട്ട് തലയിൽ നിന്നും ഇറക്കി വയ്ക്കുന്നു.  മുൻകെട്ട് അഴിച്ച്, കാണിപ്പൊന്നുൾപ്പെടെയുള്ള  പൂജാദ്രവ്യങ്ങൾ പുറത്തെടുക്കുന്നു. ശേഷം, അതതു സ്ഥലങ്ങളിലെ ഭണ്ഡാരങ്ങളിൽ അവ അർപ്പിയ്ക്കുന്നു.

നെയ്‌മുദ്ര (നെയ്തേങ്ങ) ഉടച്ച്, നെയ്യ് ശുദ്ധമായ ഒരു പാത്രത്തിലേക്ക് പകരുന്നു. ശേഷം, രണ്ടു തേങ്ങാമുറികളിൽ ഒരു മുറി (കണ്ണുമുറി) ശബരീശസന്നിധിയിലെ ആഴിയിൽ എരിയ്‌ക്കുന്നു. നമ്മൾ ആദ്യം പറഞ്ഞതു പോലെ, നെയ്തേങ്ങയിലെ തേങ്ങ പ്രതിനിധാനം ചെയ്യുന്ന, ഭക്തന്റെ ജന്മപാപങ്ങളാണ് ഇവിടെ ഇങ്ങനെ എരിയിച്ചു കളയുന്നത്. 

നെയ്‌മുദ്രയിൽ നിന്നും പകർത്തിയ, ജന്മപുണ്യമായ നെയ്യാകട്ടെ, അയ്യപ്പന് അഭിഷേകം ചെയ്യുന്നു. ഭക്തന്റെ പുണ്യം പൂർണ്ണമനസോടെ സ്വീകരിച്ച്, അയ്യപ്പൻ തന്റെ അനുഗ്രഹം തിരികെ ഭക്തന് പ്രദാനം ചെയ്യുന്നു. അതത്രെ അഭിഷേക ശേഷം തിരികെ ലഭിയ്ക്കുന്ന നെയ്യ്. (ഇത് ഭക്തിപൂർവ്വം വീടുകളിൽ സൂക്ഷിയ്ക്കുന്നു).

നെയ്‌ത്തേങ്ങയുടെ മറുമുറി (മൂടുമുറി) ഭക്തൻ തിരികെ വീട്ടിലേയ്ക്കു കൊണ്ടുവന്ന്, പ്രസാദത്തിന്റെ (അവൽ, മലർ, ശർക്കര) കൂടെ ചേർത്ത് എല്ലാവർക്കും വിതരണം ചെയ്യുന്നു.

മാളികപ്പുറം, ഭസ്മക്കുളം, ഉരക്കുഴി എന്നിവിടങ്ങളിലെ ദർശനവും വഴിപാടുകളും മുറപോലെ പൂർത്തിയാക്കുന്നു.

ഇത്രയുമായാൽ, പിന്നീട് അതിപ്രശസ്തമായ അപ്പം, അരവണ പ്രസാദങ്ങൾ വാങ്ങി, അത് തന്റെ ഇരുമുടികെട്ടിൽ നിറയ്ക്കുന്നു.


I. മലയിറക്കം:
ഒരിയ്ക്കൽ കൂടി പതിനെട്ടാം പട്ടിയുടെ ചുവട്ടിൽ തേങ്ങാ ഉടച്ച്, അയ്യപ്പനോട് യാത്ര പറഞ്ഞ് ഭക്തൻ മലയിറങ്ങുന്നു. മനസ് നിറച്ച ആ പുണ്യ ദർശനത്തിന്റെ എല്ലാ ഓർമകളുമായി, ഇനി മടക്കയാത്രയാണ്.

J. കെട്ടിറക്കൽ:
വീട്ടിലെത്തുന്നതിനു തൊട്ടുമുൻപ് ഇരുമുടികെട്ടു തുറന്ന്, ശിവനാളികേരം പുറത്തെടുക്കുന്നു (ശിവനാളികേരം കൂടെ കൊണ്ടുപോകാത്തവർ, ഇതിനു പകരമായി വീട്ടിൽ സൂക്ഷിച്ചിരിയ്ക്കുന്ന ഒരു നാളികേരം ഉപയോഗിയ്ക്കും). 

വീടിനു കുറച്ചു ദൂരെയായി വണ്ടി നിർത്തി, ഉറക്കെ ശരണം വിളിയ്ക്കുന്നു. ഇതു കേൾക്കുമ്പോൾ, വീട്ടുകാർ ഉടനെ പന്തലിലെ കല്ലിൽ തിരി തെളിയിയ്ക്കുന്നു. ഭക്തൻ ശരണം വിളികളോടെ, കയ്യിലെ തേങ്ങ ആ കല്ലിൽ ഉടയ്ക്കുന്നു. അതോടെ ആ കല്ലിലെ അയ്യപ്പസാന്നിധ്യം വിട്ടകലുന്നു. വീടിന്റെയും, വീട്ടുകാരുടെയും പൂർണ്ണചുമതല, തിരികെ ഭക്തനിൽ തന്നെ എത്തുന്നു.

തുടക്കത്തിൽ നമ്മൾ പറഞ്ഞിരുന്നുവല്ലോ, ഈ ശിവനാളികേരം സൂചിപ്പിയ്ക്കുന്നത് ഭക്തന്റെ വ്രതാനുഷ്ടാനത്തെ ആണെന്ന്. അതുകൊണ്ടു തന്നെ, ആ നാളികേരം ഉടയ്ക്കുന്നതോടെ ആ വ്രതം പൂർണമാകുകയും, ഭക്തൻ സ്വാമിയല്ലാതായി തീരുകയും ചെയ്യുന്നു. ശേഷം കെട്ടിറക്കി, കഴുത്തിലെ മാല ഊരി പന്തലിൽ വയ്ക്കുന്നു.

കുളിച്ച്, ശരീരശുദ്ധി വരുത്തി, കെട്ടുതുറന്ന് പ്രസാദ വസ്തുക്കൾ പുറത്തെടുത്ത്, വിതരണം ചെയ്യുന്നു.

അതോടെ കഠിനവ്രതത്തിന്റെ, ശരീര-മനോ നിയന്ത്രണങ്ങളുടെ അകമ്പടിയോടെ ഒക്കെ, താൻ നടത്തിയ, ശബരീശ ദർശനപുണ്യം  തേടിയുള്ള, ആ മലയാത്രയുടെ അവസാനമാകുന്നു.

ഇനി, വീണ്ടും അടുത്ത മലയാത്രയ്ക്കുള്ള കാത്തിരിപ്പുമായി, ഇഹലോക ജീവിതത്തിന്റെ കെട്ടുപാടുകളിലേയ്ക്ക്.....

കെട്ടുനിറയുടെയും, ശബരിമലയാത്രയുടെയും  വിശേഷങ്ങൾ നിങ്ങൾക്കിഷ്ടമായി എന്ന് കരുതുന്നു.

സ്വാമിയേ ശരണമയ്യപ്പാ .....!!

അഭിപ്രായങ്ങൾ അറിയിയ്ക്കുക.

സ്നേഹത്തോടെ
സ്വന്തം
- ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
ശബരിമലയാത്രാ പുരാണങ്ങൾക്ക് കടപ്പാട് : ശ്രീ. സുന്ദരേശൻ മുഴയമ്മാനാൽ
ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ ഇമേജസ് 

പിൻകുറിപ്പുകൾ: 
1. ഇരുമുടികെട്ട്, മാലകൾ, പുതപ്പ് എന്നിവയൊക്കെ വീണ്ടും മലയാത്രയ്ക്ക് ഉപയോഗിയ്ക്കാവുന്നതാണ്. അങ്ങിനെയെങ്കിൽ, അവയൊക്കെ കഴുകിയുണക്കി വൃത്തിയായി സൂക്ഷിയ്ക്കണം.

2. നമ്മൾ മുകളിൽ പറഞ്ഞ ചടങ്ങുകളിൽ, ദേശപരമായ ചില വ്യത്യാസങ്ങൾ ഉണ്ടായേക്കാം, എന്നതോർക്കുക. ഒരു സാധാരണ ഭക്തന് മനസിലാകുന്ന രീതിയിൽ, കഴിയുന്നത്ര ലളിതമായി ആ ചടങ്ങുകളുടെ പ്രാധാന്യവും, പിന്നെ അതിനു പിന്നിലെ വിശ്വാസങ്ങളും അവതരിപ്പിയ്ക്കുക എന്നത് മാത്രമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.




Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]