തകരവലിയും ... പിന്നെ, വണ്ടിനമ്പർ കളിയും [കളിയോർമ്മകൾ - 3]

തകരവലിയും ... പിന്നെ, വണ്ടിനമ്പർ കളിയും
[കളിയോർമ്മകൾ - 3]


മഷിത്തണ്ടിൽ മഷിനിറച്ചതു നോക്കി ചിരിച്ചൊരാ-
ബാലകുതൂഹലം മറന്നു പോയി
പുളിമാങ്ങ പറിച്ചതിൽ ഉപ്പുകൂട്ടി കഴിച്ചൊരാ-
ബാലകൗതുകങ്ങളും മറഞ്ഞു പോയി .....


പ്രിയ സുഹൃത്തുക്കളെ,

കളിയും ചിരിയും, ഇണക്കങ്ങളും പിണക്കങ്ങളും, മരം കയറ്റവും, കമ്പിളിനാരങ്ങാ തീറ്റയും ...പിന്നെ വാട്ടിയ വാഴയിലെ പൊതിച്ചോറ് പങ്കുവച്ചു കഴിച്ചതിലെ സുഖവും ... അതെ, നിറമുള്ള ആ ബാല്യം എന്നോ കഴിഞ്ഞു പോയി. എങ്കിലും, എന്റെയും നിങ്ങളുടെയും ഹൃദയത്തിന്റെ അടിത്തട്ടിലെവിടെയൊക്കെയോ പൊടിമൂടിക്കിടക്കുന്ന, ആ ഓർമക്കൂമ്പാരത്തിനിടയിലെ ചെറിയ ചില കളിയോർമകളെ ഒന്നു പൊടിതട്ടിയെടുക്കാനാണ്, നമ്മൾ 'കളിയോർമ്മകളുടെ' ഈ മൂന്നാം ഭാഗത്തിൽ ശ്രമിയ്ക്കുന്നത്.

'തലമ', 'അയാമേഡോങ്കി' എന്നീ കഴിഞ്ഞ രണ്ടു ഭാഗങ്ങൾ വായിച്ച, ഒരു പാട് വായനക്കാർ രേഖപ്പെടുത്തിയ നല്ല അഭിപ്രായങ്ങൾ, ഹൃദയത്തിൽ  സ്വീകരിയ്ക്കുന്നു.
ഒപ്പം, ചിലരെങ്കിലും ഒരു കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ആ രണ്ട് കളികളുടെയും കളിനിയമങ്ങൾ, ഒരല്പം സങ്കീർണമല്ലേ? എന്ന്.  അതുകൊണ്ട്, ഈ മൂന്നാം ഭാഗത്തിൽ നമ്മൾ കാണാൻ പോകുന്നത്, വളരെ ലളിതമായ രണ്ടു ചെറു കളികളാണ്.

വിശദമായ വായനയ്ക്ക് സമയമില്ലാത്തവർക്കായി ഈ ലേഖനത്തിന്റെ ശബ്ദചിത്രത്തിന് സന്ദർശിയ്ക്കുക:

തകരവലിയും ... പിന്നെ, വണ്ടിനമ്പർ കളിയും. 

ശരിക്കും പറഞ്ഞാൽ, ഇവ രണ്ടും ഞങ്ങളുടെ ബാല്യകാലത്ത്, അതായത് പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്ത്, സ്‌കൂളിൽ നിന്നുള്ള മടക്കയാത്രകളിൽ, സമയം കൊല്ലാൻ വേണ്ടി ഞങ്ങൾ കളിച്ചിരുന്ന നുണുങ്ങു കളികൾ ആയിരുന്നു എന്ന് പറയുന്നതാവും, കൂടുതൽ ശരി.

                           [അന്ന് ഞാൻ പഠിച്ച മോനിപ്പള്ളി സർക്കാർ എൽപി സ്‌കൂൾ - ഇന്ന്]

ആദ്യം നമുക്ക് തകരവലി പരിചയപ്പെടാം.

തകര എന്ന സിനിമയും, അതിലെ സുഭാഷിണിയും, ചെല്ലപ്പനാശാരിയും പിന്നെ പ്രതാപ് പോത്തൻ അവതരിപ്പിച്ച തകരയുമൊക്കെ, നിങ്ങളിൽ പലരുടെയും ഓർമകളിൽ ഇന്നും മായാതെ കാണും. എന്നാൽ, നിങ്ങളിൽ എത്ര പേർക്ക് തകര എന്ന ചെടിയെ അറിയാം, എന്നെനിയ്ക്കറിയില്ല. അന്നൊക്കെ മഴപെയ്തു കഴിയുമ്പോൾ, റോഡുവക്കുകളിൽ നിറയെ വളർന്നുനിന്നിരുന്ന ഒരു കുറ്റിച്ചെടിയാണ് തകര. (ചില സ്ഥലങ്ങളിൽ ഇതിന്റെ തളിരിലകൾ, ചീര പോലെ തോരൻ വയ്ക്കാറുമുണ്ട് കേട്ടോ. ചെടിയിൽനിന്നും, ഇലകൾ പറിയ്ക്കുമ്പോൾ അനുഭവപ്പെടുന്ന ആ അസുഖകരമായ ഒരുതരം ഗന്ധം, കറി വച്ച് കഴിഞ്ഞാൽ  തീരെയും ഉണ്ടാകാറില്ല. മാത്രവുമല്ല, വളരെ പോഷക സമ്പുഷ്ടവുമത്രെ തകരയിലത്തോരൻ). 

തകര ചെടികൾക്ക്, ചെറിയ പയറു പോലെ നീണ്ട കായ്കളുണ്ടാകും. പയറിനേക്കാൾ തീരെ മെലിഞ്ഞതാണ് എന്ന് മാത്രം. ഏതാണ്ട് ഒരു വള്ളി പോലെ. ഈ കായ്കളെ, തകരവള്ളി അഥവാ തകരപ്പയർ എന്നാണ് വിളിയ്ക്കാറ്.  
[തകരച്ചെടി]

അന്നൊക്കെ ഞങ്ങൾ സ്കൂളിൽ പോയിരുന്നത് ഏകദേശം മൂന്ന് കിലോമീറ്റർ നടന്നാണ്. അതിൽ തന്നെ, രണ്ടു കിലോമീറ്റർ ദൂരം എംസി റോഡിൽ കൂടി മാത്രവും. അങ്ങോട്ടുമിങ്ങോട്ടും കൂടിയാകുമ്പോൾ, ആകെ  ആറുകിലോമീറ്റർ ദിവസേനയുള്ള നടത്തം. സ്കൂൾ വിട്ട് തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ, ചെറിയ ചെറിയ ഗ്രൂപ്പുകളായി ആണ് ഞങ്ങൾ നടക്കാറുള്ളത്. ഈ യാത്രയിലെ, നടപ്പിന്റെ വിരസത ഒഴിവാക്കാൻ വേണ്ടി കൂടിയാണ്, ഇത്തരം കളികളിൽ ഏർപ്പെട്ടിരുന്നത്. 

രണ്ടു കുട്ടികൾ വീതമാണ് ഇത് കളിയ്ക്കുക. റോഡരികിൽ നിൽക്കുന്ന ചെടിയിൽ നിന്നും, നല്ല ബലമുണ്ട് എന്ന് തോന്നിക്കുന്ന ഒരോ തകരപ്പയർ രണ്ടുപേരും പറിച്ചെടുക്കുന്നു. പിന്നെ അവയെ പരസ്പരം കൊരുത്ത്,  വലിക്കുന്നു. അങ്ങിനെ വലിയ്ക്കുമ്പോൾ, ആരുടെ വള്ളിയാണോ പൊട്ടുന്നത് അയാൾ തോൽക്കുന്നു. തോറ്റ ആൾ, കൂടുതൽ ഉത്സാഹത്തോടെ ഓടിച്ചെന്ന് മറ്റൊരു തകരവള്ളി പറിയ്ക്കുന്നു, വീണ്ടും വലിയ്ക്കുന്നു. അതങ്ങിനെ വീടെത്തുവോളമോ, അല്ലെങ്കിൽ രണ്ടുപേരും മടുക്കുന്നത് വരെയോ തുടരും.

എത്ര സിമ്പിൾ അല്ലേ?

വണ്ടിനമ്പർ കളി:

ഞാൻ പറഞ്ഞല്ലോ, എം സി റോഡ് വഴിയാണ് ഞങ്ങളുടെ സ്‌കൂൾ യാത്രകൾ എന്ന്. അന്നത്തെ കാലത്ത്, ഏറ്റവും കൂടുതൽ വണ്ടികൾ  അങ്ങോട്ടുമിങ്ങോട്ടും പോകുന്ന വഴിയാണ് എം. സി റോഡ്. 

ഈ കളി ഗ്രൂപ്പ് ആയി ആണ് കളിയ്ക്കാറുള്ളത്. ഒരു ഗ്രൂപ്പിൽ 10 പേർ വരെയാകാം. കളിക്കുന്ന ഓരോരുത്തരും, ഓരോ നമ്പർ (0 മുതൽ 9 വരെയുള്ള നമ്പരുകളിൽ ഒരെണ്ണം) സെലക്ട് ചെയ്യുന്നു. പിന്നീട്, ഇരുവശത്തും നിന്നും വരുന്ന വണ്ടികളുടെ നമ്പർ പ്ലേറ്റ് നോട്ടമാണ്. താൻ സെലക്ട് ചെയ്തിരിക്കുന്ന നമ്പർ ഉണ്ടോ എന്നറിയാൻ. ആ നമ്പർ ഉണ്ടെങ്കിൽ, അതിന് ഓരോ തവണയും ഓരോ പോയിന്റ് കിട്ടും.

ഉദാഹരണത്തിന്, ഒരു കുട്ടി തെരഞ്ഞെടുത്ത നമ്പർ 4 ആണെന്നിരിയ്ക്കട്ടെ. കളി തുടങ്ങിയ ശേഷം വരുന്ന വണ്ടിയുടെ നമ്പർ KL15 - 4464 ആണെങ്കിൽ, അതിൽ മൂന്ന് 4 ഉള്ളതുകൊണ്ട് ആ കുട്ടിയ്ക്ക് 3 പോയിന്റ് കിട്ടുന്നു. 6 എന്ന നമ്പർ സെലക്ട് ചെയ്ത കുട്ടിയ്ക്ക് ഒരു പോയിന്റ്. ബാക്കി ആർക്കും പോയിന്റില്ല. പിന്നെ അടുത്ത വണ്ടിയ്ക്കുള്ള കാത്തിരിപ്പ്. 

ഇനി, കളിയ്ക്കാൻ പത്തുപേരിൽ കൂടുതലുണ്ടെങ്കിലോ? അതിനുമുണ്ടായിരുന്നു ഞങ്ങളുടെ കയ്യിൽ ചില വിദ്യകൾ. അങ്ങിനെ ഉള്ള ദിവസം, മുന്നിൽ നിന്ന് വരുന്ന വണ്ടികളെയും, പുറകിൽ നിന്ന് വരുന്ന വണ്ടികളെയും, വ്യത്യസ്തമായി കണക്കിലെടുക്കും. മനസിലായില്ലേ? അതായത്, 0 മുതൽ 9 വരെയുള്ള നമ്പറുകൾ ഓരോന്നും, രണ്ടു പേർക്ക് വീതം സെലക്ട് ചെയ്യാം. ഒരാൾ മുന്നിൽ നിന്നും വരുന്ന വണ്ടികളുടെ അടിസ്‌ഥാനത്തിൽ സ്കോർ ചെയ്യുമ്പോൾ, മറ്റെയാൾ പിന്നിൽ നിന്നും വരുന്ന വണ്ടികളുടെ അടിസ്‌ഥാനത്തിൽ സ്കോർ ചെയ്യും.

എം സി റോഡ് തീർന്ന്, ഞങ്ങളുടെ പഞ്ചായത്ത് റോഡിലേയ്ക്ക് തിരിയുന്ന സ്ഥലത്തെത്തുമ്പോൾ, ആരാണോ ഏറ്റവും കൂടുതൽ പോയിന്റ് നേടിയിരിക്കുന്നത്. അയാളാകും അന്നത്തെ വിജയി.
============
ഇനി, അന്നത്തെ ആ സ്‌കൂൾയാത്രകളിലെ മറ്റു ചില വിശേഷങ്ങൾ അഥവാ വികൃതിത്തരങ്ങൾ കൂടെ, ഒന്ന് കണ്ടാലോ ?

ദൈവവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ടായിരുന്നു, അന്ന് ഞങ്ങൾ കുട്ടികളുടെയിടയിൽ. ദൈവത്തിന് ഒരിക്കൽ വല്ലാതെ ദാഹിച്ചുവത്രേ.  ദൈവം, ഒരു ഓന്തിനെയും ഒരു അരണയെയും അടുത്ത് വിളിച്ച്, കുറച്ചു വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. നിറയെ പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലമാണ്. അരണ ഒരുപാട് നോക്കിയിട്ടും, നീരുറവകൾ ഒന്നും കണ്ടെത്താനായില്ല. പക്ഷേ, ദൈവത്തിനു വെള്ളം കൊടുക്കാതിരിക്കാൻ ആവില്ലല്ലോ. പാവം, തന്റെ ചുണ്ടുകൾ കൊണ്ട് പാറയിൽ കുഴിയ്ക്കാൻ ആരംഭിച്ചു. ചുണ്ടുകൾ രണ്ടും പൊട്ടി, ചോരയൊഴിയുകി. അത് കൊണ്ടത്രേ അരണകളുടെ ചുണ്ടുകൾ ഇപ്പോഴും ചോരനിറത്തിൽ കാണുന്നത്. 

കുഴിമടിയനായ ഓന്താകട്ടെ, എന്ത് ചെയ്തുവെന്നോ? കുറെയൊക്കെ നോക്കി, വെള്ളം കിട്ടിയില്ല. പുള്ളിക്കാരൻ കുറച്ചു മൂത്രമൊഴിച്ച്, അത് വെള്ളമാണെന്നുള്ള ഭാവത്തിൽ, ദൈവത്തിനു കൊടുത്തുവത്രെ. 

അത്തരത്തിൽ, ദൈവത്തിനെ പറ്റിയ്ക്കാൻ ശ്രമിച്ചവനാണ് ഓന്ത്, എന്നാണ് ഞങ്ങൾ കൊച്ചുകുട്ടികൾ, എവിടുന്നൊക്കെയോ ഈ കഥ കേട്ട് അന്ന് വിശ്വസിച്ചിരുന്നത്. അതുകൊണ്ട്, ഓന്തിനെ എവിടെ കണ്ടാലും വെറുതെ വിടാൻ പാടില്ല. അതാണ് അന്നത്തെ ഞങ്ങളുടെ ഒരു പോളിസി. എം സി റോഡ് അല്ലേ? ഇരുവശങ്ങളും കാടുമൂടിക്കിടക്കുന്നു. മിക്കവാറും ആ വള്ളിപ്പടർപ്പുകളിൽ ധാരാളം ഓന്തുകൾ കാണും. ആദ്യം കാണുന്ന ആൾ, ഓടിച്ചെന്ന് ഒരൊറ്റ തൊഴിയാണ്. പാവം ഓന്ത്‌ (ഏയ് ... അല്ലല്ല...  ഭയങ്കരൻ ഓന്ത്) അതുയർന്നു തെറിച്ച് താഴെ വീണ്, പിന്നെ ജീവനും കൊണ്ടോടും. ദൈവത്തിനെ പറ്റിച്ചവന് കടുത്ത ശിക്ഷ കൊടുത്ത ആൾ, അന്നത്തെ ഞങ്ങളുടെ ഹീറോ ആകും. 

അന്ന്, ഞങ്ങളുടെ കൂടെ ഒരു തങ്കപ്പൻ ഉണ്ടായിരുന്നു. പുള്ളിക്കാരന് ഒരിയ്ക്കലും ഒരു ഓന്തിനെ തൊഴിയ്ക്കാൻ പറ്റാത്ത വിഷമത്തിലും ആയിരുന്നു. കാരണം, അതിനു മുൻപേ മറ്റാരെങ്കിലും അത് ചെയ്തിരിയ്ക്കും. അങ്ങിനെ ഒരു ദിവസം, മറ്റാരും കാണുന്നതിന് മുൻപേ ആൾ ഒരു ഓന്തിനെ കണ്ടു. ഓടിച്ചെന്ന്, ഒരൊറ്റ തൊഴിയാണ്. സകലശക്തിയുമെടുത്തുള്ള ആ തൊഴിയിൽ, ഓന്ത് പലതവണ മലക്കം മറിഞ്ഞ് താഴെ വീണു. പിന്നെ ഓടിയൊളിച്ചു. എല്ലാവരും, ഒരു വീരനെ പോലെ നമ്മുടെ തങ്കപ്പനെ നോക്കി. ആളാകട്ടെ, ഒരൽപം ഗമയിൽ ചുറ്റിനും നോക്കി. പ്രത്യേകിച്ച്, കൂടെയുള്ള പെൺകുട്ടികളെ.  പക്ഷെ, കുറച്ചു മുൻപോട്ടു നടന്നപ്പോൾ ആൾക്ക് കാലിൽ ഒരു അസ്വസ്ഥത. ആകെയൊരു ചൊറിച്ചിൽ. പോകെപ്പോകെ അത് അസഹനീയമായി. പാവം റോഡിൽ കുത്തിയിരുന്നു ചൊറിച്ചിലായി. കൂടെയുണ്ടായിരുന്ന ഞങ്ങൾക്ക് കാര്യം മനസിലായത് പിന്നീടാണ്. ആ ഓന്ത് ഇരുന്നിരുന്നത്, നല്ലൊന്നാംതരം ഒരു വള്ളിചൊറിയണത്തിൽ ആയിരുന്നു. ബാക്കി ഞാൻ പറയേണ്ടതില്ലല്ലോ.

ഇന്നത്തെ ഒരു രീതിയിൽ പറഞ്ഞാൽ, നമ്മുടെ തങ്കപ്പൻ 'പ്ലിങ്ങോട് പ്ലിങ്'.

അപ്പോൾ നിങ്ങൾക്കൊരു ചോദ്യമുണ്ടാകാം. ശരി, മടക്കയാത്രയിൽ ഇത്തരം കളികളൊക്കെ കളിച്ചിരുന്നു; എന്നാൽ, രാവിലെ സ്‌കൂളിലേക്കുള്ള യാത്രയിൽ, ഞങ്ങൾ മര്യാദരാമന്മാർ ആയിരുന്നോ എന്ന്. അല്ലേ?

അല്ലേയല്ല...!

ആ യാത്രയിൽ ഞങ്ങൾക്ക് ചെയ്യാൻ വേറെ കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട്, കളിയ്ക്കാനുള്ള സമയം തീരെ കിട്ടാറില്ലായിരുന്നു. 

ഇനി, എന്താണപ്പാ അത്ര വലിയ കാര്യങ്ങൾ? എന്നാണോ ? പറയാം.

ഒന്ന്: പച്ച പറിയ്ക്കൽ
അന്നൊക്കെ സ്ലേറ്റിൽ ആണല്ലോ എഴുത്ത്. അത് മായ്ക്കാൻ ആണ് ഈ പച്ച. സാധാരണ മഷിപ്പച്ച എന്ന ചെടിയാണ് ഉപയോഗിയ്ക്കാറ്. പക്ഷേ, അതിന്റെ വെള്ളം പെട്ടെന്നു വറ്റിപോകുന്നതിനാൽ, പിന്നീട് ഞങ്ങൾ ഉപയോഗിച്ചിരുന്നത് മറ്റൊരുതരം പച്ചയാണ്. ആ ചെടിയുടെ തണ്ടിന് ഏതാണ്ട് ഒരു സിഗരറ്റിന്റെ വലുപ്പം (ചുറ്റളവ്) വരും. സ്‌കൂളിലേക്കുള്ള യാത്രയിൽ ഒരു 'ചെകുത്താൻ കുളം' ഉണ്ട്. അതിന്റെ പരിസരത്തു ധാരാളമായി വളർന്നു നിന്നിരുന്ന ഈ ചെടിത്തണ്ടുകൾ, കൂടെയുള്ള ചേട്ടന്മാർ ആരെങ്കിലും, കയ്യിൽ സൂക്ഷിച്ച ബ്ലേഡിന്റെ കഷ്ണം കൊണ്ട് മുറിച്ചെടുത്തു തരും. പിന്നെ, അതിനെ ഒരു സിഗരറ്റിന്റെ നീളത്തിൽ മുറിച്ചു വൃത്തിയാക്കി, ആരും കാണാതെ സൂക്ഷിച്ചിരിയ്ക്കുന്ന കാലിയായ സിഗരറ്റുപാക്കിൽ നിറച്ച്, തിരികെ നിക്കറിന്റെ പോക്കറ്റിൽ അങ്ങ് തിരുകും. പിന്നെ, വല്യ ഗമയിൽ  നടക്കും. നാട്ടിലെ വലിയ ചേട്ടന്മാർ, ഷർട്ടിന്റെ പോക്കറ്റിൽ 'സിസ്സർസ്' സിഗരറ്റ്പായ്ക്കും ഇട്ടു നടക്കുന്ന, അതേ സ്റ്റൈലിൽ.

രണ്ട്: വട്ടയിലയിലെ ഉപ്പുമാവ് 
അന്നൊക്കെ സ്‌കൂളിൽ സൗജന്യ ഉച്ചഭക്ഷണം ആയി കിട്ടിയിരുന്നത് ഉപ്പുമാവ് ആയിരുന്നു. അത് കഴിയ്ക്കാനുള്ള വട്ടയില പറിയ്ക്കുന്നത്, രാവിലെ സ്‌കൂളിലേക്കുള്ള യാത്രയിൽ ആണ്. കൂടെയുള്ള ചേട്ടന്മാർ വഴിയരികിലോ, അടുത്ത പുരയിടങ്ങളിലോ ഒക്കെയുള്ള  വട്ടമരങ്ങളിൽ  കയറി, ഇലകൾ പറിയ്ക്കും. പിന്നെ, എല്ലാവരും ഓരോ ഇലകൾ എടുത്ത്, തൂത്തു വൃത്തിയാക്കി, ഭദ്രമായി മടക്കി പോക്കറ്റിൽ തിരുകും. പെൺകുട്ടികൾ ആണെങ്കിലോ, പുസ്തകക്കെട്ടിനിടയിലും.

[വട്ടയില]

ഉച്ചയ്ക്ക് ബെല്ലടിച്ചാൽ, വേഗം കൈകഴുകി ഞങ്ങളുടെ നെടുനീളൻ സ്‌കൂൾ വരാന്തയിൽ, രണ്ടു വരികളായി ചമ്രം പടിഞ്ഞിരിയ്ക്കും. പോക്കറ്റിൽ നിന്നും വട്ടയില എടുത്തു നിവർത്തി, മുന്നിൽ വയ്ക്കും. കൂട്ടത്തിൽ തടിമിടുക്കുള്ള രണ്ടോ മൂന്നോ കുട്ടികൾ ചേർന്ന്, ആ ഉപ്പുമാവ് ചരുവം താങ്ങിപ്പിടിച്ചു കൊണ്ടുവരും, എന്നിട്ട്, ഒരറ്റം മുതൽ വിളമ്പും. അന്നത്തെ ആ ഉപ്പുമാവിന്റെ മണവും രുചിയും ...... ആഹ് അതോർക്കുമ്പോൾ ഇന്നും  വായിൽ അറിയാതെ വെള്ളമൂറും. ഒരു പ്രത്യേക വാസനയാണതിന്. കണ്ണുമടച്ച്, ആ വാസന, അതങ്ങിനെ മൂക്കിലേക്ക് വലിച്ചു കയറ്റുമ്പോൾ..... എന്റെ പൊന്നു സാറേ... ആഹാ .. പരിസരം പോലും അങ്ങ് മറന്നു പോകും. അത്തിപ്പാറ അമ്മച്ചിയാണേ സത്യം .....!!

മൂന്ന്: പാണൽ കെട്ട്
ആ വിദ്യ നിങ്ങൾ ചെയ്തിട്ടുണ്ടോ? വഴിവക്കിൽ നിൽക്കുന്ന രണ്ടു പാണൽ ചെടികൾ (ഔഷധമൂല്യമുള്ള ഒരു  കുറ്റിച്ചെടി) തമ്മിൽ കൂട്ടിക്കെട്ടും. എന്തിന്നാണെന്നോ? അങ്ങിനെ ചെയ്താൽ, അന്നത്തെ ദിവസം സാറിന്റെ കയ്യിൽ നിന്നും തല്ല് കിട്ടില്ല എന്നായിരുന്നു, പാവം ഞങ്ങളുടെ വിശ്വാസം. വിശ്വാസം അതല്ലേ എല്ലാം..!! അതിപ്പം സ്വർണ്ണം വാങ്ങാൻ ആണേലും, അതല്ല, തുടയ്ക്കിട്ടു പെട കിട്ടാതിരിയ്ക്കാൻ ആണേലും...

[പാണൽ ചെടി]

കൂട്ടത്തിൽ ഉള്ള ചില മിടുക്കന്മാർ എന്ത് ചെയ്യുമെന്നോ? മുൻപേ പോയ കുട്ടികൾ കെട്ടിയിട്ട പാണലിനെ ഇവർ അഴിച്ചു വിടും. അവന്മാർക്ക് രണ്ടെണ്ണം കിട്ടട്ടെ, എന്ന മട്ടിൽ. (പാവം ഇവന്മാർ അറിയുന്നില്ലല്ലോ, ഇവന്മാർ കെട്ടിയ കെട്ടുകൾ, ഞങ്ങൾക്ക് പുറകെ വരുന്നവർ അഴിച്ചു വിടുന്നുണ്ടാകും  എന്ന്).

=========================
എന്തായാലും ചുരുക്കി പറഞ്ഞാൽ, വളരെ വളരെ രസകരമായിരുന്നു അന്നത്തെ ആ സ്കൂൾയാത്രകൾ. ഒരുപക്ഷേ, സ്കൂളിലെ പഠനത്തേക്കാൾ, അല്ലെങ്കിൽ അതോടൊപ്പം തന്നെ, ഞങ്ങൾ ആസ്വദിച്ചിരുന്ന, കാര്യം. 

എന്നാൽ, ഇന്നത്തെ നമ്മുടെ കുട്ടികൾ ഇതെല്ലാം ശരിക്കും നഷ്ടപ്പെടുന്നില്ലേ? അവരെ നമ്മൾ വീടിന്റെ പോർച്ചിൽ നിന്നും കാറിൽ/വാനിൽ കയറ്റുന്നു. ഇറങ്ങുന്നത് നേരെ സ്കൂൾ പോർച്ചിൽ. വൈകുന്നേരം ആ പോർച്ചിൽ നിന്നും, ട്യൂഷൻ സെൻററിന്റെ പോർച്ചിൽ. രാത്രി ഏറെ വൈകി തിരികെ വീണ്ടും വീടിന്റെ പോർച്ചിൽ. അതായത്, ഒരു പോർച്ച്-ടു-പോർച്ച് ഓട്ടമായി മാറുകയാണ് ഇന്നത്തെ സ്‌കൂൾ യാത്രകൾ. എന്താ ശരിയല്ലേ?

അവർക്ക് നമ്മുടെ ആ പഴയ കളിയും, ചിരിയും, ഇണക്കവും, പിണക്കവും, മരംകയറ്റവും, വട്ടയില പറിയ്ക്കലും, ആഹാരം പങ്കുവയ്ക്കലും  എല്ലാമെല്ലാം ... നഷ്ടമാകുന്നുണ്ടാകില്ലേ? 

പിന്നീട് എപ്പോഴെങ്കിലുമൊക്കെ വെറുതെ ഓർത്തെടുക്കാനുള്ള, നിറമുള്ള ബാല്യങ്ങൾ ഇല്ലാത്ത കുട്ടികളാവുന്നുവോ, അവർ? 

അതോ, ഇനി അവർ അതിലൊന്നും തല്പരരല്ലേ? അവർക്കു വിഹരിയ്ക്കാൻ പാഠപുസ്‌തകങ്ങളും, മത്സരപരീക്ഷകളും, ട്യൂഷൻ ക്ലാസുകളും, കംപ്യൂട്ടറും ഇന്റർനെറ്റും, പിന്നെ ചില ആപ്പുകളും .... ഒക്കെ മതിയോ?

ആദ്യം ആലോചിയ്ക്കേണ്ടത് നമ്മൾ രക്ഷിതാക്കളാണ്. അല്ലേ?

പഴയ കുറച്ച് സ്‌കൂൾയാത്രാ ഓർമ്മകളും, അതിലുൾപ്പെട്ടിരുന്ന ലളിതമായ രണ്ടു കുഞ്ഞുകളികളും മാത്രം ഉൾപ്പെടുത്തി, കളിയോർമ്മകളുടെ ഈ അധ്യായം ഇവിടെ തീർക്കുകയാണ്. 

കാരണം, വരാനിരിയ്ക്കുന്ന അധ്യായങ്ങളിൽ, കൂടുതൽ രസകരമായ, കുറച്ചുകൂടെ സുന്ദരമായ ചില തനിനാടൻ കളികൾ ആവും നമ്മൾ കാണാൻ പോകുന്നത് 

നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ അറിയിയ്ക്കുമല്ലോ?

സ്നേഹത്തോടെ, സ്വന്തം 
ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
ചില ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ ഇമേജസ് 

പിൻകുറിപ്പ്: തുടക്കത്തിൽ നല്കിയിരിയ്ക്കുന്ന കവിതയുടെ (നഷ്ടബാല്യം), പൂർണ്ണരൂപത്തിന് സന്ദർശിയ്ക്കുക  http://binumonippally.blogspot.com/2016/12/blog-post_22.html



Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]