നഷ്ടബാല്യം [കവിത]
മഷിത്തണ്ടിൽ മഷിനിറച്ചതു നോക്കി ചിരിച്ചൊരാ-
ബാലകുതൂഹലം മറന്നു പോയി
പുളിമാങ്ങ പറിച്ചതിൽ ഉപ്പുകൂട്ടി കഴിച്ചൊരാ-
ബാലകൗതുകങ്ങളും മറഞ്ഞു പോയി
അപ്പുമാഷിൻ കയ്യിൽ നിന്നും അടി വാങ്ങാതിരിക്കുവാൻ
പാണലുകൾ* കൂട്ടിക്കെട്ടിയ നല്ലകാലങ്ങൾ
ഉച്ചനേരം വിളമ്പുമാ ഉപ്പുമാവ് കഴിക്കുവാൻ
വട്ടയില പറിച്ചൊരാ 'കഷ്ട'കാലങ്ങൾ
മുൻപിലത്തെ ബെഞ്ചിലെയാ 'ബുദ്ധിജീവി' പയ്യനെ
പിന്നിൽ നിന്നും തോണ്ടിയപ്പോൾ തിരിഞ്ഞു നോക്കെ,
മാഷവനെ ബെഞ്ചിലേറ്റി നിർത്തിയെന്നെ നോക്കിടുമ്പോൾ
'പഞ്ചപാവം' പയ്യനായ് ഞാനിരുന്ന കാലം
'ദൈവരൂപം' കാണുവാനായി കട്ടുറുമ്പിൻ ഞെട്ടെടുത്ത്
കൈമടക്കിൽ തിരുകി നിന്ന 'മണ്ട'ബാല്യങ്ങൾ
പത്തുപൈസ കൂട്ടി വച്ചാ പാൽമണക്കും ഐസുവാങ്ങാൻ
കാത്തുകാത്തു ഞാനിരുന്ന 'പഞ്ഞ'കാലങ്ങൾ
സ്കൂളു വിട്ടങ്ങെത്തിയാലോ നേരമൊട്ടും കളയാതെ
കൂട്ടരുമായൊത്തുമേളിച്ചാർത്ത കാലങ്ങൾ
കന്മഷത്തിൻ കണിക പോലും ഉള്ളിലുറയാതന്നു ഞങ്ങൾ
പുഞ്ചിരിച്ചാ നല്ലകാലം ഓർമ്മയായി പോൽ !
ഇനി വരുന്നൊരു തലമുറയ്ക്കും കൈവരാതാ നല്ലകാലം
പോയ്മറഞ്ഞാ ബാല്യകാലം ഓർമ്മയായി പോൽ !
നീറിടുന്നീ ജീവിതത്തിൽ, വേറിടുന്നോരോർമ്മയായാ
ബാല്യകാല സ്‌മരണയെന്നും നീറി നിൽക്കട്ടെ !
നെഞ്ചിൽ, നീറി നിൽക്കട്ടെ ! ..... എന്നും, നീറി നിൽക്കട്ടെ !
===========
* പാണൽ =ഒരിനം നാട്ടുചെടി. രണ്ടു പാണലുകൾ തമ്മിൽ കൂട്ടിക്കെട്ടിയാൽ അന്ന് മാഷ് തല്ലില്ല എന്നായിരുന്നു അന്ന് കുട്ടികളുടെ വിശ്വാസം !
******
visit: binumonippally.blogspot.in
mail: binu_mp@hotmail.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
mail: binu_mp@hotmail.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
Comments
Post a Comment