'പ്രേതഭൂമി'യിലേക്കൊരു 'കര-കടൽ' യാത്ര ...! [യാത്രാ വിവരണം]
നവംബർ. അതു ഞങ്ങൾ 'ടെക്കീസിനു' (ടെക്‌നോപാർക്കിൽ ജോലിചെയ്യുന്നവരുടെ ചെല്ലപ്പേര്) കുറച്ചു കൂടുതൽ സന്തോഷം ഉള്ള ഒരു മാസമാണ്. കാരണം, ആ മാസം അമേരിക്കയിൽ സായിപ്പ് 'താങ്ക്സ് ഗിവിങ്' ആഘോഷിക്കുമ്പോൾ ഞങ്ങൾക്കിവിടെ ഒന്നുരണ്ടു ദിവസം ജോലിത്തിരക്ക് കുറയും. സ്വന്തം നാടിനെ ഒന്ന് ചുറ്റിക്കാണാൻ കിട്ടുന്ന അവസരം അഥവാ അപൂർവ സൗഭാഗ്യം...!
കഴിഞ്ഞ തവണ (2015ൽ) യാത്ര, ഇല്ലിക്കൽ കല്ലിന്റെ വന്യസൗന്ദര്യം ആസ്വദിച്ചു വാഗമണ്ണിലേക്കായിരുന്നു എങ്കിൽ, ഇത്തവണ ഞങ്ങൾ തിരഞ്ഞെടുത്തത് രണ്ടു മഹാസമുദ്രങ്ങളുടെ സംഗമഭൂമിയെന്നറിയപ്പെടുന്ന ധനുഷ്‌കോടി ആയിരുന്നു; ഒപ്പം പുണ്യനഗരമായ രാമേശ്വരവും.
കേരളം ISL ലീഗ് മാച്ച് ജയിക്കുന്നതു കണ്ട സന്തോഷത്തിൽ, രാത്രി ഏതാണ്ട് 9 മണിയോടെ ഞങ്ങൾ നാല് സുഹൃത്തുക്കൾ കാറിൽ തിരുവനന്തപുരത്തു നിന്നും യാത്ര തിരിച്ചു. തമാശകൾ പറഞ്ഞും, പൊട്ടിച്ചിരിച്ചും ഡ്രൈവ് ചെയ്യുന്നതിനിടെ ദൂരം താണ്ടുന്നത് അറിഞ്ഞതേയില്ല. റോഡുകളും അത്ര നല്ലതായിരുന്നു. എന്തിനും "ഞങ്ങൾ മുന്നിലാണ്" എന്ന് മേനി പറയുന്ന നമ്മൾ മലയാളികകൾ ഒന്ന് കണ്ടുമനസിലാക്കണം തമിഴ്‌നാട്ടിലെ റോഡുകളുടെ സ്ഥിതി; ഒന്നു യാത്ര ചെയ്തു നോക്കണം അതിന്റെ സുഖം അറിയണമെങ്കിൽ !
വെളുപ്പിന് 4 മണിയോടെ ഞങ്ങൾ പ്രശസ്തമായ പാമ്പൻ പാലത്തിനു സമീപം എത്തി. നേരം നന്നായി വെളുത്തു, ആ പാലം ഒക്കെ വിശദമായി കണ്ടു പോകാം എന്നു കരുതി, കാർ സുരക്ഷിതമായ രീതിയിൽ ഒതുക്കി പതുക്കെ ഒന്നു മയങ്ങാൻ തീരുമാനിച്ചു. പക്ഷെ, ഇരുട്ടിന്റെ മറവിൽ ആക്രമണം നടത്തുന്ന ശത്രുരാജ്യ പട്ടാളക്കാരെപ്പോലെയാണ് ഞങ്ങളെ കൊതുകുകൾ ആക്രമിച്ചത്. ആദ്യമായി ആ നാടുകാണാൻ വന്നവരാണ് ഞങ്ങൾ എന്ന പരിഗണനപോലും ഇല്ലാതെ! തോൽവി സമ്മതിച്ച്, ഉറക്കം മതിയാക്കി യാത്ര തുടർന്നു. രാമേശ്വരത്തു ബീച്ചിനോട് ചേർന്ന് തന്നെയായിരുന്നു ഞങ്ങളുടെ ഹോട്ടൽ. സാമാന്യം നല്ല വൃത്തിയുള്ള, വലുപ്പമേറിയ മുറി.
അൽപ്പനേരത്തെ വിശ്രമത്തിനു ശേഷം ഞങ്ങൾ നേരെ ധനുഷ്‌കോടിയിലേക്കു തിരിച്ചു. 1964 വരെ സമൃദ്ധിയുടെയും സമാധാനത്തിന്റെയും നാടായിരുന്നു ധനുഷ്‌കോടി. ഒരു വശത്തു രാവണന്റെ ആസുരഭാവത്തോടെ ബംഗാൾ ഉൾക്കടലും, മറുവശത്തു ശ്രീരാമന്റെ സാത്വികഭാവത്തോടെ ഇന്ത്യൻ മഹാ സമുദ്രവും അതിരിടുന്ന ധനുഷ്‌കോടി !
ത്രേതായുഗത്തിൽ, സീതാന്വേഷണത്തിനായി ശ്രീരാമൻ ശ്രീലങ്കയിലേക്ക് തന്റെ വാനരസൈന്യത്തെ നയിക്കുവാനായി, പാലം (സേതു) നിർമ്മിച്ചത് ഇവിടെ നിന്നാണത്രെ. അന്ന് ശ്രീരാമൻ തന്റെ വില്ലിന്റെ (ധനുഷ്) അഗ്രം (കോടി) കൊണ്ട് സേതുനിർമ്മാണം തുടങ്ങേണ്ട സ്ഥലം ചൂണ്ടിക്കാണിച്ചു കൊടുത്തു എന്നും, ആ സ്ഥലം പിന്നീട് ധനുഷ്കോടി എന്നറിയപ്പെട്ടു എന്നും ഐതിഹ്യം.
ഇവിടെ നിന്നും ശ്രീലങ്കയിലേക്ക് വെറും 23 മൈലുകൾ മാത്രമാണ് ദൂരം. അത്രയും കുറച്ച് അകലത്തിൽ..... രണ്ടു രാജ്യങ്ങൾ.... രണ്ടു ഭരണ രീതികൾ....രണ്ടു സംസ്കൃതികൾ...രണ്ടു സംസ്കാരങ്ങൾ ...രണ്ടു ജനതകൾ...!!
നല്ലവഴി ഉപദേശിച്ചു എന്ന ഒറ്റക്കാരണത്താൽ, രാവണൻ ലങ്കയിൽ നിന്നും പുറത്താക്കിയ സഹോദരൻ വിഭീഷണൻ, ശ്രീരാമന്റെ അടുത്തു അഭയം ചോദിച്ചെത്തിയതും ഈ ധനുഷ്‌കോടി തീരത്തു തന്നെ. ഐതിഹ്യങ്ങൾ ഇങ്ങനെ ഒന്നിനു പുറകെ മറ്റൊന്നായി മനസിലേക്കോടിയെത്തുമ്പോൾ, വെറും വിളിപ്പാടകലെയുള്ള ആ മരതക ഭൂമിയെ (ലങ്കയെ) ഒന്നു നേരിൽ കാണാൻ നാം വല്ലാതെ ആശിച്ചു പോകും.
പക്ഷെ 1964 ഡിസംബർ-22 നു, മണിക്കൂറിൽ 280km ശക്തിയിൽ വീശിയടിച്ച ആ കൊടുങ്കാറ്റ് ഈ ധനുഷ്കോടിയുടെ തലവര തന്നെ മാറ്റി വരച്ചു. വിവിധ ആരാധനാലയങ്ങളും, റെയിൽവേസ്റ്റേഷനും, പള്ളിക്കൂടങ്ങളും, പോസ്റ്റോഫീസും ഒക്കെ ഉണ്ടായിരുന്ന ഈ സുന്ദരനാട് ഒറ്റ നിമിഷം കൊണ്ട് ഒരു ശ്മശാനഭൂമിയായി മാറി !
ഏഴു മീറ്ററോളം ഉയരത്തിൽ തിരമാലകളുയർത്തി ആ കൊടുങ്കാറ്റ് ആഞ്ഞു വീശിയപ്പോൾ, 115 യാത്രക്കാരുമായി പാമ്പൻ-ധനുഷ്‌കോടി പാസഞ്ചർ ട്രെയിൻ അപ്പാടെ അതിൽ അപ്രത്യക്ഷമായി. ഔദ്യോഗിക കണക്കനുസരിച്ചു ആകെ മരണസംഖ്യ 1800 ആണ്. എന്നാൽ തദ്ദേശവാസികൾ ഞങ്ങളോട് പറഞ്ഞത് ആകെയുണ്ടായിരുന്ന 12000 പേരിൽ 9000 പേരും അന്ന് ആ ദുരന്തഭൂമിയിൽ നാമാവശേഷരായി എന്നാണ്!
തുടർന്ന്, അന്നത്തെ മദ്രാസ് സർക്കാർ ഈ പ്രദേശത്തെ 'ghost town' അഥവാ 'പ്രേത നഗരം' ആയി പ്രഖ്യാപിച്ചു, വാസയോഗ്യമല്ലാത്തതിനാൽ നേവിക്കു കൈമാറുകയായിരുന്നു. ഇന്നും അതേ സ്ഥിതി തുടരുന്നു.
മനുഷ്യൻ, എത്ര കരുത്തുറ്റ സൗധങ്ങൾ പണിതുയർത്തിയാലും, ഇനി എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിൽ 'ബുർജ് ഖലീഫ'കൾ തന്നെ പണിതാലും, ഈ പ്രകൃതി ഒരു നിമിഷം ഒന്നു മുഖം കറുപ്പിച്ചാൽ......? അവിടെ തീരാവുന്നതേ ഉള്ളൂ എല്ലാ മനുഷ്യനിർമിതികളും എന്നതിന്റെ നേർസാക്ഷ്യം ആകുന്നു ഇന്നത്തെ ധനുഷ്‌കോടി !
പണ്ടെങ്ങോ പത്രത്തിൽ വായിച്ചറിഞ്ഞിരുന്നു, ധനുഷ്‌കോടി ബീച്ചിലൂടെയുള്ള വാൻ യാത്രയെ പറ്റി. ആവേശപൂർവം ഞങ്ങൾ അതിനു തയ്യാറായി. പക്ഷെ കണ്ടതോ, പഴകി തുരുമ്പിച്ച കുറെ മഹീന്ദ്ര 4-wheel drive വാനുകൾ മാത്രവും. ഒന്നു സംശയിച്ച ഞങ്ങളോട് ഗൈഡ് പറഞ്ഞു " ധൈര്യമായി കയറിക്കോളൂ..ഇത് നിങ്ങൾക്കു വേറിട്ട ഒരു അനുഭവം തന്നെയായിരിക്കും...". എന്തായാലും അതു വിശ്വസിച്ചു ഞങ്ങൾ കയറി. ആകെ 16 പേരെ നിറച്ചാണ് ഓരോ വാനും പുറപ്പെടുന്നത്.
ബീച്ചിലൂടെ, പകുതി വെള്ളത്തിലും പകുതി കരയിലുമായി, വെള്ളം ചീറ്റി തെറിപ്പിച്ചു ഒരു കിടിലൻ യാത്ര...അതായിരുന്നു എല്ലാവരുടെയും മനസ്സിൽ.
അതുകൊണ്ടു തന്നെ "ഓ ...ഇതൊക്കെ എന്ത് ...?..." എന്ന സലിംകുമാർ ഭാവത്തിലായിരുന്നു ഞങ്ങളിൽ പലരും.
പതുക്കെ മണൽത്തിട്ട വഴി നീങ്ങിതുടങ്ങിയ വാൻ നേരെ കടലിലേക്കിറങ്ങി. തീരത്തിന് സമാന്തരമായല്ല മറിച്ച് നേരെ കടലിലേക്കാണ് യാത്ര . തിരക്കില്ലാത്ത ഏതോ ഹൈവേയിൽ ഡ്രൈവ് ചെയ്യുന്ന അതേ ലാഘവത്തോടെ ഡ്രൈവർ അങ്ങിനെ ഓടിച്ചു പോവുകയാണ്. വെള്ളം ഏതാണ് വണ്ടിയുടെ പ്ലാറ്റുഫോമിന്റെ അതേ നിരപ്പിലെത്തി. ഒരിഞ്ചുകൂടി മുങ്ങിയാൽ വെള്ളം ഉള്ളിലേക്ക് കയറും എന്ന സ്ഥിതിയായി.
"അണ്ണാ, ഇതിൽ നിന്നും ഒന്ന് ഇറക്കി വിടാൻ പറ്റുമോ? ജീവിക്കാനുള്ള കൊതി കൊണ്ട് ചോദിക്കുവാ.... പറ്റില്ല അല്ലെ ? .." എന്ന ലാലേട്ടൻ ഭാവത്തിലേക്ക് മാറി എല്ലാവരും !
വണ്ടിയിലുണ്ടായിരുന്ന സ്ത്രീകൾ പലരും കണ്ണുകൾ ഇറുക്കിയടച്ചു. അറിയാതെ ആരോ ഉറക്കെ ചോദിച്ചു "ഇയാൾ വാൻ ഡ്രൈവറാണോ അതോ ഇനി വല്ല സ്രാങ്കും ആണോ ? ..." പക്ഷെ, ആര് കേൾക്കാൻ ?
ഇടയ്ക്ക് വണ്ടി കരയിലെ മണലിലേക്കു കയറി ...ഓ...ആശ്വാസം! പക്ഷെ, അതാ അതു നമ്മൾ ഗൾഫിലെ മരുഭൂമിയിൽ കണ്ടിട്ടുള്ള 'ഡെസേർട് റൈഡ്' പോലെ ചാഞ്ഞും ചരിഞ്ഞും കിതച്ചും ഒക്കെ മുന്നോട്ടു കുതിച്ചു....!!
വീണ്ടും നേരെ കടലിലേക്ക്....പിന്നെ കരയിലേക്ക് ... അങ്ങിനെ ഏതാണ്ട് ഒരു മണിക്കൂറോളം ഉള്ള 'സാഹസിക കര-കടൽ യാത്ര' ക്കു ശേഷം ഞങ്ങൾ ധനുഷ് കോടിയിലെ മുനമ്പിലേക്കെത്തി. ഇനി കുറച്ചു സമയം നമുക്ക് സ്വതന്ത്രമായി കാഴ്ച്ചകൾ കാണാനുള്ളതാണ്. പിന്നെ അതേ വാനിൽ മടങ്ങണം.
മുൻപ് സൂചിപ്പിച്ച, രണ്ടു മഹാസമുദ്രങ്ങളുടെ സംഗമം. അത്യപൂർവ്വമായ കാഴ്ച. പിന്നെ, തകർന്നുപോയ ആ പഴയ ധനുഷ്കോടിയുടെ ബാക്കിയിരിപ്പുകൾ. അവയിൽ, വീടുകൾ, പള്ളികൾ, അമ്പലങ്ങൾ, റെയിവേ സ്റ്റേഷൻ, സ്‌കൂൾ ...എല്ലാം ഉൾപ്പെടുന്നു.
തകർന്നു വീണ വീടുകളുടെ അവശിഷ്ടങ്ങൾ കാണവെ, അറിയാതെ കണ്ണുകൾ നിറഞ്ഞു. എത്രയോ മോഹങ്ങൾ ഉള്ളിലൊളിപ്പിച്ച മനുഷ്യരായിരുന്നു ഇവിടെ വസിച്ചിരുന്നത്? മഹാസമുദ്രങ്ങളുടെ സംഗമഭൂമിയിൽ, ശ്രീരാമപാദം പതിഞ്ഞ ഈ പുണ്യഭൂമിയിൽ, ഒരു ജന്മം മുഴുവൻ ജീവിക്കാൻ അവസരം കിട്ടിയ തങ്ങൾ എത്ര ഭാഗ്യം ചെയ്തവരാണ് എന്ന് അവർ കരുതിയിരുന്നിരിക്കില്ലേ ? അഥവാ, ഒരല്പം അഹങ്കരിച്ചിരിക്കില്ലേ?
മര്യാദാപുരുഷനായ ശ്രീരാമന്റെ, വാനരസൈന്യത്തെപ്പോലെ ഉത്സാഹഭരിതരായി, ഈ വീടുകളിലെ കരുമാടിക്കുട്ടന്മാരായ കുട്ടികൾ ഈ തീരത്തെല്ലാം ഓടിക്കളിച്ചിരുന്നില്ലേ? നേരം വെളുക്കുവോളം കടലിൽ പണിയെടുത്തിരുന്ന, കരിവീട്ടി കടഞ്ഞ മേനിയഴകുള്ള ഇവിടുത്തെ യുവാക്കൾ, തങ്ങളുടെ കാമിനിമാരെ സ്വപ്നം കണ്ടു, സായാഹ്നങ്ങൾ ഈ കടപ്പുറത്തല്ലേ ചിലവഴിച്ചിരിക്കുക? അവരുടെ കാമുകിമാർ അത് കാണാൻ ഓലപ്പഴുതിലൂടെ ഒളിച്ചു നോക്കിയിരുന്നത് ഈ കടലോരത്തല്ലേ ?
1964 ലെ അഭിശപ്തമായ ആ ഒരേയൊരു ദുരന്തദിവസം ഉണ്ടായിരുന്നില്ലെങ്കിൽ? അവരൊയൊക്കെ അല്ലെങ്കിൽ അവരുടെ പിൻതലമുറക്കാരെയെങ്കിലും ഇന്നിവിടെ ഞങ്ങൾക്ക് കാണാനാവുമായിരുന്നില്ലേ? ഉവ്വ്.... തീർച്ചയായും....!!
ഇത്തരം ചിന്തകൾ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയതിനാലാകണം, എനിക്കാ മഹാസമുദ്രസംഗമം കൺനിറയെ കണ്ടു ആസ്വദിക്കാനായില്ല. അതുകൊണ്ടു തന്നെ ആ അപൂർവ ദൃശ്യഭംഗി, അതേപടി നിങ്ങളുടെ മുൻപിലേക്കെത്തിക്കുവാനും കഴിയുന്നില്ല. ക്ഷമിക്കുക. ഈ ജന്മത്തിൽ ഇനിയൊരിക്കൽ കൂടി, ഈ തുരുത്തിൽ എത്താൻ ഇടയായാൽ കൂടുതൽ മിഴിവോടെ ആ ചിത്രം ഞാൻ നിങ്ങൾക്കു മുൻപിൽ വിവരിക്കും. തീർച്ച.
പെട്ടെന്ന് ആകാശത്തു ഒരു ഇരമ്പം. അതാ അങ്ങകലെയായി രാവണന്റെ ആ പുഷ്പകവിമാനം ഒരു പൊട്ടുപോലെ കാണപ്പെടുന്നു. ആകാംക്ഷയോടെയും അതിലേറെ അത്ഭുതത്തോടെയും ഞങ്ങൾ കണ്ണിമയ്ക്കാതെ നോക്കി. പക്ഷെ, അടുത്തെത്തിയപ്പോൾ ആണ് മനസിലായത് അത് നമ്മുടെ നാവികസേനയുടെ ഹെലികോപ്റ്റർ ആണെന്ന്! പതിവ് നിരീക്ഷണ പറക്കൽ നടത്തുകയാവാം.
കടലെടുത്ത അവശിഷ്ടങ്ങൾക്കു നടുവിൽ, ശംഖ്, ശംഖിൽ തീർത്ത മറ്റു കരകൗശല ഉത്പന്നങ്ങൾ, മാലകൾ, മുത്തുകൾ എന്നിവയൊക്കെ വിൽക്കുന്ന ധാരാളം ചെറിയ കടകൾ തീരത്ത് എല്ലായിടത്തും ഉണ്ട്. വളരെ കുറഞ്ഞ വിലയും. എടുത്തു പറയത്തക്ക മറ്റൊരു സവിശേഷതയാണ് ഇവിടുത്തെ ആളു കളുടെ വളരെ ഹൃദ്യമായ, നിഷ്കളങ്കമായ പെരുമാറ്റം.
ഒരു ഉദാഹരണം പറയാം. ഞങ്ങൾ കുറെ ശംഖും, മാലകളും ഒക്കെ സ്വയം തിരഞ്ഞെടുത്തു; ശേഷം അവരുടെ മുൻപിൽ വച്ച് തന്നെ എണ്ണി കാണിച്ചു. ഉടനെ ആ വില്പനക്കാരൻ പറഞ്ഞു "വേണ്ട സാർ, എണ്ണണ്ട, ആകെ എണ്ണം പറഞ്ഞാൽ മതി ...നിങ്ങളൊന്നും ഞങ്ങളെ പറ്റിക്കില്ല എന്ന് ഞങ്ങൾക്ക് വിശ്വാസമാ...പാവം ഈ ഞങ്ങളെ പറ്റിച്ചിട്ടു എന്ത് ലാഭം ഉണ്ടാക്കാൻ കഴിയും ? ". ഒന്നാലോചിക്കൂ എത്ര നിഷ്കളങ്കമായ ചോദ്യം അല്ലെ ? എന്നാൽ ഒരു പാട് അർത്ഥങ്ങളുള്ളതും. നമ്മുടെ നാട്ടിലാണെങ്കിലോ? ചെറു കടകളിൽപോലും, അവിടെയും ഇവിടെയും വച്ചിട്ടുള്ള CCTV ക്യാമറയിൽ തന്നെ മുഴുവൻ സമയം കണ്ണിമയ്ക്കാതെ നോക്കിയിരിക്കുന്ന കടക്കാരൻ....ആരെയും സംശയത്തോടെ മാത്രം നോക്കുന്ന വിൽപ്പനക്കാരനും !
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന, വലിയ ഒരു കല്ല് സൂക്ഷിച്ചിരിക്കുന്ന ഒരു ചെറു ഗണപതിക്ഷേത്രവും ഉണ്ട് ഈ കൊച്ചു മുനമ്പിൽ. അനുവദിക്കപ്പെട്ട സമയം കഴിഞ്ഞതും ഡ്രൈവർ (അഥവാ സ്രാങ്ക് ) ഞങ്ങളെ അന്വേഷിച്ചെത്തി. പിന്നെ, നേരത്തെ പറഞ്ഞ കര-കടൽ യാത്രയിലൂടെ മടക്കം.
മടക്കയാത്രയിൽ, വലതു വശത്തായി ഒരു ചെറു ദ്വീപിൽ സ്ഥിതിചെയ്യുന്ന കോദണ്ഡരാമസ്വാമിക്ഷേത്രം കൂടി സന്ദർശിച്ചു ഞങ്ങൾ നേരെ രാമേശ്വരത്തേക്കു മടങ്ങി. 1964 ലെ കൊടുങ്കാറ്റിനെ അതിജീവിച്ചത് ഈ ക്ഷേത്രം മാത്രമായിരുന്നു.
സമയം ഏതാണ്ട് 3pm കഴിഞ്ഞിരിക്കുന്നു. പ്രഭാത ഭക്ഷണം പോലും കഴിക്കാതെ ആണ് ഞങ്ങൾ ധനുഷ്കോടിയിലേക്കു പോയിരുന്നത്. വിശപ്പ് അതികഠിനമായി തുടങ്ങി. നല്ലൊരു വെജിറ്റേറിയൻ ഹോട്ടൽ കണ്ടു വണ്ടി നിർത്തി, കൈകൾ കഴുകിയെന്നു വരുത്തി. കൂടെയുള്ള രണ്ടു പേർ മെനു വിശദമായി നോക്കാൻ തുടങ്ങി. ഓർഡർ എടുക്കാൻ വന്ന തമിഴനോട്, വിശപ്പിന്റെ കാഠിന്യം കാരണം ആകണം കൂടെയുള്ള മൂന്നാമൻ പറഞ്ഞു "അവിടെ എന്തെങ്കിലും കൊട് ഇവിടെ ദോ മീൽസ് ദേ ദോ....". കത്തിക്കാളുന്ന വിശപ്പിനിടയിലും ഞങ്ങൾ പൊട്ടിച്ചിരിച്ചു പോയി. ആ പൊട്ടിച്ചിരി വിശപ്പിന്റെ കാഠിന്യം പകുതി കുറച്ചു. [വിശപ്പിന്റെ കാഠിന്യം ആണോ?അതോ ഇനി കേരളത്തിൽ ഇപ്പോൾ എല്ലാ ഹോട്ടലിലും ഹിന്ദിഭായിമാർ ആയതു കൊണ്ടാണോ എന്തോ ആ പാവം തമിഴനോട് ഇങ്ങനെ ഒരു ദ്രോഹം ചെയ്യാൻ എന്റെ സുഹൃത്ത് തുനിഞ്ഞത്?]. പാവം വെയ്റ്റർ ദയനീയമായി ഒന്ന് കൂടി നോക്കി. അബദ്ധം മനസിലാക്കി സുഹൃത്ത് തിരുത്തി പറഞ്ഞു "രണ്ടു മീൽസ്".
ഊണിനു ശേഷം തിരികെ മുറിയിലെത്തി അല്പം വിശ്രമം. വൈകുന്നേരം നേരെ രാമനാഥസ്വാമി ക്ഷേത്രത്തിലേക്ക്.
രാവണനിഗ്രഹശേഷം തിരികെ രാമേശ്വരത്തെത്തിയ ശ്രീരാമൻ, ബ്രഹ്മഹത്യാപാപം തീർക്കാൻ ശിവപൂജ ചെയ്യാൻ തീരുമാനിച്ചു. അതിനായി ശിവലിംഗം കൊണ്ടുവരാൻ ഹനുമാനെ ഹിമാലയത്തിലേക്കയച്ചു. പ്രതീക്ഷിച്ച നേരത്ത് ഹനുമാൻ തിരികെ എത്താതായപ്പോൾ, സീതാദേവി തീരത്തെ മണൽ കൊണ്ട് ഒരു ശിവലിംഗം ഉണ്ടാക്കുകയും പൂജ തുടങ്ങുകയും ചെയ്തു എന്നാണ് ഒരു ഐതിഹ്യം. [ഈ ശിവലിംഗം 'രാമലിംഗം' എന്നും, ഹനുമാൻ ഹിമാലയത്തിൽ നിന്നും കൊണ്ടുവന്ന ശിവലിംഗം "വിശ്വലിംഗം' എന്നും പിന്നീട് അറിയപ്പെട്ടു.]
എന്നാൽ വാൽമീകി രാമായണത്തിൽ മറ്റൊരു ഐതിഹ്യവും ഈ ക്ഷേത്രത്തെ പറ്റി പറയുന്നുണ്ട്. സേതുബന്ധനത്തിനായി പുറപ്പെടും മുൻപ് ശിവപ്രീതിക്കായി ശ്രീരാമൻ ഇവിടെ ശിവലിംഗ പൂജ ചെയ്തതായാണ് അത്.
ഭാഗ്യമാകാം, വളരെ കുറച്ചു സമയം മാത്രമേ ഞങ്ങൾക്ക് ദർശനത്തിനായി വരി നിൽക്കേണ്ടി വന്നുള്ളൂ. ശാന്തമായി, മനസ്സർപ്പിച്ചു തൊഴുതു, ശേഷം, ഞങ്ങൾ ചുറ്റമ്പലത്തിലേക്കിറങ്ങി.
ഭാരതത്തിലെ ക്ഷേത്രങ്ങളിൽ വച്ച് ഏറ്റവും നീളമേറിയ ഇടനാഴികൾ ഉള്ള ക്ഷേത്രമാണ് ഇത്. നിറയെ കൊത്തുപണികളോട് കൂടിയ 1000 തൂണുകൾ ഇരു വശവുമായി അങ്ങിനെ നിരന്നു നിൽക്കുന്ന ആ ഇടനാഴികൾ, കാഴചക്കാർക്കു സമ്മാനിക്കുന്നത് സമാനതകളില്ലാത്ത ദർശനസൗഭാഗ്യം തന്നെ. കരിങ്കല്ലിന്റെ നൈസർഗിക കുളിർമ പകരുന്ന ക്ഷേത്ര ഉൾവശം. ഓരോ തൂണുകളിലും ഉള്ള ശില്പങ്ങളെ ആസ്വദിച്ച് ഞങ്ങൾ അങ്ങിനെ നടന്നു. വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു ക്ഷേത്രത്തിന്റെ ഉൾവശം.
ഹിന്ദു വിശ്വാസ പ്രകാരം 64 ദിവ്യതീർത്ഥങ്ങളുടെ നാടാണ് രാമേശ്വരം. അതിൽ 22 തീർത്ഥങ്ങളും ഈ രാമനാഥസ്വാമിക്ഷേത്രത്തിന്റെ ഉള്ളിൽ ആണത്രേ. എന്തായാലും ഒരു കാര്യം പറയാതെ വയ്യ. ഈ ക്ഷേത്രദർശനം നമുക്കേകുന്നത് വല്ലാത്ത ഒരു ഉണർവ് തന്നെ ആണ്...... മനസിനും ശരീരത്തിനും. അതാണല്ലോ ഒരു പുണ്യസ്ഥല സന്ദർശനത്തിൽ നമുക്കു വേണ്ടതും, നമ്മൾ ആഗ്രഹിക്കുന്നതും.
ക്ഷേത്രത്തിൽ നിന്നും ഇറങ്ങി, ഞങ്ങൾ ചെറിയ ഷോപ്പിംഗ് നടത്തി. ശംഖ്, ശംഖിൽ തീർത്ത കുറച്ചു മാലകൾ, അങ്ങിനെ ചിലതൊക്കെ. പിന്നെ, കുറച്ചു സമയം ബീച്ചിൽ ചിലവിട്ടു ഹോട്ടൽ റൂമിലേക്ക് മടങ്ങി. പകൽ മുഴുവൻ നീണ്ട യാത്രയും, AC യുടെ കുളിരും കൂടെ ആയപ്പോൾ ഉറക്കത്തിലേക്കു വഴുതി വീണത് അറിഞ്ഞതേയില്ല.
പിറ്റേന്ന് ഞായർ. അതിരാവിലെ എഴുന്നേറ്റു റെഡി ആയി. കാരണം 7 മണിക്ക് ഹോട്ടൽമുറി ഒഴിയണം. സമീപത്തു തന്നെയുള്ള ഒരു ചെറിയ കടയിൽ നിന്നും പ്രഭാത ഭക്ഷണം. നല്ല ചൂടൻ ഇഡ്ഡലി, പൊങ്കൽ, ദോശ ..... അതിസ്വാദിഷ്ടമായ ചമ്മന്തിയും. ദിവസത്തിന്റെ ഏറ്റവും നല്ല തുടക്കം.
നേരെ പോയത് ബോട്ട് യാത്രക്കാണ്. മത്സ്യബന്ധനബോട്ടിനെ രൂപമാറ്റം വരുത്തിയതാവാം, ഒരു പഴഞ്ചൻ ബോട്ട്. ശക്തമായ തിരയിൽ ആടിയുലഞ്ഞും, ചാഞ്ഞും ചരിഞ്ഞും ഒക്കെ അങ്ങിനെ ഏതാണ് ഒരു മണിക്കൂർ നീളുന്ന ഒരു കിടിലൻ അഥവാ സാഹസിക ബോട്ട് യാത്ര. ബോട്ടിൽ ഇരുന്നു തീരത്തേക്ക് നോക്കുമ്പോൾ, രാമനാഥക്ഷേത്രവും, അതിനു പുറകിലായി ആകാശം മുട്ടെ ഉയർന്നു കാണുന്ന ടെലിവിഷൻ ടവറും ഒക്കെ, വളരെ മനോഹരമായ കാഴ്ചകൾ ആണ്. ശേഷം നേരെ അടുത്തുള്ള ഹോളിലാൻഡ് വാട്ടർ സ്പോർട്സ് ക്ലബിലേക്ക്. വാട്ടർ സ്കൂട്ടറും, ബനാന ഡ്രൈവും, സെയിലിംഗും, കുളിയുമൊക്കെ ആയി കുറെ മണിക്കൂറുകൾ അവിടെ. പിന്നെ മടക്കം.
മടങ്ങുന്ന വഴിയാണ് ഭാരതത്തിന്റെ മഹാനായ പുത്രൻ ഡോ. അബ്ദുൾകലാമിന്റെ ശവകുടീരം. ആദരപൂർവം ഒരു നിമിഷം കണ്ണടച്ചു പ്രാർത്ഥിച്ചു. ആ മഹാപ്രതിഭയുടെ ഓർമ്മകൾ, അഗ്നിചിറകുള്ള ശലഭത്തെ പോലെ മനസ്സിലേക്കോടിയെത്തി. വളരെ വലിയ ഒരു സ്മാരകത്തിന്റെ നിർമ്മാണം ഇപ്പോൾ അവിടെ ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
രാമേശ്വരത്തേക്കുള്ള രാത്രിയാത്രയിൽ, കൊതുകുകളുടെ ആക്രമണത്തിൽ കാണാൻ കഴിയാതിരുന്ന പാമ്പൻ പാലത്തിൽ ഞങ്ങൾ കാർ നിർത്തി. "പാമ്പൻ പാലത്തിനു ഉറപ്പേകുന്ന പിൻബലം ...ശങ്കർ സിമൻറ്" എന്ന അതിപ്രശസ്തമായ പരസ്യവാചകം അറിയാതെ മനസ്സിലേക്കോടിയെത്തി. ആ പരസ്യവാചകം ചെറുപ്പത്തിൽ കേൾക്കുമ്പോൾ, അന്ന് മനസ്സിൽ ആഗ്രഹിച്ചതാണ് എന്നെങ്കിലും ഒരിക്കൽ ഈ പാലം ഒന്ന് നേരിൽ കാണണം എന്ന്. ഒരുപാട് വർഷങ്ങൾ എടുത്തു എങ്കിലും, ഇതാ ഇന്ന് ആ മോഹം യാഥാർഥ്യമായി. രാമനാഥസ്വാമിക്ക് നന്ദി !
ആകെ 2065 മീറ്റർ നീളത്തിൽ അങ്ങിനെ നീണ്ടുകിടക്കുന്ന, 1914 ൽ തുറന്നു കൊടുത്ത ഈ പാലം ആയിരുന്നു 2010 വരെ, ഭാരതത്തിലെ ഏറ്റവും നീളമുള്ള കടൽപ്പാലം. (2010 ൽ തുറന്ന ബാന്ദ്ര-വർളി പാലമാണ് ഇപ്പോൾ ഒന്നാമത്). 1964 ലെ കൊടുങ്കാറ്റിൽ, പാമ്പൻ പാലത്തിനും സാരമായ ചില കേടുപാടുകൾ സംഭവിച്ചിരുന്നു.
ചെറിയ കപ്പലുകൾക്കു കടന്നു പോകാൻ വേണ്ടി, വേണമെങ്കിൽ ഉയർത്താൻ പറ്റുന്ന സ്പാനുകളോടുകൂടിയ പാമ്പൻ റെയിൽ പാലത്തിന്റെ നിർമ്മാണ രീതി ഇന്നും നമ്മളെ അതിശയിപ്പിക്കും, തീർച്ച. നീളമേറിയ പാമ്പൻ പാലത്തിൽ നിന്നും നോക്കുമ്പോൾ സാധാരണ ഉള്ള നീല നിറത്തിൽ നിന്നും വ്യത്യസ്തമായി, പച്ച നിറത്തിലാണ് ഇവിടെ കടൽ നമുക്ക് ദൃശ്യമാകുന്നത് ! പ്രകൃതിയുടെ മറ്റൊരു വികൃതി !
സമയം ഉച്ചക്ക് 1:30pm. സന്ദർശിക്കാൻ ഒരുപാട് സ്ഥലങ്ങൾ ഇനിയും ബാക്കി. ഗന്ധമാദന പർവ്വതം, ജടായു തീർത്ഥം, ഡോ. അബ്ദുൽ കലാമിന്റെ ഭവനം അങ്ങിനെ അങ്ങിനെ.... പക്ഷെ, സമയക്കുറവു മൂലം, ഞങ്ങൾ മനസില്ലാമനസോടെ രാമേശ്വരത്തോട് താൽക്കാലികമായി വിടപറഞ്ഞു.
രണ്ടു ദിവസത്തെ യാത്ര.....ഒരു അത്ഭുത പാലത്തിലൂടെ കടന്ന്, ഒരു പ്രേതനഗരവും, ഒരു പുണ്യനഗരവും ഒരുമിച്ചു കണ്ട്, അയൽരാജ്യത്തിന്റെ വിദൂരദൃശ്യം കണ്ട്, രാമനാഥസ്വാമിയെ തൊഴുത്, മഹാരഥനായ ഒരു ഭാരത പുത്രന്റെ ശവകുടീരവും സന്ദർശിച്ചു, ഞങ്ങൾ തിരക്കു പിടിച്ച നഗര ജീവിതത്തിന്റെ തത്രപ്പാടുകളിലേക്കു മടങ്ങി.
അവസാനമായി.... ഒന്നുകൂടി ഓർമ്മപെടുത്താം. ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ ധനുഷ്‌കോടി സന്ദർശിക്കണം, വാനിൽ കര-കടൽ യാത്ര നടത്തണം. രാമനാഥസ്വാമിയെ ദർശിക്കണം. നഷ്ടമാവില്ല ...തീർച്ച...!!
ഏഴുതിയെഴുതി, ഈ യാത്രാവിവരണത്തിന്റെ നീളം കൂടിയതറിഞ്ഞില്ല. കാരണം, പുരാണവും, ഐതിഹ്യവും, കരയും കടലുകളും, പുണ്യവും, ദുരന്തവും, ഉയർത്താവുന്ന പാലവും, 64 ദിവ്യതീർത്ഥങ്ങളും ...എല്ലാം എല്ലാം കൂടിച്ചേരുന്ന, സമാനതകളില്ലാത്ത ഈ ചെറു ഭൂപ്രദേശത്തെ ഇനിയും ഇനിയും കൂടുതൽ വർണ്ണിച്ചാലും മതിവരില്ല തന്നെ;......!!
സ്നേഹത്തോടെ,
ബിനു
---------------------
[കുറിപ്പ്: യഥാർത്ഥ ദൃശ്യ/ശ്രവ്യ അനുഭവം കിട്ടുന്നതിന് വേണ്ടി, എഡിറ്റ് ചെയ്യാത്ത വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്. വീഡിയോ 'പ്ലേ' ചെയ്യുന്നതിന് മുൻപായി ശബ്ദം കുറയ്ക്കുക.]
---------------------
ധനുഷ്‌കോടി/രാമേശ്വരം യാത്രയിൽ ഓർക്കേണ്ടവ/കരുതേണ്ടവ:
1 . SPF 30% എങ്കിലും ഉള്ള നല്ല സൺസ്‌ക്രീൻ ലോഷൻ അല്ലെങ്കിൽ ക്രീം.
2. കടൽ/വെള്ളം പേടിയുള്ളവരും വളരെ ചെറിയ കുട്ടികളും, ധനുഷ്കോടിയിലെ വാൻ യാത്ര ഒഴിവാക്കുക.
3. യാത്രയിൽ ധാരാളം വെള്ളം/കരിക്കിൻ-വെള്ളം കുടിക്കുക.
4. വഴിയരികിൽ, തുറന്നുവച്ച് വിൽക്കുന്ന ആഹാര സാധനങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. അതുപോലെ മാംസഭക്ഷണവും.
5. കഴിയുമെങ്കിൽ, കടുത്ത വെയിലിൽ തൊപ്പിയും കറുത്ത കണ്ണടയും ഉപയോഗിക്കുക.
6. കര-കടൽ യാത്രയിലും, ബോട്ട് യാത്രയിലും അനാവശ്യമായ സാഹസികത ഒഴിവാക്കുക.
7. യാത്രയിലുടനീളം നമുക്ക് കാണുവാനും അനുഭവിക്കുവാനും കഴിയുന്ന, തമിഴ്ജനതയുടെ വിനയവും, ആഡംബരം തീർത്തും ഒഴിവാക്കുന്ന അദ്ധ്വാനശീലവും സൂക്ഷ്മമായി നിരീക്ഷിക്കുക. അതിലെ നല്ല വശങ്ങൾ സ്വാംശീകരിക്കുക.
ശുഭയാത്ര ...!!
*****************
******
visit: binumonippally.blogspot.in
mail: binu_mp@hotmail.com
(ചില) ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
mail: binu_mp@hotmail.com
(ചില) ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
Comments
Post a Comment