നേരുന്നു നന്മകൾ .... [പുതുവത്സരാശംസകൾ]


പുത്തൻ പ്രതീക്ഷകളും പുതിയ സ്വപ്നങ്ങളുമായി മറ്റൊരു വർഷം കൂടി ഇതാ നമ്മുടെ പടിവാതിലിൽ എത്തി.

പോയ, 2016 ലെ ലാഭ-നഷ്ട കണക്കുകൾക്കു സമയം കളയാതെ നമ്മളിൽ പലരും , ലാഭങ്ങൾ  മാത്രമുള്ള ഒരു 2017 നെ സ്വപ്നം കാണാനാകും ഇഷ്ടപ്പെടുന്നത്. അല്ലെ ?

തീർച്ചയായും ആ സ്വപ്‌നങ്ങൾ സഫലമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

പോയവർഷം എന്റെ ഈ ചെറിയ ബ്ലോഗിലൂടെ നടത്തിയ രചനകളെ വിലയിരുത്തുകയും, വിമർശിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്ത എന്റെ എല്ലാ സുഹൃത്തുക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഐശ്വര്യസമ്പൂർണ്ണവും, പ്രതീക്ഷാനിർഭരവും ആയ ഒരു പുതുവർഷം ആശംസിക്കുന്നു.

മണ്മറഞ്ഞ നമ്മുടെ പൂർവികർ പറഞ്ഞിട്ടുള്ള ഒരു കാര്യം മാത്രം ഇവിടെ സ്മരിക്കട്ടെ.

"വ്യക്‌തിയെ സ്നേഹിക്കുക, വസ്തുവിനെ ഉപയോഗിക്കുക"

അതായത്, നമ്മുടെ ചുറ്റുമുള്ള വ്യക്തികളെ നമ്മൾ സ്നേഹിക്കുകയും അറിയുകയും ചെയ്യുക; വസ്തുക്കളെ അഥവാ സാധനങ്ങളെ ആവശ്യാനുസരണം ഉപയോഗിക്കുക. എന്നർത്ഥം.

എന്നാൽ ഇന്ന് നമ്മൾ കാണുന്നത് നേരെ വിപരീതമല്ലേ?

നാം ഓരോരുത്തരും ചിന്തിക്കുന്നത് മറ്റു വ്യക്തികളെ (അത് കുടുംബത്തിലായാലും, സുഹൃത്‌വലയത്തിലായാലും, ജോലിസ്ഥലത്തായാലും, സമൂഹത്തിലായാലും) നമ്മുടെ സ്വന്തം കാര്യസാദ്ധ്യത്തിനായി അല്ലെങ്കിൽ കാര്യലാഭത്തിനായി എങ്ങിനെ 'ഉപയോഗിക്കാം' എന്നല്ലേ?

ഒപ്പം, സാധനങ്ങളെ ( അത് മൊബൈലാകാം, കാറാകാം, വീടാകാം, ഷൂവാകാം, വസ്ത്രങ്ങളാകാം.... അങ്ങിനെ എന്തുമാകാം) നമ്മൾ അകമഴിഞ്ഞ് സ്നേഹിക്കുകയും ചെയ്യുന്നു. പലപ്പോഴും ആ സ്നേഹത്തിന്റെ ആധിക്യം മൂലം നമ്മൾ ആ വസ്തുക്കളെ ശരിയായി ഉപയോഗിക്കാൻ തന്നെ മടിയ്ക്കും. കാരണം, അതുകൊണ്ട് ആ വസ്തുവിന് ഏതെങ്കിലും തരത്തിൽ കേടുപാടുകൾ സംഭവിച്ചാലോ?

ചിലരെ  കണ്ടിട്ടില്ലേ? സ്വന്തം കുട്ടി വീണു പരിക്കുപറ്റിയാൽ വളരെ ലളിതമായി അവർ അത് അവഗണിക്കും. അല്ലെങ്കിൽ "ഓ ... ഒരു ബാൻഡേജ് ഒട്ടിയ്ക്ക്" എന്നങ്ങു പറയും. പക്ഷെ സ്വന്തം സ്മാർട്-ഫോണിന് ഒരു ചെറിയ പോറൽ എങ്ങാൻ വീണാലോ? പിന്നെ, ഒരു പക്ഷെ അതോർത്തു ചില നേരം ഭക്ഷണം തന്നെ ഉപേക്ഷിക്കും !

****************
നന്മകൾ നിറയട്ടെ വാക്കിലും നോക്കിലും 
നിറയട്ടെ ഹൃത്തടം സ്വപ്നങ്ങളാൽ 
വ്യക്തിയെ അറിയണം വ്യക്തമായി 
അർഥത്തെ അർഥമായ് കണ്ടീടണം 
ജഗദീശനേകട്ടെ ആയുരാരോഗ്യങ്ങൾ 
പുതുവർഷം ചൊരിയട്ടെ സ്നേഹവർഷം ..!!
****************

ഒരിക്കൽ കൂടി, എന്റെ എല്ലാ സുഹൃത്തുക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും, നന്മകൾ മാത്രം നിറഞ്ഞ ഒരു പുതുവർഷം ആശംസിച്ചു കൊണ്ട്,

സ്നേഹത്തോടെ,
ബിനു

******
visit: binumonippally.blogspot.in
mail: binu_mp@hotmail.com 

ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]