ഇവരുടെ കഷ്ടപ്പാടുകൾ കാണേണ്ടതല്ലേ? [ലേഖനം]
ആരുടെ ? എന്നാണോ ?
നമുക്കൊക്കെ സുഗമമായ യാത്ര ഒരുക്കുന്നതിന് വേണ്ടി, മഴയെന്നോ വെയിലെന്നോ ഉള്ള വ്യത്യാസമില്ലാതെ, നടുറോഡിൽ കഷ്ടപ്പെടുന്ന പാവം ട്രാഫിക് പോലീസുകാരുടെയും, ട്രാഫിക് വാർഡൻമാരുടെയും കഷ്ടപ്പാടുകളെ കുറിച്ചാണ് സൂചിപ്പിച്ചത്.
നമ്മൾ എന്നും കാണുകയും, എന്നാൽ പലപ്പോഴും പലരും ശ്രദ്ധിയ്ക്കാതെ പോകുകയും ചെയ്യുന്ന ആ കാര്യം വായനക്കാരുടെ ശ്രദ്ധയിൽ പെടുത്താനും, അതുവഴി ബന്ധപ്പെട്ട അധികൃതരുടെ അടിയന്തിര ഇടപെടൽ ഉണ്ടാകാനും വേണ്ടിയാണ് ഇങ്ങനെ ഒരു ലേഖനം.
ഇതുമായി ബന്ധപ്പെട്ട്, കുറച്ചുനാൾ മുൻപ് ഞാൻ നേരിട്ടു കണ്ട രണ്ടു കാര്യങ്ങൾ പറയാം.
ഒരു ദിവസം ഏതാണ്ട് ഉച്ചയോടടുത്ത സമയം, തിരുവനന്തപുരം നഗരത്തിലെ ഏറ്റവും തിരക്കാർന്ന ജംഗ്ഷനുകളിൽ ഒന്നായ ശ്രീകാര്യം വഴി കടന്നു പോകേണ്ടി വന്നു. രണ്ടു പോലീസുകാർ, ആ നട്ടുച്ച വെയിലിൽ വണ്ടികൾ നിയ്രന്തിയ്ക്കാൻ പെടാപ്പാട് പെടുന്നത് കണ്ടു ശരിയ്ക്കും സങ്കടം തോന്നിപ്പോയി. കുടചൂടിയാൽ പോലും സഹിയ്ക്കാൻ ബുദ്ധിമുട്ടുള്ള ആ കൊടുംചൂടിൽ, ഫുൾ യൂണിഫോമിൽ, തൊപ്പിയും വച്ച്, നടുറോഡിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന പാവങ്ങൾ. ആവശ്യത്തിനും അനാവശ്യത്തിനും ഹോൺ നീട്ടി മുഴക്കുന്ന വണ്ടികൾക്കിടയിലൂടെ...
കോരിച്ചൊരിയുന്ന ആ മഴയത്ത്, ട്രാഫിക് നിയന്ത്രിക്കാൻ മൂന്നു പോലീസുകാർ. അവർ നാലു വഴികളിൽക്കൂടിയും ഇരമ്പിയെത്തുന്ന വണ്ടികൾക്കിടയിൽ പെടാപ്പാട് പെടുന്നു. അതിൽ ഒരാളുടെ കൈയ്യിൽ മാത്രം ഒരു കുടയുണ്ട്. ബാക്കി രണ്ടു പേരും യൂണിഫോമിൽ ആകെ നനഞ്ഞു കുളിച്ചാണ് ഗതാഗതം നിയ്രന്തിയ്ക്കുന്നത്.
ഇനി, കുട ചൂടിയാലും പ്രശ്നമാണ്. ഒരു കൈ കൊണ്ട് മാത്രം അവർ സിഗ്നലുകൾ കാണിയ്ക്കേണ്ടി വരും. അതിനിടയിൽ, അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട്, സൈറണും മുഴക്കി ചീറിപ്പാഞ്ഞെത്തുന്ന ആംബുലൻസുകൾ. വഴിമുറിച്ചു കടക്കാൻ വെമ്പുന്ന, മെഡിക്കൽ കോളേജിലെ രോഗികളുടെ കൂട്ടിരുപ്പുകാർ.
ഓർക്കണം, ഈ പോലീസുകാർ ട്രാഫിക് നിയ്രന്ത്രിയ്ക്കേണ്ടത് വെറും നടുറോഡിൽ നിന്നാണ്. അല്ലാതെ ട്രാഫിക് ഐലൻഡിൽ നിന്നല്ല. അതുകൊണ്ടു തന്നെ, ഇടയ്ക്ക് കുടിയ്ക്കാനുള്ള വെള്ളമോ, അല്ലെങ്കിൽ മഴ പെയ്താൽ ചൂടാൻ ഒരു കുടയോ ഒക്കെ കൂടെ കരുതിയിട്ടുണ്ടെങ്കിൽത്തന്നെ, അതൊക്കെ ആ വഴിവക്കിൽ എവിടെയെങ്കിലും വയ്ക്കുകയേ ഈ പാവങ്ങൾക്ക് നിവൃത്തിയുള്ളൂ.
ഇടയ്ക്കെങ്ങാൻ ഒരു അഞ്ചു മിനിറ്റ്, ഇത്തിരി വെള്ളം കുടിയ്ക്കാൻ പോകുകയോ, ഒന്നു വിശ്രമിയ്ക്കാൻ പോകുകയോ ചെയ്താലോ? നാലുവശത്തു നിന്നും ഉള്ള വാഹനങ്ങൾ എല്ലാം കൂടെ ആകെ ബ്ളോക് ആകും. പിന്നെ അതൊന്നഴിയ്ക്കാൻ, ഇരട്ടി പണി ചെയ്യേണ്ടിയും വരും.
ഒന്നു ചിന്തിയ്ക്കുക. പകൽ മുഴുവൻ ഈ കത്തുന്ന വെയിലിൽ ഇങ്ങനെ നിന്നുകൊണ്ട് പണി ചെയ്യുന്ന ഇവർക്ക്, രാത്രി സ്വന്തം വീട്ടിലെത്തിയാൽ മിക്കവാറും അനുഭവിയ്ക്കേണ്ടി വരിക, തലപിളർക്കുന്ന തലവേദനയാവില്ലേ? ഒന്ന് മയങ്ങാൻ അവർക്കാകുമോ?
ഇനി, നടുറോഡിൽ നിന്ന് ഇങ്ങനെ ട്രാഫിക് നിയ്രന്ത്രിയ്ക്കുന്നതിനിടെ പലപ്പോഴും, വരി തെറ്റിച്ചെത്തുന്ന വാഹനങ്ങളിൽ നിന്നും ഇവർ രക്ഷപെടുന്നത് വെറും തലനാരിഴയ്ക്കാണ്, എന്നുകൂടി നമ്മൾ ഓർക്കേണ്ടതുണ്ട്.
ഇതിനേക്കാൾ ദൈന്യതയാർന്ന കാഴ്ചകളോ കാര്യങ്ങളോ ഒക്കെ ഇവരുമായി ബന്ധപ്പെട്ട് ഓരോ വായനക്കാരനും ഓർത്തെടുക്കാൻ ഉണ്ടാകും. അതുകൊണ്ട് തന്നെ അത്തരം കാഴ്ചകളെ കുറിച്ച് ഇനിയും കൂടുതൽ ഞാൻ വിശദീകരിയ്ക്കുന്നില്ല.
ലളിതമായ ഏതാനും നിർദ്ദേശങ്ങൾ, വായനക്കാരുടെയും, അതുവഴി ബന്ധപ്പെട്ട അധികാരികളുടെയും മുന്നിൽ വയ്ക്കുന്നു.
1. തിരക്കേറിയ എല്ലാ ജംഗ്ഷനുകളിലും (ട്രാഫിക് പോലീസുകാർ വേണ്ട ഇടങ്ങളിൽ), ട്രാഫിക് ഐലന്റുകൾ നിർമ്മിയ്ക്കുക. കഴിയുമെങ്കിൽ ഇതിൽ ഒരു സോളാർ ഫാൻ കൂടി ഘടിപ്പിച്ചു നൽകുക.
2. വഴിയിൽ നിന്ന്, ട്രാഫിക് നിയന്ത്രിയ്‌ക്കേണ്ടി വരുന്ന എല്ലാ പോലീസുകാർക്കും, വാർഡന്മാർക്കും, 'പോലീസ്' എന്ന് വലിപ്പത്തിൽ പ്രിന്റ് ചെയ്ത, തലയിൽ ഉറപ്പിയ്ക്കാവുന്ന വെളുത്ത കുടകൾ നൽകുക. അതവർക്ക് കൊടും വെയിലിൽ നിന്നും, പിന്നെ മഴയിൽ നിന്നും അത്യാവശ്യം വേണ്ട സംരക്ഷണം നൽകും. ഏതാണ്ട് 300 രൂപ മുതൽ ഇത് ലഭ്യവുമാണ്.
3. ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന സമയങ്ങളിൽ ഷൂസ് ഒഴിവാക്കാൻ അനുവദിയ്ക്കുക. പകരം, അവർക്കു സൗകര്യപ്രദമായ ചെരിപ്പുകൾ (കാറ്റു കടക്കുന്ന രീതിയിൽ ഉള്ളവ) ധരിയ്ക്കാൻ അനുവദിയ്ക്കുക.
4. ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന സമയങ്ങളിൽ തൊപ്പി ഒഴിവാക്കാൻ അനുവദിയ്ക്കുക. പകരം, മുകളിൽ പറഞ്ഞ കുട ധരിയ്ക്കാൻ അനുവദിയ്ക്കുക.
5. വളരെ തിരക്കേറിയ ജംഗ്ഷനുകളിൽ, ട്രാഫിക് നിയന്ത്രണത്തിനു വേണ്ടി, കുറഞ്ഞത് രണ്ടു പോലീസുകാരെയെങ്കിലും ഒരു സമയം നിയോഗിയ്ക്കുക.
6. ക്രമേണ, കഴിയുന്നത്ര ജംഗ്ഷനുകളിൽ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നലുകൾ സ്ഥാപിയ്ക്കുകയും, അതുവഴി പരമാവധി പൊലീസുകാരെ നടുറോഡിലെ ട്രാഫിക് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുകയും ചെയ്യുക.
ആർജവമുള്ള ഒരു ഭരണ സംവിധാനത്തിന്, വേണമെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ ചെയ്യാൻ പറ്റുന്ന, വളരെ ലളിതമായ ആറു കാര്യങ്ങൾ മാത്രമാണ് മുകളിൽ പറഞ്ഞത്. ശരിയല്ലേ? അതിനു വേണ്ടി ഖജനാവിലെ ശതകോടികൾ ഒന്നും മുടക്കേണ്ടതും ഇല്ല; ഏതാനും ലക്ഷങ്ങൾ മാത്രം മതിയാകും.
എന്നാൽ, അതിന്റെ ആശ്വാസം കിട്ടുന്നതോ? നൂറുകണക്കിനായ ട്രാഫിക് പോലീസുകാർക്കും, വാർഡൻമാർക്കും, പിന്നെ അവരുടെ കുടുംബങ്ങൾക്കും.
അതുകൊണ്ട്, ബന്ധപ്പെട്ട അധികാരികളുടെ അടിയന്തിര ശ്രദ്ധ ഇതിൽ പതിയണം എന്നും, ഇതിനായി എത്രയും വേഗം സമയബന്ധിതമായ നടപടികൾ സ്വീകരിയ്ക്കണം എന്നും വിനീതമായി അഭ്യർത്ഥിയ്ക്കുന്നു.
എന്നും എല്ലായ്പ്പോഴും എല്ലാവരുടെയും, ശകാരവും ശാപവാക്കുകളും മാത്രം ഏറ്റുവാങ്ങേണ്ടിവരുന്നവരാണ് നമ്മുടെ പോലിസുകാർ. അവരിലും നല്ലവരുണ്ട് എന്നോ, ആത്മാർത്ഥതയോടെ സ്വന്തം ഡ്യൂട്ടി ചെയ്യുന്നവരുണ്ട് എന്നോ, എന്തിന് അവരും നമ്മളെപ്പോലെ തന്നെ വെറും മനുഷ്യരാണ് എന്നോ, ഒന്നും നമ്മളിൽ പലരും പലപ്പോഴും ഓർക്കാറില്ല എന്നത്, സത്യമല്ലേ?
അതുകൊണ്ട്, ഇത്തവണ അവരുടെ കഷ്ടപ്പാടുകളും നമുക്കൊന്ന് കണ്ടുകൂടെ? കുറച്ചെങ്കിലും ഒന്നു പരിഹരിയ്ക്കാൻ ശ്രമിച്ചു കൂടെ?
സ്നേഹത്തോടെ,
ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ ഇമേജസ്
ചൂടു വെയിലത്തു നിന്ന് ഗതാഗതം നിയന്തൃകുന്ന എല്ലാ ഉത്യോകതസ്ഥർക്കും എന്റെ ബിഗ് സല്യൂട്ട്.. അവരുടെ ആരോഗ്യത്തിന് വേണ്ട പരിരക്ഷ അധികാരികൾ അനുവദിക്കുവാൻ ഈ ബ്ലോഗ് ഇടയാക്കട്ടെ എന്ന് ആശംസിക്കുന്നു
ReplyDeleteathe ... ethenkilum adhikarikal kanumennu pratheekshiykkam
Delete🙏
ReplyDeletethank u
Delete