കുളങ്ങൾ ... കുളിക്കടവുകൾ [ലേഖനം]

കുളങ്ങൾ/കുളിക്കടവുകൾ : കൂട്ടായ്മയ്ക്കൊരിടം.... കുന്നായ്മയ്ക്കും !! ഒരു പക്ഷെ ഈ തലക്കെട്ട് നിങ്ങളെ ഒരല്പ്പം ആശയക്കുഴപ്പത്തിൽ ആക്കിയേക്കാം. ആശങ്കപ്പെടേണ്ട! നമ്മൾ ഇനി പറയാൻ പോകുന്നത് ഏതാണ്ട് രണ്ടു ദശാബ്ദം മുൻപ് വരെ കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സജീവമായിരുന്ന, കുളങ്ങളേയും കുള/കുളിക്കടവുകളേയും, അതിനെ ചുറ്റിപറ്റി കറങ്ങിയിരുന്ന അന്നത്തെ ആ ഗ്രാമജീവിതങ്ങളെയും കുറിച്ചാണ് ! ഏതൊരു ഗ്രാമത്തിന്റെയും മുഖമുദ്ര തന്നെ ആയിരുന്നു അന്ന് ഇത്തരം കുളങ്ങൾ. കുളങ്ങൾ എന്ന് പറഞ്ഞാൽ, നല്ല വിശാലമായ, പടവുകൾ കെട്ടിയിറക്കി മനോഹരമാക്കിയ കുളങ്ങൾ. വശങ്ങൾ നാലും, ഒന്നുകിൽ ചെങ്കല്ലു കൊണ്ടോ അല്ലെങ്കിൽ കരിങ്കല്ലു കൊണ്ടോ കെട്ടി ഒതുക്കിയ കുളങ്ങൾ. ജലസമൃദ്ധിയാൽ അതങ്ങിനെ നിറഞ്ഞു തുളുമ്പുന്നുണ്ടാകും. കണ്ണുനീരു പോലെ തെളിഞ്ഞ വെള്ളം, ആഴത്തിന്റെ കൂടുതൽ കൊണ്ട് നീലിമയാർന്ന് ചെറിയ ഓളങ്ങൾ ഇളക്കി അങ്ങിനെ കിടക്കും. അധികമുള്ള വെള്ളം ഒഴുകിപ്പോകാൻ, ഒന്നോ രണ്ടോ ചെറിയ കൈത്തോടുകൾ തീർത്തിട്ടുണ്ടാകും. അധികവെള്ളം അതുവഴി...