ശബരിമലയും സ്ത്രീപ്രവേശനവും [ലേഖനം]

ശബരിമലയും സ്ത്രീപ്രവേശനവും [ലേഖനം] ഏറെ ദിവസങ്ങളായി, എല്ലാവരും ആവശ്യത്തിനും അനാവശ്യത്തിനും ധാരാളം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമായതിനാൽ തന്നെ, ഞാനായിട്ട് ഇനി അതിന്റെ കുറിച്ച് വീണ്ടും എഴുതേണ്ടതില്ല എന്നാണ് ആദ്യം കരുതിയത്. പിന്നെ, അതിങ്ങനെ ദിവസം ചെല്ലുംതോറും കൂടുതൽ കൂടുതൽ വഷളാവുമ്പോൾ ചില കാര്യങ്ങൾ കുറിയ്ക്കാം എന്ന് കരുതി. 1. ദേവൻ/ദേവി: ഹൈന്ദവ വിശ്വാസം ====================================== ലോകത്തിലെ മറ്റെല്ലാ മതങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഹൈന്ദവരുടെ ദേവൻ/ദേവി സങ്കല്പം എന്ന് പറയാം. കാരണം, ആ വിശ്വാസപ്രകാരം ദേവനെ അഥവാ ദേവിയെ ഒരു പരിധി വരെ ഒരു 'വ്യക്തി' ആയാണ് സങ്കൽപ്പിക്കുന്നത്. കൂടുതൽ വ്യക്തത വരുത്തുവാൻ, വിശദമാക്കാം. നമ്മുടെ ഒരു ദിവസത്തെ ദിനചര്യകൾക്ക് ഏതാണ്ട് സമാനമാണ് ഒരു ക്ഷേത്രത്തിലെ ദിവസപൂജകളും. അതിരാവിലെ ദേവനെ/ദേവിയെ കുളിപ്പിച്ച് വൃത്തിയാക്കി ഉഷഃപൂജ നടത്തുന്നു. ശേഷം, ഭക്തർക്ക് ദർശനം. തുടർന്ന് നടയടയ്ക്കൽ (വിശ്രമം). പിന്നെ ഉച്ചപൂജ, വീണ്ടും ഭക്തർക്ക് ദർശനം. തുടർന്ന് നടയടയ്ക്കൽ (വിശ്രമം). വൈകിട്ട് വീണ്ടും നടതു...