കുടുക്കപ്പാറ ദേശത്തെ വിഷുക്കണി യാത്രകൾ [ഓരോർമ്മക്കുറിപ്പ്]

കുടുക്കപ്പാറ ദേശത്തെ വിഷുക്കണി യാത്രകൾ [ഓരോർമ്മക്കുറിപ്പ്] കണിക്കൊന്നകൾ പൂത്തു തുടങ്ങി. വേനൽ കടുത്തു തുടങ്ങി. മദ്ധ്യവേനലവധിക്കാലവും ഏതാണ്ട് ആഗതമാകുന്നു. അങ്ങിനെ, ഇതാ മറ്റൊരു വിഷുക്കാലം കൂടി വരികയായി. എന്റെ വിഷുക്കാല ഓർമകളിൽ എന്നും നിറഞ്ഞു നിൽക്കുന്നത് കുട്ടിക്കാലത്തെ വിഷുക്കണിയാത്രകൾ ആണ്. അതായത്, വിഷുത്തലേന്ന് രാത്രി മുഴുവൻ നീളുന്ന, ഞങ്ങളുടെ ഗ്രാമത്തിലെ ഏതാണ്ട് എല്ലാ വീടുകളും കയറിയിറങ്ങി, എല്ലാവരെയും വിഷുക്കണി കാണിയ്ക്കുന്ന ആ രാത്രി യാത്രകൾ. [പട്ടണത്തിന്റെ തിരക്കിൽ ജനിച്ചു വളർന്നവർക്ക് ഒരുപക്ഷേ, അതൊക്കെ തീർത്തും അന്യമായിരിയ്ക്കും. അവർക്ക് പെട്ടെന്ന് മനസിലാകാൻ വേണ്ടി പറഞ്ഞാൽ, ഏതാണ്ട് ക്രിസ്തുമസ് കരോൾ പോലെയുള്ള യാത്രകൾ എന്നു പറയാം] കോട്ടയം ജില്ലയിലെ മോനിപ്പള്ളിയിൽ ആയിരുന്നു എന്റെ ബാല്യ, കൗമാരങ്ങൾ. കൃത്യമായി പറഞ്ഞാൽ അവിടെ കുടുക്കപ്പാറ ദേശത്ത്. അന്നൊക്കെ ഞങ്ങൾ കുട്ടികൾ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ആഘോഷമാണ് വിഷു. ഒരുപക്ഷേ, ഓണത്തേക്കാൾ കൂടുതൽ. കാരണമെന്താണെന്നല്ലേ? ഒന്ന്: ഈ വിഷു വരുന്നത് മദ്ധ്യവേനൽ അവധിക്കാലത്താണ്. രണ്ട്: വിഷുകൈനീട്ടം കിട്ടു...