കുടുക്കപ്പാറ ദേശത്തെ വിഷുക്കണി യാത്രകൾ [ഓരോർമ്മക്കുറിപ്പ്]

കുടുക്കപ്പാറ ദേശത്തെ 
വിഷുക്കണി യാത്രകൾ 
[ഓരോർമ്മക്കുറിപ്പ്]

കണിക്കൊന്നകൾ പൂത്തു തുടങ്ങി. വേനൽ കടുത്തു തുടങ്ങി. മദ്ധ്യവേനലവധിക്കാലവും ഏതാണ്ട് ആഗതമാകുന്നു. അങ്ങിനെ, ഇതാ മറ്റൊരു വിഷുക്കാലം കൂടി വരികയായി.

എന്റെ വിഷുക്കാല ഓർമകളിൽ എന്നും നിറഞ്ഞു നിൽക്കുന്നത് കുട്ടിക്കാലത്തെ വിഷുക്കണിയാത്രകൾ ആണ്. അതായത്, വിഷുത്തലേന്ന് രാത്രി മുഴുവൻ നീളുന്ന, ഞങ്ങളുടെ ഗ്രാമത്തിലെ ഏതാണ്ട് എല്ലാ വീടുകളും കയറിയിറങ്ങി, എല്ലാവരെയും വിഷുക്കണി കാണിയ്ക്കുന്ന ആ രാത്രി യാത്രകൾ.

[പട്ടണത്തിന്റെ തിരക്കിൽ ജനിച്ചു വളർന്നവർക്ക് ഒരുപക്ഷേ, അതൊക്കെ തീർത്തും അന്യമായിരിയ്ക്കും. അവർക്ക് പെട്ടെന്ന് മനസിലാകാൻ വേണ്ടി പറഞ്ഞാൽ, ഏതാണ്ട് ക്രിസ്തുമസ് കരോൾ പോലെയുള്ള യാത്രകൾ  എന്നു  പറയാം]

കോട്ടയം ജില്ലയിലെ മോനിപ്പള്ളിയിൽ ആയിരുന്നു എന്റെ ബാല്യ, കൗമാരങ്ങൾ. കൃത്യമായി പറഞ്ഞാൽ അവിടെ കുടുക്കപ്പാറ ദേശത്ത്. അന്നൊക്കെ ഞങ്ങൾ കുട്ടികൾ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ആഘോഷമാണ് വിഷു.  ഒരുപക്ഷേ, ഓണത്തേക്കാൾ കൂടുതൽ. കാരണമെന്താണെന്നല്ലേ? ഒന്ന്: ഈ വിഷു വരുന്നത് മദ്ധ്യവേനൽ അവധിക്കാലത്താണ്. രണ്ട്: വിഷുകൈനീട്ടം കിട്ടും. മൂന്നാമത്തെ കാരണമാണ് ഏറ്റവും പ്രധാനം, മേൽപ്പറഞ്ഞ വിഷുക്കണി(രാത്രി)യാത്രകൾ.

വിഷുത്തലേന്നു രാവിലെ മുതലേ ഈ വിഷുക്കണി യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. നാട്ടിലെ ഏതെങ്കിലും ഒരു സംഘടനയുടെ പേരിൽ ആണ് മിക്കവാറും ഓരോ സംഘവും ഈ ഭവന സന്ദർശനം  നടത്തുന്നത്. ഒരേ നാട്ടിൽ തന്നെ ഒന്നിലധികം സംഘങ്ങൾ ഉണ്ടാകും. രസീത് ബുക്കും, പിന്നെ വെളിച്ചം കാണാനുള്ള പെട്രോമാക്‌സും  സംഘടന തരും.

നാട്ടിലെ ഏതെങ്കിലും ഒരു വീട്ടിൽ ആകും കണിയാത്രയ്ക്കുള്ള വിഷുക്കണിയമ്പലം ഒരുക്കുന്നത്. മിക്കവാറും അത് ഞങ്ങളുടെ തറവാട്ടിൽ ആയിരിയ്ക്കും.

കഴുകി ഉണക്കി എടുത്ത ഒരു മരസ്റ്റൂൾ (മരത്തിന്റെ ഇരിപ്പിടം) തലതിരിച്ചിടും. ശേഷം ഒരേ നീളത്തിൽ വെട്ടിചീകി എടുത്ത നാല് കമുകിൻ അലകുകൾ,  ഒരറ്റം നൂൽക്കമ്പി കൊണ്ട് നന്നായി  കെട്ടും. സ്വതന്ത്രമായ മറ്റേ അറ്റങ്ങൾ ഓരോന്നും, സ്റ്റൂളിന്റെ ഓരോ കാലിൽ ആണി അടിച്ചുറപ്പിയ്ക്കുമ്പോൾ അമ്പലത്തിന്റെ മേൽക്കൂര തയ്യാർ.

പിന്നെ, വർണ്ണപേപ്പറുകൾ ഉപയോഗിച്ച് മൂന്നു വശവും ഒട്ടിയ്ക്കും. മുൻവശത്തു വാതിൽ നിർമ്മിയ്ക്കും. മേൽക്കൂരയിൽ സ്വർണ നിറത്തിലുള്ള വർണ്ണപേപ്പർ ഒട്ടിയ്ക്കും. കമാനങ്ങളും, വശങ്ങളിൽ ചിത്രപ്പണികളുമെല്ലാം ചെയ്യും . ഇത്രയുമാകുമ്പോൾ, ശരിയ്ക്കും ഒരു അമ്പലത്തിന്റെ മിനിയേച്ചർ രൂപം തന്നെയാകും ഇത്.

അകത്തു ചെറിയ കൃഷ്ണവിഗ്രഹം വച്ച്, ഒരു തേങ്ങാമുറിയിൽ എണ്ണയൊഴിച്ചു തിരി തെളിയിച്ച്, കൊന്നപ്പൂക്കൾ കൂടി വച്ച് അലങ്കരിയ്ക്കുമ്പോൾ, രാത്രിയാത്രയിൽ  കൊണ്ടുപോകാനുള്ള വിഷുക്കണിഅമ്പലം റെഡി.

ഒരു വർഷം, വിഷുത്തലേന്നു പതിവിലും വളരെ വൈകി രാത്രി ആണ് കണിയാത്ര  തീരുമാനിയ്ക്കുന്നത്. പക്ഷെ, പിന്നെ പെട്ടെന്ന് ഒരു കണിയമ്പലം ഒരുക്കുക എന്നത് സാധ്യവുമല്ല. എന്തുചെയ്തു എന്നറിയാമോ? എല്ലാ വർഷവും നന്നായി കണിയമ്പലം ഒരുക്കുന്ന ഒരു വീട്ടിൽ ചെന്ന്, അവരറിയാതെ ആ അമ്പലം ഞങ്ങളങ്ങ് പൊക്കി. എന്നിട്ട് അതാക്കി ആ വർഷത്തെ കണിയമ്പലം. [ഓർക്കുക, ഇപ്പോഴെങ്ങാൻ ആണെങ്കിൽ അതു മതി നാട്ടിൽ വലിയ ഒരു കലഹത്തിന്. അല്ലേ?]

ആദ്യമൊക്കെ രാത്രി ഏതാണ്ട് പതിനൊന്നു മണിയോടടുത്താണ് ഈ വിഷുക്കണിയുമായി വീടുവീടാന്തരം കയറുവാൻ തുടങ്ങുന്നത്. പക്ഷെ, വിവിധ ടീമുകൾ തമ്മിൽ മത്സരം മുറുകിയപ്പോൾ, അത് രാത്രി 8 മണി ഒക്കെ ആയി. കാരണം ആദ്യം വരുന്ന ടീമിനാണ് വീട്ടുകാർ കാര്യമായി സംഭാവന നൽകുക.

രാത്രി 9 മണിയോടെ കണിയാത്ര പോകാൻ തയാറായി എല്ലാവരും എത്തും. കുറഞ്ഞത് ഒരു 30 പേരെങ്കിലും കാണും. ചില വർഷങ്ങളിൽ അത് 50 ഉം കവിയും. ഒരാൾ ഒരു തോർത്തുമുണ്ട് വട്ടത്തിൽ ചുരുട്ടി (ഞങ്ങൾ അതിനെ ചുമ്മാട് എന്ന് പറയും) തലയിൽ വയ്ക്കും. എന്നിട്ടു മറ്റുള്ളവർ വളരെ ശ്രദ്ധയോടെ, തയ്യാറാക്കിയ അമ്പലം അതിനു മുകളിൽ എടുത്തുവച്ച് കൊടുക്കും. വേറെ ഒരാൾ ഇതുപോലെ തന്നെ, ഒരു ചുമ്മാട് തലയിൽ വച്ച്, അതിൽ പെട്രോമാക്സ് എടുക്കും.

പെട്രോമാക്സിന്റെ വെളിച്ചത്തിൽ ആണ് യാത്ര. അന്നൊന്നും ഇന്നത്തെ പോലെ ചാർജ് ചെയ്യാവുന്ന ഇലക്ട്രിക് എമർജൻസി ലൈറ്റുകളോ, ഗ്യാസ് ലൈറ്റുകളോ ഒന്നും ഇല്ല. ഈ പെട്രോമാക്സിന്  ഒരു കുഴപ്പം ഉണ്ട്. നന്നായി ഒന്നു കുലുങ്ങിയാൽ അപ്പോൾ തന്നെ അതിന്റെ  മാന്റിൽ പൊടിഞ്ഞു താഴെ വീഴും. അതോടെ വിളക്കും കെടും. പിന്നെ,  പുതിയ മാന്റിൽ ഒക്കെ ഫിറ്റ് ചെയ്തു വേണം പിന്നീടുള്ള യാത്ര.

ബാക്കിയുള്ള മുതിർന്ന ആളുകളുടെയെല്ലാം തന്നെ കയ്യിൽ, എവറെഡിയുടെ  'ജീവൻസാത്തി' ടോർച്ചുകൾ ഉണ്ടാകും. ചിലതു മൂന്നു ബാറ്ററിയുടെ, മറ്റു ചിലത് അഞ്ചു ബാറ്ററിയുടെ. അന്നത്തെ പോലീസുകാർ ലാത്തി കൊണ്ടു നടക്കുന്ന ഗമയിൽ ആണ്, അവരത് കൊണ്ട് നടക്കുക. കുട്ടികളെ ഒന്ന് തൊടാൻ പോലും സമ്മതിയ്ക്കില്ല!

താളമേളങ്ങളും (ഗഞ്ചിറ, ഇലത്താളം, ഉടുക്ക് തുടങ്ങിയവ),  ശംഖുവിളിയും ഒക്കെ ആയി വളരെ ആഘോഷമായി ആണ് ഈ വീട് കയറൽ കേട്ടോ. കൂട്ടത്തിൽ ഒരാളുടെ  കയ്യിൽ പടക്കങ്ങളും ഉണ്ടാകും. ഒരു കൈയ്യിൽ പടക്കം, മറുകയ്യിൽ കത്തിച്ചു പിടിച്ച ഒരു ആഞ്ഞിലിത്തിരി. [ആഞ്ഞിലി മരത്തിന്റെ ഉണങ്ങിയ തിരി ഒരിക്കൽ കത്തിച്ചാൽ  മണിക്കൂറുകളോളം അതു കെടാതെ അങ്ങിനെ എരിഞ്ഞുകൊണ്ടേയിരിക്കും. നമ്മുടെ ചന്ദനത്തിരി പോലെ). ഇടയ്ക്കൊക്കെ ഓരോ പടക്കം എടുക്കും, പിന്നെ ആഞ്ഞിലിത്തിരിയിൽ കാണിച്ചു കത്തിച്ച്  അകലേക്ക്‌ എറിയും.

ആദ്യ കാലത്തൊന്നും കൊട്ടാൻ ഡ്രം (ബാന്റ് മേളക്കാർ ഉപയോഗിയ്ക്കുന്നത്) വാടകയ്ക്ക്  കിട്ടിയിരുന്നില്ല. പക്ഷെ ഞങ്ങൾ നാടൻ ഡ്രം ഉണ്ടാക്കിയിരുന്നു. എങ്ങിനെയെന്നല്ലേ? പറയാം.

നാട്ടിൽ സുലഭമായ റബർ ഷീറ്റ് ഒരെണ്ണം, ആഴ്ചകൾക്കു മുൻപേ പ്രത്യേകമായി ഇതിനു വേണ്ടി തയ്യാറാക്കും. റോളർ മെഷീനിൽ ഇത് അച്ചിൽ കയറ്റാതെ തീരെ കനം കുറച്ച് അടിച്ചെടുക്കും. പിന്നെ വെയിലത്ത് നന്നായി ഉണക്കും. ശേഷം വലിയ വാവട്ടം കൂടിയ ഒരു അലുമിനിയ ചരുവത്തിന്റെ വായ്ക്ക് ഇതങ്ങു നന്നായി വലിച്ചു കെട്ടും. നല്ല ചക്കരകയർ ഉപയോഗിച്ച് മുറുക്കിയുള്ള കെട്ട്, ഒരു കാരണവശാലും അഴിഞ്ഞു പോകില്ല. മൂടോടെ പറിച്ച്, ചെത്തി മിനുക്കിയ കാപ്പി (കാപ്പി ചെടി) മരത്തിന്റെ വടി ഉപയോഗിച്ചാണ് ഈ ഡ്രം കൊട്ടുന്നത്. നല്ല മുഴക്കത്തോടെ, കഠോര ശബ്ദത്തിൽ നമ്മുടെ നാടൻ ഡ്രം അങ്ങു തിമിർക്കും.

ഓരോ വീട്ടിൽ ചെല്ലുമ്പോഴും, ശബ്ദമുണ്ടാക്കാതെ ആദ്യം കണിഅമ്പലം മുൻ വാതിലിനു നേരെ അഭിമുഖമായി വയ്ക്കും. മിക്ക വീടുകളിലും അവരും ഇതുപോലെ ഒരു കണിഅമ്പലം ഒരുക്കിയിട്ടുണ്ടാകും. ചില വീടുകളിൽ വാഴപ്പോളയും പച്ചഈർക്കിലും കൊണ്ടാകും അമ്പലം ഉണ്ടാക്കിയിട്ടുണ്ടാകുക. അതിമനോഹരമാണത് കാണാൻ. കൂടെയുള്ളവർ എല്ലാം, മുറ്റത്തിന്റെ ഒരരുകിൽ ഇരുട്ടിലേക്ക് മാറി നിൽക്കും. ശംഖും വിളിച്ച്,  ഒന്നോ രണ്ടോ പടക്കവും പൊട്ടിക്കുമ്പോഴേയ്ക്കും വീട്ടുകാർ പതിയെ ഉണർന്നെണീറ്റു വരും.

അപ്പോൾ കോറസ് ആയി പാടാൻ ഞങ്ങൾക്കൊരു സ്ഥിരം ഗാനമുണ്ട്. "കണി  കാണും നേരം കമലനേത്രന്റെ ...". അതങ്ങുറക്കെ പാടും. ഭക്തിയോടെ വീട്ടുകാർ കണികണ്ട് തൊഴും. പിന്നെ സംഭാവന നൽകും. വീട്ടിലുള്ള ചെറിയ കുട്ടികളെ ഒക്കെ ഒരുവിധത്തിൽ തട്ടിയെഴുന്നേല്പിച്ചു കണികാണാൻ കൊണ്ടുവരുന്നത് കാണാൻ നല്ല രസമാണ്.

[ഒരിക്കൽ ഒരു വീട്ടിൽ ചെന്നപ്പോൾ, അവിടുത്തെ കുട്ടിയെ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ചു കണികാണാൻ കൊണ്ടു വന്നു. പാവം അവൻ കരുതിയത് രാത്രി മൂത്രം ഒഴിക്കാൻ വിളിച്ചുണർത്തിയതാണ് എന്നാണ്. നേരെ വന്നു മുൻവശത്തെ വരാന്തയിൽ നിന്നും പുള്ളിക്കാരൻ കാര്യമങ്ങു സാധിച്ചു. അതിനു ശേഷമാണ് കണ്ണ് തുറന്ന് ചുറ്റും നോക്കുന്നത്].

ചിലർ ഞങ്ങൾക്കായി കട്ടൻ കാപ്പി തയ്യാറാക്കി വച്ചിട്ടുണ്ടാകും. കൂടെ അവൽ നനച്ചതോ, അവലോസുണ്ടയോ, ചക്ക വറുത്തതോ, കപ്പ വറുത്തതോ അല്ലെങ്കിൽ വാഴപ്പഴമോ അങ്ങിനെ എന്തെങ്കിലുമൊക്കെയുണ്ടാകും.

[9 മണിക്കൊക്കെ കണിയാത്ര തുടങ്ങുന്ന സമയത്ത് ചില വീടുകളിൽ ചെല്ലുമ്പോൾ, അവർ അത്താഴം കഴിക്കുന്നതേ ഉണ്ടാകൂ.  എന്നാലും അവർ വിളിയ്ക്കും

"അതേ... ഇത്തിരി ചോറുണ്ണാൻ കൂടുന്നോ? കറിയൊക്കെ കുറവാ, എന്നാലും വാ ഒരുമിച്ചു കഴിയ്ക്കാം..... പിന്നെ എല്ലാർക്കും കൂടി തികയില്ല... ബാക്കി ഉള്ളോർക്കു നമുക്ക് കട്ടൻ ഇടാം .....".

സ്‌നേഹപൂർവമായ ആ വിളിയ്ക്കു മുൻപിൽ, നല്ല വിശപ്പുള്ള ഞങ്ങളിൽ ചിലർ കീഴടങ്ങുകയും ചെയ്യാറുണ്ട് കേട്ടോ].

പിന്നെ, നേരെ അടുത്ത വീട്ടിലേയ്ക്ക്. ഇപ്പോൾ നഗരത്തിൽ കാണുന്നതു പോലെ തൊട്ടടുത്ത മതിനപ്പുറമായിരിയ്ക്കില്ല അടുത്ത വീട്. അതൊരുപക്ഷെ, വലിയ പറമ്പുകൾക്കോ, കുളങ്ങൾക്കോ, തോടുകൾക്കോ, വയലുകൾക്കോ ഒക്കെ  അപ്പുറത്താകാം.

ചില വീട്ടുകാർ അകലെ ഞങ്ങളുടെ പെട്രോമാക്സ് വെളിച്ചം കാണുമ്പോഴേ, നേരത്തെ ഇറങ്ങി വന്നു പറയും "എടാ ...പടക്കം പൊട്ടിക്കല്ലേ, ശംഖു വിളിക്കല്ലേ..." എന്നൊക്കെ. കാരണം വേറൊന്നുമല്ല . ആ വീട്ടിൽ പശുക്കൾ ഉണ്ടാകും. മിക്കവാറും മുൻവശത്തെ മുറ്റത്തിന്റെ അരികിൽ തന്നെയാകും പശുത്തൊഴുത്തും.

ഇനി, മറ്റു ചില വീട്ടുകാർ ഉണ്ട്. എത്ര തന്നെ ഉറക്കെ പാട്ടു പാടിയാലും ശംഖു വിളിച്ചാലുമൊന്നും ഇവർ എഴുന്നേറ്റു വന്നു വാതിൽ തുറക്കില്ല. (എല്ലാ വർഷവും ഇതു പതിവായതിനാൽ ഇവരെ നേരത്തെ അറിയാം).  അവർക്കു വേണ്ടി സ്പെഷ്യൽ പടക്കം ഉണ്ടാകും. നാട്ടിൽ, 'ഗർഭം കലക്കി' എന്ന് ഇരട്ടപ്പേരുള്ള വലിയ ഗുണ്ട് പടക്കം. സഹികെട്ട് അവസാനം അവരും എഴുന്നേറ്റു വരും.

ഇനി മറ്റു ചില വീട്ടുകാർ. അവർ തലേന്ന് വൈകിട്ട് തന്നെ തരാനുള്ള സംഭാവന ഇങ്ങു തന്നേക്കും. "രാത്രി വന്ന് ശല്യപ്പെടുത്തിയേക്കല്ലേ..." എന്ന രീതിയിൽ..!

ചിലപ്പോൾ ഒന്നോ രണ്ടോ വീടുകളെ, ദൂരക്കൂടുതൽ കാരണമോ സമയക്കുറവു കാരണമോ ഒക്കെ ഒഴിവാക്കേണ്ടി വന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ആ വീട്ടുകാരൻ പിറ്റേന്ന് കവലയിൽ കാണുമ്പോഴേ പരിഭവം പറയും.

" എന്താടാ.... അങ്ങോട്ട് മാത്രം വരാത്തെ? നീയൊക്കെ വലിയ ആളുകളുടെ വീട്ടിലേ പോവൂള്ളോ ?"

"ഇല്ല ചേട്ടാ .. മനഃപൂർവം അല്ല... അപ്പോളേക്കും നേരം വെളുത്തു ..."

"മ് ... ശരി.. ശരി .... ഇന്നാ പൈസ പിടിച്ചോ ..അടുത്ത വർഷം വന്നില്ലേ എന്റെ   സ്വഭാവം മാറും... കേട്ടല്ലോ..."

ഒരു കാര്യം പ്രത്യേകം എടുത്തു പറയട്ടെ. കണിയമ്പലവുമായുള്ള ഈ വീടുകയറൽ,  ജാതിയോ മതമോ ഒന്നും നോക്കിയായിരുന്നില്ല കേട്ടോ. ഞങ്ങളുടെ നാട്ടിലെ എല്ലാ വീടുകളിലും ഞങ്ങൾ കയറും, എല്ലാവരും കണികാണുകയും സംഭാവന തരികയും ചെയ്യും. അതുപോലെ, ഏതെങ്കിലും ഒരു സംഘടനയുടെ പേരിൽ ആണ് ഇതു നടത്തുന്നത് എന്നിരിയ്ക്കിലും, ഞങ്ങളുടെ കൂടെ നാനാ ജാതി-മതസ്ഥരായ ആളുകളും, കുട്ടികളും ഒക്കെ ഉണ്ടാകും. കാരണം, ഇത് ഞങ്ങളുടെ നാടിന്റെ ഒരാഘോഷമായിരുന്നു. അല്ലാതെ, ഒരു ജാതിയുടെയോ, മതത്തിന്റെയോ മാത്രം ആഘോഷം അല്ലായിരുന്നു.

[അതു പോലെ തന്നെയായിരുന്നു ക്രിസ്തുമസ് കാലത്തെ കരോൾ യാത്രകളും. എല്ലാ വീടുകളും കയറി വളരെ ആഘോഷമായി. ഈ ഒരു പ്രതീക്ഷയിൽ നഗരത്തിൽ എത്തിയ ആദ്യ വർഷം, കരോൾ സംഘത്തിന്റെ ബാന്റ് മേളം കേട്ട് ഞങ്ങൾ ഗേറ്റ് ഒക്കെ തുറന്നു തയ്യാറായി നിന്നു. പക്ഷേ അവരാകട്ടെ ഒരു വാനിൽ ആണ് വന്നത്. നേരെ ഞങ്ങളുടെ കോളനിയിൽ ഉള്ള ഒരു വീട്ടിൽ മാത്രം കയറി വേഗം തിരിച്ചു പോകുകയും ചെയ്തു. പിറ്റേന്നാണ് അറിഞ്ഞത്. ഇവിടെയൊക്കെ ഇങ്ങിനെയാണത്രെ. ഒരു ഇടവകയിൽ നിന്നുള്ള കരോൾ ആ ഇടവകയിൽ ഉള്ളവരുടെ വീട്ടിൽ മാത്രം വരുമത്രെ. ഇനി മറ്റുള്ളവർക്കാകട്ടെ, ഇവരെങ്ങാൻ അവരുടെ വീട്ടിൽ കയറിയാൽ അത് ഇഷ്ടമാകുകയില്ല പോലും. ഇത് കരോളിന്റെ കാര്യം മാത്രമല്ല കേട്ടോ. മറ്റു മതസ്ഥരുമായി ബന്ധപ്പെട്ട  വിവിധ ഭവനസന്ദർശനങ്ങളും ഇതേ രീതിയിൽ തന്നെയാണ്. നമ്മുടെ മതേതര നാടിന്റെ ഒരു വളർച്ച...! അതോ തളർച്ചയോ ?]

ആഹ് ... അത് പോട്ടെ.....

ഒരു വീട്ടിൽ നിന്നും അടുത്ത വീട്ടിലേയ്ക്കുള്ള യാത്ര ചിലപ്പോൾ ദീർഘമായിരിയ്ക്കും എന്നു പറഞ്ഞല്ലോ. ഇതിനിടയിൽ  കടന്നു പോകുന്ന തൊടികളിലെ മാവിൽ നിന്നും മാങ്ങായൊക്കെ ഇഷ്ടം പോലെ അടർത്തിയെടുക്കും. അടുത്ത വീട്ടിൽ ചെല്ലുമ്പോൾ അവിടെ നിന്നും ഒരു കത്തിയും, കുറച്ച് ഉപ്പും വാങ്ങും, കൂടെ ഇത്തിരി കാന്താരി മുളകും. പിന്നെ എല്ലാരും കൂടെ അതങ്ങകത്താക്കും. [മാങ്ങാ മാത്രമല്ല ഈ ലിസ്റ്റിൽ..... ചാമ്പയ്‌ക്ക, ചക്കപ്പഴം, കമ്പിളിനാരങ്ങാ, മൊട്ടപ്പഴം... അങ്ങിനെ പലതും വരും].

പിറ്റേന്ന് കാണുമ്പോൾ ഇതിന്റെയൊക്കെ ഉടമകൾ ചോദിയ്ക്കും.

"എടേ ..ഇന്നലെ എന്തൊക്കെ പറിച്ചു ?"
"എന്ത് ?"
"പോടാ പോടാ ..നിന്നെയൊക്കെ എനിയ്ക്കറിയില്ലേ  ... നീയൊക്കെ വേണെങ്കിൽ എടുത്തോട്ടേന്ന് കരുതി തന്നെയാടാ ഞാൻ അതവിടെ ഇട്ടിരുന്നത്"

നാട്ടിൻപുറത്തിന്റെ നന്മയും സ്നേഹവും കരുതലും ഒക്കെ ഉണ്ടാകും, കപട ദേഷ്യം നിറച്ച  ആ ചോദ്യത്തിൽ!

വാട്സാപ്പും ഫേസ്ബുക്കും ഒന്നും ഇല്ലാത്ത അന്നത്തെ കാലത്ത്, കൗമാരക്കാർക്കിടയിൽ അങ്കുരിയ്ക്കുന്ന കൊച്ചു കൊച്ചു പ്രേമങ്ങൾ വളർത്തുന്നതിലും ഇത്തരം കുഞ്ഞുയാത്രകൾക്ക് കുഞ്ഞു പങ്കുണ്ട് കേട്ടോ. കണിയും ആയി ചില വീടുകളിൽ ചെല്ലുമ്പോൾ ഈ പറഞ്ഞ കൗമാരക്കാരികൾ ഉണ്ടാകും അവിടെ. മുഴുപ്പാവാടയും ബ്ലൗസും ഒക്കെയിട്ട്, കണ്ണടച്ച്, അമ്മമാരുടെ കൈ പിടിച്ച് ഉറക്കച്ചടവോടെ, കണികാണാൻ അവർ ഇറങ്ങിവരുന്നത് തന്നെ ഞങ്ങളുടെ കൂട്ടത്തിലെ കൗമാരക്കാർക്ക് ഒരു കണി ആയിരുന്നേ! അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്ന ഒന്നോ രണ്ടോ നോട്ടങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്നു, ആ ഗ്രാമ-കൗമാര-പ്രണയങ്ങൾ. അതിലേറെയും പക്ഷെ, അല്പായുസും ആയിരുന്നു.

വീടുകളിൽ എത്തുമ്പോൾ 'കണി കാണും നേരം ..." ആണ് പാടുന്നതെങ്കിലും, മറ്റു സമയങ്ങളിൽ ഒട്ടുമിക്ക സിനിമ പാട്ടുകളും ഞങ്ങൾ പാടും. അതു ചിലപ്പോൾ "മെഹ്ബൂബ ..മെഹ്ബൂബ ... " പോലെയുള്ള അന്നത്തെ ഹിറ്റ് ഹിന്ദിഗാനങ്ങൾ പോലുമാകും.

ഏതാണ്ട് വെളുപ്പിന് 4 മണിയൊക്കെ കഴിയുമ്പോഴേയ്ക്കും, പിന്നെ ഒരോട്ടമാണ്. കാരണം, ഞങ്ങളുടെ നാട്ടിൽ രണ്ടു കോളനികൾ ഉണ്ട്. അവിടെയുള്ള വീടുകളിൽ കയറാൻ വേണ്ടിയാണീ ഓട്ടം. രണ്ടാണ് കാര്യം. ഒന്ന്: 4 മണിയ്ക്ക് മുൻപേ ചെന്നാൽ അവർ ചീത്ത വിളിയ്ക്കും. രണ്ട്: കുറച്ചു സ്ഥലത്തിനുള്ളിൽ കൂടുതൽ വീടുകളുള്ളതുകൊണ്ട്, അവയെല്ലാം കുറഞ്ഞ സമയത്തിനുള്ളിൽ കയറി തീർക്കാം. അത്യാവശ്യം നല്ല സംഭാവന അവർ തരികയും ചെയ്യും. പക്ഷെ മറ്റുള്ള ഗ്രൂപ്പുകൾ വരുന്നതിനു മുൻപേ കയറുകയും വേണം. കാരണം, ആദ്യ ഗ്രൂപ്പിനു മാത്രമേ അവർ കാര്യമായി സംഭാവന നൽകൂ.

ഈ രണ്ടു കോളനികളും കയറിക്കഴിയുമ്പോഴേയ്ക്കും നേരം ഏതാണ്ട് വെളുത്തിരിയ്ക്കും. എങ്കിൽ, നേരെ ആച്ചിയ്ക്കൽ ജംക്ഷനിലേക്കു വച്ചു പിടിയ്ക്കും. അവിടെയുള്ള ചെറു ചായക്കടയിലേയ്ക്കാണ്. നല്ല ചൂട് പറക്കുന്ന ദോശയും, വറ്റൽമുളക് മൂപ്പിച്ചിട്ട തേങ്ങാചമ്മന്തിയും റെഡി ആയിവരുന്ന സമയം. ഇത്തിരി വെള്ളം എടുത്തു പല്ലൊക്കെ ഒന്ന് തേച്ചെന്നു വരുത്തി, നേരെ ചായക്കടയുടെ അടുക്കളയിലേയ്ക്ക്. ചുട്ടിടുന്ന  ദോശകൾ നിമിഷ നേരം കൊണ്ട് തീരും. നമ്മുടെ ചായക്കട ചേട്ടന് തലേന്നേ അറിയാം വിഷുക്കണി യാത്രയുണ്ട് എന്ന്. അതുകൊണ്ടു നേരത്തെ തന്നെ കൂടുതൽ ദോശയും ചമ്മന്തിയും തയ്യാറാക്കാൻ തുടങ്ങിയിട്ടുണ്ടാകും. [ഈ ഒരു ചായകുടിയുടെ ചെലവ് മാത്രം, രാത്രി സംഭാവന കിട്ടിയ തുകയിൽ നിന്നും എടുക്കും. ബാക്കി മുഴുവൻ, ഏതു സംഘടനയുടെ പേരിൽ ആണോ ഇറങ്ങിയത്,  അവരെ ഏല്പിയ്ക്കും].

ചായകുടി കഴിഞ്ഞാൽ പിന്നെ, ഒന്നുകിൽ വടക്കേകുളത്തിലേയ്ക്ക്, അല്ലെങ്കിൽ കുടുക്കപ്പാറക്കുളത്തിലേയ്ക്ക്.  നീന്തിത്തുടിച്ച്, നല്ല ഒരു കുളിയും പാസാക്കി കഴിയുമ്പോൾ തലേന്നത്തെ രാത്രിയാത്രയുടെയും, ഉറക്കമില്ലായ്മയുടെയും ക്ഷീണമൊക്കെ പമ്പ കടക്കും.

ഇനി വീട്ടിലേയ്ക്ക്. അവിടെ എല്ലാവരും വിഷുവിന്റെ സദ്യവട്ടങ്ങൾ ഒരുക്കുന്ന തിരക്കിൽ ആകും. നേരെ അച്ചച്ചന്റ്റെ അടുത്തേയ്‌ക്കോടി  വിഷുകൈനീട്ടം വാങ്ങും. പിന്നെ, കൂട്ടുകാരുടെ കൂടെ കളിയ്ക്കാനിറങ്ങുകയായി.

ഉച്ചയാകുമ്പോൾ, തൊടിയിൽ നിന്നും വെട്ടിയെടുത്ത തൂശനിലയിൽ, ഒന്നാം തരം വിഷുസദ്യ. പപ്പടം, പഴം, പായസം, ഉപ്പേരികൾ, മറ്റു കറികൾ എല്ലാം കൂടുന്ന സമ്പൂർണ സദ്യ. ശേഷം ഇത്തിരി ഉച്ചമയക്കം. വൈകിട്ട് പതുക്കെ ഞങ്ങൾ കൂട്ടുകാർ എല്ലാവരും കൂടെ, ഓരോ വീടുകളിലും പോകും. എല്ലായിടത്തും കയറി ഇത്തിരി പായസമോ, അല്ലെങ്കിൽ രണ്ട് ഉപ്പേരിയോ ഒക്കെ കഴിച്ച്, നാട്ടുവർത്തമാനവും പറഞ്ഞങ്ങിനെ നേരം ഇരുട്ടുവോളം കറക്കം തന്നെ.

ഗ്രാമത്തിൽ നിന്നും, മറ്റു സ്ഥലങ്ങളിലേക്ക് വിവാഹം കഴിച്ചയച്ച മിക്കവരും കുടുംബസമേതം, വിഷുദിനത്തിൽ വൈകുന്നേരം ആകുമ്പോഴേയ്ക്കും സ്വന്തം വീടുകളിൽ എത്തിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ,  അവരെ എല്ലാവരെയും കാണാനും സൗഹൃദം പുതുക്കാനുമുള്ള ഒരവസരം കൂടിയായിരുന്നു വിഷു.

ഇരുട്ടുമ്പോൾ....
നല്ല ഒരു വിഷുവിന്റെ, വളരെ നല്ല ഓർമ്മകളോടെ, കഴിഞ്ഞുപോയല്ലോ എന്ന ഇത്തിരി സങ്കടത്തോടെ, അടുത്ത വർഷം വീണ്ടും വരുമല്ലോ എന്ന ഒത്തിരി പ്രതീക്ഷയോടെ, തലേന്ന് രാത്രി തീർത്തും അകറ്റി നിർത്തിയ ഉറക്കത്തെയും കൂട്ടുപിടിച്ച്, നേരെ കിടക്കപ്പായയിലേയ്ക്ക്.....

എഴുതാനാണെങ്കിൽ, ഇനിയും ഒരുപാട് ....ഒരുപാട്.

ഇന്നും ഓരോ വിഷുക്കാലത്തും, ആ പഴയ ഓർമകൾ ഒട്ടും നിറം മങ്ങാതെ മനസിലേയ്ക്ക് ഓടിയെത്തും. വിഷുക്കാലത്തു കൃത്യമായി പൂക്കുന്ന നമ്മുടെ കണിക്കൊന്നകളെ പോലെ. ഇത്തവണ അതു നിങ്ങളുമായി കൂടി പങ്കുവയ്ക്കാം എന്നു കരുതി. ഇഷ്ടമായി എന്ന് കരുതട്ടെ.

എനിയ്ക്കറിയാം, ഒരുപക്ഷെ നിങ്ങളിൽ ചിലർക്കെങ്കിലും, ഇതിനേക്കാൾ നല്ല ഒരുപാട് വിഷു ഓർമ്മകൾ ഉണ്ടായിരിയ്ക്കും എന്ന്.  എങ്കിൽ അതിവിടെ പങ്കു വയ്ക്കൂ. ഇനി അത് പറ്റുന്നില്ലെങ്കിൽ, കുറഞ്ഞ പക്ഷം നിങ്ങളുടെ കുട്ടികളുമായെങ്കിലും അവ പങ്കുവയ്ക്കണം. മറക്കല്ലേ. ആ നല്ല ഓർമകളിൽ കൂടി, ഇന്നവർക്ക്‌ തീർത്തും അന്യമായ, നമ്മുടെ ആ പഴയ നാട്ടിൻപുറ വിഷുക്കാലത്തെ കുറിച്ച്, ആ നല്ല നന്മ-നാളുകളെ കുറിച്ച് അവർ അറിയട്ടെ.

നന്മയും ഐശ്വര്യവും നിറഞ്ഞ, ഒരായിരം വിഷു ആശംസകളോടെ ......

നിങ്ങളുടെ സ്വന്തം.....
ബിനു മോനിപ്പള്ളി.
*************
ഈ ഓർമ്മക്കുറിപ്പിന്റെ ശബ്ദചിത്രത്തിനായി താഴെ കൊടുക്കുന്ന ലിങ്ക് സന്ദർശിയ്ക്കുക 


*************
Blog: https://binumonippally.blogspot.com

ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
























Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]