പങ്കുവയ്ക്കലിന്റെ ആദ്യ പാഠം [ഓർമ്മക്കുറിപ്പ്]

പങ്കുവയ്ക്കലിന്റെ ആദ്യ പാഠം [ഓർമ്മക്കുറിപ്പ്] ഇതൊരു ഓർമ്മക്കുറിപ്പാണ്. അതുകൊണ്ടു തന്നെ, ഒരല്പം പഴക്കമുള്ളതും. നാലിലോ അഞ്ചിലോ പഠിയ്ക്കുന്ന കാലം. അന്നൊക്കെ വേനൽ കടുത്താൽ പിന്നെ, ഞങ്ങളുടെ ഗ്രാമത്തിൽ വെള്ളത്തിന് നന്നേ ക്ഷാമമാണ്. ഞങ്ങളുടെ ഗ്രാമം എന്ന് പറഞ്ഞാൽ, ഒരു പക്ഷേ ഇപ്പോൾ, നിങ്ങളറിയും കോട്ടയം ജില്ലയിലെ മോനിപ്പള്ളി. ആ സമയത്ത്, നാട്ടിലെ കിണറുകൾക്കൊപ്പം, കുളങ്ങളും വറ്റും. വൈകിട്ട് സ്‌കൂൾ വിട്ടെത്തി, ഒരു ചായയൊക്കെ കുടിച്ചു കഴിഞ്ഞാൽ, ഏതാണ്ട് അഞ്ചു മണിയോടെ, കുളിയ്ക്കാനുള്ള യാത്രയിലാകും ഞങ്ങൾ. സുമാർ 1.5 കിലോമീറ്റർ അകലെയുള്ള, അരീക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളമാണ് ലക്ഷ്യം. ഞങ്ങൾ 'ചിറ' എന്നാണ് അതിനെ വിളിയ്ക്കുന്നത്. തെളിനീർ നിറഞ്ഞ, ഒഴുക്കുള്ള, അതിവിശാലമായ കുളം. മൂന്ന് കുളിക്കടവുകൾ ആണുള്ളത്. അതിൽ ഒരെണ്ണം സ്ത്രീകൾക്ക്. ആ വൈകുന്നേരയാത്ര ഒരു ആഘോഷമായിരുന്നു കേട്ടോ. ഞങ്ങളുടെ വീട്ടിൽ നിന്നും, ഞാനും മുത്തച്ഛനും, കൊച്ചച്ഛനും ഉണ്ടാകും. പിന്നെ അടുത്ത വീടുകളിൽ നിന്നുമുള്ള കൂട്ടുകാരും, അവരുടെ അച്ഛന്മാരും, ചേട്ടന്മാരും ഒക്കെ കാണും. ചെറു ചെറു കൂട്ടങ്ങളായി നിറയെ വർത...