പങ്കുവയ്ക്കലിന്റെ ആദ്യ പാഠം [ഓർമ്മക്കുറിപ്പ്]
പങ്കുവയ്ക്കലിന്റെ ആദ്യ പാഠം
[ഓർമ്മക്കുറിപ്പ്]
ഇതൊരു ഓർമ്മക്കുറിപ്പാണ്. അതുകൊണ്ടു തന്നെ, ഒരല്പം പഴക്കമുള്ളതും.
നാലിലോ അഞ്ചിലോ പഠിയ്ക്കുന്ന കാലം. അന്നൊക്കെ വേനൽ കടുത്താൽ പിന്നെ, ഞങ്ങളുടെ ഗ്രാമത്തിൽ വെള്ളത്തിന് നന്നേ ക്ഷാമമാണ്. ഞങ്ങളുടെ ഗ്രാമം എന്ന് പറഞ്ഞാൽ, ഒരു പക്ഷേ ഇപ്പോൾ, നിങ്ങളറിയും കോട്ടയം ജില്ലയിലെ മോനിപ്പള്ളി.
ആ സമയത്ത്, നാട്ടിലെ കിണറുകൾക്കൊപ്പം, കുളങ്ങളും വറ്റും. വൈകിട്ട് സ്‌കൂൾ വിട്ടെത്തി, ഒരു ചായയൊക്കെ കുടിച്ചു കഴിഞ്ഞാൽ, ഏതാണ്ട് അഞ്ചു മണിയോടെ, കുളിയ്ക്കാനുള്ള യാത്രയിലാകും ഞങ്ങൾ. സുമാർ 1.5 കിലോമീറ്റർ അകലെയുള്ള, അരീക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളമാണ് ലക്ഷ്യം. ഞങ്ങൾ 'ചിറ' എന്നാണ് അതിനെ വിളിയ്ക്കുന്നത്. തെളിനീർ നിറഞ്ഞ, ഒഴുക്കുള്ള, അതിവിശാലമായ കുളം. മൂന്ന് കുളിക്കടവുകൾ ആണുള്ളത്. അതിൽ ഒരെണ്ണം സ്ത്രീകൾക്ക്.
ആ വൈകുന്നേരയാത്ര ഒരു ആഘോഷമായിരുന്നു കേട്ടോ. ഞങ്ങളുടെ വീട്ടിൽ നിന്നും, ഞാനും മുത്തച്ഛനും, കൊച്ചച്ഛനും ഉണ്ടാകും. പിന്നെ അടുത്ത വീടുകളിൽ നിന്നുമുള്ള കൂട്ടുകാരും, അവരുടെ അച്ഛന്മാരും, ചേട്ടന്മാരും ഒക്കെ കാണും. ചെറു ചെറു കൂട്ടങ്ങളായി നിറയെ വർത്തമാനം പറഞ്ഞുള്ള 'വിനോദ' യാത്ര. പ്രാദേശികവും, ദേശീയവും, അന്തർദ്ദേശീയവും ഒക്കെ അതിൽ വളരെ നിസ്സാരമായി ചർച്ച ചെയ്യപ്പെടും.
കാരണവന്മാർ ഒക്കെ ഒരു കൂട്ടം. അവർ മിക്കവാറും ലോകകാര്യങ്ങളും, രാഷ്ട്രീയവും ഒക്കെ പറഞ്ഞാകും നടപ്പ്. പിന്നെ മുതിർന്ന ചേട്ടന്മാരുടെ കൂട്ടം. അവരുടെ ചർച്ചകളിൽ ഞങ്ങളെ കൂട്ടില്ല. അത് കേൾക്കാൻ ഞങ്ങൾ വളർന്നിട്ടില്ലത്രെ. പിന്നെ ഞങ്ങൾ കുട്ടികളുടെ കൂട്ടം. ഞങ്ങൾക്ക് പിന്നെ വിഷയദാരിദ്ര്യമേ ഇല്ലായിരുന്നു കേട്ടോ. അറിയാല്ലോ?
ചിറക്കരയിൽ എത്തിയാൽ, സൗകര്യപ്രദമായ കടവിൽ ഇറങ്ങും. ചിറയിലെ ഒരു കടവിൽ സുഖമായി മുങ്ങിക്കുളിയ്ക്കാനും ഒപ്പം നീന്താനും സൗകര്യമാണെങ്കിൽ, മറ്റൊരു കടവിലാകട്ടെ നിരന്ന പാറയിൽ, നെഞ്ചൊപ്പം വെള്ളത്തിൽ ഇരുന്നു കുളിയ്ക്കാം. ഒരു പാട്ടൊക്കെ മൂളി, ഇടയ്ക്കു കരയ്ക്കു കയറി, രാധാസോ റെക്സോണയോ മേനിയിൽ പതപ്പിച്ച്; പിന്നെ ബാക്കി വരുന്ന പതയെ ഇടതു കയ്യിലെ തള്ളവിരലും ചൂണ്ടുവിരലും കൂട്ടി വളയമുണ്ടാക്കി, അതിനുള്ളിലാക്കി, ശേഷം ശക്തിയായി ഊതി കുമിളകളാക്കി പറത്തുമ്പോൾ......അതിൽ നറുനിലാവ് തട്ടി ഒരായിരം വർണങ്ങൾ തെളിയുമ്പോൾ .....
[ആ ഹ് ...ആ ഓർമകൾക്കിന്നും, എത്ര ചെറുപ്പം ... രാമച്ചത്തിന്റെ സുഗന്ധം ....]
ചില ദിവസങ്ങളിൽ വേഗം കുളിച്ചു കയറി, തൊട്ടടുത്ത ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തും.
തിരികെ, ചെറു കൂട്ടങ്ങളായി തന്നെ മടക്കം. മൂന്ന് ബാറ്ററി ജീവൻസാത്തിയുടെ വെളിച്ചത്തിൽ. മടക്കയാത്ര വളരെ സാവധാനത്തിൽ ആണ് കേട്ടോ. അല്ലെങ്കിൽ ശരീരം വിയർത്ത്, കുളി വെറുതെയാവില്ലേ? വീടെത്തുമ്പോൾ നന്നായി ഇരുട്ടിയിട്ടുണ്ടാകും.
ചില മടക്ക യാത്രകളിൽ, വഴിവക്കിലുള്ള ബന്ധുവീട്ടിൽ കയറും. ചകിണിയൊക്കെ നീക്കി സ്റ്റീൽ പാത്രത്തിൽ മേശപ്പുറത്തെത്തുന്ന ആ തേൻവരിയ്ക്ക ചുളകൾ ഇന്നും നാവിൽ വെള്ളം നിറയ്ക്കും. മറ്റു ചില ദിവസങ്ങളിലാകട്ടെ നല്ല എടനയിലയിൽ വേവിച്ച ചക്കയപ്പമാകും ഞങ്ങൾക്ക് മുന്നിൽ എത്തുക.
ഇനിയും ചില ദിവസങ്ങളിൽ, നന്നായി തേങ്ങാ ചേർത്ത ചൂടൻ ചക്കപ്പുഴുക്കും കാന്താരിച്ചമ്മന്തിയും; അതുമല്ലെങ്കിൽ ഇത്തിരി 'പിടിയും കോഴിയും'. ഇത്തരം വിഭവങ്ങൾ എന്തെങ്കിലും ഉള്ള ദിവസങ്ങളിൽ, ആ വീട്ടിലെ അമ്മ ഞങ്ങളെയും കാത്ത് മുറ്റത്തു നിൽക്കുന്നുണ്ടാകും.
നമ്മൾ മുകളിൽ പറഞ്ഞ ആ ചൂടൻ ചക്കപ്പുഴുക്കും കാന്താരിച്ചമ്മന്തിയും കഴിച്ചുള്ള മടക്കയാത്രയിൽ, എല്ലാവരും പതിവിലും കൂടുതൽ വിയർത്തിട്ടുണ്ടാകും. പക്ഷേ, ആ വിയർപ്പിന് സുഗന്ധമായിരുന്നു. അതെ, നാട്ടിൻപുറ നന്മയുടെ സുഗന്ധം.
അപൂർവ്വം ചില മടക്കയാത്രകളിൽ, ചെറുതായി വേനൽമഴ പൊടിയും. അന്ന് ഞങ്ങൾ കുട്ടികൾക്ക് വലിയ സന്തോഷമാണ്. കാരണം, മറ്റൊന്നുമല്ല, മഴ നനഞ്ഞു നടക്കാനുള്ള ആ സുഖം. മറ്റൊന്ന്, ചെറുചാറ്റലിൽ പൊടിമണ്ണിൽ ഉരുണ്ടു കൂടുന്ന ആ ചെറുഗോളങ്ങളുടെ മദിപ്പിയ്ക്കുന്ന ഗന്ധം. ആ ദിവസങ്ങളിൽ പക്ഷേ, കൂടെയുള്ള മുതിർന്നവർ പതിവിലും നിശബ്ദരായിരിയ്ക്കും. കാരണം എന്തെന്നോ? അവർ ഞെക്കുവിളക്കിന്റെ ആ ഇത്തിരി വെട്ടത്തിൽ, മുന്നിലെ വഴിയിൽ ശ്രദ്ധയോടെ നോക്കുകയാവും. ഇത്തരം ദിവസങ്ങളിലത്രേ, ഇഴജന്തുക്കൾ പതിവിലും കൂടുതൽ പുറത്തിറങ്ങുന്നത്.
അയ്യോ ... യാത്രാവിശേഷങ്ങൾ ഇങ്ങിനെ പറഞ്ഞുപറഞ്ഞ്, നേരം പോയതറിഞ്ഞില്ല. നമ്മൾ കാര്യത്തിലേക്ക്, ഇനിയും വന്നതുമില്ല.
ആ ഒരു ദിവസം, എന്തോ ഞങ്ങളുടെ കൂട്ടത്തിൽ നാലുപേരേ ഉണ്ടായിരുന്നുള്ളൂ. ഞാനും മുത്തച്ഛനും, കൊച്ചച്ഛനും, പിന്നെ അടുത്ത വീട്ടിലെ, സമപ്രായക്കാരനായ എന്റെ കൂട്ടുകാരനും.
ഞങ്ങൾ കുളിയ്ക്കുന്ന കടവിന് ചേർന്ന് ഒരു വലിയ നാട്ടുമാവുണ്ട്. അതിൽ നിറയെ, പഴുത്ത മാങ്ങകൾ ഉള്ള സമയം. അതുകൊണ്ട് തന്നെ മാവിൻചുവടൊക്കെ, വരുന്നവരെല്ലാം മാമ്പഴം തിരഞ്ഞുതിരഞ്ഞ്, നല്ല മൈതാനം പോലെ തെളിഞ്ഞിട്ടുണ്ടാകും. പല ദിവസങ്ങളിലും ഞങ്ങൾ കല്ലുകളും മരക്കമ്പുമൊക്കെ വച്ച് എറിഞ്ഞു നോക്കാറുണ്ട്. പക്ഷെ, ആകാശം മുട്ടെ ഉയർന്ന നാട്ടുമാവല്ലേ? നിരാശയാകും മിക്കവാറും ഫലം.
അന്ന് കുളി കഴിഞ്ഞപ്പോഴേയ്ക്കും ഒരുവിധം രാത്രിയായി. അപ്പോഴതാ ഒരു മാമ്പഴം വീഴുന്ന ശബ്ദം. ഞാനും കൂട്ടുകാരനും, ജീവൻസാത്തിയുമായി തിരയാൻ തുടങ്ങി. നിർഭാഗ്യമെന്നു പറയട്ടെ, മാമ്പഴം കിട്ടിയത് എനിയ്ക്കാണ്. (അതിലെന്തു 'നിർഭാഗ്യം' എന്നല്ലേ നിങ്ങളുടെ ചിന്ത? അത്, വഴിയേ നിങ്ങൾക്ക് മനസിലാകും).
ഞാനാകട്ടെ ആകെ മൊത്തം ടോട്ടൽ കൺഫ്യൂഷൻ ആയി. ആകെ ഒരു മാമ്പഴം. ഞങ്ങൾ രണ്ടു കുട്ടികൾ. മുറിയ്ക്കാനാണെങ്കിൽ കത്തിയുമില്ല. മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാത്തതിനാൽ, മാമ്പഴവും കയ്യിൽ പിടിച്ച്, ഞങ്ങൾ മടക്കയാത്ര തുടങ്ങി.
കയ്യിലിരിയ്ക്കുന്ന നല്ല നാടൻ മാമ്പഴത്തിന്റെ ആ കൊതിപിടിപ്പിയ്ക്കുന്ന ഗന്ധം എത്ര നേരം ഒരു അഞ്ചാം ക്‌ളാസുകാരന് സഹിയ്ക്കാൻ പറ്റും? ഞാൻ അറിയാതെ അതിലൊന്ന് കടിച്ചു. മുത്തച്ഛനാകട്ടെ അതപ്പോൾ തന്നെ കണ്ടു പിടിയ്ക്കുകയും ചെയ്തു.
"കൊച്ചെ ... നീ മാമ്പഴം കടിച്ചോ?"
"ഉവ്വച്ഛാ .."
"അതെന്താ അങ്ങിനെ ചെയ്തത്? നിങ്ങൾ രണ്ടു പേരും കൂടെ അല്ലേ മാമ്പഴം നോക്കാൻ പോയത്? എന്നിട്ടിപ്പം അവനു കൊടുക്കാതെ...?"
"അതിപ്പം .... മുറിയ്ക്കാൻ കത്തിയൊന്നുമില്ലല്ലോ..?"
സംഗതി മോശമാകുന്നു എന്നറിഞ്ഞ ഞാൻ, ഒരു മുടന്തൻ ന്യായം കണ്ടെത്തി.
ഇത് കേട്ട കൂട്ടുകാരനാകട്ടെ, എന്നെ രക്ഷിയ്ക്കാൻ വേണ്ടിയെത്തി. 'അവൻ തിന്നോട്ടെ ... എനിയ്ക്കു വേണ്ട' എന്നൊക്കെ ആ പാവം പറഞ്ഞു നോക്കി.
എങ്കിലും മുത്തച്ഛൻ പറഞ്ഞു "മേലിൽ ഇങ്ങനെ ചെയ്യരുത് കേട്ടോ ... ഒരെണ്ണം കിട്ടിയാൽ പകുത്തെടുക്കണം. അതാ വേണ്ടത്...".
കൂടെ, ചെറുതായി ഒരു അടിയും തന്നു. അടി കിട്ടിയതോടെ മാമ്പഴത്തിന്റെ രുചിയൊക്കെ മറന്ന്, ഞാൻ കരയാൻ തുടങ്ങി. വീടെത്തുവോളം അത് തുടർന്നു. പിന്നെ, അത്താഴ ബഹിഷ്കരണത്തിലേയ്ക്കും അത് നീണ്ടു.
കാരണം, നേരത്തെ പറഞ്ഞതു പോലെ, ഒരു അഞ്ചാം ക്‌ളാസുകാരന്റെ തിരിച്ചറിവില്ലായ്മയിൽ, ചെയ്തത് വലിയ കുറ്റമായി അന്ന് തോന്നിയില്ല, എന്നത് തന്നെ.
പിറ്റേന്ന് കണ്ടപ്പോൾ, കൂട്ടുകാരന്റെ അച്ഛനും എന്നെ ആശ്വസിപ്പിയ്ക്കാൻ കൂടി എന്നത് വേറെ കാര്യം.
പക്ഷേ, കുറേക്കൂടി വലുതായപ്പോൾ, ഞാൻ ആ സംഭവത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. അന്ന് ഒരു ചെറിയ അടിയിലൂടെ മുത്തച്ഛൻ പറഞ്ഞു തന്ന, ആ വലിയ കാര്യത്തിന്റെ വ്യാപ്തിയും.
അന്ന് തൊട്ട്, ദാ ഇതെഴുതുന്ന ഈ നിമിഷം വരെയും, അത് മനസ്സിൽ മറക്കാതെ സൂക്ഷിയ്ക്കുന്നുമുണ്ട്.
പക്ഷേ, ഇടയ്ക്കൊക്കെ ഞാൻ ഓർക്കാറുണ്ട്. ഇന്നായിരുന്നു, ഇത്തരം, അല്ലെങ്കിൽ ഇതുമായി സാദൃശ്യമുള്ള ഒരു സംഭവം നടക്കുന്നത് എങ്കിൽ എന്താകുമായിരുന്നു എന്ന്.
1. ഇന്ന് ഇത്തരം കുളിയാത്രകൾ ഉണ്ടാകില്ല എന്നതാണ് ആദ്യകാര്യം. നാട്ടിൻപുറങ്ങളിൽ പോലും. എല്ലാവരും കുളിമുറിയിലും ഷവറിലും ആണല്ലോ ഇപ്പോൾ.
2. വഴിവക്കിലെ മാഞ്ചുവട്ടിൽ മാങ്ങ കണ്ടാൽ ഇന്നത്തെ കുട്ടികൾ എടുത്തേക്കില്ല. അതൊന്നും 'ഹൈജീനിക്' അല്ല എന്ന് നമ്മൾ അവരെ പഠിപ്പിച്ചിട്ടുണ്ടല്ലോ. പകരം, എസി സൂപ്പർമാർക്കറ്റിലെ, സ്പടിക തട്ടുകളിൽ നിരന്ന, കീടനാശിനി തളിച്ച് 'ശുദ്ധമാക്കിയ' മറുനാടൻ മാങ്ങകൾ നമ്മൾ അവർക്കു വാങ്ങി നല്കുന്നുമുണ്ടല്ലോ.
3. ഇനി അഥവാ, ഇങ്ങിനെ ഒരു സംഭവം നടന്നാൽ തന്നെ, ഇന്നത്തെ ഒരു പിതാവ് അല്ലെങ്കിൽ മുത്തച്ഛൻ, ഇത്തരമൊരു ഉപദേശം കൊടുക്കാൻ തയ്യാറാകുമോ? (കൊടുത്താൽ ആ കുട്ടി അത് സ്വീകരിയ്ക്കുമോ അല്ലെങ്കിൽ ഓർത്ത് വയ്ക്കുമോ, എന്നത് മറ്റൊരു കാര്യം). അല്ല, ഇതൊക്കെ ചെയ്യാൻ പല മുത്തച്ഛന്മാരും ഇപ്പോൾ അങ്ങ് ദൂരെ തറവാട്ട് വീട്ടിൽ അല്ലേ? അല്ലെങ്കിൽ വൃദ്ധസദനങ്ങളിൽ. പിതാക്കന്മാർക്കാകട്ടെ, 'ജോലിയും, ടെൻഷനും, കൂടെ കുറച്ചു ചാറ്റും' കഴിഞ്ഞ്, തീരെ സമയവുമില്ല.
4. ഇനി, ഏതേലും കൂട്ടുകാരൻ എന്തേലും കാരണത്താൽ, സ്വന്തം മോനോട് ഇങ്ങനെ ചെയ്തു എന്നറിഞ്ഞാലോ? "ആഹാ ... അത്രക്കായോ അവൻ?..." എന്ന ഭാവത്തിൽ, ആ കൂട്ടുകാരന്റെ പിതാവിന് നമ്മൾ ഒരു വാട്സപ്പ് മെസ്സേജ് അയയ്ക്കും. കൂടെ ഒരു "ടൂ ബാഡ്" സ്റ്റിക്കറും. എന്നിട്ടും കലി തീർന്നില്ലെങ്കിലോ? നേരെ പോയി, നമ്മൾ നേരത്തെ പറഞ്ഞ ആ സൂപ്പർമാർക്കറ്റിൽ നിന്നും ഒരു കിലോ 'മൽഗോവ' മാമ്പഴം മോന് വാങ്ങി നൽകുകയും ചെയ്യും. അല്ല പിന്നെ.
പറഞ്ഞിട്ടും കാര്യമില്ല. കാലത്തിനൊത്ത് നമ്മൾ ജീവിച്ചല്ലേ പറ്റൂ? അല്ലേ?
പക്ഷെ എങ്കിലും, നമ്മുടെ മുത്തച്ഛന്മാരുടെയും മുത്തശ്ശിമാരുടെയും ഒക്കെ ആ 'വില മതിയ്ക്കാനാവാത്ത, ചെറിയ വലിയ ഉപദേശങ്ങൾ' നഷ്ടപ്പെടുത്തുന്നതിന്, നമ്മളോ, നമ്മുടെ ഈ പുതിയ തലമുറയോ, വലിയ വില നൽകേണ്ടി വരില്ലേ? അതും സമീപ ഭാവിയിൽ?
പ്രിയപ്പെട്ടവരെ,
'പങ്കു വയ്ക്കലിന്റെ ഈ ആദ്യപാഠം' നിങ്ങൾക്കിഷ്ടമായെങ്കിൽ പറയണം കേട്ടോ. അങ്ങിനെയെങ്കിൽ, കൂടുതൽ ബാല്യകാല ഓർമ്മകളുമായി, വിശേഷങ്ങളുമായി, നമുക്ക് വീണ്ടും കാണാം.
സ്നേഹത്തോടെ
- ബിനു മോനിപ്പള്ളി
ഈ ലേഖനത്തിന്റെ ദൃശ്യരൂപാന്തരം കാണുന്നതിന്: https://youtu.be/59V02n7_nB8
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
*ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
** ചില ചിത്രങ്ങൾ പ്രതീകാത്മകം
ഹൊ... എന്തു രസകരമായ എഴുത്തായിരുന്നു !!
ReplyDeleteഅത്താഴം കഴിച്ചിരുന്ന ഞാൻ
ആ ചിറക്കരയിലും നാട്ടുമാവിൻ ചോട്ടിലും നടന്നു ( മനസ്സുകൊണ്ട് )
അതാണ് എഴുത്തിന്റെ ശക്തി. ഭാഷയിൽ വാക്കുകൾ അനവധിയുണ്ടാകാം. എന്നാൽ അതിൽ നിന്ന് വിഷയാസ്പദമായ
വാക്കുകൾ പെറുക്കിയെടുത്ത് അടുക്കി വയ്ക്കുകയെന്നാൽ പ്രതിഭയുള്ളവർക്കുമാത്രം കഴിയുന്ന കാര്യമാണ്. അക്കാര്യത്തിൽ ബിനു മോനിപ്പള്ളി വിജയിച്ചിരിക്കുന്നു. നല്ല
വായനാ സുഖം തരുന്നെ ശൈലി.
ഏറെ സന്തോഷം , ഒപ്പം സുഹൃത്താവാൻ കഴിഞ്ഞതിലെ അഭിമാനവും. ഹൃദയം നിറഞ്ഞ സ്നേഹവും ആദരവും.
ഹൃദയത്തിൽ നിന്നുള്ള ഈ ആസ്വാദനത്തിന് ഏറെ നന്ദി സർ ....
Deleteഇന്നത്തെ തിരക്കുള്ള ജീവിതരീതി മോശം എന്നല്ല ...എന്നാൽ വിലപ്പെട്ട ഇത്തരം ചില അനുഭവങ്ങൾ നമുക്ക് നഷ്ടമാവുന്നില്ലേ ..... അതുകൊണ്ടു തന്നെ ആ നിത്യഹരിത ഓർമ്മകളും .... എന്ന് ഇടയ്ക്കെല്ലാം മനസ്സിൽ തോന്നും .... അതാണ് ഇടയ്ക്കൊക്കെ ഇത്തരം ഓർമ്മക്കുറിപ്പുകൾ .....
ഏറെ സ്നേഹത്തോടെ ..... ബിനു
ബിനൂ വളരെ രസകരമായിട്ടുണ്ട്. സത്യം പറയാമല്ലോ ചില രംഗങ്ങൾ വായിച്ച് എനിക്ക് ചിരി അടക്കുവാനായില്ല. അർജുനൻ മലയിലെ കൃഷ്ണൻ നായരുടെ പുരയിടത്തിലെ നാട്ടുമാവിൻ ചുവട്ടിൽ പരതി നടന്ന രസകരമായ കാലം ആ മാമ്പഴത്തിൻ്റെ മണവും രുചിയും എൻ്റെ ഓർമ്മകൾക്ക് മധുരം പകർന്നു. ഒപ്പം തോട്ടിൽ അമ്മയോടൊപ്പം കുളിക്കുവാൻ പോകുന്ന ആ കുട്ടിക്കാലവും ' വളരെ സന്തോഷം .ഇനിയും കൂടുതൽ മധുര സ്മരണകൾ പങ്കുവയ്ക്കുമെന്ന പ്രതീക്ഷയോടെ....
ReplyDeleteഈ ആത്മാർത്ഥമായ ആസ്വാദനക്കുറിപ്പിന് ഏറെ നന്ദി ബിന്ദു .....
Deleteഅതെ തീർച്ചയായും എത്ര മധുരതരമായ ഓർമകളാണ് ബാല്യത്തെ കുറിച്ചുള്ളത് ...അല്ലെ ? ഇടയ്ക്കൊക്കെ ചെറിയ അടികളുടെ ചെറുകരച്ചിലുകളും ..... ഇനി അതിനുമപ്പുറം ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ആണ് അതൊക്കെ നമുക്ക് പകർന്നു നൽകിയ ആ ഗുണപാഠങ്ങൾ മനസിലാകുന്നത് ....
ഇന്നലെ രാത്രി തന്നെ ഈ ചെറുകുറിപ്പ് വായിച്ച്, എനിയ്ക്കു നേരിൽ പരിചയമില്ലാത്ത കുറെയേറെ വായനക്കാർ വിളിച്ചിരുന്നു .... ഏറെ നേരം സംസാരിച്ചു .....അവരുടെ ആ ബാല്യം പങ്കുവച്ചപ്പോൾ ശരിയ്ക്കും എന്തെന്നില്ലാത്ത സന്തോഷം തോന്നി .... കുറെയേറെ പുതിയ സൗഹൃദങ്ങളെ കിട്ടിയ ആഹ്ലാദവും ....
ബിനു
ശരിക്കും ശരിയാണ് ബിനു. നമ്മുടെ രസകരമായ ബാല്യം - അതിലെ സേ നഹവാത്സല്യങ്ങൾ, ശകാരങ്ങൾ, തല്ലുകൾ, പിണക്കങ്ങൾ, തുടർന്ന് കിട്ടുന്ന കൊച്ചു കൊച്ചു പലഹാരപ്പൊതികൾ, നന്മയുള്ള കൂട്ടുകാർ , പഴങ്കഥകളും പുരാണങ്ങളും പറഞ്ഞു തന്ന മുത്തശ്ശനും മുത്തശ്ശിയും, കൂട്ടുകുടുംബത്തിലെ സഹകരണ മനോഭാവത്തിലുള്ള ജീവിതം, അങ്ങനെ എണ്ണിയാൽ തീരാത്ത സന്തോഷങ്ങൾ നിറഞ്ഞ നമ്മുടെ ബാല്യം നമ്മെ ഇപ്പോഴും നയിക്കുന്നുവെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മനസ്സിലെ നന്മ ഒട്ടും നഷ്ടപ്പെടാതിരിക്കട്ടെ..
Deleteപഴയ കാല മധുര ഓർമകളിലേക്ക് ഞാനും പോയി
ReplyDeleteനന്നായി എഴുതി,,,...
ഏറെ സന്തോഷം .... കുറച്ചു നേരമെങ്കിലും നമുക്ക ഓർമ്മകളിലേയ്ക്കൊന്ന് തിരിച്ചുപോകാനായല്ലോ ....
Deleteബിനു
വളരെ നന്നായിട്ടുണ്ട് ബിനു. മനസ്സുകൊണ്ട് കുട്ടിക്കാലത്തേ ക്ക് ഒരു മടക്ക യാത്ര തരമാക്കിയതിന് നന്ദി. കൂടാതെ ഇന്നിന് വേണ്ടി ഒരു സന്ദേശവും . കൂടുതൽ സ്മരണകൾ പ്രതീക്ഷിക്കുന്നു.
ReplyDeleteഏറെ സന്തോഷം .... ദൗലത്തെ ...... കുട്ടിക്കാലം നമുക്കെല്ലാം മധുരമുള്ള ഒരു ഓർമ്മയല്ലേ ... അതിങ്ങനെ വല്ലപ്പോഴും ഒക്കെ ഒന്ന് ഓർക്കാൻ ഒരു സുഖമല്ലേ ....
Delete