ഒരു ജീവന്റെ വില [സംഭവ കഥ]

ഒരു ജീവന്റെ വില ..! [ശരിയ്ക്കും ഇതൊരു സംഭവ കഥ] ആർത്തുപെയ്യുന്ന ആ മഴയെയും നോക്കി, വരാന്തയിലെ ചാരുകസേരയിൽ അങ്ങിനെ കിടക്കുമ്പോൾ, അയാളോർത്തു... കഴിഞ്ഞ മാസം ഇതേ ദിവസം താൻ എവിടെ ആയിരുന്നു.... എന്ന്... മറ്റെവിടെ? ഇതേ നഗരത്തിലെ, അതേ പഞ്ചനക്ഷത്ര ആശുപത്രിയിലെ ICU-ൽ. അതും അർദ്ധബോധാവസ്ഥയിൽ. അല്ല... അബോധാവസ്ഥയിൽ. ചുറ്റും നടക്കുന്നതൊക്കെ, തനിയ്ക്ക് അറിയാൻ പറ്റുന്നുണ്ട്. അവരുടെയൊക്കെ സംസാരം, അവ്യക്തമെങ്കിലും തനിയ്ക്ക് കേൾക്കാൻ ആവുന്നുമുണ്ട്. മിക്കതും മനസ്സിലാകുന്നുമുണ്ട്. എന്നാൽ, ഒന്ന് അനങ്ങാൻ പോലുമാകുന്നില്ല. സംസാരിയ്ക്കാനും. ഇടയ്ക്കിടെ നഴ്‌സ്മാർ വന്നു പോകുന്നതും, വെള്ളത്തിൽ മുക്കിയ പഞ്ഞി, ചുണ്ടിൽ ഇറ്റിയ്ക്കുന്നതും താൻ അറിയുന്നുണ്ട്. അപ്പോഴാണ് കുറച്ച് ജൂനിയർ ഡോക്ടർമാർ തന്റെ ബെഡ്‌ഡിനരികിൽ എത്തിയത്. അവർ തന്റെ ശരീരത്തിൽ അവിടിവിടെയായി, ശരിയ്ക്കും വേദനിയ്ക്കുന്ന മട്ടിൽ അമർത്തുന്നതും, പിന്നെ സ്റ്റെത്ത് വച്ച് പരിശോധിയ്ക്കുന്നതും ഒക്കെ താൻ അറിയുന്നുണ്ടായിരുന്നു. "അയ്യോ ...പതുക്കെ" എന്ന് ഉള്ളിൽ പറഞ്ഞുവെങ്കിലും, അത് തന്റെ ചുണ്ടുകളിലേയ്ക്ക് എത്തിയില്ല. അവർ അറിഞ്ഞുമില്ല....