ഒരു ജീവന്റെ വില [സംഭവ കഥ]

ഒരു ജീവന്റെ വില ..!

[ശരിയ്ക്കും ഇതൊരു സംഭവ കഥ]

ആർത്തുപെയ്യുന്ന ആ മഴയെയും നോക്കി, വരാന്തയിലെ ചാരുകസേരയിൽ അങ്ങിനെ കിടക്കുമ്പോൾ, അയാളോർത്തു... കഴിഞ്ഞ മാസം ഇതേ ദിവസം താൻ എവിടെ ആയിരുന്നു.... എന്ന്...   

മറ്റെവിടെ?

ഇതേ നഗരത്തിലെ, അതേ പഞ്ചനക്ഷത്ര ആശുപത്രിയിലെ ICU-ൽ. അതും അർദ്ധബോധാവസ്ഥയിൽ.  അല്ല... അബോധാവസ്ഥയിൽ. 

ചുറ്റും നടക്കുന്നതൊക്കെ, തനിയ്ക്ക് അറിയാൻ പറ്റുന്നുണ്ട്. അവരുടെയൊക്കെ സംസാരം, അവ്യക്തമെങ്കിലും തനിയ്ക്ക് കേൾക്കാൻ ആവുന്നുമുണ്ട്. മിക്കതും മനസ്സിലാകുന്നുമുണ്ട്. 

എന്നാൽ, ഒന്ന് അനങ്ങാൻ പോലുമാകുന്നില്ല. സംസാരിയ്ക്കാനും.

ഇടയ്ക്കിടെ നഴ്‌സ്മാർ വന്നു പോകുന്നതും, വെള്ളത്തിൽ മുക്കിയ പഞ്ഞി, ചുണ്ടിൽ ഇറ്റിയ്ക്കുന്നതും താൻ അറിയുന്നുണ്ട്. 

അപ്പോഴാണ് കുറച്ച് ജൂനിയർ ഡോക്ടർമാർ തന്റെ ബെഡ്‌ഡിനരികിൽ എത്തിയത്. അവർ തന്റെ ശരീരത്തിൽ അവിടിവിടെയായി, ശരിയ്ക്കും വേദനിയ്ക്കുന്ന മട്ടിൽ അമർത്തുന്നതും, പിന്നെ സ്റ്റെത്ത് വച്ച് പരിശോധിയ്ക്കുന്നതും ഒക്കെ താൻ അറിയുന്നുണ്ടായിരുന്നു. "അയ്യോ ...പതുക്കെ" എന്ന് ഉള്ളിൽ പറഞ്ഞുവെങ്കിലും, അത് തന്റെ ചുണ്ടുകളിലേയ്ക്ക് എത്തിയില്ല. അവർ അറിഞ്ഞുമില്ല. 

അല്ലെങ്കിൽ, പറഞ്ഞിട്ടെന്തു കാര്യം? അവർക്ക് താൻ ജീവനുള്ള വെറുമൊരു 'സ്പെസിമൻ' മാത്രം. 

ആ നിസ്സഹായാവസ്ഥയിൽ അങ്ങിനെ കിടക്കുമ്പോഴാണ്, അതിലൊരാളുടെ ആ വർത്തമാനം തന്റെ ചെവിയിൽ പതിച്ചത്.

"ഓഹ് ... ഇനി നോക്കണ്ട .. ഇവനെ ഏതാണ്ട് പായ്ക്ക് ചെയ്യാറായി ..മിക്കവാറും നാളെ..."

അത് ശരിയ്ക്കും തന്നെ ഞെട്ടിച്ചു. പിന്നെ താൻ കരുതി, അതയാൾക്കു പെട്ടെന്ന് തോന്നിയ ഒരു ആത്മഗതമായിരിയ്ക്കണം. അറിയാതെ, ഉറക്കെ പറഞ്ഞു പോയതാവാം. 

പക്ഷേ, പിറ്റേന്നും ....അതും, ആ കൂട്ടത്തിലെ മറ്റൊരാൾ.

വർഷങ്ങളായുള്ള തന്റെ ഈ അസുഖം, എത്രയോ തവണ തന്നെ പല ആശുപത്രികളിലെയും ICUൽ എത്തിച്ചിട്ടുണ്ട്. അതും പലവട്ടം. 

അപ്പോഴൊക്കെ ആ മൃതതീരത്തുനിന്നും, പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയുടെ മാത്രം ബലത്തിൽ, താൻ തിരികെ തുഴയുകയും ചെയ്തു; ഒറ്റയ്ക്ക്.

പിന്നെ, മാറ്റിയെഴുതിയ മരുന്നുകളുടെ ബലത്തിലും, കൂട്ടിയെഴുതിയ ഡോസുകളുടെ മയക്കത്തിലും, വലിയ കുഴപ്പമില്ലാതെ പോകുന്ന കുറച്ചു നാളുകൾ. 

പക്ഷേ, പെട്ടെന്നൊരു ദിവസം വീണ്ടും ICUൽ. 

ജീവന്റെ വില ശരിയ്ക്കും മനസ്സിലായ നാളുകൾ.

വെള്ളക്കുപ്പായത്തിൽ അവിടെ തനിയ്ക്ക് ചുറ്റും പറന്നു നടക്കുന്ന ആ നേഴ്സ്മാരും, പിന്നെ കഴുത്തിൽ കൊമ്പു തൂക്കിയ ഡോക്ടർമാരും... 

അവർ  തനിയ്ക്ക് ദൈവതുല്യരായിരുന്നു. ശരിയ്ക്കും ജീവദായകരും.

മുഴുവനായി ഭേദപ്പെടുത്താൻ ആവില്ല എന്നുറപ്പുള്ളതു കൊണ്ട് തന്നെ, അതൊക്കെ പതിയെ തന്റെ ജീവിതചര്യയായി മാറുകയും ചെയ്തു. എന്നിട്ടും താൻ ചിരിച്ചിരുന്നു. എല്ലാവരോടും. 

ആ ചിരിയിൽ കണ്ണീരുപ്പ് കലർന്നിരുന്നുവെന്നത്, ആരും തന്നെ മനസ്സിലാക്കിയിരുന്നുമില്ല.

ആദ്യമായാണ് ആ കൂട്ടത്തിൽ നിന്നൊരാളുടെ വായിൽ നിന്നും, ഇത്ര വേദനാജനകമായ ഒരു വാചകം കേൾക്കുന്നത്. അതോ ഇവർ പതിവായി ഇതുപോലൊക്കെ പറഞ്ഞിരുന്നുവോ? ആ അർദ്ധബോധാവസ്ഥകളിൽ താൻ അത് കേൾക്കാതെ പോയതാവുമോ?

എന്തൊക്കെയോ പ്രതിജ്ഞകൾ എടുത്തല്ലേ ഇവർ  ഈ ആതുരശുശ്രുഷാ രംഗത്തു വരുന്നത് ...എന്നിട്ടും?

അതോ ... ക്യാപിറ്റേഷൻ തുകയുടെ കനത്തിനൊപ്പം, ആ നല്ലമനസ്സും ഇവർ ആർക്കൊക്കെയോ തീറ് കൊടുത്തിരിയ്ക്കുന്നുവോ?

അവർക്ക് ബെഡ്‌ഡിലെ രോഗികൾ, ഒരു വർക്ക്ഷോപ്പിൽ സർവീസിനെത്തുന്ന വെറും വണ്ടികൾ മാത്രമോ? 

സന്തോഷവും, സങ്കടവും, വേദനയും, സംവേദനവും, ഒന്നുമില്ലാത്ത വെറും ജഡവണ്ടികൾ?

'ആതുരസേവനം' എന്നത് 'ആ ത്വര സേവന'മായി മാറിയോ? 

അതുമല്ലെങ്കിൽ, തന്നെപ്പോലുള്ളവരുടെയൊക്കെ ഈ ജീവന് ഇത്രയൊക്കെയേ വിലയും, അർത്ഥവുമുള്ളോ?

'അർത്ഥ'ത്തിനു വേണ്ടിയുള്ളതു മാത്രമായി മാറിയോ ഇപ്പോൾ ആതുരസേവനം?

അല്ല.. എനിയ്ക്കുറപ്പാണ് അവരൊക്കെ നല്ലവരാണ്. 

തന്നെപ്പോലുള്ള രോഗികളെ കരുണയോടെ കാണുന്നവർ. ഏത് അബോധാവസ്ഥയിലും തന്നെപ്പോലുള്ള അസംഖ്യം  രോഗികളെ, സ്വന്തം എന്നത് പോലെ ശുശ്രുഷിയ്ക്കുന്നവർ. ഒരു മടിയും കൂടാതെ തങ്ങളുടെ വിസർജ്യങ്ങൾ തുടച്ചു മാറ്റുന്നവർ. 

മൃത്യുദൂതർക്ക് വിട്ടുനൽകാതെ, സ്വന്തം കൈകളാൽ ഞങ്ങളുടെ കൈകളെ മുറുകെ പിടിയ്ക്കുന്നവർ ....

അതിനിടയിലെ ആ അപൂർവ്വം പുഴുക്കുത്തുകളിൽ ചിലരാവണം അന്നത് പറഞ്ഞത് ...

മറക്കണം താനത് .... അയാളല്ലല്ലോ തന്റെ ആയുസ്സ് തീരുമാനിയ്ക്കുന്നത് ... അങ്ങനെ ആയിരുന്നുവെങ്കിൽ, ഇന്ന് ഈ മഴയും കണ്ട് , താൻ ഇവിടെ ഇങ്ങിനെ ഉണ്ടാവുമായിരുന്നില്ലല്ലോ. മാറ്റിയെഴുതിയ ആ മരുന്നിന്റെ ബലത്തിലാണെങ്കിൽ കൂടി.

അതെ... മറക്കണം ...

പക്ഷെ, എന്നാലും ..ആ വാക്കുകൾ ... അതിങ്ങനെ മനസ്സിൽ മുഴങ്ങുകയാണ് ... 

ഈ മഴയൊന്നുകൂടി ശക്തിയായി പെയ്തിരുന്നുവെങ്കിൽ ... നടുങ്ങിവിറയ്ക്കുന്ന ആ ഇടിയും മിന്നലും  ഒന്നുകൂടി വന്നിരുന്നുവെങ്കിൽ .. ആ പേടിയിൽ, ഒരു പക്ഷേ, താൻ അത് മറന്നേനെ ....

"അതേ .. നിങ്ങൾ ഇതെന്നാ വിചാരിച്ചാ ഈ മഴയത്തിവിടെ ഇങ്ങനെ ഇരിയ്ക്കുന്നെ ..?"

"അല്ല അത് പിന്നെ .. ചാഞ്ഞിറങ്ങുന്ന ഈ മഴത്തുള്ളികൾ ..."

"ദേ ...ചാഞ്ഞും ചരിഞ്ഞും ..... എന്നെക്കൊണ്ട് വല്ലതും പറയിപ്പിയ്ക്കല്ലേ .."

"എടിയേ ...നീയിങ്ങനെ ചൂടാവാതെ ..."

"ദേ മനുഷ്യാ ..നിങ്ങളോടും കൂടെയല്ലേ അന്ന് ഡോക്ടർ പറഞ്ഞത് .. തണുപ്പടിയ്ക്കല്ല് ...പനി പിടിപ്പിയ്ക്കരുത് ..എന്നൊക്കെ ..? എന്നിട്ടിപ്പം? ..."

"ആ അത് ശരിയാല്ലോ ...ഞാൻ ദേ ഏറ്റ് ...ന്നേ... "  

ഓർമ്മകൾക്കൊരിടവേള നൽകി, അയാൾ അകത്തേയ്ക്കു നടന്നു. ആ പതിവ് 'ഉപ്പ്'ചിരി ചുണ്ടിൽ നിറച്ച്.

പക്ഷേ, അയാൾ ഓർമ്മപ്പെടുത്തിയ ആ വാചകങ്ങൾ... ഉള്ളിൽ എവിടെയോ അത് വല്ലാതെ കൊളുത്തി വലിയ്ക്കുന്നു.

വേണ്ട ... അയാളുടെ ആ കഥ കേൾക്കേണ്ടിയിരുന്നില്ല....!!

************

പിൻകുറിപ്പ്: ദൈവത്തിന്റെ സ്വന്തം നാട്ടിലെ, അതിപ്രശസ്തമായ ഒരു ആശുപത്രിലെ ICU ൽ നടന്ന ഈ യഥാർത്ഥ സംഭവം, ഇതിൽ പ്രതിപാദിച്ച ആ രോഗി തന്നെ, പിന്നീട് ഒരു സുഹൃദ്‌സംഭാഷണത്തിനിടയിൽ വലിയ വിഷമത്തോടെ പങ്കു വച്ചതാണ്. ആളുടെ പേരും, ആശുപത്രിയുടെ പേരും പുറത്തുവിടാൻ നിർവ്വാഹമില്ലാത്തതിനാൽ, കഥാരൂപത്തിൽ അവതരിപ്പിച്ചു എന്ന് മാത്രം. അതും ഈ വിഷയത്തെ ഒന്ന് സമൂഹശ്രദ്ധയിൽ കൊണ്ട് വരാൻ വേണ്ടി മാത്രം. നേരത്തെ പറഞ്ഞത് പോലെ, ഇത്തരത്തിലുള്ള ആ അപൂർവ്വം 'പുഴുക്കുത്തുകൾ' നമ്മുടെ ആതുരശുശ്രൂഷാമേഖലക്ക്  തീരാകളങ്കമാണെങ്കിൽ പോലും, ആരോഗ്യരംഗത്തെ ബഹുഭൂരിപക്ഷം ആളുകളും, സേവനതല്പരരും, അനുകമ്പയുള്ളവും തന്നെയാണ്. ഒരു സംശയവും വേണ്ട തന്നെ.

 ===========

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

 


Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]