ഏറുന്ന ജോലി സമ്മർദ്ദവും ആത്മഹത്യകളും [ലേഖനം]

ഏറുന്ന ജോലി സമ്മർദ്ദവും ആത്മഹത്യകളും [ലേഖനം] മുൻപ് വല്ലപ്പോഴും, ഇപ്പോൾ പലപ്പോഴും, ഏറെ വേദനിപ്പിയ്ക്കുന്ന ഇത്തരം ചില വാർത്തകളുമായാണ്, ദിനപത്രങ്ങൾ അതിരാവിലെ നമ്മുടെ മുൻപിലേയ്ക്കെത്താറുള്ളത്. "ജോലി സമ്മർദ്ദം മൂലം യുവാവ് അല്ലെങ്കിൽ യുവതി ആത്മഹത്യ ചെയ്തു ...". അത്തരം വാർത്തകളുടെ ഉള്ളറകളിലേയ്ക്ക് ചെല്ലുമ്പോഴാണ് അറിയുന്നത്, ആൾ ജോലിയിൽ കയറിയിട്ട് ഏതാനും ചില മാസങ്ങളേ ആയിട്ടുള്ളൂ; അല്ലെങ്കിൽ കുറേയേറെയായി.... എന്നൊക്കെ. എന്തേ ഇത്തരം മരണങ്ങൾ അടുത്തിടെയായി വല്ലാതെ പെരുകുന്നു? എന്താണ് ഈ അമിത ജോലി സമ്മർദ്ദത്തിന് കാരണം? ജോലിഭാരവും, ജോലി സമ്മർദ്ദവും തമ്മിൽ വല്ല ബന്ധവുമുണ്ടോ? പലരും പറയുന്നത് പോലെ, സർക്കാരിനോ അല്ലെങ്കിൽ തൊഴിലുടമകൾക്കോ ഇതിൽ കാര്യമായി എന്തെങ്കിലും ചെയ്യാനുണ്ടോ? എന്താണ് ഇതിനൊരു പരിഹാരം? ചോദ്യങ്ങൾ, അങ്ങിനെ അനവധിയാണ്. ആദ്യം തന്നെ പറയട്ടെ, നമ്മൾ ഇതിന്റെ കാരണങ്ങളിലേയ്ക്ക് പോകുന്നതേയില്ല. എന്തുകൊണ്ടെന്നാൽ, അത് ഏറെ ഗഹനവും, ഇത്തിരി സങ്കീർണ്ണവും ആയതു കൊണ്ടും, 'സമയമില്ലായ്മ' മൂലം അത്തരമൊരു ദീർഘവായനയ്ക്ക് നിങ്ങളിൽ ആർക്കും തന്നെ, തീരെ സമയമില്ലാത്തതു കൊണ്ടും, മാത്രം. ജോലിഭ...