അയ്യപ്പനെന്തിനാ തിരുവാഭരണം ..?
അയ്യപ്പനെന്തിനാ തിരുവാഭരണം ..? [ അയ്യപ്പ വിശേഷങ്ങൾ -III ] ഇപ്പോൾ 'അയ്യപ്പനും, സ്വർണ്ണ'വുമാണല്ലോ എവിടെയും ചൂടുള്ള ചർച്ചാവിഷയം. അന്വേഷണം അതങ്ങിനെ നടക്കട്ടെ, അവസാനം 'ചെമ്പും സ്വർണ്ണവും' തെളിയട്ടെ. 'തന്ത്ര'ങ്ങൾ മെനഞ്ഞവരും, അത് പരസ്പരം കാതുകളിൽ 'മന്ത്രി'ച്ച്, പിന്നെ ഗൂഡാലോചനകളിലൂടെ 'പോറ്റി'വളർത്തി, പ്രവർത്തികമാക്കിയവരും, ഒക്കെ പിടിയ്ക്കപ്പെടട്ടെ. ഇനി അഥവാ, ഇതിലും ആർക്കെങ്കിലും, എന്തെങ്കിലും ഗൂഢതാത്പര്യങ്ങൾ ഉണ്ട് എങ്കിൽ, അവരും കുടുങ്ങട്ടെ. ഉത്തരവാദികൾ, ആരുതന്നെയായാലും, അവർ ഒന്നടങ്കം അനന്തര ഫലം അനുഭവിയ്ക്കട്ടെ. സ്വാമിയേ അയ്യപ്പാ ... ഒന്നിനേം വിടരുതയ്യപ്പാ...!! [അയ്യോ ... ഈ പാടിയത് 'പാരഡി'യല്ല കേട്ടോ. ഇതൊരു പ്രാർത്ഥനയാണെ പൊന്നയ്യപ്പ..!!] തല്ക്കാലം അതവിടെ നിൽക്കട്ടെ. നമുക്ക്, മറ്റു ചില 'ശബരിമല സ്വർണ്ണ വിചാരങ്ങൾ' ആയാലോ? അയ്യപ്പനെയും, ശബരിമലയെയും ഒക്കെ വിമർശനബുദ്ധ്യാ കാണുന്ന ചിലരെങ്കിലും, പതിവായി ചോദിയ്ക്കുന്ന ഒരു ചോദ്യമുണ്ട്. കാനനവാസിയായ, ഗൃഹസ്ഥനല്ലാത്ത, 'നിങ്ങളുടെ' അയ്യപ്പനെന്തിനാ ഇത്ര വിലയേറിയ ഈ 'തിരുവാഭരണം'? എന്തിനാണ്...