അയ്യപ്പനെന്തിനാ തിരുവാഭരണം ..?

അയ്യപ്പനെന്തിനാ തിരുവാഭരണം ..?

[ അയ്യപ്പ വിശേഷങ്ങൾ -III ]

ഇപ്പോൾ 'അയ്യപ്പനും, സ്വർണ്ണ'വുമാണല്ലോ എവിടെയും ചൂടുള്ള ചർച്ചാവിഷയം. 

അന്വേഷണം അതങ്ങിനെ നടക്കട്ടെ, അവസാനം 'ചെമ്പും സ്വർണ്ണവും' തെളിയട്ടെ.

'തന്ത്ര'ങ്ങൾ മെനഞ്ഞവരും, അത് പരസ്പരം കാതുകളിൽ 'മന്ത്രി'ച്ച്, പിന്നെ ഗൂഡാലോചനകളിലൂടെ 'പോറ്റി'വളർത്തി, പ്രവർത്തികമാക്കിയവരും, ഒക്കെ പിടിയ്ക്കപ്പെടട്ടെ. 

ഇനി അഥവാ, ഇതിലും ആർക്കെങ്കിലും, എന്തെങ്കിലും ഗൂഢതാത്പര്യങ്ങൾ ഉണ്ട് എങ്കിൽ, അവരും കുടുങ്ങട്ടെ.

ഉത്തരവാദികൾ, ആരുതന്നെയായാലും, അവർ ഒന്നടങ്കം അനന്തര ഫലം അനുഭവിയ്ക്കട്ടെ.

സ്വാമിയേ അയ്യപ്പാ ...

ഒന്നിനേം വിടരുതയ്യപ്പാ...!!

[അയ്യോ ... ഈ പാടിയത് 'പാരഡി'യല്ല കേട്ടോ. ഇതൊരു പ്രാർത്ഥനയാണെ പൊന്നയ്യപ്പ..!!]

തല്ക്കാലം അതവിടെ നിൽക്കട്ടെ. നമുക്ക്, മറ്റു ചില 'ശബരിമല സ്വർണ്ണ വിചാരങ്ങൾ' ആയാലോ?

അയ്യപ്പനെയും, ശബരിമലയെയും ഒക്കെ വിമർശനബുദ്ധ്യാ കാണുന്ന ചിലരെങ്കിലും, പതിവായി ചോദിയ്ക്കുന്ന ഒരു ചോദ്യമുണ്ട്.

കാനനവാസിയായ, ഗൃഹസ്ഥനല്ലാത്ത, 'നിങ്ങളുടെ' അയ്യപ്പനെന്തിനാ ഇത്ര വിലയേറിയ ഈ 'തിരുവാഭരണം'? എന്തിനാണ് സന്ന്യസ്തനായ ഒരാൾക്ക് വളരെ ആഘോഷപൂർവ്വം ഇത്തരം 'ലൗകിക-ഭൗതിക-ആടയാഭരണങ്ങൾ' ചാർത്തുന്നത്?

ഒരുവേള, ആ ചോദ്യം ന്യായമാണ്. അല്ലേ ?

അതുകൊണ്ടു തന്നെ, നമുക്കിന്ന് അതിനൊരു ഉത്തരം തേടിയാലോ?

കാനനത്തിൽ നിന്നും പന്തളം രാജാവിന് കിട്ടിയ മണികണ്ഠൻ, ഒരു രാജകുമാരനായിത്തന്നെ ആ കൊട്ടാരത്തിൽ കളിച്ചു വളർന്നു. എല്ലാവരുടെയും ഓമനയായ മണികണ്ഠൻ, ബുദ്ധിശക്തിയിലും, ആയോധനകലകളിലും, ഒക്കെ അതിനിപുണനായിരുന്നു. 

കാനനത്തിൽ നിന്നും കിട്ടിയവനെങ്കിലും, രാജാവിന്റെ അരുമയായിരുന്നു മണികണ്ഠൻ. 

രാജ്ഞിയിൽ പിന്നീട് പിറന്ന സ്വന്തം പുത്രന് പകരം, പ്രായത്തിൽ മൂത്തവനായ മണികണ്ഠനെ യുവരാജാവാക്കണം എന്നായിരുന്നുവത്രേ രാജാവിന്റെ ആഗ്രഹം.

പക്ഷേ, അധികാരം എവിടെയും മത്തുള്ളതാണല്ലോ. അതിന്റെ മായാവലയം ഏറെ ആകർഷണീയവും. 

അത്, അന്നായാലും, ഇന്നായാലും.

തന്റെ സ്വന്തം പുത്രനെ ഏതു വിധേനയും യുവരാജാവാക്കണം എന്ന പൂതി മനസ്സിൽ കയറിയ രാജ്ഞിയാകട്ടെ, മന്ത്രിയുടെ സഹായത്തോടെ അതിനുള്ള കുതന്ത്രങ്ങൾ മെനഞ്ഞു.  

'അസഹനീയമായ' വയറു വേദനയും, അതിനു മരുന്നായ പുലിപ്പാലിന് വേണ്ടി, മണികണ്ഠനെ  കാട്ടിൽ വിട്ടതും മറ്റുമായ, അത്തരം ഒരുപാട് കഥകൾ നമ്മൾ കേട്ടിട്ടുള്ളതാണല്ലോ.

എത്രയൊക്കെ കുതന്ത്രങ്ങൾ റാണി പയറ്റിയിട്ടും, രാജാവ് തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയും, മണികണ്ഠനെ യുവരാജാവായി വാഴിയ്ക്കുവാനുള്ള നടപടികൾ തുടങ്ങുകയും ചെയ്തുവത്രേ. മാത്രവുമല്ല, അതിനുള്ള ആടയാഭരണങ്ങൾ വരെ ഒരുക്കിത്തുടങ്ങി.

എന്നാൽ, ഇതിനിടെ തന്റെ മനുഷ്യാവതാര ലക്‌ഷ്യം പൂർത്തീകരിച്ച അയ്യപ്പനാകട്ടെ, യുവരാജപ്പട്ടം സ്വീകരിയ്ക്കുവാനുള്ള തന്റെ നിസ്സഹായാവസ്ഥ 'പിതാവിനോട്' പറയുകയും, ഒപ്പം താൻ ഉടനെ ഇഹലോകത്തിൽ നിന്നുതന്നെ മടങ്ങും, എന്നറിയിയ്ക്കുകയും ചെയ്തു.

ഇതുകേട്ട രാജാവ്, അതീവ ഖിന്നനായി.

വാത്സല്യനിധിയും, തന്റെ വളർത്തച്ഛനുമായ പന്തളം രാജാവിന്റെ ആ ദുഃഖം, അയ്യപ്പന്റെ മനസ്സിനെയും ആഴത്തിൽ സ്പർശിച്ചു. 

തന്നെ യുവരാജാവായി കാണാനുള്ള പിതാവിന്റെ ആഗ്രഹം മനസ്സിലാക്കിയ  അയ്യപ്പൻ പറഞ്ഞുവത്രേ.

'പിതാവേ.. അങ്ങ് ഇവ്വിധം ഖിന്നനാവേണ്ടതില്ല ... അങ്ങെനിയ്ക്കായി കരുതിവച്ച ആ ആടയാഭരണങ്ങൾ, വർഷത്തിൽ ഒരു ദിവസം, എന്നെ അണിയിച്ചു കൊള്ളുക. സന്ന്യസ്തനാണെങ്കിൽ പോലും, പിതൃതുല്യനായ അങ്ങയുടെ ആ ആഗ്രഹമെങ്കിലും നിറവേറ്റേണ്ടത് മകനായ എന്റെ കർത്തവ്യമാണ്...."

അതുകേട്ട രാജാവ് സന്തോഷവാനായി.

തന്റെ മണികണ്ഠനെ പിരിയേണ്ടി വരുന്നുവെങ്കിലും, താൻ സ്വപ്നം കണ്ട ആ യുവരാജ വേഷത്തിൽ, സർവ്വാഭരണ വിഭൂഷിതനായി, കൊല്ലത്തിൽ ഒരു ദിവസമെങ്കിലും അവനുണ്ടാകുമല്ലോ.

പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൽ (കൃത്യമായി പറഞ്ഞാൽ, പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിന് സമീപമുള്ള സ്രാമ്പിക്കൽ കൊട്ടാരത്തിൽ) സൂക്ഷിക്കുന്ന ആ ആഭരണങ്ങളത്രേ, നമുക്ക് പരിചിതമായ ആ 'തിരുവാഭരണം'. ഇവ മകരവിളക്ക് ദിവസം, ആഘോഷമായി ശബരിമലയിലെത്തിക്കുകയും, ശേഷം അയ്യപ്പവിഗ്രഹത്തിൽ ചാർത്തുകയും ചെയ്യും.

ഓരോ വർഷവും, മകരവിളക്ക് ദിനത്തിൽ, ഇങ്ങനെ തിരുവാഭരണങ്ങൾ അയ്യപ്പ വിഗ്രഹത്തിൽ അണിയിക്കുന്നതോടെയാണ്, അന്നത്തെ ദീപാരാധന നടത്തുന്നതും, മകരജ്യോതി തെളിയുന്നതും.

തീർത്ഥാടനകാലത്ത് (സാധാരണയായി നവംബർ രണ്ടാം ആഴ്ച മുതൽ ഘോഷയാത്രാ ദിവസത്തിന്റെ തലേന്ന് വരെ), തിരുവാഭരണവും പേടകങ്ങളും സ്രാമ്പിക്കൽ കൊട്ടാരത്തിലും, ഘോഷയാത്രാ ദിവസം, വലിയകോയിക്കൽ ക്ഷേത്രത്തിലും, ദർശനത്തിനായി ലഭ്യമാക്കുന്നു.

ശേഷം, ഓരോ തീർത്ഥാടന കാലത്തിന്റെയും അവസാനത്തിൽ, പവിത്രമായ ആ ആഭരണങ്ങൾ അടങ്ങിയ പേടകങ്ങൾ വഹിച്ചുകൊണ്ട്, ഒരു ഘോഷയാത്ര ശബരിമലയിലേക്ക് പോകുന്നു. ആ ദിവസം ഉച്ചയ്ക്ക് ഏതാണ്ട് 1 മണിയോടെ, ഒരു ശ്രീകൃഷ്ണ പരുന്ത് ക്ഷേത്രത്തിന് മുകളിൽ പ്രദക്ഷിണം വയ്ക്കുന്നത് കാണാം. ഇത് ഘോഷയാത്ര ആരംഭിക്കുന്നതിനുള്ള ഒരു ശകുനമായി കണക്കാക്കപ്പെടുന്നു. ഈ ശ്രീകൃഷ്ണ പരുന്ത്, ഘോഷയാത്രയെ അനുഗമിക്കുന്ന ഗരുഡനാണെന്നും, ഭക്തർ വിശ്വസിക്കുന്നു. 

ഏതാണ്ട് 83 കിലോമീറ്റർ നീളുന്ന, ശബരിമലയിലേക്കുള്ള ഈ തിരുവാഭരണ ഘോഷയാത്ര, കാൽനടയായി, പരമ്പരാഗത പാതയിലൂടെയാണ് നടത്തുന്നത്.

ചില പരമ്പരാഗത ആചാരങ്ങൾ, പന്തളം രാജാവ് ശബരിമലയിലേക്ക് യാത്ര ചെയ്യുന്നത് വിലക്കുന്നു. പകരം, അദ്ദേഹം തന്റെ കുടുംബത്തിൽ നിന്ന് മറ്റൊരാളെ, പ്രതിനിധിയായി ഘോഷയാത്രയെ അനുഗമിക്കാൻ നിർദ്ദേശിക്കുന്നു. ഈ പ്രതിനിധി, ഒരു പല്ലക്കിൽ തിരുവാഭരണ ഘോഷയാത്രയെ പിന്തുടരുന്നു. 

ഇവിടെയും ഒരു ചോദ്യമുണ്ട്. 

നമ്മൾ മുൻപ് പറഞ്ഞ ആ ഐതിഹ്യം ശരിയാണെങ്കിൽ, അതായത് തിരുവാഭരണം അണിഞ്ഞ് അയ്യപ്പനെ കാണാൻ കൊതിച്ച ആ രാജാവ്, എന്തുകൊണ്ടാണ് നേരിട്ട് ശബരിമലയിലേയ്ക്ക് പോകാത്തത് എന്ന്. അല്ലേ ?

പ്രധാനമായും, രണ്ടു കാരണങ്ങളത്രെ ഇതിനു പിന്നിൽ. 

1. അയ്യപ്പന്റെ പിതൃസമാനനായ രാജാവ്, ഒരു തീർത്ഥാടകൻ മാത്രമായി ശബരിമലയിൽ വരുന്നതിന്റെ, ആചാരപരമായ അഭംഗി അഥവാ ബുദ്ധിമുട്ട്.

2. മേൽപ്പറഞ്ഞതു പോലെ, അയ്യപ്പന്റെ പിതൃതുല്യനായ രാജാവ്, ശബരിമല സന്നിധിയിൽ എത്തിയാൽ, ധ്യാനനിമഗ്നനായ അയ്യപ്പൻ എഴുന്നേറ്റ് താഴെയിറങ്ങി, അദ്ദേഹത്തിന് സമീപത്തെത്തി, വണങ്ങേണ്ടി വരും. 

മറ്റൊരു തരത്തിൽ പറഞ്ഞാൽ, തന്റെ 'വളർത്തച്ഛനായ' പന്തളം രാജാവ്, അത്രയേറെ ദൂരം യാത്ര ചെയ്ത്, കഠിനമായ ആ മലകൾ കയറിയെത്തി, ഏറെ ക്ഷീണിതനായി, ഒരു ഭക്തനെപ്പോലെ, തന്റെ മുൻപിൽ വണങ്ങി നിൽക്കുന്നത് പുത്രൻ എന്ന നിലയിൽ അയ്യപ്പൻ ആഗ്രഹിയ്ക്കുന്നില്ല. മറിച്ച്, അദ്ദേഹത്തിന്റെ വിളിപ്പുറത്ത്, എപ്പോഴും താൻ ഉണ്ടാകുന്നതാണ് ശരിയായ പുത്രധർമ്മം, എന്നതത്രെ അയ്യപ്പന്റെ മതം.

പ്രിയപ്പെട്ടവരെ,

ഇപ്പോൾ നമ്മൾ ആദ്യം സൂചിപ്പിച്ച ആ 'ചോദ്യ'ത്തിനുള്ള ഉത്തരം പൂർണ്ണമായല്ലോ?

സ്വാമിയേ ...ശരണമയ്യപ്പാ ...!!

=================

സ്നേഹപൂർവ്വം 

ബിനു മോനിപ്പള്ളി 

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

 

 

പിൻകുറിപ്പ്:

*മൂന്നു പെട്ടിയിലാണ് തിരുവാഭരണം ശബരിമലയിലേയ്ക്ക് കൊണ്ടുപോകുന്നത്.

പെട്ടി ഒന്ന്
    തിരുമുഖം
    പ്രഭാമണ്ഡലം
    വലിയ ചുരിക
    ചെറിയ ചുരിക
    ആന
    കടുവ
    വെള്ളി കെട്ടിയ വലംപിരി ശംഖ്
    ലക്ഷ്മി രൂപം
    പൂന്തട്ടം
    നവരത്നമോതിരം
    ശരപൊളി മാല
    വെളക്കു മാല
    മണി മാല
    എറുക്കും പൂമാല
    കഞ്ചമ്പരം

പെട്ടി 2
    കലശത്തിനുള്ള തൈലക്കുടം
    പൂജാപാത്രങ്ങൾ

പെട്ടി 3
    കൊടിപ്പെട്ടി
    നെറ്റിപ്പട്ടം
    ജീവത
    കൊടികൾ
    മെഴുവട്ടക്കുട

അവലംബം: വിവിധ ഹിന്ദുപുരാണങ്ങൾ, വിക്കിപീഡിയ, പുരാണിക് എൻസൈക്ലോപീഡിയ, വാമൊഴിക്കഥകൾ. 

പിൻകുറിപ്പ്: ഒരു പക്ഷേ, തിരുവാഭരണവുമായി ബന്ധപ്പെട്ട് മറ്റു വിശ്വാസകഥകളും പല നാടുകളിൽ പറയുന്നുണ്ടാവാം.

 

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]

പഴമയെ നെഞ്ചേറ്റുന്നൊരാൾ [യാത്രാ വിവരണം]