പഴമയെ നെഞ്ചേറ്റുന്നൊരാൾ [യാത്രാ വിവരണം]
[യാത്രാ വിവരണം]
പ്രിയപ്പെട്ടവരേ....
ഇത്തവണ നമ്മൾ പറയാൻ പോകുന്നത് ഈ പുതുവർഷത്തിലെ (2022) നമ്മുടെ ആദ്യ യാത്രയെക്കുറിച്ചാണ്.
പക്ഷെ, അതിലേയ്ക്ക് വരണമെങ്കിൽ, ഏതാണ്ട് അഞ്ചുവർഷങ്ങൾക്ക് മുൻപ്, ഞങ്ങൾ നടത്തിയ മറ്റൊരു യാത്രയെക്കുറിച്ച് ആദ്യം പറയണം. 2016 നവംബറിൽ, ഞങ്ങൾ നാല് സുഹൃത്തുക്കൾ ചേർന്ന് ഒരു രാമേശ്വരം-ധനുഷ്‌കോടി യാത്ര നടത്തിയിരുന്നു. ഏറെ രസകരവും, ഒപ്പം കുറച്ച് സാഹസികവുമായിരുന്ന ആ യാത്രയുടെ വിവരണം, ജനുവരി-11-2017 ലെ മാതൃഭൂമി ദിനപത്രത്തിൽ, "മൃതനഗരത്തിലേയ്ക്കൊരു കര-കടൽ യാത്ര" എന്ന തലക്കെട്ടോടെ അച്ചടിച്ചു വരികയും ചെയ്തു.
https://binumonippally.blogspot.com/2016/12/blog-post.html
അതു വായിച്ച് ഇഷ്ടമായ ഒരു വായനക്കാരൻ, സ്വന്തം കൈപ്പടയിൽ ലേഖനത്തിൽ നിന്നും കിട്ടിയ അപൂർണ്ണമായ അഡ്രസിലേയ്ക്ക്, ആ എഴുത്തുകാരന് ഒരു കത്തയയ്ക്കുന്നു. കുറെയേറെ പോസ്റ്റ് ഓഫീസുകൾ കറങ്ങിത്തിരിഞ്ഞ്, എന്തായാലൂം ആ കത്ത് അവസാനം ഭദ്രമായി എന്റെ കൈകളിലെത്തി. അപ്പോൾ തന്നെ അതിൽ കൊടുത്തിരുന്ന മൊബൈൽ നമ്പറിൽ വിളിച്ച്, ശ്രീ. മുരളീധരൻ സാറിനെ പരിചയപ്പെട്ടു.
അങ്ങിനെയിരിക്കുമ്പോഴാണ്, ഈ കഴിഞ്ഞ വർഷം (2021) നവംബറിൽ, നമ്മുടെ ബ്ലോഗ് പേജിൽ പ്രസിദ്ധീകരിച്ച "പങ്കുവയ്ക്കലിന്റെ ആദ്യപാഠം" എന്ന ആ ഓർമ്മക്കുറിപ്പ് വായിച്ച അദ്ദേഹം, വീണ്ടും എന്നെ വിളിച്ചത്. ഒപ്പം തന്നെ, ഏറെ പഴയ തന്റെ തറവാട് വീടിനെ കുറിച്ചും, പിന്നെ ഓർമ്മക്കുറിപ്പിൽ ഞാൻ പ്രതിപാദിച്ച ആ ബാല്യത്തോട് ഏറെ സാമ്യം പുലർത്തുന്ന, തന്റെ സ്വന്തം ബാല്യത്തെക്കുറിച്ചുമൊക്കെ ഏറെ വാചാലനാകുകയും ചെയ്തു.
https://binumonippally.blogspot.com/2021/11/blog-post_26.html
പഴമ ഒട്ടും ചോരാതെ കാക്കുന്ന ആ പൈതൃക ഭവനം, ഒന്നു കാണുന്നത് ഇനിയും താമസിപ്പിയ്ക്കാൻ ആകില്ല എന്നത് കൊണ്ടുതന്നെ, ഞങ്ങൾ ഈ പുതുവർഷത്തിലെ ആദ്യയാത്ര ആ തറവാട്ട് വീട്ടിലേക്കാക്കി. അതും കുടുംബസമേതം, ചില സുഹൃത്തുക്കൾക്കുമൊപ്പം.
ആ കാഴ്ച്ചവിരുന്ന് നമുക്ക് ഒരുമിച്ചാസ്വദിയ്ക്കാം. എന്താ?
അനന്തപുരിയുടെ, വീർപ്പു മുട്ടിയ്ക്കുന്ന ആ തിരക്കുകൾക്കിടയിൽ നിന്നും, ഏതാണ്ട് 30 കിലോമീറ്റർ അകലേയ്ക്കുപോയാൽ നമ്മൾ ഈ തറവാട്ടിലെത്തും. നെയ്യാറ്റിൻകരയ്ക്കടുത്ത്, ശ്രീ നാരായണഗുരുവിന്റെ പേരിൽ ഏറെ പ്രശസ്തമായ ആ അരുവിപ്പുറം ക്ഷേത്രത്തിൽ നിന്നും ഏതാണ്ട് മൂന്നു കിലോമീറ്ററുകൾ മാത്രം അകലെയുള്ള, 'പെരുങ്കടവിള' എന്ന മലയോര ഗ്രാമത്തിൽ.
നീളമേറിയതെങ്കിലും, ഒട്ടും ബോറടിയ്ക്കാത്ത യാത്ര. കാരണം, വഴിയുടെ ഇരു വശങ്ങളിലും തണൽ വിരിച്ച് ധാരാളം മരങ്ങൾ; പിന്നെ ഇടയ്ക്ക് സംശയം ചോദിച്ചപ്പോഴൊക്കെ, നിറഞ്ഞ ചിരിയോടെ കൃത്യമായ വഴിപറഞ്ഞു തരുന്ന, നന്മയുള്ള നാട്ടിൻപുറത്തുകാർ.
ഇരുവശങ്ങളും നിറഞ്ഞു നിൽക്കുന്ന റബർമരങ്ങൾക്കിടയിലൂടെയുള്ള ആ യാത്രയിൽ, ആ പാവം 'റബറുങ്ക'യുടെ ആത്മ ഗദ്‌ഗദം, അറിയാതെയൊന്ന് കാതിലേക്കെത്തി.
https://binumonippally.blogspot.com/2022/01/blog-post.html
അപൂർവ്വമായ കാവിക്കളർ ചെമ്പരത്തി സ്വാഗതമോതുന്ന മുഖ്യ കവാടത്തിന് ഇടതുവശത്തായി, നിറയെ പൂത്തു നിൽക്കുന്ന ഒരു അശോകമരം. പിന്നെ, മുറ്റത്ത് ഞങ്ങളെയും കാത്ത് ചിരിയോടെ മുരളീധരൻ സാർ.
കാന്താരി മുളകും, കറിവേപ്പിലയും ചതച്ചിട്ട നല്ലൊരു സംഭാരം, യാത്രയുടെ ആ ചൂടിനെയും ക്ഷീണത്തെയും ഒക്കെ ക്ഷണത്തിൽ ദൂരെയകറ്റി. കൂടെ സ്വന്തം തൊടിയിൽ നിന്നും വെട്ടി വച്ച്, പാകത്തിന് പഴുപ്പിച്ച കുറച്ച് പാളയംകോടൻ പഴങ്ങളും.
പുതിയ റോഡുവന്നതിനാൽ, നമ്മൾ ആ മുഖ്യകവാടം കടന്നെത്തുന്നത് ഈ തറവാടിന്റെ പുറകുവശത്താണ് കേട്ടോ. നമുക്ക് മുൻവശത്തേയ്ക്കു പോകാം.
പിൻമുറ്റത്തു തന്നെ, കിണറിനോടുചേർന്നുള്ള ഈ കിടപ്പുമുറി വിശാലമാണ്. മുറിയോട് ചേർന്നുള്ള വലിയ കുളിമുറിയിലേയ്ക്ക്, തൊട്ടടുത്ത കിണറിൽ നിന്നും 'കപ്പിയും തൊട്ടിയും' ഉപയോഗിച്ച് വെള്ളം കോരി നിറയ്ക്കാൻ, ഭിത്തിയിൽ തന്നെയുള്ള ആ ചെറിയ ഓവ്. ആ ഓവിൽ തുടങ്ങുകയായി നമ്മുടെ പൈതൃകഭവന കാഴ്ചകൾ.
വലതുവശത്തെ മുറ്റത്ത്, അഴകളിൽ നിറഞ്ഞു കിടക്കുന്ന റബ്ബർ ഷീറ്റുകൾ. ഇപ്പോൾ മുൻവശത്തായി നേരെ കാണുന്നത് ശരിയ്ക്കും പറഞ്ഞാൽ ആ പഴയ വീടിന്റെ തൊഴുത്താണ് (എരിത്തിൽ) കേട്ടോ. ഇപ്പോൾ അതിന്റെ താഴത്തെ നിലയിൽ പഴയ വലിയൊരു പത്തായം സൂക്ഷിച്ചിരിയ്ക്കുന്നു. മുകളിലെ നിലയിലാകട്ടെ, കാറ്റും വെളിച്ചവും തട്ടി, റബ്ബർ ഷീറ്റുകൾ ഉണക്കാനുള്ള ക്രമീകരണങ്ങളും.
ഇതാ, ഇതാണ് വീടിന്റെ ദർശന വശം അഥവാ മുൻവശം. അകത്തേയ്ക്കുള്ള വായു-വെളിച്ച സഞ്ചാരത്തിനു വേണ്ടി, ഒട്ടേറെ ജനലുകളും വാതിലുകളും ഈ വശത്ത് കാണാം.
ഒരു കാര്യം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. 'പഞ്ചവാതിൽ' അഥവാ 'പഞ്ചപടികൾ' എന്ന പഴയ ആ തച്ചുശാസ്ത്രരീതി വച്ചാണ് ഈ തറവാടിന്റെ നിർമ്മിതി. അതായത്, കിഴക്കു നിന്നും പടിഞ്ഞാറേയ്ക്ക് ഒരേ നിരയിൽ അഞ്ചു വാതിലുകൾ. അതേ പോലെ തന്നെ, തെക്കു നിന്നും വടക്കോട്ടേയ്‌ക്കും.
അകത്തേയ്ക്കു കടന്നാൽ പിന്നെ, ഇടതും വലതുമായി, മുറികളുടെ ഒരു കൂട്ടമാണ്. പല വലിപ്പമുള്ള മുറികൾ. എല്ലാത്തിന്റെയും മുകൾഭാഗത്ത്, പഴയ പലകയിൽ തീർത്ത മച്ച്. അതിനാൽ തന്നെ, കത്തുന്ന പുറംവെയിലിലും വീടിനുള്ളിൽ മുഴുവൻ എസിയുടേതിന് സമാനമായ കുളിർമ്മ.
എല്ലാ മുറികളുടെയും മൂലകളിൽ, ഒട്ടേറെ പഴയ ശില്പങ്ങളും, കളിമൺ പാത്രങ്ങളും, ഫലകങ്ങളുമൊക്കെ അടുക്കി വച്ചിരിയ്ക്കുന്നു.
ഇതാ ..ഇതാണ് കാൽപ്പെട്ടി. നാലുകാലുകളുള്ള, അകത്ത് ഒട്ടേറെ അറകളുള്ള, പിച്ചള അലങ്കാരങ്ങൾ ചന്തം ചാർത്തിയ പെട്ടി. പണ്ട് ആഭരണങ്ങളും, ആധാരങ്ങളും ഒക്കെ സൂക്ഷിച്ചിരുന്ന ആ നിധിപ്പെട്ടി.
ചേർന്നു കാണുന്നതാകട്ടെ, ചില പഴയകാല ഇരിപ്പിടങ്ങൾ.
അടുത്ത മുറിയിൽ, ഇതാ ഈ കാണുന്നതാണ് 'മേക്കട്ടി'. പായയും തുണികളും ഒക്കെ സൂക്ഷിയ്ക്കാൻ വേണ്ടി, പണ്ട് കാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഒരുതരം മേൽത്തട്ട്.
ഇത് നമ്മൾ ആദ്യം വന്ന, വീടിന്റെ ആ പുറകു വശം. അവിടെ നിന്നും വലത്തേക്ക് തിരിഞ്ഞാൽ നീണ്ട ഒരു ഇടനാഴി.
ഏറെ പഴയ കളിമൺ പാത്രങ്ങൾ, മണ്ണിൽ തീർത്ത ചില മൃഗരൂപങ്ങൾ, പറ, പഴയ ചീന ഭരണികൾ, നിലവിളക്കുകൾ, തടിയിൽ തീർത്ത ശില്പങ്ങൾ, അലമാരകൾ ഇവയൊക്കെ, ഇവിടെ ക്രമീകരിച്ചിരിയ്ക്കുന്നു.
ഇവിടെ നിന്നും നമ്മൾ എത്തുന്നത്, ഭിത്തികൾ ഏതാണ്ട് പകുതിയോളവും കരിങ്കല്ലിൽ തീർത്ത, ഒരു മുറിലേക്കാണ്. അതിനാൽ തന്നെ അതിനുള്ളിൽ തണുപ്പാർന്ന ഒരു സുഖം.
നേരെ കാണുന്നതാണ് അടുക്കള. പഴയ ആ അടുക്കള ചെറുതായൊന്നു പുതുക്കിയെടുത്തപ്പോൾ, സൗകര്യത്തിനായി ചില സ്ലാബുകൾ തീർത്ത്, അതിൽ മാർബിൾ ഇട്ടിരിയ്ക്കുന്നു, എന്നതൊഴിച്ചാൽ, മറ്റെല്ലാം ആ പഴയ രീതിയിൽ തന്നെ.
മേൽത്തട്ടിൽ നിന്നും തൂങ്ങിയാടുന്ന ഉറി, സാധനങ്ങൾ അടുക്കാൻ മരത്തിൽ തീർത്ത പല നിരകളായുള്ള തട്ടുകൾ, പഴയ ആ അരകല്ലും അമ്മിക്കല്ലും, പിന്നെ അത്ര പരിചിതമല്ലാത്ത ആകൃതിയിലുള്ള ചിരവ ...ഇവയാലൊക്കെ സമൃദ്ധമാണ് ഇന്നും നമ്മുടെ ഈ അടുക്കള. കേട്ടോ.
അവിടെ നിന്നും മുന്നോട്ടു പോയാൽ, വീതി കുറഞ്ഞ് നീളമേറിയ മറ്റൊരു ഇടനാഴി. അതിന്റെ വലത്തേയറ്റത്തായി കാണുന്ന ആ വാതിൽ തുറക്കുന്നത് അതിവിശാലമായ ഒരു ബാത്റൂമിലേക്കാണ്. ഒരു വശത്തെ ഭിത്തി മുഴുവനായും കണ്ണാടി പതിപ്പിച്ച ഒരു ബാത്‌റൂം.
വീണ്ടും മുന്നോട്ടു പോയാൽ, മറ്റൊരു മുറിയിലേക്കാണ് നമ്മൾ എത്തുക. നീളവും വീതിയുമേറിയ വലിയ ഒരു മുറി. ഭിത്തികൾ കെട്ടിമറയ്ക്കാതെ, ഇരുമ്പു പൈപ്പുകൾ കൊണ്ട് അഴികളിട്ട്, സുരക്ഷിതമാക്കിയിരിയ്ക്കുന്നു ഇവിടം.
ചെറുതും വലുതുമായ പന്ത്രണ്ട് മുറികളാൽ സമ്പന്നമായ, താഴത്തെ നിലയിലെ ഈ കാഴ്ചകൾ കണ്ടുതീർന്നെങ്കിൽ, നമുക്കൊന്ന് മുകൾ നിലയിലേയ്ക്ക് പോയാലോ?
ഇവിടെ, നമ്മെ സ്വാഗതം ചെയ്യുന്നത് ഒരു 'ഓപ്പൺ എയർ' കൂടാരമാണ്. തടിയിൽ തീർത്ത മേൽക്കൂരയിൽ, പഴയ ഓടുകൾ മേഞ്ഞു മനോഹരമാക്കിയ ഒരു കൂടാരം. അകത്താവട്ടെ, പഴയ ആ ഇരിപ്പിടങ്ങൾ അതേ പോലെ സൂക്ഷിച്ചിരിയ്ക്കുന്നു. കസേരകളും, സോഫയും, ചാരുകസേരയുമൊക്കെ.
പിന്നെ പല നിറങ്ങൾ പൂശിയ ഈ ഗോളങ്ങൾ കണ്ടോ? അതൊന്നും സിമന്റിൽ തീർത്തതല്ല കേട്ടോ. പഴയ മൺകുടങ്ങളും, കലങ്ങളും ഒക്കെ പെയിന്റ് ചെയ്തു ഭംഗിയാക്കിയിരിയ്ക്കുന്നതാണ്. ഏതാണ്ട്, എല്ലാ മുറികളിലും, വശങ്ങളിലെ ഭിത്തികൾക്ക് മുകളിൽ നിങ്ങൾക്കിത്തരം നിരവധി കുടങ്ങൾ കാണാം.
പിന്നെ, കൂടാരത്തിന്റെ മധ്യത്തിലുള്ള ഈ തൂണ് കണ്ടോ? പഴയ കാല കാളവണ്ടിയുടെ നുകത്തിൽ തീർത്തതാണിവനെ. കാതലാണവൻ ... തനി കാതൽ.
കൂടാരത്തിൽ നിന്നിറങ്ങിയാൽ നമ്മൾ നേരെ പ്രവേശിയ്ക്കുന്നത്, തായ്പ്പുരയുടെ മച്ചിലേക്കാണ്. അറയും-നിരയും ശൈലിയിൽ ഭിത്തികൾ തീർത്ത മച്ച്. അതങ്ങിനെ അതിവിശാലമായി കിടക്കുന്നു. ഏതാണ്ടൊരു 'മണിച്ചിത്രത്താഴ്' പ്രതീതി. അറിയാതെ നമ്മൾ ചുറ്റിനുമൊന്നു പരതും. മറ്റാരെയുമല്ല. ആ നാഗവല്ലിയെ. ആളാണെങ്കിൽ, അല്ലിയ്ക്ക് ആഭരണം എടുക്കാൻ പുറത്തേക്കെങ്ങും പോയിട്ടുമില്ലല്ലോ.
കാറ്റും വെളിച്ചവും ധാരാളം കടന്നു വരാനായി, അനേകം ജനാലകൾ ഇവിടെയും തീർത്തിരിയ്ക്കുന്നു. ബാക്കിയുള്ള സ്ഥലത്താവട്ടെ മിക്കവാറും മരത്തിൽ തീർത്ത അഴികളും.
പഴയ ആ തറവാടിന്റെ ഉയരം കുറഞ്ഞ മച്ച്, പുരാതനമായ മറ്റൊരു തറവാട് 'മോഹവിലയ്ക്കു' വാങ്ങി, പിന്നെ ആ കഴുക്കോലുകളും പട്ടികയുമൊക്കെ ഉപയോഗിച്ച് ഉയരം കൂട്ടിയതാണ് കേട്ടോ. അതൊരു ഭഗീരഥ പ്രയത്നം തന്നെയായിരുന്നു എന്ന്, ഇന്നിത് കാണുമ്പോൾ നമുക്ക് മനസ്സിലാകും.
തനിക്കാതലിൽ തീർത്ത ആ മേൽക്കൂരയുടെ ഭംഗി നോക്കുക.
താഴത്തെ നിലയിൽ നിന്നും അകത്തു കൂടി തന്നെ മുകളിലേയ്ക്കെത്താനുള്ള, ആ മരഗോവണി തുറക്കുന്ന സ്ഥലമാണിത്. നമ്മുടെ ആ മീശ മാധവൻ സിനിമയിൽ ഇതുപോലൊരെണ്ണം കണ്ടത് നിങ്ങൾക്ക് ഓർമ്മയില്ലേ?
ഇനി, ഇത്രയും നേരം പഴമയുടെ കാഴ്ച്ചകൾ മാത്രമാണല്ലോ കണ്ടത്, എന്നൊരു പരാതി നിങ്ങളിൽ ആർക്കെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ, ദേ അവർക്കു വേണ്ടി ഇത്തിരി പുതുമയും കാത്തുവച്ചിട്ടുണ്ട് ഇവിടെ. ഇതൊന്നു നോക്കൂ.
പത്തോ അൻപതോ ആളുകൾക്ക് സുഖമായി ഒരുമിച്ചു കൂടാൻ പറ്റുന്ന തരത്തിൽ, ഒരു നെടുങ്കൻ മട്ടുപ്പാവ്. കാറ്റുകൊണ്ട് ആടാൻ അതിലൊരു ആട്ടുതട്ട് ... നീളൻ ഇരിപ്പിടങ്ങൾ ... അതിവിശാലമായ ഒരു ബാത്‌റൂം...... ഹരിതാഭമായ പുറം കാഴ്ച്ചകൾ ... ആ കാഴ്ചകളെ തെല്ലും മറയ്ക്കാത്ത വിധം ചുറ്റിനും അഴികൾ തീർത്തു സുരക്ഷിതവുമാക്കിയിരിയ്ക്കുന്നു .....
ആഹാ ... ആനന്ദലബ്‌ധിയ്ക്കിനിയെന്തു വേണം?
അപ്പോ... നമ്മുടെ ഈ യാത്ര മൊത്തത്തിൽ എങ്ങിനെ?
പെർഫെക്റ്റ് ഒക്കെ അല്ലേ അളിയാ? ☺
വിസ്താരഭയത്താൽ, വളരെ വേഗത്തിൽ തന്നെ നമ്മൾ പറഞ്ഞു പോയതാണ് ഇവിടുത്തെ കാഴ്ച്ചകൾ, കേട്ടോ . ശരിയ്ക്കും, നമ്മൾ അറിയാതെ കൊതിച്ചു പോകും ഈ വീട്ടിൽ കുറച്ചു ദിവസങ്ങൾ ഒന്നു കഴിയാൻ .... ഈ കാറ്റും, ഈ കുളിർമ്മയും ഒക്കെ ആസ്വദിച്ച്, മുകൾ നിലയിലെ ആ കൂടാരത്തിൽ, ആ ചാരുകസേരയിൽ കാലുകളുയർത്തി നീട്ടിവച്ച് ഒന്ന് കിടക്കാൻ ....കണ്ണുകളടച്ച്....
എന്നിട്ട് മറ്റാരുമറിയാതെ, സ്വന്തം മനോരാജ്യ രഥമേറി, നമ്മുടെ ആ ഗൃഹാതുര ബാല്യത്തിലൂടെ, ഒരിയ്ക്കൽ കൂടി ഒന്ന് ചുറ്റി സഞ്ചരിയ്ക്കാൻ ....
കാഴ്ചകൾ എല്ലാം കണ്ടു തീർന്നപ്പോൾ, ആ വിശേഷങ്ങൾ പറഞ്ഞു നിർത്തിയപ്പോൾ, നിങ്ങൾ വിചാരിയ്ക്കുന്നുണ്ടാകും ഈ പറഞ്ഞ മുരളീധരൻ സാറിനെ മാത്രം ഇതുവരെ ഒന്ന് കാണിച്ചില്ലല്ലോ എന്ന്. അല്ലേ?
ഇതാ... ഇതാണ് ഈ പൈതൃക ഭവനത്തിന്റെ ഉടമ, മുരളീധരൻ സാർ. പി. എസ് സി യിലെ ഏറെ വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച്, തന്റെ ആ 'റിട്ടയർമെന്റ്' കാലത്തിനെ ഏറെ ഫലപ്രദമായി വിനിയോഗിയ്ക്കുന്ന, ഒരു പക്കാ നാട്ടിൻപുറത്തുകാരൻ. ഏതൊരു നാട്ടിൻപുറത്തിന്റെയും സ്വതഃസിദ്ധമായ, ആ വിനയവും ലാളിത്യവും, തന്റെ സംസാരത്തിലും പെരുമാറ്റത്തിലും നിറച്ച, സൗമ്യനായ ഈ തറവാട്ട് കാരണവർ. എന്റെ ആ പ്രിയപ്പെട്ട വായനക്കാരൻ .....
കഴിഞ്ഞ പത്തു വർഷത്തിലേറെയായി, ഏറെ സമയമെടുത്താണ് അദ്ദേഹം തന്റെ ആ പഴയ തറവാടിനെ, അതിന്റെ പഴമ തെല്ലും ചോരാതെ, ഈ രീതിയിൽ ഒരുക്കിയെടുത്തത് എന്നു പറഞ്ഞാൽ, നിങ്ങൾ വിശ്വസിയ്ക്കുമോ?
ഇപ്പോഴും അദ്ദേഹം പറയുന്നത്, ഇനിയും ചില പണികൾ കൂടി ബാക്കിയാണ്. അതും കൂടി കഴിഞ്ഞിട്ടു വേണം ഇവയെല്ലാം ഒന്നുകൂടി ഒന്ന് അടുക്കിപ്പെറുക്കി ഭംഗിയാക്കാൻ എന്നാണ്.
എന്തായാലും ഒന്ന് പറയാം. രാവിലെ ഏതാണ്ട് പതിനൊന്നു മണിയോടെ ഈ വീട്ടിൽ എത്തിയ ഞങ്ങൾ, വൈകുന്നേരമായത് അറിഞ്ഞതേയില്ല. അതിനിടയിൽ, എല്ലാവരും കൂടിയുള്ള ഉച്ചഭക്ഷണം. അതും നാടൻ കപ്പ പുഴുങ്ങിയതും, മീൻകറിയും, പിന്നെ മുളകരച്ചതും. ഇനി കപ്പ വേണ്ടാത്തവർക്കായി, നല്ല ഒന്നാംതരം 'ഹോം മെയ്ഡ്' ദം ബിരിയാണിയും.
ഒരു കാര്യം പറയാൻ മറന്നു കേട്ടോ. നല്ലൊരു സംഗീതാസ്വാദകൻ കൂടിയാണ് നമ്മുടെ മുരളീധരൻ സാർ. അതുകൊണ്ട് തന്നെ, ഇവിടെ ഏതാണ്ട് എല്ലാ മുറികളിലും, മുഴുവൻ സമയവും എഫ്എം റേഡിയോയിൽ നിന്നുള്ള ആ പഴയ മലയാളം പാട്ടുകൾ ഇങ്ങനെ അലയടിച്ചു കൊണ്ടേയിരിയ്ക്കും.
അറിയാതെ നമ്മളും കൂടെ പാടും ... 'സ്വപ്നത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിളയും ഗ്രാമം....".
ഈ യാത്രാവിവരണത്തിന്റെ, കൂടുതൽ മനോഹരമായ വീഡിയോ പതിപ്പ്, അധികം താമസമില്ലാതെ നിങ്ങൾക്കു മുന്നിൽ എത്തിയ്ക്കുന്നതാണ്. ഒരൽപ്പം കാത്തിരിയ്ക്കുക ....!!
******
- ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
പിൻകുറിപ്പ്:
1. വെറുംവാക്കുകളിൽ മാത്രമല്ലാതെ, 'പഴമയെ നെഞ്ചേറ്റുന്നൊരാൾ' എങ്ങിനെയാവണം തന്റെ പ്രവൃത്തിയിലൂടെ അതു കാണിയ്ക്കേണ്ടത്, എന്നതിന് ഉത്തമ ഉദാഹരണമാണ്, ഈ പൈതൃക ഭവനവും, ഇതിന്റെ ഉടമയും.
2. ഒരുപക്ഷേ ഒട്ടുമിക്ക സർക്കാർ ജീവനക്കാർക്കും ഒരു പേടിസ്വപ്നമായ ആ 'റിട്ടയർമെന്റ്' കാലം, ലവലേശം വിരസമാകാതെ, എങ്ങിനെയാണ് ഫലപ്രദവും സന്തോഷകരവുമാക്കുന്നത് എന്നതിനും നല്ലൊരു ഉദാഹരണമത്രേ ഈ പുരാതന വീടും പിന്നെ ഈ വീട്ടുകാരണവരും.
3. ഇനി ഞാൻ ഇത്രയുമൊക്കെ പറഞ്ഞപ്പോൾ, നിങ്ങൾക്കും ഇവിടെ ഒരു ദിവസം ചിലവഴിയ്ക്കണം എന്നു തോന്നുന്നോ? അതും കുടുംബത്തോടോ കൂട്ടുകാരോടോ ഒപ്പം? നഗരത്തിന്റെ ആ മടുപ്പിയ്ക്കുന്ന തിരക്കിൽ നിന്നും ഒഴിഞ്ഞ്, ഗ്രാമത്തിന്റെ ഈ സുഖിപ്പിയ്ക്കുന്ന നിശബ്ദതയിൽ? ഉണ്ടെങ്കിൽ ...? വഴിയുണ്ട് .... പഴമയെ ഇഷ്ടപ്പെടുന്നവർക്കായി, അവരുടെ ഒത്തുചേരലിനായി, ഇവിടം ഒരു ദിവസത്തേയ്ക്ക് വിട്ടു നല്കാൻ, സാർ തയ്യാറാണ്. ഇനി, വേണമെങ്കിൽ നിങ്ങൾക്ക് സ്വയം ഭക്ഷണം പാചകം ചെയ്യുന്നതിനായി, ആ ദിവസം ഇവിടുത്തെ ഈ അടുക്കളയും, അനുബന്ധ വസ്തുക്കളും ഉപയോഗിയ്ക്കുകയും ചെയ്യാം. എന്താ? അദ്ദേഹത്തെ ബന്ധപ്പെടാൻ ഉള്ള നമ്പർ, താല്പര്യമുള്ളവർക്ക് നൽകുന്നതാണ്. എന്നാൽ ഇവിടെ 'കമെന്റ്' ചെയ്തോളൂ.... ആദ്യം വരുന്നവർക്ക് ആദ്യം ..... !!☺
4. ഇനി ഒരു സ്വകാര്യ സന്തോഷം കൂടി, ഒപ്പം പങ്കു വയ്ക്കുന്നു. ഈ ദിവസം ഈ യാത്ര ഞങ്ങൾ തീരുമാനിച്ചതിനു ശേഷമാണ് ഇതേ ദിവസമാണല്ലോ മോളുടെ ജന്മദിനം എന്ന് ഓർത്തത്. പിന്നെ താമസിച്ചില്ല, ആ ജന്മദിനം ഈ വീട്ടിൽത്തന്നെ ഒരു കേക്ക് മുറിച്ച് ഞങ്ങൾ എല്ലാവരും കൂടെ ആർഭാടങ്ങളില്ലാത്ത ഒരു ആഘോഷമാക്കി......ശരിയ്ക്കും ഒരു ഇരട്ടിമധുരം...!!
I too had the privilege to experience the rarr solemnity and Peace pervaded throughout the home and its premise 🙏🏽🙏🏽🙏🏽
ReplyDeleteആ വീടു കണ്ട എനിക്ക് തെല്ലും അതിശയോക്തി തോന്നിയില്ല
ReplyDeleteപാരമ്പരൃത്തിന്‍റെ തനതായ രീതി നിലനിര്‍ത്തി പണികള്‍ ചെയ്തിട്ടുണ്ട്
അങ്ങനെ നിലനിര്‍ത്തി സുക്ഷിക്കുന്ന മുരളിക്ക് അഭിമാനിക്കാം
ഒപ്പം അതിനെ അതേപടി ഒപ്പിയെടുത്ത എഴുത്തുകാരനും .
Awsome.
ReplyDeleteCongrats. Mr Murali.
വളരെ ഇഷ്ടമായി സന്തോഷം
ReplyDeleteThanks for seeing
ReplyDelete