എന്ന് സ്വന്തം, റബറുങ്ക... [ചെറുകഥ]
[ചെറുകഥ]
എടോ പത്രാസുകാരാ .... ഓർമ്മയുണ്ടോ ഈ മുഖം? ഓർമ്മ കാണില്ലാന്നറിയാം. ഒരുപാട് മുഖങ്ങൾ ഇങ്ങനെ കയറിയിറങ്ങി പോയതല്ലേ? ഓർക്കാൻ ബുദ്ധിമുട്ടുണ്ടാകും.....!!
വേണ്ട ... നീ ബുദ്ധിമുട്ടണ്ട.
ആവർത്തിച്ചു ചോദിച്ചിട്ടും, ഇതേവരെ ഒരു നവമാധ്യമങ്ങൾക്കും വൈറൽ ആക്കാൻ കൊടുക്കാതെ, ഞാനെന്റെ പേർസണൽ ഫോൾഡറിൽ ...... (എവിടെ? എന്റെ പേർസണൽ ഫോൾഡറിൽ), ഒരു ഏടാകൂടം പാസ്‌വേഡും ഇട്ട് സൂക്ഷിച്ച ആ കാര്യം, ഞാൻ ദേ ഇപ്പൊ എല്ലാരോടും കൂടെ അങ്ങ് പറയാൻ പോകുകയാ .... കേട്ടോ ..
ഇവനില്ലേ? ഈ മൊതലാളി? ആഹ് .... ഇവനുണ്ടല്ലോ, ഇവൻ എന്നെയും നോക്കി, വായും പൊളിച്ച്, കൊതിയോടെ നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. 'ഒന്നിങ്ങ് താഴേയ്ക്ക് വായോ' എന്ന യാചനയോടെ.
അതറിയുവോ നിങ്ങൾക്ക്? ഇല്ല...അല്ലേ?
ആട്ടെ .... വിശദമായി ഞാൻ പറഞ്ഞു തരാം.
അന്നൊക്കെ ഉത്സവകാലമാകുമ്പോൾ, ഇവൻ ഒരു വള്ളിനിക്കറുമിട്ട്, എന്റെയും കൂട്ടുകാരികളുടെയും, അടുത്തു വരും. എന്നിട്ടോ? ദൈന്യതയോടെ ഒരു നോട്ടമാ. ഓ ... വീണു പോകുമെന്നേ നമ്മളതിൽ.
അങ്ങിനെ, അവനടുത്ത് വീഴുന്ന ഞങ്ങളെ, ഒന്നൊഴിയാതെ ഇവൻ കൈക്കലാക്കും. പിന്നെ, ഓട്ട വീണു തുടങ്ങിയ അവന്റെ ആ നിക്കറിന്റെ കീശയിലേയ്ക്ക് തള്ളും. കീശ നിറഞ്ഞാലോ? വീട്ടുവരാന്തയിലെ ആ കുട്ടിച്ചാക്കിലാക്കും.
സ്‌കൂളിൽ നിന്നും വന്നാൽ, ഇടയ്ക്കിടെ ഇവൻ വന്ന് ഞങ്ങളുടെ കുട്ടിച്ചാക്ക് എടുത്തു കുലുക്കി നോക്കും. മറ്റൊന്നിനുമല്ല, ഞങ്ങളുടെ ആ കിലുകിലുക്കം കേൾക്കാൻ. അതും കേട്ട്, ചുണ്ടത്തൊരു കള്ളച്ചിരിയോടെ, കൈവിരലുകൾ മടക്കി നിവർത്തി, എന്തൊക്കെയോ കണക്കുകൾ കൂട്ടി, അവൻ മടങ്ങും.
ഇടയ്ക്കൊക്കെ ഞങ്ങളെക്കൊണ്ട് ഇവൻ ചില കുസൃതികളും ഒപ്പിയ്ക്കും. കല്ലിലോ സിമന്റ് തറയിലോ, നന്നായി ഉരച്ചു ചൂടാക്കിയ ഞങ്ങളെ, ഇവൻ കൂട്ടുകാരുടെ കൈത്തണ്ടയിൽ അമർത്തിയങ്ങ് വച്ച് കൊടുക്കും. പൊള്ളിയ്ക്കുന്ന ആ ചൂടിൽ ഞെട്ടിത്തരിച്ച്, കൈവലിയ്ക്കുന്ന അവരെ നോക്കി ഇവൻ പൊട്ടിച്ചിരിയ്ക്കും.
ഇതൊക്കെ ഞങ്ങൾക്കും വലിയ ഇഷ്ടമായിരുന്നു. അതൊക്കെ നന്നായി ആസ്വദിയ്ക്കുകയും ചെയ്തിരുന്നു.
പക്ഷേ, ആഴ്ച ചന്തയുടെ തലേന്ന് രാത്രി ഇവന്റെ മറ്റൊരു മുഖം ഞങ്ങൾ കാണും. അന്നിവൻ, ഒരു ദയയുമില്ലാതെ ഞങ്ങളെ മുറ്റത്തിന്റെ ഒരു മൂലയിൽ കുടഞ്ഞിടും. എന്നിട്ടോ? ഓരോന്നായെടുത്ത്, ഒരു പാറക്കല്ലിൽ വച്ച്, മറ്റൊരു ചെറിയ പാറക്കല്ല് കൊണ്ട് ആഞ്ഞിടിയ്ക്കും. ഉറക്കെ 'പൊട്ടി'ക്കരയുന്ന ഞങ്ങളെ ഒന്ന് നോക്കുക പോലും ചെയ്യാതെ, ഞങ്ങളുടെ ഉള്ളിലെ ആ പരിപ്പുമാത്രം എടുത്ത്, ഞങ്ങളുടെ ആ സുന്ദരൻ തൊണ്ടിനെ ദൂരെയെറിയും. ഒരു വിടന്റെ ഭാവത്തോടെ. ചിലപ്പോൾ അതെല്ലാം കൂട്ടിയിട്ട് കത്തിച്ചു കളയുകയും ചെയ്യും.
അപ്പോഴും ഞങ്ങൾ ആശ്വസിയ്ക്കും. ഞങ്ങളുടെ പരിപ്പുകൾ രക്ഷപെട്ടല്ലോ എന്നോർത്ത്. പക്ഷെ, പിറ്റേന്ന് ഗ്രാമച്ചന്തയിലെ ആ വഴിക്കച്ചവടക്കാർക്ക് ഇവനാ പരിപ്പുകളെ വിറ്റു കാശാക്കും.
കയ്യിൽ കിട്ടുന്ന നാലോ അഞ്ചോ കാശുമായി ഇവൻ ആദ്യം പോകുന്നത്, നായരുടെ 'പാരിജാതം' ചായക്കടയിലേയ്ക്കാവും. രണ്ടു ദോശയും, പിന്നെ ആ ചുവന്ന ചമ്മന്തിയും, കൂടെ കടുപ്പത്തിൽ ഒരു ചായയും. ആർത്തിയോടെ അതു തിന്നുമ്പോൾ, ഇവന്റെ മുഖത്ത് തെളിയുന്ന ആ സന്തോഷമുണ്ടല്ലോ?
അങ്ങ് ദൂരെ, റോഡുവക്കിലെ കച്ചവടക്കാരന്റെ, വിരിച്ചിട്ട ആ കീറച്ചാക്കിലിരുന്ന്, ആ സന്തോഷം കാണുന്ന ഞങ്ങളുടെ പരിപ്പുകൾ, അതുവരെ ഇവൻ ഞങ്ങളോട് ചെയ്ത ആ കടുംകൈകൾ എല്ലാം മറക്കും.
ബാക്കി കാശ് (മിക്കവാറും ഒന്നോ രണ്ടോ രൂപ) വീട്ടിലെത്തി, നിധി പോലെ കാക്കുന്ന ആ മൺകുടുക്കയിൽ ഇടും. എന്തിനാണെന്നോ? അത് പൊട്ടിച്ചെടുത്താണ്, പിന്നീട് ആ വർഷത്തെ ഉത്സവവും പെരുന്നാളുമൊക്കെ കൂടുന്നത്.
ഞങ്ങളെ വിറ്റ ആ കാശിന്, ഇവൻ വലിയ ഗമയിൽ, 50 പൈസയുടെ സേമിയ ഐസും, പിന്നെ രണ്ടു രൂപയുടെ പൊട്ടാസ് തോക്കും, ഒക്കെയായി ആ ഉത്സവപ്പറമ്പുകളിൽ അങ്ങിനെ ഞെളിഞ്ഞു നടക്കുന്നത്, ആരെങ്കിലുമൊക്കെ പറഞ്ഞാകും ഞങ്ങൾ അറിയുന്നത്. കാരണം, അപ്പോഴേയ്ക്കും ഞങ്ങൾ ഇവന്റെ നാട്ടിൽ നിന്നും ഏറെ ദൂരെയെത്തിയിട്ടുണ്ടാകും. ഏതെങ്കിലും തമിഴൻ മില്ലുകാരന്റെ, ഇരുണ്ട നിറമുള്ള, മുഷിഞ്ഞ മണമുള്ള ആ ഗൗഡണുകളിലൊന്നിൽ.
അടുത്ത സീസണിൽ ഗോഡൗണിൽ എത്തുന്ന പരിപ്പുകളോട്, ഞങ്ങൾ ഇവന്റെ കാര്യം മറക്കാതെ ചോദിച്ചിരുന്നു.
ഇനി, എന്തു കൊണ്ടായിരുന്നു ഇവനോട് ഞങ്ങൾക്കൊക്കെ ഇത്രേം സ്നേഹം എന്ന് നിങ്ങൾക്കറിയാമോ? ഈ ദോശയുടെ കാശും, പിന്നെ ഒന്നോ രണ്ടോ ഐസുകളും, ഏറിയാൽ ഒരു പൊട്ടാസ് തോക്കും വാങ്ങിക്കഴിഞ്ഞാൽ, ബാക്കിയാവുന്ന ചില്ലറക്കാശുകൾ ഒട്ടും ചെലവാക്കാതെ, ഇവൻ അടുത്ത വർഷത്തേയ്ക്കുള്ള നോട്ടുബുക്കുകളോ, പുസ്തകങ്ങളോ വാങ്ങാൻ കാത്തുവച്ചിരുന്നു.
അങ്ങിനെ, ശരിയ്ക്കും പറഞ്ഞാൽ, ഞങ്ങളെ വിറ്റ കാശിന് ഇവൻ അങ്ങ് പഠിച്ചു വലിയ ആളായി. ഇടയ്ക്കൊക്കെ വിദേശത്തു നിന്നും, തിളങ്ങുന്ന കുപ്പായോം, മണക്കുന്ന സെന്റും ഒക്കെയായി ഇവൻ അവധിയ്ക്ക് നാട്ടിലെത്തുമ്പോൾ, ഞങ്ങളുടെ ഇന്നത്തെ തലമുറയിലുള്ളവർ, മനസ്സിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കും.
ഒരിയ്ക്കലെങ്കിലും ഇവൻ അവരെയൊക്കെ ഒന്ന് കാണാൻ വരുമെന്ന്. അപ്പോൾ അവർക്കൊക്കെ ഒട്ട് അഹങ്കാരത്തോടെ തന്നെ, മറ്റുള്ളവർ കാൺകെ, ഒന്ന് തലയാട്ടിച്ചിരിയ്ക്കാമല്ലോ, എന്നോർത്ത്.
എവിടെ? കൂട്ടുകാരുടെയും, ബന്ധുക്കളുടെയും തിരക്കൊഴിയുമ്പോൾ, മൊബൈലിൽ കോളുകളുടെ തിരക്ക്. അതും കഴിഞ്ഞാൽ പിന്നെ, ആ കുന്ത്രാണ്ടത്തിൽ തോണ്ടിക്കൊണ്ടുള്ള, ആ ഒടുക്കത്തെ ഇരുപ്പും.
ഒരിയ്ക്കലെങ്കിലും, ഈ പാവം ഞങ്ങളെയൊക്കെ ഒന്നു കാണാൻ വരുമെന്ന ആ പ്രതീക്ഷയും ഇപ്പോൾ പാടെ നശിച്ചിരിയ്ക്കുന്നു.
ആ വിഷമത്തിൽ, അറിയാതെ ഇത്രേം പറഞ്ഞു പോയതാ കേട്ടോ.
അല്ലാതെ, ശപിച്ചതല്ല. ഞങ്ങൾക്ക് ഒരിയ്ക്കലും അതിനു കഴിയില്ലല്ലോ. കാരണം, എന്തൊക്കെയായാലും ഇവൻ ഞങ്ങളിലൂടെ വളർന്നവനല്ലേ? അതും ഒരു മിടുമിടുക്കനായി. ഇനിയും ഒരുപാട് വളരട്ടെ. ഞങ്ങളുടെ ഒക്കെ തലയ്ക്കു മീതെ വളരട്ടെ. പളപളാ മിന്നുന്ന കാറിലെ, ആ സുഖശീതളിമയിൽ അവൻ അങ്ങിനെ ചാഞ്ഞുകിടന്ന്, പാഞ്ഞു പോകുമ്പോൾ, പാതയോരത്തെ പൊടിയിലും ചൂടിലും ഒക്കെ നിന്ന് വെട്ടിവിയർത്ത ഞങ്ങൾ, അതൊരു നോക്ക് ഇങ്ങനെ കണ്ടോളാം. അതല്ലേ ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷവും.
നിറയെ സ്നേഹത്തോടെ .... നിറഞ്ഞ പ്രാർത്ഥനയോടെ .....
ഇവന്റെ സ്വന്തം റബറുങ്ക.
******
- ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
*റബറുങ്ക = റബർ മരത്തിന്റെ കായ
ചിത്രം അയച്ചു തന്നത്: പ്രിയ സുഹൃത്ത് ബിന്ദു
ആഹാ !! റബ്ബറുങ്കാ യുടെ കഥ രസകരമായിരിക്കുന്നു. ചെറുപ്പത്തിൽ പാറപ്പുറത്ത് ഉരച്ചെടുത്ത റബ്ബർ ക്കായ് കയ്യിൽ പതിപ്പിച്ചതിന് കൂട്ടുകാരോട് പലപ്പോഴും ശണ്ഠകൂടിയത് ഇന്നലെയെന്ന പോലെ ഓർക്കുന്നു. എന്തായാലും പുള്ളിക്കാരൻ്റെ ആത്മകഥ രസകരം തന്നെ.
ReplyDeleteപിന്നെ ഒരു സിനിമയുടെ പോസ്റ്റർ പോലെ ഞങ്ങളുടെ തൊടിയിലെ റബ്ബർക്കായുടെ പടം പ്രസിദ്ധീകരിച്ചതിന് മാത്രമല്ല ഈ ആത്മകഥ യിലെ നായകൻ്റെ പടമായി ചിത്രീകരിച്ചതിന് എല്ലാ റബ്ബർ മരങ്ങളുടെയും ഒപ്പം എൻ്റെ യും നന്ദി അറിയിക്കുന്നു.
ഏറെ നന്ദി പ്രിയ ബിന്ദു ..... തൊട്ടടുത്ത പറമ്പിൽ നിന്നും റബർ കാ പൊട്ടി വീഴുന്നത് കണ്ടപ്പോൾ ആണ് ശരിയ്ക്കും പറഞ്ഞാൽ മോനിപ്പള്ളിയിലെ ആ ബാല്യകാലം ഓർത്തു പോയത് ..... അന്നത്തെ എല്ലാ കുട്ടികളും ഒരു പക്ഷെ ഈ റബ്ബറിങ്ക പെറുക്കിയിട്ടുണ്ടാകും ..... എന്നാൽ പിന്നെ അതേവരെയും ഒന്ന് ഓർമ്മപ്പെടുത്താം എന്ന് കരുതി ..... അതിനൊരു ഭംഗിയായി ബിന്ദു അയച്ചു തന്ന ഫോട്ടോയും ചേർത്തു .....:)
Delete