കെ-റെയിൽ [ലേഖനം]
കെ-റെയിൽ
[ലേഖനം]
ഇപ്പോൾ കേരളത്തിലെ ഏറ്റവും ചൂടുള്ള ചർച്ചാ വിഷയം "കെ-റെയിൽ" ആണല്ലോ.
'ഒരു വികസന പദ്ധതി' എന്ന രീതിയിൽ നിന്നും, ഇവിടുത്തെ പല മുന്നണികളുടെയും, പിന്നെ, അതിലെ വിവിധ രാഷ്ട്രീയപ്പാർട്ടികളുടെയും ഒക്കെ, ഒരു അഭിമാനപ്രശ്നമായി ഇപ്പോൾ അത് മാറിയോ എന്നും ഒരു സംശയം.
അതുകൊണ്ടു തന്നെ, പതിവ് പോലെ ആ 'രാഷ്ട്രീയ പ്രശ്‌നം' നമ്മൾ ചർച്ച ചെയ്യേണ്ടതില്ല, എന്നാണ് ആദ്യം കരുതിയത്.
എന്നാൽ ഇത് ശരിയ്ക്കും, ഒരു രാഷ്ട്രീയപ്രശ്‌നം അല്ലല്ലോ, എന്ന ഒരു വീണ്ടുവിചാരത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. അതിനാൽ തന്നെ, പ്രിയ വായനക്കാർ ഇതിന് ഒരു തരത്തിലുമുള്ള രാഷ്ട്രീയ നിറവും നൽകേണ്ടതില്ല, എന്നുകൂടി അഭ്യർത്ഥിയ്ക്കുന്നു.
വെറും രണ്ടേ രണ്ടു കാര്യങ്ങൾ മാത്രമാണ്, നമ്മൾ ഇവിടെ പറയുന്നത്.
1. ശരിയ്ക്കും "കെ-റെയിൽ" പദ്ധതി കേരളത്തിന് ആവശ്യമുണ്ടോ?
എന്റെ അഭിപ്രായത്തിൽ, ഈ പദ്ധതി ഇപ്പോൾ കേരളത്തിന് ആവശ്യമുണ്ടോ എന്നതല്ല, പ്രസക്തമായ വിഷയം. മറിച്ച്, ഇതിനേക്കാൾ അത്യാവശ്യമായ മറ്റു വല്ല ആവശ്യങ്ങളോ, അല്ലെങ്കിൽ പദ്ധതികളോ കേരളത്തിന് 'ഇപ്പോൾ' വേണ്ടതുണ്ടോ എന്നതാണ്.
തീർച്ചയായും, "ഉണ്ട്" എന്നതാണ് അതിനുള്ള ഉത്തരം.
നമ്മുടെ നാടിന് ഇപ്പോൾ അവശ്യം വേണ്ടത്, എല്ലാ പ്രധാന പട്ടണങ്ങളിലും, ഗതാഗതത്തിരക്കു കുറയ്ക്കാൻ ആവശ്യമായ "ബൈപ്പാസുകൾ" ആണ്. കെ റെയിൽ പദ്ധതിയ്ക്ക് (അതുപോലെ തന്നെ മെട്രോ-റെയിൽ, മോണോ-റെയിൽ പദ്ധതികൾക്കും) വേണ്ടി വരുന്ന ആകെ തുക കൊണ്ട്, എത്രയോ പട്ടണങ്ങളിൽ നമുക്ക് നല്ല സുന്ദരൻ "ബൈപ്പാസുകൾ" നിർമ്മിയ്ക്കാം? കെ-റെയിൽ ഉപകാരപ്പെടുന്ന ആകെ ആളുകളുടെ എണ്ണത്തേക്കാൾ, എത്രയോ മടങ്ങായിരിയ്ക്കും ഇത്തരം "ബൈപാസുകൾ" ഉപയോഗിയ്ക്കുന്ന അല്ലെങ്കിൽ ഉപകാരപ്പെടുന്ന ആളുകളുടെ എണ്ണം?
നിലവിൽ "ബൈപ്പാസുകൾ" ഉള്ള പട്ടണങ്ങളിലെ തിരക്കിനെ, അതെത്ര മാത്രം കുറയ്ക്കുന്നു എന്നും, ആ പട്ടണങ്ങളിൽ പ്രവേശിയ്ക്കേണ്ടതില്ലാത്ത ദീർഘദൂര യാത്രക്കാർക്ക്, അതെത്ര വലിയ അനുഗ്രഹം ആണെന്നും, നമ്മൾ ഇവിടെ ഓരോന്നായി വിശദീകരിയ്ക്കേണ്ടതില്ലല്ലോ? കാരണം, ഞാനും നിങ്ങളും ഒക്കെ അക്കാര്യത്തിൽ, നേരിട്ടുള്ള അനുഭവസ്ഥർ ആണല്ലോ.
എംസി റോഡുവഴി തിരുവനന്തപുരത്തുനിന്നും അങ്കമാലിയിലേയ്ക്ക് യാത്ര ചെയ്യുന്നവരാണ് നിങ്ങൾ എങ്കിൽ, ഉദാഹരണമായി ചങ്ങനാശേരി, തിരുവല്ല ബൈപാസ്സുകൾ ഓർക്കുക. അവ മൂലം ഒഴിവാകുന്ന ആ വൻ ഗതാഗതക്കുരുക്കുകൾ ഓർമ്മിയ്ക്കുക. കൂടെ, കോട്ടയം, ഏറ്റുമാനൂർ നഗരങ്ങളിൽ നിങ്ങൾക്ക് ഇപ്പോഴും നേരിടേണ്ടി വരുന്ന ആ നെടുനീളൻ കുരുക്കുകളെ ഓർക്കുക. ഏറ്റവും കുറഞ്ഞത്, ആ നഗരങ്ങളിലും കൂടി ബൈപാസ്സുകൾ ഉണ്ടായിരുന്നെങ്കിലോ?
[പണ്ട്, പ്രിയപ്പെട്ട ആ കവി പാടിയത് പോലെ "..അറിയാതെ ആശിച്ചു പോകുന്നു ഞാൻ ....വീണ്ടുമൊരുനാൾ വരും ....."]. ആര്? മറ്റാരുമല്ല. ഒരു പാവം ബൈപ്പാസ്.
ഇനി, ഈ "ബൈപ്പാസുകൾ" എന്നൊക്കെ പറഞ്ഞാൽ, അതൊരു പഴഞ്ചൻ 'കോൺസെപ്റ്റ്' അല്ലേ? നമ്മളും 'മോഡേൺ' ആകേണ്ടേ? എന്നാണ് ചോദ്യം എങ്കിൽ?
ആണ്, "ബൈപ്പാസുകൾ" താരതമ്യേന ഒരു പഴഞ്ചൻ പദ്ധതി തന്നെയാണ്. എന്നാൽ, വേണ്ട രീതിയിൽ സമയബന്ധിതമായി പണിതാൽ, മുടക്കുന്ന തുകയും, ലഭിയ്ക്കുന്ന ഗുണവും, പിന്നെ അത് മൂലമുണ്ടാകുന്ന കുറഞ്ഞ പരിസ്ഥിതി ആഘാതവും, ഒക്കെ വച്ച് നോക്കിയാൽ, ആ പദ്ധതി ഇന്നും ഏറ്റവും മികച്ചത് തന്നെയാണ്.
മാത്രവുമല്ല, ഇപ്പോൾ അവശ്യം വേണ്ട "ബൈപ്പാസുകൾ" പണി കഴിപ്പിച്ചതിനു ശേഷം, പിന്നീട് വരുന്ന ആ സമയത്ത്, കെ-റെയിലോ അതിലും കൂടിയ മറ്റേതെങ്കിലും റെയിലോ ഒക്കെ, നമുക്ക് പണി കഴിപ്പിയ്ക്കുകയും ചെയ്യാമല്ലോ.
2. കെ-റെയിൽ പോലെ, ഇത്രയധികം സാമ്പത്തിക ചിലവുകൾ വരുന്ന ഒരു പദ്ധതി, ഇപ്പോഴത്തെ അവസ്ഥയിൽ, കേരളത്തിന് താങ്ങാൻ കഴിയുന്നതാണോ?
കടത്തിൽ നിന്നു കടത്തിലേയ്ക്കു കൂപ്പുകുത്തുന്ന, നമ്മുടെ സംസ്ഥാനത്തിന്റെ നടപ്പു സാമ്പത്തികനില വച്ച് നോക്കുമ്പോൾ, ഇത്തരം ഭീമമായ ചെലവ് വരുന്ന ഒരു പദ്ധതിയും സർക്കാർ തലത്തിൽ നടപ്പാക്കാൻ കേരളത്തിനാകില്ല. (കേരളത്തിലെ ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ, സ്വകാര്യ മേഖലയെ കുറിച്ച് ആലോചിയ്ക്കുകയും വേണ്ട).
ഇനി, കടമെടുത്ത് കെ-റെയിൽ നടപ്പിലാക്കി, പിന്നെ അതിൽ നിന്നുമുള്ള വരുമാനം കൊണ്ട് ആ കടം വീട്ടിത്തീർക്കാം എന്നാണെങ്കിൽ, അതിനു മുൻപായി നമുക്ക് മുന്നിലുള്ള ആ 'മെട്രോ-റെയിലി' ന്റെ ലാഭ-നഷ്ട കണക്കുകൾ ഒന്ന് നോക്കുക.
അതും പോകട്ടെ. ഇത്തരം പദ്ധതികൾ 'ലാഭത്തിനല്ല', മറിച്ച് 'സേവന'ത്തിനാണ്; എന്നാണ് നിങ്ങളുടെ വാദമെങ്കിലോ?
ഇതോ അല്ലെങ്കിൽ സമാന സ്വഭാവമുള്ള മറ്റു വൻപദ്ധതികളോ ഒന്നും നടപ്പിലാക്കേണ്ട, എന്നല്ലല്ലോ നമ്മൾ മുകളിൽ പറഞ്ഞത്. ഇപ്പോൾ, പ്രഥമ പരിഗണന കൊടുത്ത് നടപ്പിലാക്കാതെ, അതിനേക്കാൾ ചെലവ് കുറഞ്ഞ, എന്നാൽ അതിനേക്കാൾ കൂടുതൽ, ജനങ്ങൾക്ക് ഉപയോഗം വരുന്ന, നടപ്പിലാക്കാൻ താരതമ്യേന എളുപ്പമുള്ള പദ്ധതികൾ ആദ്യം നടപ്പിലാക്കണം എന്ന് മാത്രമാണ്.
അവസാനമായി, ഇതിനോട് ചേർന്നുവരുന്ന ഒരു വാർത്തയെക്കുറിച്ചു കൂടി നമുക്കൊന്ന് നോക്കാം. നിലവിലുള്ള ട്രെയിൻ സർവീസുകൾ, (തിരുവനന്തപുരം മുതൽ കണ്ണൂർ വരെ) ഓടിയെത്താൻ വളരെ കൂടുതൽ സമയം എടുക്കുന്നുവത്രെ. എങ്ങിനെ എടുക്കാതിരിയ്ക്കും? മിക്കവാറും ദിവസങ്ങളിൽ ഒരു യാത്രക്കാരൻ പോലും കയറുവാനോ ഇറങ്ങുവാനോ ഇല്ലാത്ത, എത്രയോ ചെറിയ സ്റ്റേഷനുകളിലാണ് ഈ ട്രെയിനുകളൊക്ക സ്ഥിരം നിർത്താറുള്ളത്? അതും വളരെ ചെറിയ ദൂരപരിധിയ്ക്കുള്ളിൽ തന്നെ. ഏറ്റവും കുറഞ്ഞത് ദീർഘദൂര എക്സ്പ്രസ്സ് ട്രെയിനുകളുടെയെങ്കിലും സ്റ്റോപ്പുകൾ ഒന്നു പുനഃക്രമീകരിച്ചാൽ, എത്രയോ മണിക്കൂറുകൾ അതുവഴി മാത്രം ലാഭിയ്ക്കാവുന്നതാണ്?
[പക്ഷേ, സർക്കാർ ബസ്സുകളുടെ റൂട്ട് ആയാലും ശരി, ട്രെയിനുകളുടെ സ്റ്റോപ്പ് ആയാലും ശരി, അത് തീരുമാനിയ്ക്കുന്നതിനുള്ള മാനദണ്ഡം മറ്റു പലതുമാണല്ലോ നമ്മുടെ ഈ കേരനാട്ടിൽ].
എന്തായാലും, ബന്ധപ്പെട്ട അധികാരികളോടും, പ്രസ്ഥാനങ്ങളോടും ഒക്കെ ഒരു അപേക്ഷ മാത്രം. ഇക്കാര്യത്തിലെ രാഷ്ട്രീയവും, ദുരഭിമാനവും (അതുണ്ടെങ്കിൽ) ഒക്കെ മാറ്റി വച്ച്, സംസ്ഥാന താല്പര്യം മാത്രം മുൻനിർത്തി, ഏറ്റവും നല്ല ഒരു തീരുമാനം എടുക്കാൻ തയ്യാറാവുക. അതിന്റെ വിശദമായ കാര്യങ്ങൾ ആദ്യം തന്നെ, ജനങ്ങളെ ബോധ്യപ്പെടുത്തുക. എന്നിട്ടോ? അത്തരം പദ്ധതികൾ ആർജ്ജവത്തോടെ, സമയബന്ധിതമായി, ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുക.
പ്രിയ വായനക്കാർക്ക്, മുകളിൽ പറഞ്ഞ അഭിപ്രായങ്ങളോട് പൂർണ്ണമായോ, ഭാഗികമായോ, യോജിയ്ക്കുകയോ, വിയോജിയ്ക്കുകയോ ഒക്കെ ആവാം കേട്ടോ.
സ്നേഹത്തോടെ
- ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
******
പിൻകുറിപ്പ്:
1. "കെ-റെയിൽ" എന്നത്, സംസ്ഥാന സർക്കാരും, റെയിൽവെ മന്ത്രാലയവും ചേർന്നുള്ള ഒരു സംയുക്ത സംരഭം ആണെന്നും, ഇപ്പോൾ നമ്മൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം ചർച്ച ചെയ്യുന്നത്, ഈ 'കെ-റെയിൽ' നടപ്പിലാക്കാൻ ഉദ്ദേശിയ്ക്കുന്ന, 'തിരുവനന്തപുരം-കാസർഗോഡ്-അർദ്ധ-അതിവേഗ-സിൽവർലൈൻ-തീവണ്ടിപ്പാത' എന്ന പദ്ധതിയാണെന്നും അറിയാമെങ്കിലും, പൊതുവെ ആ പദ്ധതിയെ, സാധാരണക്കാർ (കൂടെ, മിക്ക മാധ്യമങ്ങളും) 'കെ-റെയിൽ' എന്നു തന്നെ വിശേഷിപ്പിയ്ക്കുന്നതു കൊണ്ടാണ്, നമ്മുടെ ഈ കുറിപ്പിലും, അതിന്റെ തലക്കെട്ടിലും ഒക്കെ, ആ പേര് തന്നെ ഉപയോഗിച്ചിരിയ്ക്കുന്നത്.
2. 'തിരുവനന്തപുരം-കാസർഗോഡ്-അർദ്ധ-അതിവേഗ-സിൽവർലൈൻ-തീവണ്ടിപ്പാത പദ്ധതി' വിഭാവനം ചെയ്യുന്നത്, പേര് സൂചിപ്പിയ്ക്കുന്നതു പോലെ, തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 529. 45 കിലോമീറ്റർ ദൈർഘ്യം വരുന്ന, ഇടയ്ക്ക് ഒൻപതു സ്റ്റോപ്പുകൾ (കൊല്ലം, ചെങ്ങന്നൂർ, കോട്ടയം , എറണാകുളം, കൊച്ചി-എയർപോർട്ട്, തൃശ്ശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ) മാത്രമുള്ള, ആകെ 64,000 കോടി രൂപ ചിലവ് പ്രതീക്ഷിയ്ക്കുന്ന, അഞ്ചു വർഷങ്ങൾ കൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ ഉദ്ദേശിയ്ക്കുന്ന, ഒരു പദ്ധതിയാണെങ്കിലും, നീതി ആയോഗ് ഈ പദ്ധതിയുടെ ചിലവ് കണക്കാക്കിയിരിയ്ക്കുന്നത് ഏതാണ്ട് 1.26 ലക്ഷം കോടിയാണ്. [ഇവിടുത്തെ പ്രത്യേക സാഹചര്യങ്ങളിൽ, അത്ര വലുതല്ലാത്ത ഒരു മേൽപ്പാലം പോലും സമയബന്ധിതമായി തീരാറില്ലെന്നിരിയ്ക്കേ, അതിനു പോലും രണ്ടു വർഷങ്ങളിൽ കൂടുതൽ എടുക്കാറുണ്ടെന്നിരിയ്ക്കേ, ഈ ബൃഹദ് പദ്ധതി മേല്പറഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട് തീരുമോ എന്നത് നമ്മൾ കണ്ടറിയേണ്ടതുമാണ്].
3. ഒരു ബൈപാസ്സിന് ചിലവാക്കേണ്ടത് ശരാശരി 100കോടി എന്ന് കണക്കു കൂട്ടിയാൽ പോലും, 64000 കോടി കൊണ്ട് നമുക്ക് 640 ബൈപാസ്സുകൾ പണി കഴിപ്പിയ്ക്കാം. നല്ല നടത്തിപ്പ് ശേഷിയുള്ള വിവിധ കമ്പനികൾക്ക് ടെൻഡർ നൽകിയാൽ, വരുന്ന നാലോ അഞ്ചോ വർഷങ്ങൾക്കുള്ളിൽ അവയൊക്കെ ഒരേസമയം പൂർത്തിയാക്കുകയും ചെയ്യാം. കേരളത്തിലെ 640 പ്രധാന നഗരങ്ങളിൽ/ടൗണുകളിൽ ഇത്തരം ബൈപാസ്സുകൾ വന്നാൽ? (ഹോ ... ഓർക്കുമ്പോൾ തന്നെ ശരീരം കുളിരു കോരുന്നു...!!), അതുവഴി ലാഭിയ്ക്കുന്നത്, ആയിരക്കണക്കിന് യാത്രക്കാരുടെ ആ സമയം മാത്രമാവില്ല, മറിച്ച്, കോടിക്കണക്കിനു രൂപയുടെ ഇന്ധനച്ചിലവ് കൂടിയാവും.
ബന്ധപ്പെട്ടവർ ആലോചിയ്ക്കട്ടെ. കേരളത്തിന്റെ താല്പര്യങ്ങൾ മാത്രം മനസ്സിൽ വച്ച്. എന്നിട്ട്, ഏറ്റവും നല്ലതും പ്രായോഗികമായതും ആയ മാർഗം തിരഞ്ഞെടുക്കട്ടെ...!!
ലോക സമസ്താഃ സുഖിനോ ഭവന്തു ....!!
ആദ്യ ചിത്രത്തിന് കടപ്പാട്: കെ-റെയിൽ വെബ്‌സൈറ്റ്
Absolutely correct
ReplyDeletethank you ....
Delete