ഒരു റോഹിൻഗ്യൻ കണ്ണീർക്കഥ .....

മൂടിക്കെട്ടിയ ഒരു വൈകുന്നേരം, ദില്ലിയുടെ പ്രാന്തപ്രദേശത്തെ ആ മാലിന്യ കൂമ്പാരത്തിനരികിൽ ഞാൻ അവനെ കാണുമ്പോൾ, മാനം പോലെ തന്നെ കറുത്തിരുണ്ടിരുന്നു അവന്റെ മുഖവും. അങ്ങു മേലെ, പെയ്യാൻ വിതുമ്പുന്ന മേഘങ്ങളെ പോലെ, ഇങ്ങു താഴെ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. എത്രയൊക്കെ ഞാൻ ചോദിച്ചിട്ടും, ഒരക്ഷരം പോലും അവൻ ഉരിയാടിയില്ല. പകരം, ഒരുതരം നിർവികാരതയോടെ എന്റെ മുഖത്തേക്ക് നോക്കി അവനങ്ങനെ നിന്നു. നിരാശയോടെ തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്റെ കൈകളിൽ ഒന്നു പതിയെ പിടിച്ചു അവൻ. അവന്റെ കൈകൾ നന്നായി വിറച്ചിരുന്നു, ഐസു പോലെ തണുത്തുമിരുന്നു. എനിക്ക് മനസിലാകാത്ത ഭാഷയിൽ എന്തോ പറഞ്ഞിട്ടവൻ വേഗം തിരിഞ്ഞോടി. ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കി 'പൊയ്ക്കളയല്ലേ" എന്ന് (എനിക്ക് തോന്നിയ) ആംഗ്യം കാണിച്ചു. ഞാനാകെ വിഷമാവസ്ഥയിലായി. എന്തു തന്നെയായാലും കുറച്ചു നേരം, അവിടെ അവനെ കാത്തു നിൽക്കാൻ തീരുമാനിച്ചു. അഞ്ചു നിമിഷത്തിനുള്ളിൽ അവൻ തിരികെയെത്തി. കുറച്ചു നേരം എന്നെ നോക്കി നിന്നു, പിന്നെ പതുക്കെ കയ്യിലിരുന്ന ഒരു നോട്ടുബുക്ക് എനിക്ക് നേരെ നീട്ടി. നോട്ടുബുക്ക് എ...