അഴുക്കു പേറുന്നവർ നാം ....ആ, അഴുക്കകറ്റേണ്ടതും നാം ...! [ലേഖനം]


എനിയ്ക്കറിയാം, ഈ തലവാചകം നിങ്ങളിൽ പലരുടെയും നെറ്റി ചുളിച്ചിട്ടുണ്ടാകും. തീർച്ച! "അഴുക്ക്" എന്ന വാക്ക് നമുക്കാർക്കും അത്ര സുഖദായകമായ ഒന്നല്ലല്ലോ !

നോക്കൂ.  പല സൂത്രപ്പണികളും ചെയ്തു നാം വളരെ സുന്ദരമാക്കി, കൊണ്ടുനടക്കുന്ന നമ്മുടെ ഈ ശരീരം ഉണ്ടല്ലോ, അതിൽ എത്രമാത്രം മാലിന്യം അഥവാ അഴുക്ക് ഉല്പാദിപ്പിക്കപ്പെടുന്നുണ്ട് അല്ലെങ്കിൽ നമ്മൾ വഹിയ്ക്കുന്നുണ്ട് എന്ന്.

മലം,  മൂത്രം, വിയർപ്പ്, കഫം ..... അങ്ങിനെ അങ്ങിനെ.

പക്ഷെ, സമയാസമയങ്ങളിൽ അത്തരം മാലിന്യങ്ങളെ പുറന്തള്ളാൻ നമ്മുടെ ശരീരത്തിന് അതിന്റേതായ മാർഗങ്ങളും ഉണ്ട്. അതുകൊണ്ടു മാത്രമാണ് അത്തരം മാലിന്യങ്ങളോ, അതിന്റെ ദുർഗന്ധമോ ഒന്നും തന്നെ നമുക്കൊരു ശല്യമായി മാറാത്തതും. ശരിയല്ലേ ?

ഇനി മറ്റൊന്ന്. ശരീരത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ സൗന്ദര്യ ലക്ഷണമായി കണക്കാക്കപ്പെടുകയും, ഒരുമാത്ര ശരീരത്തിൽ നിന്നും വേർപെട്ടാൽ അതേ നിമിഷം തന്നെ വെറും അഴുക്കായി മാത്രം അളക്കപ്പെടുകയും ചെയ്യുന്ന ചില സംഗതികളും നമ്മുടെ ശരീരത്തിൽ ഉണ്ട്. ഇല്ലേ? ഒന്നാലോചിച്ചു നോക്കൂ.

പിടി കിട്ടിയോ?  കൂടുതൽ ആലോചിച്ചു തല പുകയ്ക്കണ്ട. ചില ഉദാഹരണങ്ങളിതാ - നഖങ്ങൾ , മുടി എന്നിവയൊക്കെ. ശരിയല്ലേ ?

നമ്മൾ പറഞ്ഞു വന്നത്, നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന, മേല്പറഞ്ഞതും പറയാത്തതുമായ എല്ലാത്തരം മാലിന്യങ്ങളെയും, സ്വയം പുറംതള്ളി, ശരീരത്തെ ശുദ്ധമായും വൃത്തിയായും നിലനിർത്താനുള്ള എല്ലാ സംവിധാനങ്ങളും, സ്വാഭാവികമായി തന്നെ നമ്മുടെ ശരീരത്തിനുണ്ട് എന്നാണ്.

എന്നാൽ,  നമ്മുടെയൊക്കെ മനസിന്റെ കാര്യത്തിലോ ? അതിനിപ്പോൾ, എന്താണ് മനസിന്റെ കാര്യത്തിൽ മാലിന്യം എന്നാണോ ?

അശുഭചിന്തകൾ അഥവാ ചീത്തവിചാരങ്ങൾ. അവ തന്നെയാണ് മനസിലെ അഴുക്കുകൾ. എന്നാൽ തീർത്തും ദൗർഭാഗ്യകരമെന്നു പറയട്ടെ, ഇത്തരം മാലിന്യങ്ങളെ സ്വയം പുറന്തള്ളാനുള്ള ഒരു മാർഗവും, ഒരു സംവിധാനവും, നമ്മുടെയൊന്നും മനസ്സുകൾക്കില്ല തന്നെ!

അയ്യോ ...അപ്പോൾ...?

ഒരു അപ്പോളുമില്ല. അത്തരം മലിനചിന്തകളെ നാം തന്നെ നമ്മുടെ മനസ്സിൽ നിന്നും ദൂരെ അകറ്റേണ്ടതുണ്ട്. അല്ലെങ്കിലോ? ആകെ അഴുക്കു നിറഞ്ഞു, തീർത്തും മലീമസമായി മാറും നമ്മുടെ മനസ്. അത് നമുക്കു മാത്രമല്ല, നമ്മുടെ ചുറ്റുപാടുമുള്ളവർക്കും, തീർത്തും ദുസ്സഹവും അരോചകമായിരിക്കും. അല്ലേ ?

ഇനി, എങ്ങിനെയാണ് നമുക്ക്, നമ്മുടെ മനസിലെ മേൽപ്പറഞ്ഞ മാലിന്യങ്ങളെ അകറ്റാൻ കഴിയുക? ശരീരത്തിലെ മാലിന്യങ്ങളെ സുഗന്ധദ്രവ്യങ്ങൾ പൂശി വെടിപ്പാക്കുന്നതുപോലെ ഒട്ടും എളുപ്പമല്ല അത്. മറിച്ച് , അതീവ  ദുഷ്കരമാണു താനും!

ഏറ്റവും എളുപ്പമുള്ള മാർഗം അഥവാ പ്രായോഗികമായ മാർഗം, നല്ല ചിന്തകളെ അഥവാ വിചാരങ്ങളെ മനസ്സിൽ നിറയ്ക്കുക എന്നുള്ളതു തന്നെയാണ്. അങ്ങിനെ വരുമ്പോൾ, സ്വാഭാവികമായും അശുഭചിന്തകൾക്ക്, അധമവിചാരങ്ങൾക്ക് നമ്മുടെ മനസ്സിൽ ഇടം ഇല്ലാതെ/തികയാതെ വരും!

ഇനി, ഇത്തരം സത്ചിന്തകളെ നമുക്ക് സ്വയം നമ്മുടെ മനസ്സിൽ നിറയ്ക്കാൻ കഴിയുന്നില്ലെങ്കിലോ? അത്തരം സന്ദർഭങ്ങളിൽ, ഈശ്വരവിശ്വാസമോ (പ്രാർത്ഥന, പുണ്യസ്ഥല/ദേവാലയ സന്ദർശനങ്ങൾ, ഭജന, പ്രഭാഷണങ്ങൾ മുതലായവ) അല്ലെങ്കിൽ യോഗ, ധ്യാനം മുതലായ മനഃശാസ്ത്രപരമായ പരിശീലനമുറകളോ ഒക്കെ ഒരു പക്ഷെ നമ്മെ അതിനു സഹായിച്ചേക്കാം. നല്ല സുഹൃദ്‌വലയങ്ങളും ഇതേ ഫലം നൽകിയേക്കാം.

[ആ കൂട്ടത്തിൽ, ഒന്നു കൂടി സൂചിപ്പിച്ചു കൊള്ളട്ടെ. അസാമാന്യ മനോബലമുള്ള ആളുകൾക്ക്, മേല്പറഞ്ഞ ഈശ്വരവിശ്വാസമോ, യോഗയോ, പ്രാർത്ഥനയോ ഒന്നും കൂടാതെ തന്നെ, സ്വന്തം മനസിനെ സ്വന്തം വരുതിക്ക് നിർത്തുവാൻ സാധിച്ചേക്കാം. അതുവഴി നല്ലചിന്തകൾ നിറയ്ക്കുവാനും ! പക്ഷെ ഇത്തരം ആളുകൾ എണ്ണത്തിൽ വളരെ വളരെ കുറവായിരിയ്ക്കും]

അപ്പോൾ ചുരുക്കത്തിൽ, നമ്മൾ പറഞ്ഞു വന്നത്:
സ്വന്തം ശരീരം സുന്ദരവും, വൃത്തിയുള്ളതും, സുഗന്ധപൂരിതവും ഒക്കെ ആയി സൂക്ഷിയ്ക്കുന്നതിനൊപ്പം തന്നെ (ഒരു പക്ഷെ, അതിനേക്കാൾ ഒരൽപം കൂടുതൽ) പ്രാധാന്യമുള്ളതാണ്, സ്വന്തം മനസ് ആരോഗ്യമുള്ളതും, സത്ചിന്താഭരിതവുമായി നിലനിർത്തുക  എന്നുള്ളതും!

എന്റെ പ്രിയപ്പെട്ട, എല്ലാ വായനക്കാർക്കും, ആരോഗ്യമുള്ള ഒരു ശരീരവും, ഒപ്പം സത്ചിന്താഭരിതമായ ഒരു നല്ല മനസും, ജീവിതത്തിൽ ഉടനീളം നിലനിർത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ......

സ്നേഹത്തോടെ,
ബിനു
*********


Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]