ഒരു റോഹിൻഗ്യൻ കണ്ണീർക്കഥ .....
മൂടിക്കെട്ടിയ ഒരു വൈകുന്നേരം, ദില്ലിയുടെ പ്രാന്തപ്രദേശത്തെ ആ മാലിന്യ കൂമ്പാരത്തിനരികിൽ ഞാൻ അവനെ കാണുമ്പോൾ, മാനം പോലെ തന്നെ കറുത്തിരുണ്ടിരുന്നു അവന്റെ മുഖവും.
അങ്ങു മേലെ, പെയ്യാൻ വിതുമ്പുന്ന മേഘങ്ങളെ പോലെ, ഇങ്ങു താഴെ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. എത്രയൊക്കെ ഞാൻ ചോദിച്ചിട്ടും, ഒരക്ഷരം പോലും അവൻ ഉരിയാടിയില്ല. പകരം, ഒരുതരം നിർവികാരതയോടെ എന്റെ മുഖത്തേക്ക് നോക്കി അവനങ്ങനെ നിന്നു.
നിരാശയോടെ തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്റെ കൈകളിൽ ഒന്നു പതിയെ പിടിച്ചു അവൻ. അവന്റെ കൈകൾ നന്നായി വിറച്ചിരുന്നു, ഐസു പോലെ തണുത്തുമിരുന്നു. എനിക്ക് മനസിലാകാത്ത ഭാഷയിൽ എന്തോ പറഞ്ഞിട്ടവൻ വേഗം തിരിഞ്ഞോടി. ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കി 'പൊയ്ക്കളയല്ലേ" എന്ന് (എനിക്ക് തോന്നിയ) ആംഗ്യം കാണിച്ചു.
ഞാനാകെ വിഷമാവസ്ഥയിലായി. എന്തു തന്നെയായാലും കുറച്ചു നേരം, അവിടെ അവനെ കാത്തു നിൽക്കാൻ തീരുമാനിച്ചു. അഞ്ചു നിമിഷത്തിനുള്ളിൽ അവൻ തിരികെയെത്തി. കുറച്ചു നേരം എന്നെ നോക്കി നിന്നു, പിന്നെ പതുക്കെ കയ്യിലിരുന്ന ഒരു നോട്ടുബുക്ക് എനിക്ക് നേരെ നീട്ടി. നോട്ടുബുക്ക് എന്നൊന്നും പറയാൻ വയ്യ. ആരോ ഉപയോഗിച്ച് വലിച്ചെറിഞ്ഞ ഒരു ബുക്ക്. അതെന്റെ കയ്യിൽ തന്നിട്ട് ഒന്നും പറയാതെ അവൻ തിരികെ നടന്നു.
എന്താണ് ആ ബുക്കിൽ എന്നറിയാനുള്ള ഉദ്വേഗവുമായാണ് ഞാൻ ഹോട്ടൽ മുറിയിൽ മടങ്ങിയെത്തിയത്. ഡ്രസ് പോലും മാറാതെ ഞാനാ നോട്ടുബുക് കൈയിലെടുത്തു. പക്ഷെ ഞാൻ ഇതുവരെ കാണാത്ത ഏതോ ഭാഷയിൽ എന്തൊക്കെയോ കുത്തികുറിച്ചിരിയ്ക്കുന്നു.
ഞാനാകെ നിരാശനായി. വെറും രണ്ടു ദിവസത്തെ ഔദ്യോഗിക കാര്യത്തിനായി ദില്ലിയിൽ എത്തിയതായിരുന്നു ഞാൻ. പത്രങ്ങളിലും ടിവിയിലുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ നിറയെ റിപ്പോർട്ട് ചെയ്ത 'റോഹിൻഗ്യകളെ ' ഒന്നും കാണണം എന്നേ ഞാൻ ഉദ്ദേശിച്ചിരുന്നുള്ളൂ. പക്ഷെ ഇതിപ്പോൾ ?
അന്നു രാത്രി തന്നെ, അടുത്ത ഒരു കൂട്ടുകാരൻ വഴി, ഒരു ദ്വിഭാഷിയെ ഞാൻ തേടിയെടുത്തു. അയാളെയും കൂട്ടി വീണ്ടും ഞാൻ മുറിയിലെത്തി.
*****
[മുൻകുറിപ്പ്: ആ റോഹിൻഗ്യൻ പയ്യന്റെ ഓർമ്മകുറിപ്പിലേക്കു കടക്കുന്നതിനു മുൻപ് ഒരു കാര്യം. ഒട്ടും അടുക്കും ചിട്ടയും ഇല്ലാതെ, ആ നോട്ടുബുക്കിൽ അവിടെയും ഇവിടെയുമായി കുത്തികുറിച്ചിരുന്ന കുറെയേറെ സംഭവങ്ങളെ, ഒരു ദ്വിഭാഷിയിലൂടെയാണ് ഞാൻ മനസിലാക്കിയത് എന്ന് മുകളിൽ സൂചിപ്പിച്ചിരുന്നല്ലോ. അവ അതേപടി പകർത്തിയാൽ, വായിച്ചു മനസിലാക്കാൻ നിങ്ങൾക്കും വിഷമമായിരിക്കും. അതുകൊണ്ടു തന്നെ, അവയെ എന്റേതായ രീതിയിൽ ഒന്ന് അടുക്കിപ്പെറുക്കി, നിങ്ങൾക്കായി താഴെ കുറിയ്ക്കുകയാണ് ഞാൻ. ഒരു എഴുത്തുകാരനല്ലാത്തതിനാൽ തന്നെ എല്ലാം തികഞ്ഞ, ഒഴുക്കുള്ള ഒരു ഓർമ്മക്കുറിപ്പാവില്ല നിങ്ങളുടെ മുൻപിലേക്കെത്തുന്നത്.സദയം ക്ഷമിക്കുക]
അടുത്ത ഗ്രാമത്തിൽ പട്ടാളക്കാർ ആളുകളെ കൊന്നു എന്നറിഞ്ഞതും ഞങ്ങൾ ആകെ പേടിച്ചു പോയി . ആ രാത്രി തന്നെ അച്ഛൻ ഞങ്ങളേയും കൂട്ടി അടുത്തുള്ള വനത്തിലേക്ക് പോയി. അമ്മ എത്ര തടഞ്ഞിട്ടും അച്ഛൻ സമ്മതിച്ചില്ല. ഇരുട്ട് നിറഞ്ഞ ആ വനത്തിനുള്ളിൽ അനിയന്റെയും എന്റെയും കൈപിടിച്ചു, ആവുന്നത്ര വേഗത്തിൽ അച്ഛൻ നടക്കുകയായിരുന്നു; അല്ല ഓടുകയായിരുന്നു. അമ്മ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഞങ്ങളുടെ ഒപ്പമെത്താൻ പാടുപെട്ടു. ഞങ്ങൾ മാത്രമല്ല വേറെ കുറെ ആളുകൾകൂടി ഒറ്റക്കും കൂട്ടമായും ഒക്കെ വനത്തിലേക്ക് ഓടിക്കൊണ്ടിരുന്നു. അനിയൻ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു. ഞാനാകട്ടെ, എന്തെങ്കിലും മിണ്ടാൻ കൂടി ഭയപ്പെട്ടു !
രാത്രി ഞങ്ങളെ തേടി വീണ്ടും പട്ടാളക്കാർ എത്തുമെന്ന് അച്ഛൻ ഭയപ്പെട്ടു. അവർ എത്തുന്നതിനു മുൻപേ, ആവുന്നത്ര അകലേക്ക് പോകാനാണ് ഈ ഓട്ടം മുഴുവൻ. അവസാനം, നന്നേ തളർന്നപ്പോൾ വലിയൊരു വൃക്ഷത്തിന്റെ ചുവട്ടിൽ എല്ലാവരും ഒത്തുകൂടി. ഭക്ഷണവും വെള്ളവും ഇല്ലാതെ ഒരു പാട് ദൂരം നടന്നത് കൊണ്ടാകും എല്ലാവരും പെട്ടെന്ന് മയങ്ങിപ്പോയി, അച്ഛനൊഴികെ.
ഇടയ്ക്കെപ്പോഴോ മയക്കം വിട്ടുണർന്നപ്പോൾ, അച്ഛൻ ഞങ്ങളെ ആ വലിയ മരത്തിന്റെ ഉയർന്ന ഒരു കൊമ്പിലേക്കു വലിച്ചു കയറ്റി. പിന്നെ, എന്നെയും അനിയനേയും കയ്യിലുണ്ടായിരുന്ന ഒരുപുതപ്പു കൊണ്ട് ആ മരത്തിനോട് ചേർത്തു കെട്ടി. പാതി മയക്കത്തിലായിരുന്നു ഞാൻ എങ്കിലും, അച്ഛൻ താഴേക്കൂർന്നിറങ്ങുന്നുന്നതു ഞാൻ കണ്ടു. പക്ഷേ ആ മയക്കത്തിലും അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാനറിഞ്ഞു. പാവം അനിയൻ, അവൻ ഇതൊന്നും അറിയാതെ നല്ല ഉറക്കത്തിൽ ആണ്.
പിറ്റേന്ന് ഉണർന്നെണീറ്റത്, ഒരിക്കലും മറക്കാത്ത ഒരു ദുരിത കാഴ്ചയിലേക്കായിരുന്നു. തലേന്ന് രാത്രി എന്നെയും അനിയനേയും മരക്കൊമ്പിൽ സുരക്ഷിതരായി കെട്ടിയുറക്കിയ അച്ഛനും, അമ്മയും താഴെ വെടിയേറ്റു മരിച്ചു കിടക്കുന്നു. അവർ മാത്രമല്ല, താഴെ അവരോടൊപ്പം ഉറങ്ങിയ എല്ലാവരും. അവരിൽ സ്ത്രീകളുടെയെല്ലാം വസ്ത്രങ്ങൾ ആകെ കീറിപ്പറിഞ്ഞിരുന്നു. രാത്രി എപ്പോഴോ പട്ടാളക്കാർ ഞങ്ങളെ തേടി വന്നിരുന്നു എന്ന് എനിക്ക് മനസിലായി.
എന്തു ചെയ്യണം എന്നറിയാതെ ഞാനൊന്നു പകച്ചു. വെറുമൊരു പതിമ്മൂന്നുകാരന് താങ്ങാവുന്നതിലും അധികമായിരുന്നു ആ കാഴ്ച. പക്ഷെ, പെട്ടെന്ന് ഞാനോർത്തു. ഇന്നലെ വന്ന പട്ടാളക്കാർ ഇന്ന് പകൽ വീണ്ടും വന്നാലോ? മരത്തിനു മുകളിൽ ആയിരുന്നതു കൊണ്ട് മാത്രമാണ് ഞാനും അനിയനും ഇന്നലെ രാത്രി രക്ഷപെട്ടത് !
ഒരു നിമിഷം കൊണ്ട് അനിയനെ ഉണർത്തി, ഒരു വിധത്തിൽ ഞാൻ താഴെ ഇറക്കി. നെഞ്ചും മുഖവും ഒക്കെ മരത്തിലുരഞ്ഞു നീറിയപ്പോൾ ആ പാവം ഉച്ചത്തിൽ കരഞ്ഞു. എന്റെയും സ്ഥിതി വേറെ ഒന്നായിരുന്നില്ല. എന്നാൽ എന്റെ മനസിലേറ്റ മുറിവിനേക്കാൾ എത്രയോ ചെറുതായിരുന്നു നെഞ്ചിലെ ആ നീറ്റൽ !
അമ്മയുടെ മുഷിഞ്ഞു നാറിയ ചേലത്തുമ്പിൽ കെട്ടിയിരുന്ന ഏതാനും ചില്ലറ തുട്ടുകൾ ഞാൻ അഴിച്ചെടുത്തു. എന്തിനാണത് ചെയ്തതെന്ന് എനിക്കു പോലും ഓർമ്മയില്ല. പിന്നെ അച്ഛന്റെയും അമ്മയുടെയും മരവിച്ച കവിളുകളിൽ അവസാന മുത്തവും നൽകി, ഒരു കയ്യിൽ അനിയനേയും പിടിച്ചു വലിച്ചു ആകാവുന്ന വേഗത്തിൽ ഞാനോടി. എങ്ങിനെയെയും മ്യാൻന്മാർ പട്ടാളത്തിന്റെ കയ്യിൽ നിന്നും രക്ഷപ്പെടണം. ആ ഒരൊറ്റ ചിന്തയേ അപ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.
എത്ര ദൂരം അങ്ങിനെ ഓടിയെന്നറിയില്ല. ഇടക്കെപ്പോഴോ അനിയൻ തളർന്നു വീണു. പാവം, രാവിലെ മുതൽ അവൻ ഒന്നും കഴിച്ചിട്ടില്ല. അവിടെ ഒക്കെ തിരഞ്ഞപ്പോൾ കിട്ടിയ ചില കാട്ടുകിഴങ്ങുകൾ ഞാൻ അവനെ നിർബന്ധിച്ചു കഴിപ്പിച്ചു. കുടിക്കാൻ അടുത്തു കണ്ട കാട്ടരുവുവിയിലെ വെള്ളവും. അവന്റെ ആ കുരുന്നു കണ്ണുകളിലെ ദൈന്യത എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.
എങ്ങിനെയോ ഞങ്ങൾ കടൽക്കരയിൽ എത്തി. എവിടെ നിന്നൊക്കെയോ ഇത്തരത്തിൽ അവിടെ എത്തിയ നൂറുകണക്കിന് ആൾക്കാരായിരുന്നു ആ കടൽക്കരയിൽ ഉണ്ടായിരുന്നത്. എല്ലാവരുടെയും മുഖത്ത് പ്രാണഭയം നിഴലിച്ചിരുന്നു. സ്വന്തം ജീവൻ രക്ഷിക്കാനുള്ള തത്രപ്പാടിൽ ആരും പരസ്പരം ഒന്നു നോക്കുന്നു പോലുമില്ല.
കിട്ടിയ അവസരം മുതലാക്കി വള്ളക്കാർ (അതോ കടൽ കൊള്ളക്കാരോ? അറിയില്ല) ഓരോരുത്തരെയും കടൽ കടത്താൻ, കൂടുതൽ കാശിനു വിലപേശുകയാണ്. എത്ര കെഞ്ചി പറഞ്ഞിട്ടും എന്റെ കയ്യിലുള്ള നാണയത്തുട്ടുകൾക്ക്, എന്നെയും അനിയനേയും വള്ളത്തിൽ കയറ്റാൻ അവർ തയ്യാറായില്ല. ഈ വള്ളം പോയാൽ ഇനി എങ്ങിനെ രക്ഷപെടും എന്നറിയില്ല. അവസാനം ഞാൻ ഒരു വഴി കണ്ടെത്തി. ഉള്ള നാണയത്തുട്ടുകൾ അവരെ ഏൽപ്പിച്ചു ഒപ്പം അനിയനെയും. പാവം അവനെങ്കിലും ഈ നശിച്ച പട്ടാളക്കാരുടെ തോക്കിൽ നിന്നും രക്ഷപെടട്ടെ !
ഈ ഭൂമുഖത്ത്, എനിക്കാകെ സ്വന്തമെന്നു പറയാൻ ഇനി ബാക്കിയുള്ളത് ഈ അനിയനാണ്. അവനെ ഞാൻ എങ്ങിനെ പിരിയും? എന്നാൽ അത് ചെയ്തില്ലെങ്കിൽ ഒരു പക്ഷെ എന്റെ കണ്മുൻപിൽ തന്നെ അവനും പട്ടാള തോക്കിനു ഇരയായാലോ? വള്ളത്തിലിരുന്നു വാവിട്ടു കരഞ്ഞ അവനെ നോക്കാനാവാതെ ഞാനെന്റെ കണ്ണുകൾ ഇറുക്കെ അടച്ചു. പിന്നെ അവ പതുക്കെ തുറന്നു നോക്കുമ്പോൾ, ആകാവുന്നതിൽ അധികം ആളുകളേയും കയറ്റി ആ അറുപഴഞ്ചൻ വള്ളം അകലേയ്ക്ക് നീങ്ങിത്തുടങ്ങിയിരുന്നു. നിർത്താതെ നിറഞ്ഞൊഴുകിയ എന്റെ കണ്ണുകളിൽ, വേറെ ഒന്നും എനിക്ക് ദൃശ്യമായില്ല. അവൻ ഏതു രാജ്യത്താണ് എത്തുക എന്നെനിക്കറിയില്ല. പക്ഷെ ഒന്നു തീർച്ച അവൻ ജീവനോടെയുണ്ടാകുമല്ലോ. അല്ലെങ്കിൽ, അങ്ങിനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം !
ഈ ഭൂമുഖത്തു ഞാനങ്ങിനെ തീർത്തും തനിച്ചായി. എനിക്ക് കൂട്ടായി ഇനിയുള്ളത്, പേടിപ്പെടുത്തുന്ന ഓർമ്മകൾ മാത്രം!
തീരത്തു പിന്നെയും ധാരാളം ആളുകൾ, അടുത്ത വള്ളത്തിനു വേണ്ടി കാത്തുനിൽക്കുന്നു. ഞാൻ പതുക്കെ കാട്ടിലേക്ക് തന്നെ പോകാൻ തീരുമാനിച്ചു. കാര്യമായി ഒന്നും കഴിക്കാത്ത രണ്ടാമത്തെ ദിവസം ആണ്. എനിക്ക് തല കറങ്ങുന്നതു പോലെ തോന്നി. പിന്നെ ഒന്നും ഓർമയില്ല. എപ്പോഴോ ഉറക്കമുണർന്നപ്പോൾ ഇരുട്ട് വീണിരുന്നു, കടൽക്കര ഏതാണ്ട് വിജനവുമായിരുന്നു. വേച്ചു വേച്ചു ഞാൻ പതുക്കെഎഴുന്നേറ്റു, കാട്ടിലേക്കു നടന്നു.
കാട്ടിലെത്തിയ ഞാൻ തലേന്നത്തെ ഓർമ്മ കാരണം താഴെ എവിടെയെങ്കിലും കിടക്കാൻ ഭയപ്പെട്ടു. പക്ഷെ, ആ ആരോഗ്യസ്ഥിതിയിൽ ഒരു മരംകയറ്റവും എനിക്ക് അസാധ്യമായിരുന്നു. ഒരു വിധത്തിൽ, നിലത്തിനോട് ചേർന്ന് കിടന്ന ഒരു വന്മരത്തിന്റെ ചില്ലകൾക്കിടയിൽ ഞാൻ നുഴഞ്ഞു കയറി. അറിയാതെ ഉറക്കത്തിലേക്കു വഴുതിയ ഞാൻ എത്ര ദിവസം കഴിഞ്ഞാണ് പിന്നെ എഴുന്നേറ്റത് എന്നു പോലും എനിക്കോർമ്മയില്ല. കാട്ടുകിഴങ്ങും വെള്ളവും കുടിച്ചു എത്ര ദിവസം പിന്നീട് കഴിച്ചുകൂട്ടി എന്നും അറിയില്ല. ഒരു വിധം നടക്കാറായപ്പോൾ ഞാൻ വീണ്ടും കടൽക്കരയിൽ എത്തി. പക്ഷെ പൈസ കൊടുക്കാതെ എന്നെ വള്ളത്തിൽ കയറ്റാൻ ആരും തയ്യാറായില്ല. എല്ലാ ദിവസവും ഞാൻ ഓരോ വള്ളക്കാരന്റെയും കാലു പിടിച്ചു കരഞ്ഞു നോക്കി....എന്നാൽ .....
അങ്ങിനെ ദിവസങ്ങൾ കൊഴിഞ്ഞുകൊണ്ടേയിരുന്നു. എന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ഏതു നിമിഷവും എന്നെ തേടിയെത്താവുന്ന ഒരു പട്ടാള വെടിയുണ്ട ഞാൻ പ്രതീക്ഷിച്ചു തുടങ്ങി. വെടിയേറ്റു ചോരയിൽ കുളിച്ചുകിടന്ന അച്ഛന്റെയും അമ്മയുടെയും ഓർമകൾ എന്നെ വല്ലാതെ വേട്ടയാടി. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ഈ ലോകത്തിൽ ഒറ്റപ്പെട്ടുപോയ എന്റെ അനിയന്റെ ഓർമ്മകൾ എന്നും എന്റെ ഉറക്കം കെടുത്തി.
അങ്ങനെ അഞ്ചാം ദിവസം. അന്നും നിരാശനായി ഞാൻ പതിവുപോലെ കടൽക്കരയിൽ നിന്നും മടങ്ങുകയായിരുന്നു. പെട്ടെന്നാണ് ഞാൻ കണ്ടത് കുറച്ചകലെയായി ഒരു അനക്കം. അടുത്തു ചെന്ന് നോക്കിയപ്പോൾ ഒരു ചെറിയ കുഞ്ഞ്. ഏറിയാൽ പത്തു മാസം പ്രായം കാണും. എന്റെ അനിയനേക്കാൾ ചെറുത്. ഇവനെങ്ങിനെ ഇവിടെ വന്നു? ഇനി ആരെങ്കിലും ഇവിടെ ഉപേക്ഷിച്ചു വള്ളത്തിൽ കയറി പോയതാവുമോ? തനിയെ നടക്കാൻ പോലും ആവാത്ത ഞാൻ ഇവനെ എന്ത് ചെയ്യും? ഇവിടെ ഉപേക്ഷിച്ചാൽ ഈ വെയിലിൽ ഏറെ നേരം അവൻ ജീവിച്ചിരിക്കില്ല !
ഇനി, അഞ്ചു ദിവസം മുൻപേ എന്നെ പിരിഞ്ഞ എന്റെ പൊന്നനിയന് പകരം എനിക്ക് ദൈവം തന്നതാവുകുമോ ഈ കുരുന്നിനെ? പക്ഷെ എന്റെ ഈ ദുരിത ജീവിതത്തിൽ ഞാൻ എങ്ങിനെ ഇവനെ കൂടെ കൂട്ടും ?
ചോദ്യങ്ങൾ അങ്ങിനെ ഒരുപാട് ഒരുപാട് എന്റെ മനസിലേക്ക് വന്നുകൊണ്ടേയിരുന്നു.
എന്തു തന്നെ ആയാലും അവനെ ഞാൻ കൂടെ കൂട്ടാൻ തീരുമാനിച്ചു. ഒരുവിധത്തിൽ ഞാൻ അവനെയും എടുത്തു, കാട്ടിലെ എന്റെ സ്ഥിരം സങ്കേതത്തിൽ എത്തി. മറ്റൊന്നും കിട്ടില്ല എന്ന് മനസിലാക്കിയിട്ടോ എന്തോ ഞാൻ കൊടുത്ത ചില കിഴങ്ങുകൾ വലിയ മടിയൊന്നും കൂടാതെ അവൻ പതുക്കെ കടിച്ചു. കുറച്ചു വെള്ളവും കുടിച്ചു. പിന്നെ ആകെയുള്ള നാല് പല്ലുകൾ കാട്ടി നിറയെ ചിരിച്ചു. അതിൽ എന്റെ എല്ലാ വിഷമങ്ങളും അലിയുന്നത് പോലെ എനിക്ക് തോന്നി. എന്റെ നെഞ്ചിൽ കിടന്ന് ആ രാത്രി അവൻ സുഖമായുറങ്ങി. പക്ഷെ എനിക്ക് ഒരുപോള കണ്ണടയ്ക്കാൻ ആയില്ല. പട്ടാളക്കാരോ അതുമല്ലെങ്കിൽ വല്ല കാട്ടുമൃഗങ്ങളോ വന്നു അവനെ ഉപദ്രവിച്ചാലോ ?
പിറ്റേന്നും പതിവു പോലെ ഞാൻ, അല്ല ഞങ്ങൾ അതിരാവിലെ കടൽക്കരയിൽ എത്തി. കയ്യിൽ ഇത്തിരിയില്ലാത്ത ഒരു കുഞ്ഞിനെ കണ്ടതു കൊണ്ടോ എന്തോ, ഒരു വള്ളക്കാരൻ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ഞങ്ങളെ വള്ളത്തിൽ കയറാൻ സമ്മതിച്ചു. സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു. അവനെ ചേർത്തുപിടിച്ച്, ഒച്ചയില്ലാതെ ഞാൻ ആ വള്ളത്തിൽ ഇരുന്നു കരഞ്ഞു. ഒരു പക്ഷെ, ഇവൻ കൂടെ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ആ കാട്ടിലോ, കടൽക്കരയിലോ തന്നെ ഒടുങ്ങുമായിരുന്നു. ഒന്നും മനസിലാകാതെ, അവൻ തന്റെ കുഞ്ഞിപല്ലുകൾ പുറത്തു കാട്ടി ചിരിച്ചു. അത് കാണവേ എന്റെ എല്ലാ വിഷമങ്ങളും അലിഞ്ഞില്ലാതാകുന്നത് പോലെ എനിക്ക് തോന്നി !
എത്ര ദിവസം എടുത്തുവെന്നോ, എങ്ങിനെ എത്തിയെന്നോ അറിയില്ല ഒരു പാതിരാത്രിയിൽ വള്ളക്കാർ ഞങ്ങളെ ഏതോ ഒരു കരയിൽ ഇറക്കി വിട്ടു. പിന്നെ, ഏതൊക്കെയോ ലോറിക്കാരുടെ കാലു പിടിച്ചു ഞങ്ങൾ അവസാനം ഇതാ ഈ അഴുക്കു കൂനയ്ക്ക് നടുവിലെ ഈ സ്ഥലത്തെത്തി. ഏതാണ്ട് ആറു മാസമാകുന്നു ഇപ്പോൾ ഇവിടെ വന്നിട്ട്. പക്ഷെ ഞാൻ ഇന്ന് സന്തോഷവാനാണ്. കാരണം, പട്ടാളക്കാരുടെ തോക്കിന്റെ മുനയിലല്ലാതെ ഞങ്ങൾക്ക് ഇപ്പോൾ സുഖമായി ഉറങ്ങാം.
ദാ, ആ കാണുന്ന തട്ടുകടയില്ലേ ? രാംഭായിയുടെ. അറിയുമോ? ഇവിടെ വന്നു രണ്ടാം ദിനം ഞാൻ ഭായിയോട് അവനു വേണ്ടി ("അവൻ" എന്നാൽ എനിക്ക് കളഞ്ഞു കിട്ടിയ എന്റെ ഈ പുതിയ അനിയൻകുട്ടി. അവന്റെ പേരു ഞാൻ പറഞ്ഞില്ല അല്ലെ ? അല്ലെങ്കിൽ തന്നെ പിറന്ന നാടും വീടും ഒക്കെ വിട്ടു ഇവിടെയിങ്ങനെ ഈ അഴുക്കുകൂനയ്ക്ക് നടുവിൽ, ആർക്കും വേണ്ടാതെ ജീവിച്ചു തീർക്കുന്ന ഞങ്ങളെ പോലുള്ളവർക്ക്, എന്തിനാണല്ലേ ഒരു പേര് ? ഇനി ഉണ്ടെങ്കിൽ തന്നെ ആ പേരു ചൊല്ലി ഞങ്ങളെയൊക്കെ ആര് വിളിക്കാനാണ് ? ഈശ്വരന് പോലും വേണ്ടാത്ത ഞങ്ങൾ ഇങ്ങനെയൊക്കെ, എവിടെയെങ്കിലും, അജ്ഞാതരായി ഒടുങ്ങാനുള്ളതല്ലേ?) ഒരല്പം ഭക്ഷണം ചോദിച്ചു. പക്ഷേ, രൂക്ഷമായി ഞങ്ങളെ കുറെ നേരം അങ്ങിനെ നോക്കിയതല്ലാതെ അദ്ദേഹം ഒന്നും മിണ്ടിയില്ല.
ഇനിയെന്ത് ചെയ്യണം എന്നറിയാതെ ഒരല്പം മാറി, ദാ അവിടെ ഞങ്ങൾ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഗ്ളാസിൽ ചായയും രണ്ടു കഷ്ണം റൊട്ടിയും ആയി എനിയ്ക്കരികിലേക്കു വന്നു രാം ഭായി. ജീവിതത്തിൽ ആദ്യമായി എനിക്ക് നേരെ നീട്ടപ്പെട്ട ആ ദയയിൽ, വീണ്ടും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒന്നും മിണ്ടാതെ അദ്ദേഹം തിരികെ നടന്നു. ഒരു കഷ്ണം റൊട്ടി അടർത്തി ചായയിൽ മുക്കി ഞാൻ അവന്റെ വായിലേക്ക് വച്ച് കൊടുത്തു. പാവം, ഒരുപക്ഷെ ജീവിതത്തിൽ ആദ്യമായിട്ടാവും ആ പത്തു മാസക്കാരൻ അത്ര രുചികരമായ ഭക്ഷണം കഴിക്കുന്നത്. വയറു നിറഞ്ഞപ്പോൾ അവൻ എന്നെ നോക്കി ചിരിച്ചു. എന്റെ എല്ലാ വിഷമങ്ങളും നീക്കുന്ന ആ നിറഞ്ഞ ചിരി വീണ്ടും!
ബാക്കി വന്ന ചായയും റൊട്ടി കഷ്ണവും ഞാൻ കഴിച്ചു. ബാക്കിയുള്ള ഒരു കഷ്ണം റൊട്ടി ഭദ്രമായി ഞാൻ എന്റെ നിക്കറിന്റെ പോക്കറ്റിൽ തിരുകി. ഉച്ചക്ക് അവനു വല്ലതും നൽകേണ്ടേ? ചായഗ്ലാസ്സ് തിരികെ നൽകാൻ ചെന്ന എന്നോട് ഭായി പറഞ്ഞു "വച്ചോളൂ... നാളെ രാവിലെ വാ....".
അങ്ങിനെ ആ ഗ്ലാസ്സായി ഞങ്ങളുടെ ഈ വീട്ടിലെ ഒരേയൊരു വീട്ടുസാധനം.
പിന്നെ, എന്നും രാവിലെ ഞങ്ങൾ രാംഭായിയുടെ കടയിലെത്തും. ഒരു ചായയും രണ്ടു റൊട്ടിക്കഷ്ണവും എന്നും ഞങ്ങൾക്ക് നൽകി ആ പാവം. പിന്നെ രാത്രിയിൽ രണ്ട് ചപ്പാത്തിയും അല്പം ദാൽകറിയും നൽകും രാംഭായി. അത് കടയിൽ വില്പനക്ക് ഉള്ളതല്ല. വീട്ടിൽ നിന്നും അദ്ദേഹത്തിന് കഴിയ്ക്കാൻ കൊണ്ടു വരുന്നതിന്റെ ഒരു പങ്കാണ്. പാവം രാംഭായി, എത്ര നല്ല മനുഷ്യൻ. അത്രയൊക്കെയേ ആ പാവത്തിനെ കൊണ്ട് പറ്റൂ. പക്ഷെ അത് തന്നെ ഞങ്ങൾക്ക് അമൃതുപോലെയാണ് എന്ന് ഞങ്ങൾക്കല്ലേ അറിയൂ !
ഈ അഴുക്കു കൂനയിൽ എന്നോ ഒടുങ്ങേണ്ട ഞാനും അവനും ഇന്ന് ജീവിച്ചിരിക്കുന്നത് തന്നെ, ആ പാവം മനുഷ്യന്റെ ദയകൊണ്ട് മാത്രമാണ്.
ഇടയ്ക്ക് ഞാൻ കുറെയിടങ്ങളിൽ ചെറിയ എന്തെങ്കിലും പണി കിട്ടുമോ എന്നും നോക്കി. പക്ഷെ ഞങ്ങൾ റോഹിൻഗ്യകൾക്കു ഒരിടത്തും ജോലി ചെയ്യാൻ അനുവാദമില്ലത്രേ. ഈ ഭൂമിയിൽ ജോലി എടുക്കാനും ജീവിക്കാനും അവകാശമില്ലാത്ത ഞങ്ങളെ പോലെ ശപിക്കപ്പെട്ടവർ വേറെ ഉണ്ടാകുമോ?
ഇവിടെ ഞങ്ങൾ ഇപ്പോൾ 30 ആളുകളുണ്ട്. പാതിരാത്രി കഴിയുമ്പോൾ നഗരമാലിന്യങ്ങളുമായി, വെളിച്ചമില്ലാതെ ലോറികൾ എത്തി തുടങ്ങും. വണ്ടി പോയി കഴിഞ്ഞാൽ ഞങ്ങൾ ശബ്ദമുണ്ടാക്കാതെ, അവർ കൊണ്ടിട്ട ആ മാലിന്യകൂമ്പാരത്തിൽ തിരഞ്ഞു തുടങ്ങും. ആരെങ്കിലുമൊക്കെ പാതി തിന്നുപേക്ഷിച്ച റൊട്ടിയോ, ചപ്പാത്തി കഷണങ്ങളോ ഒക്കെ മിക്ക ദിവസങ്ങളിലും കിട്ടും. ചിലപ്പോളൊക്കെ പാതി തിന്ന കോഴി കഷണങ്ങളും! അതെല്ലാം ഞങ്ങൾ സൂക്ഷിച്ചു വയ്ക്കും പിറ്റേന്ന് റോഡരുകിലെ പൈപ്പ് വെള്ളത്തിൽ കഴുകി, വെയിലിൽ ഉണക്കും. അതാണ് ഞങ്ങളുടെയെല്ലാം ഭക്ഷണം. അവിടെ ഞങ്ങൾക്ക് വലിപ്പച്ചെറുപ്പങ്ങളില്ല, തർക്കങ്ങളുമില്ല.
പക്ഷെ, അവനു മാത്രം ഞാൻ ആ ഭക്ഷണം ഇന്നേവരെ കൊടുത്തിട്ടില്ല. സന്തോഷത്തോടെ എനിക്ക് നേരെ തുറക്കുന്ന ആ കൊച്ചു വായിലേയ്ക്ക് ഞാൻ എങ്ങിനെ ആ എച്ചിൽ ഭക്ഷണം വച്ച് കൊടുക്കും? റാം ഭായിയുടെ സഹായമുള്ളിടത്തോളം, ഞാനവനെ ആ എച്ചിൽ കഴിപ്പിക്കില്ല. തീർച്ച!
അവിടിവിടെ കീറിയ ടാർപ്പായ, വലിച്ചു കെട്ടിയ ആ കൂടാരത്തിൽ, എന്റെ നെഞ്ചിലാണ് അവൻ എന്നും ഉറങ്ങാറ് . ഉറങ്ങുമ്പോൾ അങ്ങകലെ മാനം മുട്ടുന്ന വലിയ വലിയ കെട്ടിട സമുച്ചയങ്ങളിലെ വർണവിളക്കുകൾ നോക്കി ചിരിക്കും അവൻ. പിന്നെ എന്നെ നോക്കി, അവന്റെ മാത്രം ഭാഷയിൽ എന്തൊക്കെയോ പറയും.
ഒരിക്കൽ എനിക്ക് സ്വന്തമായിരുന്ന എന്റെ ജന്മനാടും, വീടും, അച്ഛനെയും, അമ്മയെയും, അനിയനെയുമൊക്കെ സർവശക്തൻ എന്നിൽ നിന്നും തിരിച്ചെടുത്തു. അന്നൊക്കെ എന്നെയും തിരിച്ചെടുക്കാൻ ഞാൻ കരഞ്ഞു പറഞ്ഞിരുന്നു. പക്ഷേ, ഇന്ന് ഞാൻ അതേ ദൈവത്തോട് നന്ദിയുള്ളവനാണ്. സ്വന്തമെന്നു പറയാൻ എനിക്ക് ഇവനെ തന്നല്ലോ. ഒരേയൊരു പരാതിയേ ഇന്നെനിക്കുള്ളൂ. സന്തോഷിക്കാൻ എനിക്കൊന്നും തരാത്ത ദൈവമേ നീ, ഇവനെങ്കിലും എല്ലാം നൽകേണമേ..... ഒരു മനുഷ്യനായി ജീവിക്കാനുള്ള അവസരമെങ്കിലും .....!
ഈ കുറിപ്പുകൾ കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ ഇവിടെ ഇങ്ങിനെ എഴുതിക്കൂട്ടുന്നത്, ഒന്നിനും വേണ്ടിയല്ല. ആരെങ്കിലും ഇത് വായിക്കുമോ എന്നും നിശ്ചയമില്ല. പക്ഷെ, എന്നെങ്കിലും, ആരെങ്കിലും ഇത് വായിയ്ക്കാൻ ഇട വന്നാൽ, ദയവായി ഇത് ലോകത്തെ അറിയിക്കണം. ഞങ്ങൾ ഇങ്ങിനെ കുറെ ജന്മങ്ങൾ കൂടി ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന്. പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ, അവകാശവാദങ്ങളില്ലാതെ, വെറുക്കപ്പെട്ടവരായി... അങ്ങിനെ ......!
ജനിച്ചു പോയ വംശത്തിന്റെ പേരിൽ, ജന്മനാട്ടിൽ കുരുതി കൊടുക്കപ്പെട്ടവർ, മാനം നശിപ്പിക്കപ്പെട്ടവർ, ആട്ടിപ്പായിക്കപ്പെട്ടവർ,....ജീവിതകാലം മുഴുവൻ മറ്റുള്ളവർ കഴിച്ച ഭക്ഷണാവശിഷ്ടം കഴിക്കേണ്ടി വരുന്നവർ.... ജോലി എടുക്കാൻ പോലും അനുവാദം നിഷേധിക്കപ്പെട്ടവർ.....! വെറും ശാപജന്മങ്ങൾ ...!
ഇപ്പോൾ, ഇവിടുത്തെ സർക്കാർ ഞങ്ങളെ തിരികെ അയക്കാനുള്ള തയ്യാറെടുപ്പിലാണെന്നു കേൾക്കുന്നു. ദയവായി അത് ചെയ്യരുതേ ... ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ, പരാതികളില്ലാതെ നിങ്ങളൊക്കെ പുറം തള്ളുന്ന മാലിന്യങ്ങൾ തരംതിരിച്ചു, അതേ അഴുക്കു കൂനയിൽ ഞങ്ങൾ ഇങ്ങനെ കഴിഞ്ഞോട്ടെ ... ഇനി അഥവാ തിരിച്ചയക്കണം എന്നു നിർബന്ധമുണ്ടെങ്കിൽ, ഞങ്ങളെ ഈ യമുനയിൽ ഒഴുക്കിയേക്കൂ ... ആ പുണ്യമെങ്കിലും അനുഭവിച്ചു ഞങ്ങൾ ഈ ലോകം വെടിഞ്ഞോളാം ....!
********
പിന്നെയും എന്തൊക്കെയോ എഴുതിയിട്ടുണ്ട് അവൻ. പക്ഷെ ഇത്രയുമെത്തിയപ്പോൾ ആ ദ്വിഭാഷിയുടെ തൊണ്ടയിടറുന്നത് ഞാനറിഞ്ഞു. നിറഞ്ഞൊഴുകുന്ന എന്റെ കണ്ണുകൾ കൂടി കണ്ടതു കൊണ്ടാകണം, അയാൾ വായന നിർത്തി, പിന്നെ ഒന്നും മിണ്ടാതെ മുറിയിൽ നിന്നും പുറത്തേക്കു നടന്നു.
ഏതാണ്ട് ഒരു മണിക്കൂറോളമായിരിക്കുന്നു ഞാനീ ഇരിപ്പു തുടങ്ങിയിട്ട്. അവന്റെയീ കുറിപ്പുകൾ ഉള്ളിലെവിടെയോ ഒരു വലിയ നീറ്റലായി പടരുന്നു. എങ്ങിനെയും അവനെ സഹായിക്കണം. അവനും അവന്റെ ആ കുഞ്ഞനിയനും ഇനിയും ആരുമില്ലാത്തവരാകരുത്.
പക്ഷെ, ഔദ്യോഗിക ആവശ്യത്തിനായി മാത്രം ഈ ഡൽഹിയിൽ വന്നതിനാൽ, നാളെ വൈകുന്നേരം തന്നെ എനിക്ക് തിരികെ പോയേ മതിയാകൂ. മാസാവസാനം ആയതു കൊണ്ട് തന്നെ എന്റെ ബാങ്ക് അക്കൗണ്ടും ഏതാണ്ട് കാലിയാണ്. പക്ഷെ, അതൊന്നും ഇവനെ സഹായിക്കാതിരിക്കുന്നതിനു ഒരു കാരണമാവില്ല തന്നെ. ദില്ലിയിൽ എനിക്കുണ്ടായിരുന്ന പരിമിതമായ ചില സൗഹൃദങ്ങൾ വഴി എന്തായാലും രാത്രി തന്നെ ഞാൻ കുറച്ചു പണം സംഘടിപ്പിച്ചു.
പക്ഷെ, അപ്പോഴാണ് ഓർത്തത്, അതെങ്ങിനെ ഞാൻ അവനെ ഏൽപ്പിക്കും? വലിച്ചു കെട്ടിയ ഒരു ടാർപ്പായയ്ക്ക് കീഴിൽ ആ അഴുക്കുകൂനയിൽ അന്തിയുറങ്ങുന്ന ഒരു പതിമൂന്നുകാരനെ, അത്ര മോശമല്ലാത്ത ആ തുക എങ്ങിനെ ഏൽപ്പിക്കും? ഒരു വേള മറ്റാരെങ്കിലും അത് കൈക്കലാക്കിയാലോ? അതുമല്ല, അതിനു വേണ്ടി ആരെങ്കിലും അവനെ അപായപ്പെടുത്തിയാലോ ?
പിന്നെ, അതായി രാത്രി മുഴുവൻ എന്റെ ആലോചന.
ഹോട്ടൽ മുറിയിലെ കൃത്രിമ തണുപ്പിനും എന്നെ സഹായിക്കാനായില്ല. ഒരു പോള കണ്ണടക്കാതെ ഞാൻ നേരം വെളുപ്പിച്ചു. പിന്നെ നേരെ അവന്റെ താമസ സ്ഥലത്തേക്ക് തിരിച്ചു. തലേന്നത്തെ പരിചയം കാരണമാകാം, എന്നെ ദൂരെ നിന്നു കണ്ടതും അവൻ ഓടിയെത്തി. ഒക്കത്തു അവന്റെയാ അനിയൻ കുട്ടിയും ഉണ്ടായിരുന്നു. പക്ഷെ കൗതുകം വിടരേണ്ട അവന്റെ കണ്ണിൽ ഞാൻ കണ്ടത് ഒരു തരം ഭയം ആയിരുന്നു. ജനിച്ചു വെറും പത്തു മാസത്തിനുള്ളിൽ, ഒരു മനുഷ്യജന്മത്തിന്റെ ദുരിതം മുഴുവൻ അനുഭവിച്ചു തീർക്കേണ്ടി വന്ന പാവം കുഞ്ഞ്!
കൂടുതൽ നേരം അവിടെ നില്ക്കാൻ ഞാൻ എന്തുകൊണ്ടോ ഭയപ്പെട്ടു. ഇത്തിരിയില്ലാത്ത ആ കുട്ടികളുടെ മുൻപിൽ കരയാൻ ഞാൻ ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി. അവരെയും വിളിച്ചു ഞാൻ നേരെ രാംഭായിയുടെ കടയിലേക്ക് ചെന്നു. അപരിചിതനായ എന്നെ കൂടെ കണ്ടതുകൊണ്ടാകാം, പാവം രാംഭായി സംശയത്തോടെ ആണ് ഞങ്ങളെ നോക്കിയത്. ആ കുട്ടികൾക്ക് വയറു നിറയെ ആഹാരം കൊടുക്കാൻ ഞാൻ ഭായിയോട് ആവശ്യപ്പെട്ടു. പിന്നെ ഭായിയെ വിളിച്ചു, അല്പം അകലേക്ക് മാറ്റിനിർത്തി. എന്റെ കയ്യിലുണ്ടായിരുന്ന മുഴുവൻ തുകയും ഞാൻ അദ്ദേഹത്തെ ഏൽപ്പിച്ചു. എന്നിട്ട് അതു തീരും വരെ എല്ലാ ദിവസവും ആ രണ്ടു കുട്ടികൾക്കും ആഹാരം കൊടുക്കണം എന്നപേക്ഷിച്ചു.
ഉള്ളിൽ, കെടാതെ സൂക്ഷിക്കുന്ന മനുഷ്യത്വം കൊണ്ടാകാം ആ വൃദ്ധന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു. എങ്കിലും അവ്യക്തമായി ആ കണ്ണീരിനിടയിൽകൂടി ഞങ്ങൾ കണ്ടു, ഒരുപാട് നാളുകൂടി വയറു നിറയെ ഭക്ഷണം കഴിക്കുന്ന ആ നാല് കണ്ണുകളിൽ വിരിയുന്ന ആ സന്തോഷപൂത്തിരി. അതിനു ഞങ്ങളുടെ കണ്ണീരിനേക്കാൾ എത്രയോ ഏറെ തിളക്കമുണ്ടായിരുന്നു !
ശേഷം, എന്റെ വിസിറ്റിംഗ് കാർഡ് ഞാൻ രാംഭായിയ്ക്ക് നൽകി. ഏൽപ്പിച്ച തുക തീരാറാകുമ്പോൾ ഏതെങ്കിലും ഒരു നമ്പറിൽ നിന്നും എന്നെ വിളിക്കണം എന്ന് ഏർപ്പാടാക്കി.
പിന്നെ, ഒന്നും പറയാതെ ഞാൻ തിരിഞ്ഞു നടന്നു. ഒരിക്കൽ കൂടി ആ കുട്ടികളുടെ അടുത്തേക്ക് പോകാൻ ഞാൻ വീണ്ടും ഭയപ്പെട്ടു. കാരണം, അങ്ങിനെ ചെയ്‌താൽ ഒരു പക്ഷെ ഞാൻ എന്റെ മടക്കയാത്ര തന്നെ മാറ്റിവച്ചേക്കും എന്നെനിക്കു തോന്നി.
കനം തൂങ്ങിയ മനസോടെ നാട്ടിലേക്ക് മടങ്ങുമ്പോൾ, ഉയർന്നു തുടങ്ങുന്ന വിമാനത്തിലിരുന്നു ഞാൻ വെറുതെ, താഴെ അവ്യക്തമായി കാണുന്ന ആ അഴുക്കുകൂനയിലേക്കു നോക്കി. ഭയം നിഴലിക്കുന്ന, എന്നാൽ നന്ദി തിളങ്ങുന്ന നാല് കണ്ണുകൾ അവിടെ എവിടെയെങ്കിലും എന്നെ തേടുന്നുവോ എന്ന് !
അറിയാതെ ഞാൻ മനസ്സിൽ ചോദിച്ചു പോയി "ദൈവമേ...ഇത്രമേൽ ദുരിതങ്ങൾ അനുഭവിയ്ക്കാൻ ആ പതിമൂന്നു വയസുകാരനും പിന്നെ ആ പത്തുമാസക്കാരനും എന്തു മുജ്ജന്മപാപമാണാവോ ചെയ്തിട്ടുണ്ടാവുക? അതോ ദൈവമേ, നിന്റെ കണക്കു പുസ്‌തകത്തിൽ മനുഷ്യരായി നീ രേഖപ്പെടുത്താത്ത ഒരു ജനതയാണോ ഇനി ഈ രോഹിൻഗ്യകൾ ..?"
"കണ്ണേ മടങ്ങുക, മനസേ അടങ്ങുക
മണ്ണിൽ നുരയ്ക്കും പുഴുക്കളേക്കാൾ
അധമരോ പാവമീ രോഹിൻഗ്യകൾ
അതോ...
മനുജരല്ലെന്നോ ഈ രോഹിൻഗ്യകൾ...!"
[പിൻകുറിപ്പ്: ഈ യാത്രാക്കുറിപ്പ് വായിക്കാൻ നിങ്ങൾ കാണിച്ച സന്മനസിനു നന്ദി. എല്ലാവരാലും വെറുക്കപ്പെട്ട പാവം റോഹിൻഗ്യകൾക്കായി, നിങ്ങളുടെ മനസിന്റെ ഏതെങ്കിലും ഒരു കോണിൽ ഒരല്പം ഇടം, ഒരിത്തിരി സഹാനുഭൂതി, നിങ്ങളുടെ ദിവസപ്രാർത്ഥനകളിൽ അവർക്കു വേണ്ടി കൂടി ഒരു നിമിഷം.... അതിനി ഏതാനും ദിവസങ്ങളിലേക്ക് മാത്രമാണെങ്കിൽ കൂടി....... ഈ കുറിപ്പ് കൊണ്ട് അത്രയുമെങ്കിലും സാധിയ്ക്കുമെന്നു പ്രതീക്ഷിക്കട്ടെ ....!]
*********
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്, മാതൃഭൂമി
ഒക്ടോബർ-25-2017 ലെ ഈ ബ്ലോഗിനു ശേഷം, നവംബർ-23-2017 ലെ പത്രങ്ങളിൽ വന്ന ആശ്വാസമേകുന്ന ചില വാർത്തകൾ:
Comments
Post a Comment