ഒരു വയനാടൻ ടൂർ ഡയറി
ഒരു വയനാടൻ ടൂർ ഡയറി ശനി: തമ്പാനൂർ സ്റ്റേഷനിലെ, തിരക്ക് കുറഞ്ഞ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും രാത്രി 8:40 നുള്ള മംഗലാപുരം എക്സ്പ്രസിൽ ഞങ്ങൾ കോഴിക്കോട്ടേയ്ക്കുള്ള യാത്ര ആരംഭിച്ചു ഞായർ: പതിവിൽ നിന്നും വിപരീതമായി, തീവണ്ടി രാവിലെ ഏതാണ്ട് കൃത്യസമയത്തു തന്നെ കോഴിക്കോട് എത്തി. ഇളയ സഹോദരന്റെ കൂടെ നടക്കാവിലുള്ള വീട്ടിലേക്ക്. തണുത്ത വെള്ളത്തിൽ ഒരു കുളി കഴിഞ്ഞപ്പോൾ തലേന്നത്തെ ക്ഷീണം അപ്പാടെ മാറി. മേശമേൽ, ചൂട് പറക്കുന്ന പുട്ടും, കടലക്കറിയും നിരന്നു. കൂടെ കോഴിക്കോടിന്റെ പ്രത്യേകതയായ മീൻകറിയും മീൻ വറുത്തതും മീൻ വിഭവങ്ങൾ, അത് പ്രഭാത ഭക്ഷണത്തിനായാലും, ഉച്ചഭക്ഷണത്തിനായാലും, രാത്രിഭക്ഷണത്തിനായാലും, കോഴിക്കോട്ടുകാർക്ക് ഒഴിച്ച് നിർത്താനാവാത്തതാണ് ഏതാണ്ട് 11 മണിയോടെ ഞങ്ങൾ വയനാട്ടേക്കു തിരിച്ചു. നേരം ഏതാണ്ട് ഉച്ചയായി ഞങ്ങൾ അടിവാരത്തെത്തുമ്പോൾ. പണ്ട് എന്റെ സ്‌കൂൾ പഠന കാലത്തു വയനാട്ടേയ്ക്കു യാത്ര ചെയ്യുമ്പോൾ, വെറും ഒരു നാല്കവല മാത്രമായിരുന്നു അടിവാരം. ഏതാനും ചില ചെറിയ ചായക്കടകൾ മാത്രം ഉള്ള ഒരു കവല. എന്നാൽ ഇന്നോ ? നിരവധി ബഹുനില കെട്ടിടങ്ങളും മറ്റു കടകളും, സൂപ...