ഒരു വയനാടൻ ടൂർ ഡയറി


ഒരു വയനാടൻ ടൂർ ഡയറി

ശനി:
തമ്പാനൂർ സ്റ്റേഷനിലെ, തിരക്ക് കുറഞ്ഞ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും രാത്രി 8:40 നുള്ള മംഗലാപുരം എക്സ്പ്രസിൽ ഞങ്ങൾ കോഴിക്കോട്ടേയ്ക്കുള്ള യാത്ര ആരംഭിച്ചു

ഞായർ:
പതിവിൽ നിന്നും വിപരീതമായി, തീവണ്ടി രാവിലെ ഏതാണ്ട് കൃത്യസമയത്തു തന്നെ കോഴിക്കോട് എത്തി. ഇളയ സഹോദരന്റെ കൂടെ നടക്കാവിലുള്ള വീട്ടിലേക്ക്. തണുത്ത വെള്ളത്തിൽ ഒരു കുളി കഴിഞ്ഞപ്പോൾ തലേന്നത്തെ ക്ഷീണം അപ്പാടെ മാറി.

മേശമേൽ, ചൂട് പറക്കുന്ന പുട്ടും, കടലക്കറിയും നിരന്നു. കൂടെ കോഴിക്കോടിന്റെ പ്രത്യേകതയായ മീൻകറിയും മീൻ വറുത്തതും
മീൻ വിഭവങ്ങൾ, അത് പ്രഭാത ഭക്ഷണത്തിനായാലും, ഉച്ചഭക്ഷണത്തിനായാലും, രാത്രിഭക്ഷണത്തിനായാലും, കോഴിക്കോട്ടുകാർക്ക് ഒഴിച്ച് നിർത്താനാവാത്തതാണ്

ഏതാണ്ട് 11 മണിയോടെ ഞങ്ങൾ വയനാട്ടേക്കു തിരിച്ചു. നേരം ഏതാണ്ട് ഉച്ചയായി ഞങ്ങൾ അടിവാരത്തെത്തുമ്പോൾ. പണ്ട് എന്റെ സ്‌കൂൾ പഠന കാലത്തു വയനാട്ടേയ്ക്കു യാത്ര ചെയ്യുമ്പോൾ, വെറും ഒരു നാല്കവല മാത്രമായിരുന്നു അടിവാരം. ഏതാനും ചില ചെറിയ ചായക്കടകൾ മാത്രം ഉള്ള ഒരു കവല. എന്നാൽ ഇന്നോ ? നിരവധി ബഹുനില കെട്ടിടങ്ങളും മറ്റു കടകളും, സൂപ്പർ മാർക്കറ്റുകളും ഒക്കെ നിറഞ്ഞ ഒരു കൊച്ചു ടൗൺ തന്നെയായി മാറിയിരിക്കുന്നു അടിവാരം.

ഉച്ചയായതു കൊണ്ടാകാം, ചുരത്തിൽ പതിവായി കാണുന്ന കോടമഞ്ഞും കുരങ്ങന്മാരും ഒന്നും ഇല്ലായിരുന്നു. സാധാരണ, വീശിയെത്തുന്ന കോടമഞ്ഞിൽ  ആകെ കുളിർന്നു നിൽക്കുന്ന ചുരം അതിമനോഹരമായ ഒരു കാഴ്ചയായിരുന്നു. രാവിലെ അമ്പലക്കുളത്തിൽ കുളി കഴിഞ്ഞ്, ഈറനുടുത്തെത്തുന്ന നാടൻ പെൺകുട്ടിയെ പോലെ.

കോടമഞ്ഞില്ലാത്തതു കൊണ്ട് തന്നെ ഞങ്ങൾ ചുരത്തിൽ അധിക നേരം തങ്ങിയില്ല. ഏതാണ്ട് 12:45 കഴിഞ്ഞപ്പോൾ ഞങ്ങൾ വീട്ടിലെത്തി.

അച്ഛനും അമ്മയും മറ്റു കുടുംബാംഗങ്ങളും ഞങ്ങളെ കാത്തിരുന്നിരുന്നു. വർത്തമാനം പറഞ്ഞു കൊണ്ട് തന്നെ ഞങ്ങൾ ഉച്ച ഭക്ഷണത്തിനിരുന്നു.
വയനാടൻ കുത്തരിച്ചോറും, ചീര തോരനും, കടുമാങ്ങാ അച്ചാറും, മോര് കറിയും കൂട്ടിയുള്ള വീട്ടിലെ ഊണ്...... അതിന്റെ രുചി ഒന്നു വേറെ തന്നെ. കൂട്ടത്തിൽ നല്ല നാടൻ ഇറച്ചി കറിയും.

പതിവിൽ കൂടുതൽ വയർ നിറഞ്ഞതു കൊണ്ടും, തലേന്നത്തെ ട്രെയിൻ യാത്രയുടെ ക്ഷീണം ബാക്കി നിൽക്കുന്നതു കൊണ്ടുമാകാം, ഉറക്കം പതുക്കെ കണ്ണുകളെ തോണ്ടി വിളിച്ചു തുടങ്ങി.

എണീറ്റപ്പോൾ വൈകുന്നേരം 5 മണി. ചായ കുടിയ്ക്കുന്നതിനിടെ കഴിഞ്ഞ ഒരു വർഷത്തെ വിശേഷങ്ങൾ ഞങ്ങൾ പങ്കു വച്ചു.

രാത്രി കുറച്ചു നേരത്തെ തന്നെ അത്താഴം കഴിച്ചു. അച്ഛന്റെ വക "നാടൻ ഫ്രൈ" ആയിരുന്നു സ്പെഷ്യൽ. വലിയ ഉരുളിയിൽ, വിറകടുപ്പിൽ, ധാരാളം തേങ്ങാ കൊത്തിയിട്ട്, ആട്ടിയ വെളിച്ചെണ്ണയിൽ, ഉച്ചയ്ക്ക് വച്ച ആ ഇറച്ചി കറി ഫ്രൈ ചെയ്തെടുത്തതാണത്. അതും നന്നായി കുരുമുളക് പൊടി വിതറി. .... ഓഹ് ... അതിന്റെ സ്വാദ് അതൊന്നു വേറെ തന്നെയാണേയ് ....... കൂടുതൽ കൂടുതൽ പറഞ്ഞു ഞാൻ നിങ്ങളെ കൊതിപ്പിയ്ക്കുന്നില്ല.

ശേഷം, അനന്തപുരിയിലെ ചൂടിൽ വിയർത്തുറങ്ങിയ ശീലം തൽക്കാലത്തേക്ക് മാറ്റിവച്ച്, വയനാട്ടിലെ ചെറു തണുപ്പിൽ സുഖകരമായ ഉറക്കം.

തിങ്കൾ: 
രാവിലെ, തൊട്ടടുത്ത സുബ്രമണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി. പിന്നെ, പ്രഭാത ഭക്ഷണവും കഴിച്ച് എല്ലാവരും റെഡി ആയപ്പോൾ സമയം ഏതാണ്ട് 11 മണി.

നേരെ ബാണാസുര സാഗർ അണക്കെട്ടിലേയ്ക്ക്. കത്തുന്ന വെയിലിൽ, അണക്കെട്ടും പരിസരവും തിളയ്ക്കുന്നതു പോലെ തോന്നി. വെയിലിന്റെ കാഠിന്യം കൊണ്ടു തന്നെ ഞങ്ങൾ അണക്കെട്ടിന്റെ മുകളിലേക്കുള്ള യാത്ര KSEB യുടെ വാനിൽ ആക്കി. ആളൊന്നിന് പത്തു രൂപ മാത്രം. മുകളിൽ നിന്നുള്ള, വിശാലമായ അണക്കെട്ടിന്റെ ദൃശ്യം അതിമനോഹരമായിരുന്നു. പക്ഷെ, കൂട്ടത്തിൽ തീരെ ചെറിയ കുട്ടികൾ കൂടി ഉണ്ടായിരുന്നതിനാൽ അധിക സമയം ആ വെയിലിൽ ചിലവഴിയ്ക്കാതെ ഞങ്ങൾ മടങ്ങി.
[ബാണാസുരസാഗർ അണക്കെട്ട്]

കൽപ്പറ്റ നഗരത്തിലെ ഉച്ച ഭക്ഷണത്തിനു ശേഷം ചില സുഹൃദ് സന്ദർശനങ്ങൾ.

നേരം വൈകിട്ട് 5 മണി കഴിയുന്നു. നേരെ ഞങ്ങൾ കാരാപ്പുഴ ഡാമിലേക്ക് തിരിച്ചു. ഒരല്പം സംശയത്തോടെ ആണ് ഞങ്ങളുടെ യാത്ര. കാരണം, മുൻപൊരിക്കൽ ഇവിടം സന്ദർശിച്ചപ്പോൾ തികഞ്ഞ നിരാശയായിരുന്നു ഫലം. ആകെ കാടു പിടിച്ചു കിടക്കുന്ന ഡാമും പരിസങ്ങളുമായിരുന്നു അന്ന് ഞങ്ങൾ കണ്ടത്.

എന്നാൽ, ഇത്തവണ പ്രവേശന കവാടത്തിൽ വണ്ടി നിർത്തിയതും ഞങ്ങൾ അത്ഭുതപ്പെട്ടു പോയി. വളരെ മനോഹരമായി ഒരുക്കിയിരിക്കുന്ന പ്രവേശന കവാടം. ടിക്കറ്റെടുത്ത് അകത്തു കയറിയാൽ, കല്ല് പാകി ഒരുക്കിയ നടവഴിയുടെ ഇരുവശത്തും, സുന്ദരമായ പുൽത്തകിടിയും പൂക്കളും. അതി സുന്ദരമായ ഒരു 'ഓപ്പൺ എയർ ' സ്റ്റേജ്. സന്ദർശകർക്ക് ഇരിയ്ക്കാൻ പാകത്തിന് ടൈലുകൾ പതിപ്പിച്ച ചെറിയ കൽക്കെട്ടുകൾ. വിശാലമായി നീണ്ടു കിടക്കുന്ന വൃത്തിയുള്ള വഴികൾ. ആകെ കൂടി അതിമനോഹരം.

യാതൊരു അതിശയോക്തിയും ഇല്ലാതെ തന്നെ പറയാം.  തീർത്തും വെയിൽ ആറിയ ആ സായന്തനത്തിൽ, കാരാപ്പുഴ ഡാമിലെ പൂന്തോട്ടം അത്ര സുന്ദരമായിരുന്നു. നൂറു കണക്കിന് പനിനീർ പുഷപങ്ങൾ, ചെറുകാറ്റിൽ തലയാട്ടി ഞങ്ങളെ ക്ഷണിച്ചു. അതിനെ വെല്ലാൻ എന്ന മട്ടിൽ, എണ്ണമറ്റ നിറഭേദങ്ങളോടെ മറു വശത്തു നിറയെ ഡാലിയ ചെടികൾ. എല്ലാം കൃത്യമായും, വൃത്തിയായും പരിപാലിച്ചിരിയ്കുന്നു.
[കാരാപ്പുഴ ഡാമിലെ കുട്ടികളുടെ പാർക്ക്]

കുട്ടികൾക്ക് വേണ്ടി ഒരു പാർക്കും ഒരുക്കിയിട്ടുണ്ട്. മണൽ വിരിച്ചു ഭംഗിയാക്കിയ ആ പാർക്കിൽ ഊഞ്ഞാലും സീസോയും പിന്നെ മറ്റു നിരവധി കളിയുപാധികളും. അവധിക്കാലം ആസ്വദിയ്ക്കാൻ ഒരു പാട് കുട്ടികൾ. ആകെ നല്ല തിരക്കായിരുന്നു ഡാമിലും പരിസരത്തും.

1977 ൽ നിർമ്മാണം തുടങ്ങി 2004 ൽ പൂർത്തിയാക്കിയതാണ്, മുഖ്യമായും ജലസേചനത്തെ ലക്ഷ്യമിട്ടുള്ള കാരാപ്പുഴ ഡാം. ഒരു ഡാമും പരിസരവും എത്രമാത്രം ഉപയോഗപ്രദവും, മനോഹരവും ആക്കാം എന്നുള്ളതിന് ഒരു ഉത്തമോദാഹരണം തന്നെ ആണ് ഇപ്പോൾ കാരാപ്പുഴ ഡാം. കൂടാതെ അത് വൈദ്യുതവകുപ്പിന് നല്ല വരുമാനവും നേടികൊടുക്കുന്നു.

അസ്തമയ സൂര്യന്റെ ചെങ്കിരണങ്ങൾക്കു ശക്തി കുറഞ്ഞു, പതുക്കെ ഇരുൾ വീശിത്തുടങ്ങിയപ്പോൾ, ഞങ്ങൾ വീട്ടിലേയ്ക്കു മടങ്ങി.

ചൊവ്വ:
രാവിലെ പൂതാടി ശിവക്ഷേത്ര ദർശനം. പ്രധാന ശ്രീകോവിൽ ഇപ്പോൾ പുതുക്കി പണിതു കൊണ്ടിരിക്കുകയാണ്.

പതിവ് പോലെ, പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങൾ കറങ്ങാനിറങ്ങി. നേരെ സുൽത്താൻ ബത്തേരിയിലേക്ക്. അല്പം ഷോപ്പിംഗ്. പിന്നെ നേരെ മുത്തങ്ങയിലേയ്ക്ക്.

എല്ലാ തവണയും വയനാട് എത്തുമ്പോൾ ഒരു മുത്തങ്ങ യാത്ര പതിവാണ്. വനത്തിലൂടെ കേരള അതിർത്തിയും കടന്നു, കർണാടകത്തിലേയ്ക്കുള്ള ആ യാത്ര, ആഹാ ... അതിന്റെ ഒരു സുഖം... അത് പറഞ്ഞറിയിയ്ക്കാൻ വയ്യ. അത് മനസിനും ശരീരത്തിനും നൽകുന്ന ആ കുളിർമയും ആശ്വാസവും..... അതൊന്നു വേറെ തന്നെ.

GST വന്നതോടെ ആളും ആരവവും ഒഴിഞ്ഞ അതിർത്തി ചെക് പോസ്റ്റ് കടന്നു ഞങ്ങൾ പതുക്കെ വനയാത്ര തുടങ്ങി.

ഇടതു വശത്തു റോഡിൽ വളരെ വലിയ ഒരു മരയണ്ണാൻ. നിറയെ രോമങ്ങളോട് കൂടിയ വലുപ്പമേറിയ, നിറങ്ങൾ ചാർത്തിയ മരയണ്ണാൻ നല്ലൊരു കാഴ്ച്ച തന്നെ. പക്ഷേ, ഞങ്ങൾ കാമറ ക്ലിക്ക് ചെയ്യുന്നതിന് മുൻപേ ആശാൻ മരത്തിൽ കയറി ഒളിച്ചു.

ഏതാനും കിലോമീറ്ററുകൾ കഴിഞ്ഞപ്പോൾ പ്രസിദ്ധമായ പൊൻകുഴി സീതാദേവി ക്ഷേത്രം. ഒരു നിമിഷം വണ്ടി നിർത്തി ഇറങ്ങി, മൗനമായി പ്രാർ ത്ഥിച്ചു. വീണ്ടും യാത്ര.

സാധാരണയായി വഴിയിൽ പലയിടത്തും നിറയെ മാൻകൂട്ടങ്ങളെ കാണേണ്ടതാണ്. മിക്കവാറും ആനകളെയും. ഒരിയ്ക്കൽ വലിയ ഒരു കാട്ടുപോത്തിനെയും ഞങ്ങൾക്ക് കാണാൻ പറ്റിയിരുന്നു. പക്ഷെ ഇത്തവണ നേരത്തെ മഴ പെയ്തു ചെടികളും മരങ്ങളും ഒക്കെ തളിർത്തതിനാലാകണം, ഒന്നിനെയും കാണാനില്ല. അല്പം നിരാശരായി; എങ്കിലും ഞങ്ങൾ മുൻപോട്ടു തന്നെ പോയിക്കൊണ്ടിരുന്നു.

കുറച്ചകലെയായി ഇടതു വശത്ത് ഒരു മാൻകൂട്ടത്തെ മാത്രം കണ്ടു. അവസാനം ഒട്ടു നിരാശയോടെ ഞങ്ങൾ വണ്ടി തിരിച്ചു.

വനം ഏതാണ്ട് കഴിയാറായതും, അതാ വഴിയുടെ തൊട്ടടുത്തു വലതു വശത്തായി വലിയൊരു കാട്ടുകൊമ്പൻ. അതും വളരെ അപകടകാരിയായ ചില്ലിക്കൊമ്പൻ വിഭാഗത്തിൽ പെടുന്നത്. (വണ്ണം കുറഞ്ഞു നീളം കൂടിയ കൊമ്പുള്ള ആനയാണ് ചുള്ളി/ചില്ലി-ക്കൊമ്പൻ). പെട്ടെന്നു, കഴിയാവുന്നത്ര വേഗത്തിൽ കാമറ ക്ലിക് ചെയ്തു. 'ഓ ... അതൊക്കെ മതി ഞാൻ അല്പം തിരക്കിലാണെ .....' എന്നൊരു അലസഭാവത്തിൽ നമ്മുടെ കൊമ്പൻ വേഗം നടന്നകന്നു.
[മുത്തങ്ങ കാട്ടിലെ ചില്ലികൊമ്പൻ]

വനയാത്ര ഗംഭീരമായ സന്തോഷത്തിൽ ഞങ്ങൾ നേരെ ബത്തേരി ടൗണിലെ സ്ഥിരം താവളമായ ഹോട്ടൽ വിൽട്ടണിലേക്ക്. മുത്തങ്ങയുടെ കാര്യം പറഞ്ഞത് പോലെ തന്നെയാണ് ഈ ഹോട്ടലിന്റെ കാര്യവും. എല്ലാ വയനാട് സന്ദർശനത്തിനും ചുരുങ്ങിയത് രണ്ടു തവണ എങ്കിലും ഞങ്ങൾ ഈ ഹോട്ടൽ സന്ദർശിക്കാതിരിയ്ക്കില്ല. പ്രശസ്തമാണ് അവരുടെ ചിക്കൻ ബിരിയാണി, രുചികരവും. അത് മാത്രമല്ല, അവിടുത്തെ വൃത്തിയും, തികച്ചും സൗഹാർദ്ദപരമായ  അവരുടെ ആ ആതിഥ്യമര്യാദയും ഒക്കെ എടുത്തു പറയേണ്ടതാണ്.

ഭക്ഷണത്തിനു ശേഷം പുറത്തിറങ്ങിയതും, നമ്മുടെ വയനാടൻ മഴയെത്തി ഞങ്ങളുടെ ചെവിയിൽ പറഞ്ഞു. "ഇന്ന് കുറെ കറങ്ങിയില്ലേ ..? ഇനി മതി ... വാ വീട്ടിൽ പോകാം ...". ഞങ്ങൾ ഒന്ന് മടിച്ചു. പക്ഷെ, ഒരൊറ്റ ഇടിമിന്നലിൽ ആ മടി അങ്ങ് മാറി. അനുസരണയോടെ ഞങ്ങൾ നേരെ വീട്ടിലേയ്ക്കു മടങ്ങി.

ബുധൻ:
രാവിലെ മാനികാവ് ശിവക്ഷേത്ര ദർശനം. കേണിച്ചിറ-ബത്തേരി പാതയിൽ, സൊസൈറ്റി കവലയിൽ നിന്നും വലത്തേക്കു തിരിഞ്ഞു ചൂതുപാറ വഴി അല്പം പോയാൽ ഈ ക്ഷേത്രത്തിൽ എത്താം. രണ്ടു കുന്നുകൾക്കിടയിലെ, അത്ര ചെറുതല്ലാത്ത ഒരു കാടിനോട് ചേർന്നാണ് ഈ ക്ഷേത്രം. ഇരുവശത്തുമുള്ള കുന്നുകളുടെ മുകളിൽ ആണ് നമ്മൾ വണ്ടി നിർത്തുന്നത്. എന്നിട്ട് കുന്നിറങ്ങി വേണം അമ്പലത്തിലേക്കെത്താൻ.
[മാനികാവ് ശിവക്ഷേത്രം]

നേരത്തെ പറഞ്ഞല്ലോ ഒരു കാടിനോട് ചേർന്നാണ് അമ്പലം എന്ന്. ഈ കാട്ടിൽ നിന്നും ഉത്ഭവിയ്ക്കുന്ന ഒരു കൊച്ചു അരുവിയിലെ ജലം, ഒരു മുളംതണ്ടു വഴി ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിലേയ്ക്കെത്തുന്നു. അത് നേരെ പതിയ്ക്കുന്നത്  ശിവപ്രതിഷ്ഠയുടെ മുകളിൽ ആണ്. ശേഷം, വശങ്ങളിലെ ഓവ് ചാൽ വഴി ശ്രീകോവിലിനു പുറത്തേക്കൊഴുകി, ഒരു ചെറുതോടായി മാറി താഴേയ്ക്ക് പോകുന്നു. ഭക്‌തർ അഭിഷേകത്തിനു നൽകുന്ന പാലും, എണ്ണയുമൊക്കെ ശിവപ്രതിഷ്ഠയിൽ ഒഴിക്കുമ്പോൾ, ഈ അരുവിയിലൂടെ അത് നേരെ പ്രതിഷ്ഠയിൽ നിന്നും പുറത്തേയ്ക്ക് ഒഴുകുകയാണ് ചെയ്യുന്നത്.

ഒരു പക്ഷെ, ഇത്തരം ഒരു ക്ഷേത്രം മറ്റെങ്ങും ഉണ്ടാകില്ല തന്നെ.

ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ, വളരെ ചെറിയ, കല്ല് കൊണ്ട് നിർമിച്ച, മേൽക്കൂരയില്ലാത്ത ഒരു ശ്രീകോവിൽ ആണ് ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോളാകട്ടെ അമ്പലം ഒന്ന് പുതുക്കി  പണിതിട്ടുണ്ട്.

ക്ഷേത്ര ദർശനത്തിനു ശേഷം ഞങ്ങൾ വീട്ടിൽ മടങ്ങിയെത്തി. തുടർച്ചയായ യാത്രകൾക്ക് ശേഷം, ഒരു ദിനം വിശ്രമം ആകാമെന്ന് കരുതി. 

വല്ലപ്പോഴും ഒരിയ്ക്കൽ മാത്രം വീട്ടിൽ ഒത്തുകൂടാൻ കഴിയുന്നവരാണല്ലോ ഞങ്ങൾ. അതുകൊണ്ട് തന്നെ  അച്ഛനോടും അമ്മയോടും മറ്റു കുടുംബാംഗങ്ങളോടുമൊപ്പം, ഒരു മുഴുവൻ ദിവസവും അങ്ങിനെ നാട്ടുവർത്തമാനങ്ങളുമായി കൂടാൻ തീരുമാനിച്ചു.

ഉച്ചയ്ക്ക് എനിക്കേറ്റവും ഇഷ്ടപ്പെട്ട ചക്കക്കുരുവും-മാങ്ങയും കറിയായിരുന്നു. ആസ്വദിച്ച് തന്നെ, വയർ നിറയെ കഴിച്ചു.

ശേഷം, പറമ്പിലെ പ്ലാവിൽ നിന്നും ഇട്ട ചക്ക വറുക്കാനുള്ള തിരക്കിലായി. വർ ത്തമാനങ്ങൾക്കിടെ എല്ലാവരും കൂടെ ചക്കചുളകൾ ഒരുക്കി, വേഗം അരിഞ്ഞെടുത്തു.

അച്ഛൻ, നല്ല വെളിച്ചെണ്ണയിൽ വറുത്തു കോരുന്ന ഉപ്പേരി, അതിനേക്കാൾ വേഗം തീർന്നു കൊണ്ടിരുന്നു. ഇടയിൽ വൈകുന്നേരത്തെ ചായയും കുടിച്ചു.

വറുക്കാൻ തയ്യാറാക്കിയതിന്റെ ബാക്കി ചക്ക അതിനിടയിൽ അമ്മ പുഴുങ്ങിയിരുന്നു. അന്നത്തെ അത്താഴത്തിനു ചക്ക പുഴുക്കാക്കി വിഭവം. കൂടെ എരിവിട്ട നല്ല ഉണക്കസ്രാവ് കറിയും. പിന്നെ കടുമാങ്ങ അച്ചാറും.

ശേഷം, ചന്നം പിന്നം ചാറി തുടങ്ങിയ വയനാടൻ മഴയുടെ നേർത്ത സംഗീതം ആസ്വദിച്ചു നിദ്രയുടെ മടിത്തട്ടിലേക്ക്.

വ്യാഴം:
പതിവ് പോലെ മടിപിടിച്ച ഒരു പ്രഭാതം. ഭക്ഷണവും കഴിച്ചു യാത്രയ്ക്ക് ഒരുങ്ങിയപ്പോഴേയ്ക്കും സമയം 11 മണി. നേരെ അമ്പലവയലിലേയ്ക്ക്. വഴിയരികിലെ തട്ടുകടയിൽനിന്നും കടുപ്പത്തിൽ ഓരോ ചായ കുടിച്ചു, പിന്നെ കൂടെ ഓരോ നെയ്യപ്പവും, പരിപ്പുവടയും പത്തിരിയും. [അത്രേയുള്ളൂ കേട്ടോ... വേറെ ഒന്നുമില്ല .....]

ഞങ്ങളുടെ ഇന്നത്തെ ലക്ഷ്യം എടക്കൽ ഗുഹയാണ്. നട്ടുച്ചയാണ് സമയം എങ്കിലും അങ്ങോട്ടുള്ള നടവഴിയിൽ വെയിൽ തീരെയില്ല. കാരണം ഇരുവശത്തുമായി തണൽ വിരിച്ചു നിൽക്കുകയാണ് അനേകം കാട്ടുമരങ്ങൾ. അതുകൊണ്ട് തന്നെ, ആ കയറ്റങ്ങൾ വലിയ ക്ഷീണം ഉണ്ടാക്കിയില്ല.
[എടക്കൽ ഗുഹാചിത്രം]

പ്രവേശന കവാടത്തിൽ നിന്നും ടിക്കറ്റെടുത്ത് ഗുഹയിലേക്കുള്ള കല്ലുകൾ നിറഞ്ഞ ഊടുവഴി കയറാൻ തുടങ്ങി. കൂറ്റൻ പാറക്കെട്ടുകൾക്കിടയിലെ കയറ്റങ്ങൾ ശരീരത്തിന് ക്ഷീണം നൽകിയെങ്കിലും മനസിന് നൽകിയത് നൈസർഗിക കുളിർമ്മയായിരുന്നു.

[എടക്കൽ ഗുഹാചിത്രം]

ഇടക്കൊക്കെയുള്ള കല്ലുകളിൽ, ക്ഷീണിതരായ മറ്റു യാത്രികർ ഇരിയ്ക്കുന്നുണ്ടായിരുന്നു. ഞങ്ങൾ വാശിയോടെ കയറ്റം തുടർന്നു. ഏറ്റവും മുകളിലെ ഗുഹയിൽ എത്തിയപ്പോൾ നേരം നട്ടുച്ച. എന്നാൽ ആ ഗുഹയ്ക്കുള്ളിലോ? ഏതൊരു ശീതീകരണ യന്ത്രം നല്കുന്നതിനേക്കാൾ നല്ല തണുപ്പ്. ആ തണുപ്പും, പിന്നെ (താഴെ കാട്ടിൽ നിന്നും) ഈ ഉയരം നൽകിയ സുരക്ഷിതത്വവും ആകാം പണ്ടത്തെ സന്യാസിമാരെ ഈ ഗുഹയിൽ താമസമുറപ്പിയ്ക്കുവാൻ, ഒരു പക്ഷേ പ്രേരിപ്പിച്ചത്.

[എടക്കൽ ഗുഹാചിത്രം]

ഗുഹാചിത്രങ്ങൾ കൗതുകത്തോടെ നോക്കുന്ന മറ്റു സഞ്ചാരികളുടെ കൂടെ ഞങ്ങളും കൂടി. കാര്യമായ കേടുപാടുകൾ  ഇല്ലാതെ തന്നെ അവയെല്ലാം സംരക്ഷിച്ചിരിയ്ക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. കഴിയുന്നത്രയും ഫോട്ടോകൾ പകർത്തി, ഞങ്ങൾ തിരികെ ഇറങ്ങാൻ തീരുമാനിച്ചു.

ഗുഹയ്ക്കു പുറത്തു വരുമ്പോളുള്ള അമ്പലവയൽ ടൗണിന്റെ ദ്ര്യശ്യം അതി മനോഹരം തന്നെയാണ്. പച്ചപ്പട്ടു വിരിച്ചപ്പോലെ  അങ്ങിനെ നീണ്ടു നിവർന്നു കിടക്കുന്നു താഴ്വാരം.
[എടക്കൽ ഗുഹയുടെ മുകളിൽ നിന്നുള്ള അമ്പലവയൽ ദൃശ്യം]

താഴേയ്ക്കിറങ്ങാൻ ഇപ്പോൾ ബലമേറിയ ഇരുമ്പു പടികൾ നിർമ്മിച്ചിട്ടുണ്ട്. ഒരു പാറക്കെട്ടിനു പോലും കേടുപറ്റാതെ, ഒരൊറ്റ കല്ലും പൊട്ടിച്ചു മാറ്റാതെ, അവയ്ക്കിടയിലൂടെ വളച്ചു പുളച്ചാണ് ഈ പടികൾ നിർമ്മിച്ചിരിയ്ക്കുന്നത്.

മലയിറങ്ങി താഴെയെത്തിയപ്പോൾ നല്ല കത്തിക്കാളുന്ന വിശപ്പ്. നേരെ പതിവ് ഹോട്ടലായ വിൽട്ടണിലേയ്ക്ക്.  കൂടെയുള്ള പലരും കോഴി ബിരിയാണി കഴിച്ചപ്പോൾ, ഞങ്ങൾ ചിലർ പൊറോട്ടയും മീൻകറിയും അകത്താക്കി.

സ്വാദിഷ്ടമായ ഉച്ച ഭക്ഷണത്തിനു ശേഷം, ഞങ്ങൾ പുൽപ്പള്ളിയിലേക്കു തിരിച്ചു.

ബത്തേരി-പുൽപ്പള്ളി റോഡിലൂടെയുള്ള യാത്രയും അത്യന്തം ആസ്വാദ്യകരമാണ്, മുത്തങ്ങ യാത്ര പോലെ തന്നെ. കാരണം, വഴിയുടെ ഇരു വശവും നിബിഡ വനമാണ്. ഇടയ്ക്കിടെ ധാരാളം ആനത്താരകളും (പതിവായി ആനകൾ സഞ്ചരിയ്ക്കുന്ന വഴികളെയാണ് 'ആനത്താരകൾ' എന്ന് പറയുന്നത്). മിക്ക ആനത്താരകളും ടാർ റോഡിനെ ക്രോസ് ചെയ്യുന്നതാണ്.

'ഒരു ആനയെ എങ്കിലും കാണാൻ പറ്റണെ...' എന്ന പ്രാത്ഥനയോടെയാണ് ഞങ്ങളുടെ യാത്ര. വഴിയിലെങ്ങും ഒരൊറ്റ വണ്ടി പോലുമില്ല. ഞങ്ങൾ വേഗത കുറച്ചു, ഇരുവശങ്ങളും ശ്രദ്ധിച്ചു അങ്ങിനെ പോകുകയാണ്. പെട്ടെന്ന് റോഡിനു വലതു വശത്തായി കാട് വല്ലാതെ ഒന്നിളകി. ഞങ്ങൾ പതുക്കെ വണ്ടി ഓരം ചേർത്ത് നിർത്തി.

ലക്ഷണമൊത്ത ഒരു വലിയ പിടിയാന കാട്ടിൽ നിന്നും വഴിയിലേക്ക് കയറി. നിർത്തിയിട്ട ഞങ്ങളുടെ കാറിനെ ഒന്ന് നോക്കി. പിന്നെ, വന്ന വഴിയിലേക്ക് നോക്കി തലയാട്ടി. അതാ ഒരു കുഞ്ഞുകൊമ്പൻ തല കുലുക്കി അമ്മയുടെ പിന്നാലെ വഴിയിലേക്ക് കയറി. പിടിയാന ഒന്ന് കൂടി ഞങ്ങളെ നോക്കി. കുഴപ്പക്കാരല്ല എന്ന് തോന്നിയതിനാലാകണം പതുക്കെ കുഞ്ഞിനെ മുൻപിൽ നടത്തി വഴി കുറുകെ കടന്നു.

മറുവശത്തെ കാട്ടിലേയ്ക്കിറങ്ങുന്നതിനു മുൻപേ, വീണ്ടും അമ്മ ആന മുൻപിലേക്ക് കയറി. പിന്നെ ആ അമ്മയും കുഞ്ഞും അകലേയ്ക്ക് നടന്നകന്നു. അപൂർവ്വമായ ഈ കാഴ്‌ച കഴിയുന്നത്ര ഞങ്ങൾ ക്യാമറയിൽ പകർത്തി.




[ബത്തേരി -പുൽപ്പള്ളി പാതയിൽ, വഴി മുറിച്ചു കടക്കുന്ന അമ്മയും കുഞ്ഞും]

ഞങ്ങളുടെ കൂടെയുണ്ടായിരുന്ന കുട്ടികളെല്ലാം, കുട്ടിയാനയെ കണ്ട സന്തോഷത്തിലും അത്ഭുതത്തിലും അങ്ങിനെയിരുപ്പാണ്.

[തന്റെ സൗന്ദര്യം എങ്ങാനും നഷ്ടമാകുമോ? എന്ന ഭയത്താൽ, സ്വന്തം കുഞ്ഞിന് മുലയൂട്ടാൻ പോലും മടിയ്ക്കുന്ന, കുറച്ചെങ്കിലും അമ്മമാരുള്ള, നമ്മൾ മനുഷ്യരുടെ കാര്യം വച്ചു നോക്കുമ്പോൾ, സ്വന്തം കുഞ്ഞിനെയും കൂട്ടി റോഡ് മുറിച്ചു കടക്കാൻ ആ അമ്മ ആന കാണിച്ച കരുതൽ... അതെത്ര വിലമതിയ്ക്കാൻ ആവാത്തതാണെന്ന് ഒരു നിമിഷം അറിയാതെ ചിന്തിച്ചു പോയി].

സന്തോഷത്തോടെ ഞങ്ങൾ യാത്ര തുടർന്നു. കുറെ ദൂരം കഴിഞ്ഞപ്പോൾ, ഡ്രൈവിങ്ങിനിടെ അനിയൻ മുന്നറിയിപ്പ് നൽകി. അടുത്ത വളവിൽ ഇടതു വശത്തായി അല്പം ദൂരെ ഒരു കുളമുണ്ട്. മിക്കവാറും ആനയോ കാട്ടുപോത്തോ ഒക്കെ അവിടെ  കാണും എന്ന്. ആകാംക്ഷയോടെ ഞങ്ങൾ നോക്കിയപ്പോൾ, അതാ ഒരു വലിയ കൊമ്പൻ അങ്ങിനെ വെള്ളം കുടിച്ചു നിൽക്കുന്നു. അലപം ദൂരെയാണ് കുളമെന്നതിനാൽ, കാമറ ഒക്കെ ഒന്ന് ഫോക്കസ് ചെയ്‌തു വന്നപ്പോഴേയ്ക്കും ആ ഗജരാജൻ സ്ഥലം കാലിയാക്കിയിരുന്നു.

                                                                                      [ബത്തേരി -പുൽപ്പള്ളി പാതയിലെ കൊമ്പൻ]

അങ്ങിനെ, മനസ് നിറച്ച ധാരാളം കാഴ്ചകൾ നൽകിയ ദിവസത്തിന്, നിറഞ്ഞ നന്ദി പറഞ്ഞ്, പുൽപ്പള്ളിയിലെ ബന്ധുവീട് സന്ദർശനവും കഴിഞ്ഞ് ഞങ്ങൾ നേരെ വീട്ടിലേയ്ക്കു മടങ്ങി.

വെള്ളി:
രാവിലെ കേണിച്ചിറ ടൌൺ  വരെ പോയി മടങ്ങി.

ഉച്ചയ്ക്ക് ശേഷം ബത്തേരി ടൗണിൽ ഒരു ഷോപ്പിംഗ്. അതായിരുന്നു അന്നത്തെ പ്ലാൻ. കാരണം പിറ്റേന്ന് വീണ്ടും ഞങ്ങൾക്ക് അനന്തപുരിയിലേയ്ക്കു മടങ്ങണമല്ലോ.

എന്നാൽ, ഉച്ചയോടെ തുടങ്ങിയ മഴ എല്ലാം മാറ്റിമറിച്ചു. നൂലുപോലെ, അങ്ങിനെ നനുനനെ പെയ്യുന്ന വയനാടൻ മഴയ്ക്ക് പകരം അന്ന് പെയ്തിറങ്ങിയത്, കനത്ത മഴത്തുള്ളികൾ ആയിരുന്നു. കൂടുതൽ ഭീതിപ്പെടുത്താൻ എന്നവണ്ണം, കൂടെ വീശിയടിയ്ക്കുന്ന കാറ്റും.

എന്നാൽ പിന്നെ, പ്ലാൻ മാറ്റിക്കളയാം എന്നായി ഞങ്ങൾ. വേഗം പച്ചക്കപ്പ പുഴുങ്ങി. കറിയ്ക്ക് അന്നു രാവിലെ കേണിച്ചിറയിൽ നിന്നും വാങ്ങിയ ഉണക്ക തിരണ്ടി. അതും തേങ്ങാ കൊത്തിയിട്ട്, എരിവ് അല്പം അധികം ചേർത്ത്, ഏതാണ്ട് കുഴമ്പ് പരുവത്തിൽ തയ്യാറാക്കിയത്‌. പിന്നെ കടുമാങ്ങാ അച്ചാറും.

കപ്പയുടെ സ്വാദിൽ, മീൻ കറിയുടെ എരിവിൽ, അച്ചാറിന്റെ തരുതരിപ്പിൽ ആ മഴയുടെ കുളിരങ്ങകന്നു പോയി.
[കനത്ത മഴയ്ക്കും കാറ്റിനും ശേഷം വന്ന, സുന്ദരിയായ വയനാടൻ സന്ധ്യ]

ശേഷം, ഈ അവധിക്കാലത്തെ, അവസാന വയനാടൻ രാത്രിയുടെ കുളിരിൽ, ഗാഢനിദ്രയിലേയ്ക്ക്.

ശനി:
കഴിഞ്ഞ എല്ലാ ദിവസങ്ങളിലും വളരെ ഉത്സാഹത്തോടെയാണ് ഞങ്ങൾ ഉറക്കമുണരാറ്. അന്ന് എവിടെയാണ് കറങ്ങാൻ പോകേണ്ടത് എന്ന ആലോചനയോടെയും.

പക്ഷെ, ഇന്ന് ഞങ്ങൾ ഉറക്കമുണർന്നത്  വളരെ വിഷമത്തോടെയാണ്. കാരണം മറ്റൊന്നുമല്ല. ഒരാഴ്ച നീണ്ടു നിന്ന വയനാടൻ അവധിക്കാലം ഇതാ ഇന്നോടെ തീരുകയാണ്. ഞങ്ങൾ വീണ്ടും നഗരത്തിന്റയെയും, ജോലിയുടെയും ഒക്കെ തിരക്കിലേയ്ക്ക് മടങ്ങാൻ തുടങ്ങുകയാണ്.

ഒട്ട് അലസതയോടെ, ഞങ്ങൾ ബാഗുകൾ എല്ലാം ഒരുക്കി. എല്ലാവരുടെയും മുഖത്ത് ദുഃഖം.  അച്ഛനോടും, അമ്മയോടും. അനിയനോടും കുടുംബത്തോടുമൊക്കെ യാത്രപറഞ്ഞു ഞങ്ങൾ കോഴിക്കോട്ടേയ്ക്ക് തിരിച്ചു.

അവിടെ, ഇളയ സഹോദരന്റെ വീട്ടിൽ ഉച്ച ഭക്ഷണം. കരിമീൻ വറുത്തതും കല്ലുമ്മക്കായ ഫ്രൈയും ഒക്കെ കൂടി സുഭിക്ഷമായ ഊണ്.
[ഈ കോഴിക്കോട്ടുകാരുണ്ടല്ലോ ... ഓൾക്ക് ... ജ്ജ് എന്തൊക്ക പറഞ്ഞാലും ഈ  മീൻ ഐറ്റം ഒഴിവാക്കി ആഘോഷങ്ങൾ ഇല്ലന്നെ... ഇനി നമ്മൾ ഈ മീനെ പറ്റി ചോദിച്ചാലോ അവര് പറയും "അല്ലാപ്പ ... ഇത് എന്തുട്ടാ ഇപ്പ ഇത്രനെ ക്കൊണ്ടു ..പറയാനും മാത്രം ..?. അത് മ്മടെ ഒരു ശീലല്ലേ ..?" ]

ശേഷം, ടൗണിൽ അല്പം ഷോപ്പിംഗ്. വേറെ ഒന്നും അല്ല. അങ്ങ് അനന്തപുരിയിലേയ്ക്ക് ഞങ്ങൾ മടങ്ങി ചെല്ലുമ്പോൾ, കോഴിക്കോടൻ ഹൽവയും, പിന്നെ വാഴയ്ക്ക ചിപ്സും ഒക്കെ കാത്തു കുറച്ചുപേരുണ്ടേ, അവിടെ. അവർക്കു വേണ്ടി.

പിന്നെ, രാത്രിയിലെ മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ്സിൽ മടക്കം. തീവണ്ടിയുടെ ദ്രുതതാള താരാട്ടിൽ ഉറക്കം വരാതെ, തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ, കഴിഞ്ഞ ആറു ദിവസത്തെ യാത്രാവിശേഷങ്ങൾ, അടുക്കും ചിട്ടയുമില്ലാതെ അങ്ങിനെ മനസിലേയ്ക്ക്ഓടിക്കയറി വന്നു കൊണ്ടേയിരുന്നു. തലകുലുക്കി, ഞങ്ങളെ കൊതിപ്പിച്ച്, വഴി മുറിച്ചു കടന്ന ആ  കുറുമ്പുകാരൻ ആനക്കുട്ടിയെപോലെ.....!

[പിന്കുറിപ്പ്‌ : നിങ്ങൾ പ്രതീക്ഷിച്ച ചില ചിത്രങ്ങൾ ഇതിന്റെ കൂടെ ഒരു പക്ഷെ കണ്ടു കാണില്ല അല്ലെ? ചുരത്തിന്റെയും, എടക്കൽ ഗുഹയുടെയും ഒക്കെ അതിസുന്ദര ചിത്രങ്ങൾ ഇതിനകം തന്നെ ഒട്ടനവധി ആളുകൾ പകർത്തിയിട്ടുണ്ട്. ഇന്റർനെറ്റിൽ അതെല്ലാം ലഭ്യവുമാണല്ലോ. അതുകൊണ്ടു തന്നെ, അത്തരം ചിത്രങ്ങൾ എല്ലാം തന്നെ ഇതിൽ നിന്നും ഒഴിവാക്കുന്നു. പകരം അപൂർവമായി ഞങ്ങൾക്ക് വീണു കിട്ടിയ ചില ചിത്രങ്ങൾ മാത്രം ചേർക്കുന്നു]

സ്നേഹത്തോടെ......
ബിനു മോനിപ്പള്ളി -
*********
Blog: https://binumonippally.blogspot.com










Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]