പെരകെട്ട് - അന്യം നിന്നൊരു നാട്ടൊരുമ [ഭാഗം - രണ്ട്‌]


പെരകെട്ട് -  അന്യം നിന്നൊരു നാട്ടൊരുമ   [ഭാഗം - രണ്ട്‌]

ഭാഗം: ഒന്നിന് സന്ദർശിയ്ക്കുക:
http://binumonippally.blogspot.in/2018/04/blog-post_26.html

**************

അങ്ങിനെ കാത്തുകാത്തിരുന്ന, പെരകെട്ടിന്റെ ആ ദിവസമായി. 

രാവിലെ തന്നെ നമ്മുടെ ചേട്ടന്മാരെല്ലാം എത്തും. പെരയുടെ മുകളിൽ കയറി പഴയ ഓലകൾ മുഴുവൻ പൊളിച്ചിറക്കും.  ഒരു കൂട്ടർ പൊളിച്ചിട്ട ഓലകളിൽ നിന്നും, അധികം കേടുവരാത്ത ഓലകൾ തിരഞ്ഞു മാറ്റും. അതിനെ ഈ വർഷത്തെ പുതിയ ഓലകളുടെ കൂടെ ചേർത്ത് വീണ്ടും മേയാനുള്ളതാണ്. വേറെ ഒരു കൂട്ടർ പുരമുകളിൽ തന്നെ ഇരുന്ന്, കുറ്റിച്ചൂലുകൊണ്ടു പൊടിയും കരിയും എല്ലാം അടിച്ചിറക്കും. പോയ ഒരു വർഷത്തെ മുഴുവൻ കരിയുമുണ്ടാകും. ചിതൽ കയറിയ പഴയ പട്ടികകൾ മാറ്റി, അവിടെ പുതിയ പട്ടിക കഷണങ്ങൾ തറയ്ക്കും. ഇനിയുമൊരു കൂട്ടർ പൊളിച്ചിറക്കിയ മോശം ഓലകൾ എല്ലാം കൂടെ, ദൂരെ ഒരിടത്തു മാറ്റിയിട്ടു തീ കൊളുത്തും.

പെരകെട്ട് ദിവസം ആ വീട്ടിലെ അടുക്കളയിൽ പാചകം ഒന്നും കാണില്ല. കാരണം, മേൽക്കൂരയിലെ ഓലകൾ മുഴുവൻ പൊളിച്ചുമാറ്റിയല്ലോ. പകരം, അന്നത്തെ പാചകം മുഴുവൻ തൊടിയിലെ ഏതെങ്കിലും ഒരു മരത്തണലിൽ, പുതുതായി അടുപ്പുകൾ കൂട്ടി അവിടെ ആയിരിക്കും. അന്നൊക്കെ തൊടിയിൽ നിറയെ, വലിയ പ്ലാവുകളും മാവുകളും ഒക്കെ ആയിരുന്നു.

അയലത്തെ പെണ്ണുങ്ങൾ എല്ലാം അന്ന് പാചക സഹായത്തിനുണ്ടാകും. മീനും ഇറച്ചിയും ഒഴികെ, വേറെ ഒന്നും സാധാരണ വിലകൊടുത്തു വാങ്ങാറില്ല. എല്ലാം വീട്ടിലെ തൊടിയിൽ നിന്നും കിട്ടും. അഥവാ ആ വീട്ടിലെ തൊടിയിൽ ഇല്ലെങ്കിൽ അടുത്ത വീട്ടിലെ തൊടിയിൽ നിന്നെടുക്കും. കൂട്ടത്തിലെ ഏതെങ്കിലും ഒന്നോ രണ്ടോ ചേച്ചിമാർ അടുത്ത തൊടിയിലേക്കു കയറും. എന്നിട്ടു ആ വീട്ടുകാരോട് വിളിച്ചു പറയും.

" ചേച്ച്യേ .... ദേ ഞാനെ... രണ്ടു മൂട് ചേമ്പു പറിയ്ക്കുവാണേയ് .. പിന്നെ ഒരു ചേനയും....."

"ഓ ...ആയിക്കോട്ടെ  ... എന്താട്യേ വിശേഷം ?"

"ഹ ... നമ്മുടെ കുഞ്ഞേട്ടന്റെ പെരകെട്ടല്ലേ  ... ചേച്ചി ..വരുന്നില്ലേ ?"...

"പിന്നെ ദാ വരണ് .. ഞാൻ  ചെറുക്കന് ഒരു ഗ്ലാസ് ചായ കൊടുത്തോട്ടെ ... അതിയാൻ അങ്ങോട്ട് പോന്നല്ലോ ..പിന്നെ  ...ട്യേയ്.... കുമ്പളങ്ങാ വേണെങ്കി ദാ ആ തൊഴുത്തിന് മേലെ ഒണ്ടേ ... "

"ആയിക്കോട്ടെ ..."

"കൊല വേണോട്യേ ? ... ദാ ആ തെക്കു വശത്ത് ഉണ്ട്  ..മൂത്തോന്നു നോക്ക് "

"വേണ്ട ചേച്ച്യേ ... ആ സതിചേച്ചി ഒരെണ്ണം ദാ കൊണ്ടന്നു ..."

[തമ്മിൽ കണ്ടാൽ, മിണ്ടാത്ത അയൽക്കാരെ കണ്ടു ശീലിച്ച ഇന്നത്തെ തലമുറയ്ക്ക് ഇതൊക്കെ ഒരുപക്ഷെ അത്ഭുതമായേക്കാം ...അല്ലെ ?!]

രാവിലെ 8 മണിയോടെ ഓലപൊളിക്കൽ ഏതാണ്ട് കഴിയും. അപ്പോഴേയ്ക്കും  പ്രഭാതഭക്ഷണവും  തയ്യാറായിട്ടുണ്ടാകും.നല്ല ആമ്പക്കാടൻ പച്ചക്കപ്പ പുഴുങ്ങിയതും, എരിവ് കൂടുതൽ ഇട്ട തിരണ്ടി മീൻ കറിയും. തിരണ്ടിമീൻ എന്ന് പറഞ്ഞാൽ ഉണക്കത്തിരണ്ടി മീൻ ആണ് കേട്ടോ. അത് മുളക് കൂടുതൽ അരച്ച്, ഏതാണ്ട് ഒരു കുഴമ്പ്വ പരുവത്തിൽ കറി വച്ചത്. പിന്നെ കൂടെ നല്ല കാന്താരി മുളകരച്ച്, വെളിച്ചെണ്ണ ഒഴിച്ചതും ...!

കഴിച്ചു തുടങ്ങുമ്പോഴേയ്ക്കും, ഷാപ്പിൽ നിന്നും കള്ളും എത്തും. കള്ള് എന്ന് പറഞ്ഞാലോ, ഇന്ന് കിട്ടുന്നത് പോലെ പൊടി  കലക്കിയ കൃത്രിമ കള്ളൊന്നും അല്ല. അന്ന് രാവിലെ, പനയിൽ നിന്നും ചെത്തിയിറക്കിയ നല്ല ഒന്നാംതരം പനങ്കള്ള്.  

ആമ്പക്കാടൻ കപ്പ പുഴുക്കിന്റെയും, കാന്താരി മുളകിന്റെയും കൂടെ അത്തരമൊരു കുപ്പി നാടൻ കള്ളും കൂടെ .... ഹാ വൂ...... ... ഒന്നാലോചിച്ചു നോക്കിക്കേ .....!!

പെരകെട്ടിന്റെ അന്ന്, രാവിലെയും വൈകുന്നേരവുമായി കുറഞ്ഞത് രണ്ടു കന്നാസ് കള്ളെങ്കിലും വീട്ടിലെത്തിയിരിക്കും. അത് വിതരണം ചെയ്യാൻ ഒരു ചേട്ടനെയും ഏൽപ്പിച്ചിട്ടുണ്ടാകും. ചേട്ടനും കന്നാസും ഒരു മരച്ചുവട്ടിൽ അങ്ങിനെ ഇരിക്കും. ബാക്കി ചേട്ടൻമാർ പതുക്കെ, ഇടക്കിടെ ഈ ചേട്ടനെ വിസിറ്റു ചെയ്യുന്നത് കാണാം ....

പെരകെട്ടിന്റെ അന്ന് മാത്രം കുട്ടികൾക്ക് ചെറിയ ഗ്ലാസിൽ ഒന്നോ രണ്ടോ ഗ്ളാസ് കള്ളുതരും കേട്ടോ. അത് ചിലപ്പോൾ വലിയ ചേട്ടന്മാർക്കു  'കൊതി' കിട്ടാതിരിക്കാനാവും.

കാപ്പികുടി കഴിഞ്ഞാൽ ഉടനെ, പെരകെട്ട് തുടങ്ങുകയായി. കെട്ടിൽ വിദഗ്ദ്ധരായ ചേട്ടന്മാർ, സർക്കസ് അഭ്യാസികളുടെ മെയ്‌വഴക്കത്തോടെ പുരമുകളിലേക്കു വലിഞ്ഞു കയറും. താഴെ നിന്നും ഓരോരോ നിരയായി മുകളിലേക്ക് ആണ് പുര കെട്ടുക.

ഓരോ കെട്ടുകാരനും ഒരു കെട്ട് കെട്ടുനാര് തന്റെ ഇടതു വശത്തായി പട്ടികയിൽ തിരുകി വച്ചിട്ടുണ്ടാകും. ഓല തുളച്ചു കെട്ടാനുള്ള 'കെട്ടുസൂചി' അതിന്റെ വളയത്തിൽ തൻറെ വലതു കൈത്തണ്ടയിൽ കൊരുത്തിട്ടുണ്ടാകും. പിന്നെ, ഒരോ കെട്ടുകാരനും താഴെ നിന്നും ഓല എടുത്തു കൊടുക്കാൻ ഓരോ സഹായികളും ഉണ്ടാകും. നേരത്തെ നമ്മൾ പറഞ്ഞ പഴയ ഓലകളുടെ ഒരു കെട്ട്, കെട്ടുകാരൻ തന്റെ വലതുവശത്തു വാങ്ങി വച്ചിട്ടുണ്ടാകും. 

വളരെ താളാത്മകമായി ആണ് ഓലകെട്ടു നടക്കുക. താഴെ നിൽക്കുന്ന സഹായി ഓല ചുരുട്ടി ഒരു റോക്കറ്റിന്റെ രൂപത്തിൽ ആക്കി  കെട്ടുകാരന്  എറിഞ്ഞു കൊടുക്കും കെട്ടുകാരൻ അതിനെ തന്റെ വലത് കയ്യാൽ പിടിച്ചെടുത്തു, ഇടതു കയ്യാൽ കെട്ടഴിച്ചു നിവർത്തി, ഇടതു കയ്യിലേക്ക് മാറ്റി പിടിച്ചു, വലതു വശത്തെ പഴയ ഓലക്കെട്ടിൽ നിന്നും ഒരു ഓല എടുത്തു നിവർത്തി, അതിനെ പുതിയ ഓലയുടെ അടിയിൽ വരുന്ന രീതിയിൽ ഒരുമിച്ചു പിടിയ്ക്കും. ശേഷം, ആ രണ്ടോലകളെയും പട്ടികയോട് ചേർത്ത് പിടിയ്ക്കും; എന്നിട്ടു വലതു കയ്യിൽ കൊരുത്തിട്ട കെട്ടുസൂചി കൊണ്ട് പട്ടികയുടെ മുകളിലും താഴെയും ആയി രണ്ടു  തുളകൾ ഇടും. ആ തുളകളിൽ കൂടി നമ്മുടെ ഒരു കെട്ടുനാരിനെ കടത്തിയെടുത്തു വലിച്ചു മുറുക്കി, പിന്നെ രണ്ടറ്റങ്ങളെ തമ്മിൽ പിരിച്ചെടുത്തു, ഒരു പ്രത്യേക രീതിയിൽ ഓലവിരിപ്പിന്റെ അടിയിലേക്ക് തിരുകും.

ഒന്നോ രണ്ടോ മിനിറ്റിനുള്ളിൽ ആണ് ഇത്രയും കാര്യങ്ങൾ  നടക്കുക. കെട്ടുനാര് പിരിച്ച്, ഓലയുടെ അടിയിൽ തിരുകിയാൽ, അടുത്ത ഓലയ്ക്കായി കൈനീട്ടും. ഇത് നോക്കി നിൽക്കുന്ന താഴെയുള്ള സഹായി അടുത്ത റോക്കറ്റിനെ എറിയുന്നു. അതിന്റെ പിടിക്കുന്നു, പിന്നെ മുകളിൽ വിവരിച്ച പോലെ വീണ്ടും കെട്ടി മുറുക്കുന്നു.

ഇതുപോലെ, വീടിന്റെ മേൽക്കൂരയുടെ നാലുവശത്തുമായി ആകെ പത്തോ പതിനാലോ കെട്ടുകാരുണ്ടാകും. ഓരോ ഓലയും കെട്ടി കഴിഞ്ഞു, അവർ വലത്തേക്ക്, വലത്തേക്ക് നീങ്ങി കൊണ്ടിരിയ്ക്കും. ഇങ്ങനെ ഒരു നിര പൂർത്തിയായാൽ പിന്നെ എല്ലാവരും ഒരു നിര മുകളിലേക്ക് കയറിയിരിയ്ക്കും. വീണ്ടും മേല്പറഞ്ഞതു പോലെ ഓലകെട്ട് തുടങ്ങും. അതങ്ങിനെ തുടർന്ന് കൊണ്ടേയിരിക്കും. ഇടയ്ക്കു താഴേയ്ക്ക് വിളിച്ചു പറയും .... "കെട്ടോല, വിരിയോല, കുറിയോല, കോടിയോല..... "  അതനുസരിച്ചു താഴെ നില്ക്കുന്ന സഹായി റോക്കറ്റുകൾ മുകളിലേയ്ക്കു പറത്തും. ഇനി ചിലപ്പോൾ വിരിയോല ചോദിച്ചതിന് പകരം കുറിയോലറോക്കറ്റായിരിക്കും എറിയുന്നത്. അപ്പോഴാണ് രസം. പോയതിനേക്കാൾ വേഗത്തിൽ ആ റോക്കറ്റ് താഴേയ്ക്ക്  വരും. കൂടെ മുകളിലെ കെട്ടുകാരന്റെ വക നല്ല നാടൻ തെറിയും.

"എടാ ഗോപ്യേ ...പതുക്കെ പറയടാ ... ഇവിടെ പിള്ളേരൊക്കെ ..ദേ .."

"ഓ ...ആയിക്കോട്ടെ.. അയിന് ഞാൻ ഒന്നും പറഞ്ഞില്ലാലോ .. പാട്ടുപാടിയതല്ലേ..? ... പൂമാനം പൂത്തുലഞ്ഞേ ..."

'മ്മ് ..മ് ...നിന്റെ പൂമാനം ... "

അങ്ങിനെ, അത്യന്തം രസകരമായി ഈ പെരകെട്ട്  തുടർന്നു കൊണ്ടേയിരിക്കും.  വെയിൽ മൂക്കുമ്പോൾ ഉള്ളുതണുപ്പിക്കാൻ ഇടയ്ക്കു ചുമപ്പും നീലയും പ്ലാസ്റ്റിക് കപ്പുകളിൽ പനങ്കള്ള് പെരമുകളിലേക്കു പോയിക്കൊണ്ടിരിക്കും.

"ഹ ..കൊച്ചേട്ടാ ...ഇതെന്നാ പരിപാടിയാന്നെ ..? .... ഇപ്പളാണോ വരുന്നത് ?"

പുരമുകളിൽ നിന്നും സോമൻ ചേട്ടനാ.

"ഓ ..എന്നാ പറയാനാ സോമ ... ആ കാളേമ്മാരെ ഒക്കെ ഒന്ന് അഴിച്ചു കെട്ടി, ഇത്തിരി വെള്ളം കൊടുത്തിട്ടാ എറങ്ങാൻ പറ്റിയത് ...."

"ആഹ്ഹ ...എന്നാ പിന്നെ ദാ ഇങ്ങോട്ടു കേറിക്കോ ... ഞാൻ ഒന്നിറങ്ങട്ടെ ... ചെറിയൊരു ശങ്ക ..."

"ആട്ടെ ..."

കെട്ടു പുരോഗമിയ്ക്കുംതോറും  കെട്ടുകാർ മേൽക്കൂരയുടെ മുകളിലേക്ക് കയറി പോയ്ക്കൊണ്ടിരിയ്ക്കും. റോക്കറ്റുകൾക്കു താണ്ടേണ്ട ദൂരം അതനുസരിച്ചു  കൂടിക്കൊണ്ടിരിക്കും. താഴെ, കൂടുതൽ റേഞ്ചുള്ള സഹായികൾ വരും.

ഇടയ്ക്കു ഞങ്ങടെ മോഹനൻ ചേട്ടന്റെ വക നല്ല നാടൻ പാട്ടുണ്ടാകും. ഒരാള് തുടങ്ങി വയ്‌ക്കേണ്ട താമസമേയുള്ളു പുറകെ നമ്മുടെ ബാക്കി ചേട്ടന്മാരും തുടങ്ങിക്കോളും .... കൂട്ടത്തിൽ അന്നത്തെ ചില ഹിറ്റ്‌ സിനിമാപ്പാട്ടുകളും കേറിവരും.

ഓർമ്മയിലെ ചില പാട്ടുകളിതാ ...
***********
"ഏനിന്നലേ സൊപ്പനം കണ്ടൊരു സൊപ്പനം കണ്ടേ....
തോട്ടത്തില് പാളയൊരെണ്ണം തയങ്ങോടെ വീണേ
ഏനും... എന്റെ പെണ്ണാളും കൂടങ്ങു നോക്കുന്ന നേരം
പാളേമ്മ ദാ കെടക്കണ് പാമ്പതൊരെണ്ണം.....
ഏനുംന്റെ പെണ്ണും കൂട്യങ്ങോട്ടം പിടിച്ചേ
ഏന്ക്കു പാളേം വേണ്ടേ ... പാമ്പും വേണ്ടേ  ....."
***********

"ആരാണെന്നെയീ പാതിരാ രാത്രിയിൽ
പേരറിഞ്ഞെന്നെ വിളിയ്ക്കുന്നത് ......"
***********

"ഉരുണ്ട കുന്നിന്മേൽ പരന്ന പാറമ്മേൽ
കിടന്നു ഞാനൊന്നുറങ്ങവേ
പൊടിപ്പും തൊങ്ങലും ചിറകും വച്ചൊരു
കൊതുക് വന്നെന്നെ കടിയ്ക്കുന്നെ ...."
***********

ഉമ്മയും ബാപ്പേം കൂടി കട്ടിലുകേറിയിരിയ്ക്കും നേരം 
ഉമ്മയെ കാണാൻ വന്നൊരു വരിയ്ക്ക ചക്ക 
ചക്കയും മുറിച്ചങ്ങിനെ തേനില് മുക്കി തിന്നും നേരം 
വെളക്കത്തെ പാറ്റ പോലെ മരുമക്കളും ........
***********

ജനകന്റെ മകളല്ലോ ചീതപെണ്ണ്
ആ ചീതേടെ കാന്തനല്ലോ രാമപ്പയ്യൻ 
ആ ചീതേനെയല്ലോ രാവ്ണൻ കട്ടോണ്ടും പോയ് ......
***********

അപ്പോളും പറഞ്ഞില്ലേ പോകണ്ട പോകണ്ടാന്ന്  ...
പോകണ്ട പോകണ്ടാന്ന് .......
***********

താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ 
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ ...
***********

ഇതിനിടയ്ക്ക് നമ്മുടെ ശിവൻ ചേട്ടൻ ചില ഹിന്ദി പാട്ടുകൾ മൂളും ..... മൂളൽ എന്ന് പറഞ്ഞാൽ എല്ലാർക്കും കേൾക്കാൻ പറ്റുന്ന അത്ര ഉച്ചത്തിൽ ! പുള്ളിക്കാരൻ വലിയ അമിതാബച്ചൻ ആരാധകനാണ്.

"മെഹ്ബൂബ ...മഹ്ബൂബ ....."
പിന്നേം  .....
"മെഹ്ബൂബ ...മഹ്ബൂബ ....."
പിന്നേം  ...
"മെഹ്ബൂബ ...മഹ്ബൂബ ....."

പാട്ടുകൾ ഇങ്ങനെ തുടരുമ്പോൾ ആകും നമ്മടെ ചീരു മുത്തശ്ശി പതുക്കെ അടുത്തേയ്ക്കു വരുന്നത്. അതുവരെ പാവം ഏതെങ്കിലും മരച്ചുവട്ടിൽ കുട്ടികളോട് കഥയൊക്കെ പറഞ്ഞ്, വെറ്റില മുറുക്കി ഇരിക്കുകയാവും. കീർത്തനങ്ങളുടെയും, പിന്നെ നാടൻപാട്ടുകളുടെയും ഒരു അക്ഷയഖനിയാണ് മുത്തശ്ശി. മുത്തശ്ശിയെ കാണുന്നതും നമ്മുടെ ഗോപിച്ചേട്ടൻ ഉറക്കെ പാടും....

ആനത്തലയോളം വെണ്ണ തരാമെടാ 
ആനന്ദ ശ്രീകൃഷ്ണാ വാ മുറുക്ക് .....

ഇതു കേൾക്കുന്നതും മുത്തശ്ശി കോപം കൊണ്ട് വിറയ്ക്കും. 

"എടാ ഒരുമ്പെട്ടോനെ ...നീയൊക്കെ ദൈവത്തിനെ കേറി 'എടാ' എന്നു വിളിച്ചോടാ ... കുരുത്തം ഇല്ലാതെ പോകുമെടാ ....എടാ  ..എടാ... "

മുത്തശ്ശിയെ... നമുക്ക് ആ പാട്ട്  മാറ്റാന്നെ ... ദാ പിടിച്ചോ ... 

ആനത്തലയോളം വെണ്ണ ഞാൻ തന്നിടാം 
ആനന്ദ ശ്രീകൃഷ്ണാ വാ മുറുക്ക് .....

ഇതു കേൾക്കുമ്പോൾ മുത്തശ്ശി തണുക്കും. പാവം, കീർത്തനത്തിൽ ആയാൽ പോലും ദൈവത്തിനെ 'എടാ' എന്ന് വിളിക്കാൻ പാടില്ല എന്നാണ് മുത്തശ്ശിയുടെ പക്ഷം. 

ഇങ്ങനെ, പാട്ടുകൾ ഒഴുകിക്കൊണ്ടേയിരിയ്ക്കും. പാട്ടിനനുസരിച്ചു മുകളിലേക്കെത്തുന്ന നീല-ചുവപ്പു  കപ്പുകളുടെ എണ്ണവും കൂടും. കപ്പുകൾ കൂടുമ്പോൾ പതുക്കെ പാട്ടുകളുടെ തരം മാറും. അങ്ങിനെ വരുമ്പോൾ, കപ്പുകളുടെ ഒഴുക്ക് പതിയെ നിൽക്കും, ഒപ്പം പാട്ടുകളും.

പക്ഷെ, പെരകെട്ടൽ, അതങ്ങിനെ തുടർന്നുകൊണ്ടേയിരിയ്ക്കും. കൂടുതൽ, കൂടുതൽ ആളുകൾ ഇതിനകം വീട്ടിലേക്ക് എത്തിയിട്ടുണ്ടാകും. വരുന്നവർ, വരുന്നവർ ആരും പറയാതെ  തന്നെ ഓരോരോ പണികളിൽ അങ്ങ് കൂടിക്കോളും. ഇടയ്ക്കു മുകളിലെ ചില കെട്ടുകാർ താഴേയ്ക്കിറങ്ങും പകരം വേറെ ആളുകൾ കയറും.

ഇനി വരുന്നവർ പെണ്ണുങ്ങളാണെങ്കിലോ? അവർ നേരെ പാചകം നടക്കുന്ന മര ച്ചുവട്ടിലേയ്ക്ക് പോകും. കലപില വർത്തമാനങ്ങളുമായി അവർ പാചകതിരക്കുകളിലേയ്ക്ക് ഊളിയിടും. അവിടെയും ഉയരും ചില നാടൻ പാട്ടുശീലുകൾ.

കുട്ടികളാവട്ടെ, എവിടെ നിന്നെങ്കിലും ഒരു തോർത്തുമുണ്ടും ഒപ്പിച്ചു അതും തലയിൽ കെട്ടി വലിയ ആളുകളുടെ ഗമയിലാവും അവിടെയെല്ലാം ചുറ്റിനടക്കുന്നത്.

അങ്ങിനെ ഉച്ചയോടടുക്കുമ്പോളേക്കും ഏതാണ്ട് ഒരു ഉത്സവപ്പറമ്പിന്റെ പ്രതീതിയാവും വീട്ടിൽ.

ഈ പണികളൊക്കെ ഇങ്ങനെ നടക്കുന്നതിനിടയിൽ ഒരു മുടക്കവും കൂടാതെ നടക്കുന്ന ഒരു പണി കൂടിയുണ്ട് കേട്ടോ. നമ്മുടെ മരച്ചുവട്ടിൽ മാറിയിരിക്കുന്ന ആ ചേട്ടനില്ലേ. കന്നാസുമായി. പുള്ളിക്കാരന്റെ അടുത്തേയ്ക്ക് വരിവരിയായി ആളുകൾ പോകുന്നത്. അതിന്റെ വീര്യത്തിലാണ് നമ്മുടെ ഈ ചേട്ടൻമാരെല്ലാം ഉച്ചവെയിൽ അറിയാതെയുള്ള, പണികൾ വേഗത്തിൽ ചെയ്യുന്നത്.

ആ പരിസരത്തുള്ള ചെറുതും വലുതുമായ എല്ലാ ആൺകുട്ടികളും പെൺകുട്ടികളും അന്നേ ദിവസം വീട്ടിലുണ്ടാകും. ഫേസ്ബുക്കും വാട്സാപ്പും സുക്കറണ്ണനും ഒന്നുമില്ലാതിരുന്ന ആ കാലത്തു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നു തമ്മിൽ കാണാൻ അവസരം കിട്ടുന്നത്, ഇത്തരം പെരകെട്ടിന്റെയോ സമയത്തോ, അതുമല്ലെങ്കിൽ വല്ല കല്യാണവീടുകളിലോ ഒക്കെ മാത്രമായിരുന്നു. ഇനിയിപ്പോൾ പെരകെട്ടിനു കണ്ടു എന്ന് തന്നെയിരിയ്ക്കട്ടെ. തമ്മിൽ ഒന്നു സംസാരിയ്ക്കുവാനൊന്നും മിക്കവാറും അവസരം കിട്ടില്ല. കാരണം മുതിർന്നവരുടെ ഒരു കണ്ണ് എപ്പോഴും അവരുടെ മേലുണ്ടാകും.

രാവിലെ, നമ്മുടെ ആമ്പക്കാടൻ കപ്പയുടെ മുകളിൽ മീൻകറി ഒഴിച്ചു കൊടുക്കുമ്പോഴും, പിന്നെ ഉച്ചയ്ക്ക് ഊണിന് സാമ്പാർ വിളമ്പുമ്പോളുമെല്ലാം ആ കണ്ണുകൾ തമ്മിൽ കൂട്ടി മുട്ടുന്നുണ്ടാകും. മറ്റുള്ളവർക്ക് പെട്ടെന്നു മനസിലാക്കാൻ പറ്റാത്ത ഒരു ഗൂഡസ്മിതം രണ്ടു പേരുടെയും ചുണ്ടിൽ വിരിയുന്നുമുണ്ടാകും. 

പണ്ടത്തെ സിനിമകളിൽ, നമ്മുടെ നസീർ ഉത്സവപ്പറമ്പിലെ തിരക്കുകളിൽ നിന്ന് നായികയെ നോക്കുന്നത് കണ്ടിട്ടില്ലേ? ഏതാണ്ട് അതു പോലെ.

പക്ഷെ ആ ഒരു ചെറുചിരിയിൽ, ഒരു നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു. മണിക്കൂറുകൾ നീളുന്ന ഇന്നത്തെ വാട്സാപ്പ് ചാറ്റുകളെക്കാൾ എത്രയോ ആത്മാർത്ഥവും, നിർമ്മലവും ആയിരുന്നു ആ കടക്കൺ നോട്ടങ്ങൾ? ആ നാണം കുണുങ്ങലുകൾ?

അയ്യയ്യോ.... പറഞ്ഞു പറഞ്ഞു നമ്മൾ പെരകെട്ടിൽ നിന്നും വഴിമാറി പോയല്ലോ. ഒരു 'യൂ ടേൺ' എടുക്കാം അല്ലെ ?

...... അങ്ങിനെ ഉച്ചയാകുമ്പോഴേയ്ക്കും, പെരയുടെ ഏതാണ് 75% ഉം തീർന്നിട്ടുണ്ടാകും. മുകളിലേയ്ക്കു മുകളിലേയ്ക്കു കെട്ടിക്കയറുന്നതിനനുസരിച്ചു കെട്ടുകാരുടെ എണ്ണം കുറച്ചു കൊണ്ടിരിയ്ക്കും. ഏതാണ്ട് ഒരു മണിയോടെ എല്ലാവരും ഉച്ചഭക്ഷണത്തിന് ഇരിയ്ക്കും. നേരത്തെ പറഞ്ഞതു പോലെ മരത്തണലുകളിൽ ഇരുന്നു, വാഴയിലയിൽ ആണ് ഊണ്. കുത്തരി ചോറ്, മോരുകറി, സാമ്പാർ, അച്ചിങ്ങാതോരൻ, മാങ്ങാഅച്ചാർ. കൂട്ടിനു നല്ല ഒന്നാം തരം നാടൻപോത്തിറച്ചി ഉലർത്തിയതും. ഇന്നത്തെ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ  'ഹൺഡ്രഡ് പെർസെന്റ് ഓർഗാനിക് ഊണ്'.  അയ്യോ, ഒരു ഐറ്റം വിട്ടുപോയി. വേറൊന്നും അല്ല നമ്മുടെ സ്വന്തം പനംകള്ള്.

നാടൻ കാറ്റേറ്റ്,  തൂശനിലയിൽ ഈ പറഞ്ഞ ഐറ്റംസ് എല്ലാം കൂട്ടി വിശാലമായി ഇരുന്നുള്ള ആ ഒരു ഊണ് ... അതൊന്നു മനസ്സിൽ കണ്ടു നോക്കിക്കേ? വായിൽ വെള്ളമൂറുന്നില്ലേ ? പോരാത്തതിന് പയ്യൻമാർക്കാണെങ്കിലോ, അല്പമകലെ അവരെ നോക്കി ചിരിച്ചു നിൽക്കുന്ന, നിറയെ പൂക്കളുള്ള മുഴുപാവാടയിട്ട, കുട്ടിക്കൂറ പൗഡറിട്ട നാടൻ സുന്ദരിക്കുട്ടികളും !

"സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിളയും ഗ്രാമം
പ്രേമവതിയാം എൻ പ്രിയ കാമുകി താമസിയ്ക്കും ഗ്രാമം ..."

ആരും അറിയാതെ ഒന്നു മൂളിപ്പോകും.......!!

ഊണിന് ശേഷം, മുതിർന്നവർ കാലിപ്പൊകല (പുകയില) കൂട്ടി ഒന്നു കൂടി മുറുക്കും. അതു വേണ്ടാത്തവർ മിക്കവാറും ഒരു പനാമ കത്തിയ്ക്കും. ശേഷം വീണ്ടും ബാക്കി പണികളിലേയ്ക്ക്.

വൈകുന്നേരത്തിനു മുൻപായി പെരകെട്ടു പൂർത്തിയാക്കും.  മേൽക്കൂരയുടെ ഏറ്റവും മുകളിൽ, ഉത്തരത്തിൽ വിരിയോല വിരിച്ച്, രണ്ടറ്റത്തുമായി നേരത്തെ തയ്യാറാക്കി വച്ച നീളമുള്ള വാരിക്കോലുകൾ തുളച്ചു കയറ്റി, കയറിന് കെട്ടി മുറുക്കും. പിന്നെ കാറ്റിൽ ഓലക്കെട്ടുകൾ പറന്നു പോകാതിരിയ്ക്കാനായി, ഓലമടലിന്റെ തന്നെ രണ്ടു നീളം കുറഞ്ഞ കഷണങ്ങൾ ഉത്തരത്തിന്റെ രണ്ടറ്റത്തുമായി കെട്ടിയുറപ്പിയ്ക്കുന്നതോടു കൂടി, മേൽക്കൂരയിലെ പണികൾ കഴിയും. 

ശേഷം, ഒന്നുരണ്ടു പേർ താഴെ നിലത്തു നിന്നിട്ട്,  ഇറമ്പിലേക്യ്ക്കു ഞാന്നു കിടക്കുന്ന ഓലക്കാതുകൾ ഒരേ ലെവലിൽ വച്ചു മുറിച്ചു നീക്കും. പിന്നെ എല്ലാവരും കൂടി നാലുമണിയോടെ ഓരോ കട്ടൻ ചായ കുടിയ്ക്കും. ചേമ്പു പുഴുങ്ങിയതോ, അവൽ നനച്ചതോ ഒക്കെ ആവും സാധാരണയായി ചായയ്ക്ക് പലഹാരങ്ങൾ.

ഇപ്പോൾ വീട് സുന്ദരിയായിട്ടുണ്ടാകും. ഒരു വർഷത്തെ മുഴുവൻ കരിയും പു കയുമൊക്കെ നിറഞ്ഞ പഴയ മേലുടുപ്പ് മാറ്റി, പുത്തൻ പച്ച ഉടുപ്പണിഞ്ഞത് പോലെ. ഇനി കുറച്ചു സാഹിത്യഭാഷയിൽ പറഞ്ഞാൽ.... മുഷിഞ്ഞു നാറിയ പഴയ സാരി മാറ്റിയ നാടൻ പെണ്ണ്, കടുംപച്ച നിറത്തിലെ കാഞ്ചീപുരം പട്ടുടുത്തു മുഖം കുനിച്ചു നിൽക്കുന്നതു പോലെ, അത്ര സുന്ദരിയായിട്ടുണ്ടാകും. പോരാത്തതിന് പച്ചോലയുടെ ആ ഒരു കൊതിപ്പിയ്ക്കുന്ന പ്രത്യേക ഗന്ധവും, പിന്നെ ആ ഒരു കുളിരും. അതങ്ങിനെ കുറെ ദിവസങ്ങളോളം ആ വീട്ടിനുള്ളിൽ തങ്ങി നിൽക്കുന്നുണ്ടാകും.

ചായ കുടിയ്ക്കു ശേഷം ആണുങ്ങൾ മിക്കവരും പിരിയും. പെണ്ണുങ്ങളാവട്ടെ വീടിന്റെ മുറ്റവും അകത്തളങ്ങളും ഒക്കെ അടിച്ചു വൃത്തിയാക്കുന്ന ജോലി തുടരും.

രാത്രിയോടെ, ഏതാണ്ട് എല്ലാവരും പിരിയും. നാളെ അല്ലെങ്കിൽ മറ്റന്നാൾ, അടുത്ത വീട്ടിലെ പെരകെട്ടിനു വീണ്ടും കാണാം കേട്ടോ എന്നുള്ള ആശംസകളോടെ.....

അങ്ങിനെ ഏതാണ്ട് രണ്ടു ദിവസം പൂർണമായും നീണ്ടു നിന്ന "പെരകെട്ട്" എന്ന ഞങ്ങളുടെ നാട്ടുത്സവം പൂർത്തിയാകും. ആരവങ്ങൾ അടങ്ങും.

*****
[പനയോല മേഞ്ഞതു കാണുവാൻ വേണ്ടി മാത്രം ഉൾപ്പടുത്തിയ പ്രതീകാത്മക ചിത്രം]

*****
പക്ഷെ ഈ ഉത്സവം, അന്നു ഞങ്ങളറിയാതെ ഞങ്ങളെ  പഠിപ്പിച്ച കുറെ പാഠങ്ങൾ ഉണ്ടായിരുന്നു. [ഇപ്പോൾ മാത്രമാണ് അതിന്റെ പൂർണ്ണമായ പൊരുൾ ഞങ്ങൾക്ക് മനസിലാകുന്നത് എന്നു മാത്രം].

ജാതിയോ, മതമോ, മറ്റു വ്യത്യാസങ്ങളോ ഒന്നുമില്ലാതെ, ആരും ആരെയും ക്ഷണിയ്ക്കാതെ, കേട്ടറിഞ്ഞു സഹായിക്കാൻ ഓടിയെത്തുന്ന നാട്ടുകാരുടെ, അയൽവക്കത്തുകാരുടെ... അങ്ങിനെ എല്ലാവരുടെയും ഒരു ഉത്സവം തന്നെ ആയിരുന്നു അന്നത്തെ ആ പെരകെട്ടുകൾ. മുൻകൂർ അനുമതിയില്ലാതെ, അയൽവക്കത്തെ പറമ്പിൽ നിന്നും ചേനയും ചേമ്പും പറിച്ചെടുക്കാൻ സ്വാതന്ത്യ്രം ഉള്ളവരായിരുന്നു അന്നുണ്ടായിരുന്നത്. ഇനി അയൽക്കാർ തമ്മിൽ എന്തെങ്കിലും ചെറിയ സൗന്ദര്യപിണക്കങ്ങൾ ഉണ്ടായിരുന്നു എന്ന് തന്നെയിരിക്കട്ടെ, ഈ ഒരു പെരകെട്ടലിൽ അതെല്ലാം താനേ അലിഞ്ഞില്ലാതാവുമായിരുന്നു.

തമ്മിൽ ഒളിക്കാൻ ഒന്നുമില്ലാതിരുന്ന, മനസ്സിൽ നന്മകൾ മാത്രം ഉണ്ടായിരുന്ന, കണ്ടാൽ ഉള്ളു തുറന്നു ചിരിക്കാൻ അറിയാമായിരുന്ന, നല്ല നാടൻ പനങ്കള്ളു മോന്തി, ഉള്ളു തുറന്നു പാടാൻ കഴിഞ്ഞിരുന്ന, നല്ല നാട്ടുകാരുടെ നാട് ..... മനസ്സിൽ വിശുദ്ധമായ പ്രണയം മാത്രം സൂക്ഷിച്ച കമിതാക്കൾ ഉണ്ടായിരുന്ന..... ഞങ്ങളുടെ ആ പഴയ നാടിന്റെ ..... ആ പഴയ നാട്ടുകാരുടെ..... ആ ഉത്സവത്തിന്റെ ഓർമ്മക്കുറിപ്പുകൾ..... അതിവിടെ അവസാനിപ്പിയ്ക്കട്ടെ.......!!

ഗൃഹാതുരത്വത്തിന്റെ, നാട്ടിൻപുറ നന്മകളുടെ, നനുത്ത ചില ഓർമ്മകളെ, ചില നഷ്ടങ്ങളെ, ചില ഹൃദയതുടിപ്പുകളെ, ഒന്നു തട്ടിയുണർത്താൻ, അതുവഴി സുഖമുള്ള ഒരു നോവ് മനസ്സിൽ എവിടെയോ ഒന്ന് ഉറവുപൊട്ടാൻ....  ഈ ഓർമ്മക്കുറിപ്പുകൾ കാരണമായോ?

'ആയി' എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ സന്തോഷമായി....!!

സ്നേഹത്തോടെ

നിങ്ങളുടെ സ്വന്തം ....
ബിനു മോനിപ്പള്ളി.
***************
പിൻകുറിപ്പ്: ഒരൽപ്പം വേദനയോടെ, ഒന്നുകൂടി പറയട്ടെ. ഇന്ന് ഞങ്ങളുടെ ആ നാടും ഒരുപാടു മാറി. ഓലവീടുകൾ ഒന്നു പോലുമില്ല. എങ്ങും കോൺക്രീറ്റ് വീടുകൾ നിറഞ്ഞു. വിശേഷദിവസങ്ങൾക്കു വേണ്ടി അയൽക്കാർ ഒത്തുകൂടി പാചകം ചെയ്യുന്നതും, പന്തൽ കെട്ടുന്നതും, ഞങ്ങളും നിർത്തി. അതെല്ലാം ഞങ്ങൾ ഇപ്പോൾ കാറ്ററിങ് സർവീസുകാരെ ഏല്പിയ്ക്കും. പിന്നെ പനങ്കള്ള്. അതൊക്കെ എന്നേ നിർത്തി, ഞങ്ങൾ വിദേശനിർമ്മിത സാധനത്തിലേയ്ക്ക് മാറി. അയൽവക്കക്കാരോടുള്ള സംസാരവും ചിരിയുമൊക്കെ ഞങ്ങളും കുറച്ചു കൊണ്ടുവരികയാണ്. വീടുകൾക്ക് ഞങ്ങളും ഉയർന്ന മതിലുകൾ കെട്ടി തുടങ്ങി.കാരണം, ഞങ്ങളും നിങ്ങളെ പോലെ 'മോഡേൺ' ആയി മാറണ്ടേ? അല്ലെങ്കിൽ മോശമല്ലേ?

**************
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്




































Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]