തലമ [കളിയോർമ്മകൾ - 1]

തലമ [കളിയോർമ്മകൾ - 1] "എറിഞ്ഞൊടിയ്ക്കടാ ഉവ്വേ .... അവന്റെയാ കൊള്ളി ..." മടക്കി കുത്തിയ ലുങ്കി, ഒന്നുകൂടിയൊന്ന് തെറുത്തു കയറ്റി, ആശാൻ അലറി. "ഉവ്വ ...ഉവ്വേ ..." കാണികളിൽ ആരോ ഒരാൾ പുള്ളിക്കാരനെ ഒന്ന് തോണ്ടി. പക്ഷെ ആ "ഉവ്വ്" നു പകരം, ആശാന്റെ നാവിൽ നിന്നു വന്നത് ഒരു തനി- നാടൻപ്രയോഗമാണ്. (അത് എഴുതാൻ കഴിയാത്തതിൽ ഖേദിയ്ക്കുന്നു). തന്റെ ഇടതു ചൂണ്ടു വിരൽ കൊള്ളിയ്ക്കു നേരെ ചൂണ്ടി, ഇടം കണ്ണടച്ച്, വലം കയ്യാൽ അവറാൻ ഉന്നം പിടിച്ചു. പിന്നെ ഒരൊറ്റയേറ്. ദാണ്ടെ തോമാച്ചന്റെ കൊള്ളി, പൊതുക്കോന്ന് താഴെ. അങ്ങിനെ, അവനും ഔട്ട്. അതാണ് ... ഉന്നത്തിന്റെ കാര്യത്തിൽ, നമ്മുടെ അവറാനെ കഴിഞ്ഞേ, അന്ന് നാട്ടിൽ വേറെ ആളുള്ളൂ. അടുത്ത ആൾ കളിയ്ക്കാനിറങ്ങി. ആര് ? നമ്മുടെ രായപ്പൻ. "എടാ രാജൂവേ ... എടാപ്പ ... നീയങ്ങു പിടിച്ചോട്ടോ ..." ടീം ക്യാപ്റ്റൻ മണിയൻ, തന്റെ മെമ്പറെ ഒന്നു പ്രോത്സാഹിപ്പിച്ചു. രായപ്പൻ ഫീൽഡേഴ്സിനെ ആകെയൊന്ന് നോക്കി, എന്നിട്ട് അവർക്കു പുറം തിരിഞ്ഞു നിന്ന്, സർവശക്തിയും സംഭരിച്ച്, ഒറ്റയടി. പന്ത്, ഒരാനയല്ല ഒരു നാലാന പൊക്...