കഥയില്ലാത്തവൾ കാറ്റ് (കവിത)

കഥയില്ലാത്തവൾ - കാറ്റ്
(കവിത)

"വിരസത മാറ്റാനൊരു കഥ പറയൂ.."
പൂവ് പറഞ്ഞാ കാറ്റോട്

"കഥ പറയില്ല, കളി പറയില്ല"
കാറ്റു പറഞ്ഞാ പൂവോട്
"കഥ പറയില്ല, കളി പറയില്ല
കഥയില്ലാത്തവളല്ലേ ഞാൻ ?"

"കാതരമാമൊരു രാവുകളിൽ ഞാൻ
മാദകഗന്ധ സുവാഹിനിയായ്
കാമാതുരമാം രാപ്പാതികളിൽ
കാമസ്വരൂപന്റെ കൂടെയെത്തി

തൃക്കാർത്തിക തൻ രാവണയുമ്പോൾ
തിരുവാതിര തൻ ചുവടുണരുമ്പോൾ
അകലേക്കായ് ഞാൻ മാറിയൊതുങ്ങി
കളിവിളക്കിൻ തിരി അണയാതെരിയാൻ

കതിരവൻ അണയും മുൻപേയെന്നും
രാവിൻ ശേഷിപ്പാകെയകറ്റി
കണികേട്ടുണരാൻ നാമജപത്തിൻ
നറുലയ വീചികൾ ദിനവും വിതറി

കണ്ടില്ലാരും ചൊല്ലിയുമില്ല
കഥയില്ലാത്തീ കാറ്റിൻ കർമ്മം
നല്ലതു കാണാൻ കണ്ണില്ലാത്തോർ
നല്ലതു ചെയ്‌വതതെങ്ങിനെയല്ലേ ?

അവരായ് കെട്ടിയ മാളിക വീടുകൾ
അതിരിനു തീർക്കും കൂറ്റൻ മതിലുകൾ
ഒക്കെയുമിന്നെൻ ഗതി മാറ്റുമ്പോൾ
പഴിയതു വെറുതെ കേൾക്കുവതോ ഞാൻ

അവരായെറിയും അഴുകിയ ചവറിൻ
അതിഗന്ധത്താൽ ഓടിയൊളിയ്ക്കേ
അലറിക്കൂവും അവരൊന്നാകെ
"അയ്യേ ..കാറ്റിനു ദുർഗന്ധം..."

അതിനാലിനിയും കഥ പറയില്ല
കളി ചൊല്ലില്ല പൂവേ ഞാൻ....."

-- ബിനു മോനിപ്പള്ളി


*************
Blog: https://binumonippally.blogspot.com
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ ഇമേജസ്  










Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]