തലമ [കളിയോർമ്മകൾ - 1]

തലമ
[കളിയോർമ്മകൾ - 1]

"എറിഞ്ഞൊടിയ്ക്കടാ ഉവ്വേ .... അവന്റെയാ കൊള്ളി ..."

മടക്കി കുത്തിയ ലുങ്കി, ഒന്നുകൂടിയൊന്ന് തെറുത്തു കയറ്റി, ആശാൻ അലറി.

"ഉവ്വ ...ഉവ്വേ ..."

കാണികളിൽ ആരോ ഒരാൾ പുള്ളിക്കാരനെ ഒന്ന് തോണ്ടി.

പക്ഷെ ആ "ഉവ്വ്" നു പകരം, ആശാന്റെ നാവിൽ നിന്നു വന്നത് ഒരു തനി- നാടൻപ്രയോഗമാണ്. (അത് എഴുതാൻ കഴിയാത്തതിൽ ഖേദിയ്ക്കുന്നു).

തന്റെ ഇടതു ചൂണ്ടു വിരൽ കൊള്ളിയ്ക്കു നേരെ ചൂണ്ടി, ഇടം കണ്ണടച്ച്, വലം കയ്യാൽ അവറാൻ ഉന്നം പിടിച്ചു. പിന്നെ  ഒരൊറ്റയേറ്.

ദാണ്ടെ തോമാച്ചന്റെ കൊള്ളി, പൊതുക്കോന്ന് താഴെ.

അങ്ങിനെ, അവനും ഔട്ട്.

അതാണ് ... ഉന്നത്തിന്റെ കാര്യത്തിൽ, നമ്മുടെ അവറാനെ കഴിഞ്ഞേ, അന്ന് നാട്ടിൽ വേറെ ആളുള്ളൂ.

അടുത്ത ആൾ കളിയ്ക്കാനിറങ്ങി. ആര് ? നമ്മുടെ രായപ്പൻ.

"എടാ രാജൂവേ ... എടാപ്പ ... നീയങ്ങു പിടിച്ചോട്ടോ ..."

ടീം ക്യാപ്റ്റൻ മണിയൻ, തന്റെ മെമ്പറെ ഒന്നു പ്രോത്സാഹിപ്പിച്ചു.

രായപ്പൻ ഫീൽഡേഴ്സിനെ ആകെയൊന്ന് നോക്കി, എന്നിട്ട് അവർക്കു പുറം തിരിഞ്ഞു നിന്ന്, സർവശക്തിയും സംഭരിച്ച്, ഒറ്റയടി.

പന്ത്, ഒരാനയല്ല ഒരു നാലാന പൊക്കത്തിലങ്ങ് ഉയർന്നു പൊങ്ങി, പിന്നെ ആർക്കും പിടി കൊടുക്കാതെ സേഫ് ആയി ലാൻഡ് ചെയ്തു.

അവറാൻ വീണ്ടും പന്തെടുത്തു, ഉന്നം പിടിച്ചു.

***

പ്രിയപ്പെട്ട വായനക്കാരെ, നിങ്ങൾക്കു വല്ലതും മനസിലായോ ?

ഇല്ല, അല്ലേ?

വിഷമിയ്ക്കണ്ട. ഞാൻ വിശദമാക്കാം.

പണ്ട് നമ്മുടെ നാട്ടിൻപുറങ്ങളെ ആകെ ശബ്ദമുഖരിതമാക്കി, കാണികളെ ഒന്നടങ്കം കോൾമയിർ കൊള്ളിച്ച്, ഇതുപോലെ എത്രയെത്ര നാടൻ കായികവിനോദങ്ങളാണ് അരങ്ങേറിയിരുന്നത്?

മാത്രമോ? അന്ന് അതൊക്കെ വെറും വിനോദങ്ങൾ മാത്രമല്ല,  അതിസുന്ദരമായ ദൃശ്യവിരുന്നുകൾ കൂടിയായിരുന്നു, എന്നോർക്കുക.

അതതു നാടുകളിലെ, ഓഫീസ് ജോലിക്കാരനും, കൂലിപ്പണിക്കാരനും, തടിപ്പണിക്കാരനും, പെയിന്റിങ്ങുകാരനും, പണിയില്ലാത്തവനും, ഒക്കെ, 'മാനുഷരെല്ലാരും ഒന്നു പോലെ' എന്ന ആ പഴയ പ്രയോഗത്തെ അന്വർത്ഥമാക്കി, അവധി ദിനങ്ങളിലെ മദ്ധ്യാഹ്നങ്ങളിൽ, ഒന്നുചേർന്ന് കളിച്ചുല്ലസിച്ചിരുന്ന ആ നല്ല കാലം.

ഇന്ന് നാട്ടിൻപുറങ്ങളിൽ നിന്നു പോലും, ആ കളികളൊക്കെ തീർത്തും അപ്രത്യക്ഷമായിരിയ്ക്കുന്നു. അതിനിപ്പോൾ ആർക്കാണ് ഇന്നിതൊക്കെ കളിയ്ക്കാൻ സമയം? അല്ലേ? [അത്ര നിർബന്ധാച്ചാൽ, നോം ഇത്തിരി പബ്‌ജി അങ്ങട്ട് കളിയ്ക്കാം .... എന്നാവും ഇപ്പോൾ നിങ്ങളുടെ മനസ്സിൽ..... എനിയ്ക്കറിയാം].

നമ്മുടെയൊക്കെ കളിയോർമ്മകളുടെ പഴംതാളുകൾക്കിടയിൽ, എവിടെയൊക്കെയോ  പൊടിമൂടിക്കിടക്കുന്ന അവയിൽ ചിലതിനെയെങ്കിലും, നമുക്കൊന്ന് വെറുതെ തട്ടിക്കുടഞ്ഞെടുത്താലോ?

ചുമ്മാ, ഒരു രസത്തിന്....?

നിങ്ങൾ ഏറെ ഇഷ്ടപ്പെടും എന്നുറപ്പുള്ള, "കളിയോർമ്മകൾ" എന്ന ഈ പുതിയ പംക്തി, അതിനുള്ള ചെറിയ ഒരു ഉദ്യമമാണ്.

നമുക്കാദ്യം 'തലമ'യിൽ നിന്നു തന്നെ തുടങ്ങാം.

എന്താ ?

തലമ

ചില നാടുകളിൽ ഇതിനെ തലമപ്പന്ത്, തലപ്പന്ത്, ആനത്തലമ, നാടൻപന്ത്, കൊള്ളിപ്പന്ത്  എന്നൊക്കെ കൂടി പറയാറുണ്ട് കേട്ടോ.

ആദ്യം, നമുക്കീ കളിയെയും കളിനിയമങ്ങളെയും പരിചയപ്പെടാം.

പിന്നെ, പണ്ടത്തെ രസകരമായ ചില കളിയോർമ്മകൾ, കുറെയൊക്കെ ഓർത്തെടുക്കാം.

എന്താ നിങ്ങൾ റെഡിയല്ലേ?

ടീമുകൾ:
ഇന്നത്തെ നമ്മുടെ ക്രിക്കറ്റ് പോലെ, രണ്ടു ടീമുകൾ ആണ് ഇതിലും. ഒരു ടീം മൊത്തത്തിൽ ഫീൽഡ് ചെയ്യും. പക്ഷേ, ക്രിക്കറ്റിൽനിന്നും വ്യത്യസ്തമായി, മറ്റേ ടീമിലെ ഒരു കളിക്കാരൻ മാത്രമാകും തലമയിൽ ഒരു സമയത്തു കളിയ്ക്കാനിറങ്ങുക. 

കളിക്കോപ്പുകൾ:
കൊള്ളി: ക്രിക്കറ്റിലെ മൂന്നു സ്റ്റമ്പുകൾക്ക് പകരം, കുത്തി നിർത്തിയ ഒരൊറ്റ കോലാണ് ഇതിൽ  ഉണ്ടാകുക. ഏതാണ്ട് അഞ്ച്-അഞ്ചര അടി ഉയരം വരുന്ന അതിനെ 'കൊള്ളി' എന്ന് വിളിയ്ക്കും. (മിക്കവാറും ഒരു ശീമക്കൊന്ന കമ്പ്). കൊള്ളിയ്ക്കു മുൻപിൽ നിന്നാണ് കളിക്കാരൻ കളിയ്ക്കുക.


പന്ത്: തെങ്ങോല കൊണ്ട് പൂട്ടിയ (ഉണ്ടാക്കിയ) പന്താണ് ഇതിനു പയോഗിയ്ക്കുക. ഉരുണ്ട ആകൃതിക്കു പകരം ചതുര ആകൃതി ആണ് ഈ പന്തുകൾക്ക്. പന്തിനു കൂടുതൽ ഭാരം കിട്ടാൻ, മിക്കവാറും ഉള്ളിൽ നിറയെ പച്ചിലകളും, ചിലപ്പോൾ ആ ഇലകളിൽ പൊതിഞ്ഞ് ഒരു ചെറിയ കല്ലും ഒക്കെ വയ്ക്കാറുണ്ട്. കുറെയേറെ പന്തുകൾ, മുൻകൂട്ടി തന്നെ തയ്യാറാക്കി വച്ചിരിയ്ക്കും.

ടീം ഘടന: 
സാധാരണയായി, ഒരു ടീമിൽ  അഞ്ച് കളിക്കാർ ആണ് ഉണ്ടാകുക. എന്നാൽ, ആകെയുള്ള കളിക്കാരുടെ എണ്ണം കൂടുതൽ ആണെങ്കിൽ (കളിസ്ഥലത്തിന്റെ വിസ്തൃതി കൂടി അനുസരിച്ച്), അത് എട്ടു വരെയാകാം.

കളിസ്ഥലം: 
പലപ്പോഴും മൈതാനങ്ങളിൽ അല്ല ഈ കളി  നടക്കാറുള്ളത്. മറിച്ച്, നാട്ടിൻപുറങ്ങളിലെ വിശാലമായ തെങ്ങിൻ തോപ്പുകളിലോ, അല്ലെങ്കിൽ വീതി കൂടിയ റോഡിൽ തന്നെയോ, ചിലപ്പോഴൊക്കെ നാൽക്കവലകളിലോ, ഒക്കെയായിരുന്നു നമ്മുടെ തലമ കളി അന്ന് നടന്നിരുന്നത്.

ഓണമൊക്കെ വരുമ്പോൾ മാത്രം, ഏറ്റവും പ്രധാന മത്സര ഇനമായ ഈ കളി, വലിയ മൈതാനങ്ങളിലാകും നടത്തുക. നമ്മുടെ ഇപ്പോഴത്തെ സെവൻസ് ഫുട്ബോൾ ഒക്കെയില്ലേ? ഏതാണ്ട് അതു പോലെ.

ഘട്ടങ്ങൾ:
ആകെ പത്തു ഘട്ടങ്ങൾ (റൗണ്ടുകൾ) ആണ് ഇതിൽ ഉള്ളത്. ആദ്യത്തെ ഏഴു റൗണ്ടുകളിൽ ഓരോന്നിലും, മൂന്നെണ്ണം വീതവും, അവസാനത്തെ മൂന്നു റൗണ്ടിൽ ഓരോന്നിലും നാലെണ്ണം വീതവും, പന്തുകൾ ആണ് കളിയ്‌ക്കേണ്ടത്.

ആദ്യം ഈ പത്തു ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കുന്ന ടീമാണ് ജേതാക്കൾ. ആ പത്തു ഘട്ടങ്ങൾ വിശദമായി താഴെ കൊടുക്കുന്നു.

1. തലമ
കളിക്കാരൻ കൊള്ളിയ്ക്ക് അഭിമുഖമായി നിന്ന്, തന്റെ വലതുകൈയിലെ പന്തിനെ, പതുക്കെ മേൽപ്പോട്ട് ഇട്ട് ശക്തമായി തന്റെ തലയ്ക്കു മുകളിലൂടെ, പുറകിലുള്ള ഫീൽഡേഴ്സിനു നേരെ അടിയ്ക്കുന്നു. 

2. ഒറ്റ
കളിക്കാരൻ കൊള്ളിയ്ക്കു മുൻപിൽ ഫീൽഡേഴ്സിന് അഭിമുഖമായി നിന്ന്, തന്റെ വലതുകൈയിലെ പന്തിനെ പതുക്കെ മേൽപ്പോട്ട് ഇട്ട്, വലതു കയ്യാൽ തന്നെ ഫീൽഡേഴ്സിനിടയിലെ ഒഴിഞ്ഞ സ്ഥലം നോക്കി അടിയ്ക്കുന്നു.

3. പെട്ട
കളിക്കാരൻ കൊള്ളിയ്ക്കു മുൻപിൽ ഫീൽഡേഴ്സിന് അഭിമുഖമായി നിന്ന്, തന്റെ ഇടതുകൈയിലെ പന്തിനെ പതുക്കെ മേൽപ്പോട്ട് ഇട്ട് വലതുകൈയാൽ, ശക്തമായി ഫീൽഡേഴ്സിനിടയിലെ ഒഴിഞ്ഞ സ്ഥലം നോക്കി  അടിയ്ക്കുന്നു.

4. പീച്ചി
ഇതാണ് പൊതുവെ ഏറ്റവും വിഷമകരമായ റൌണ്ട്. കളിക്കാരൻ കൊള്ളിയ്ക്കു മുൻപിൽ ഫീൽഡേഴ്സിന് അഭിമുഖമായി നിന്ന്, തന്റെ ഇടതുകൈ ശരീരത്തിന്റെ പുറകിലൂടെ വളച്ച് തന്റെ വലതു കയ്യിൽ (കൈമുട്ടിനു മുകളിലായി) മുറുകെ പിടിയ്ക്കുന്നു. എന്നിട്ട്, വലതു കയ്യിൽ പിടിച്ചിരിയ്ക്കുന്ന പന്തിനെ പതുക്കെ മേൽപ്പോട്ട് ഇട്ട് കഴിയുന്നത്ര ശക്തിയിൽ വലതുകൈയാൽ തന്നെ ഫീൽഡേഴ്സിന്റെ ഇടയിലെ ഒഴിഞ്ഞ സ്ഥലം നോക്കി അടിയ്ക്കുന്നു. പലപ്പോഴും, വളരെ ദുർബലമായി മാത്രം അടിയ്ക്കാൻ കഴിയുന്നതിനാൽ, ഫീൽഡർക്ക് പന്ത് എളുപ്പം പിടിച്ചെടുക്കാനാകും. അതല്ലെങ്കിൽ അടുത്തു വീഴുന്ന പന്തിനെ നിസ്സാരമായി കൊള്ളിയിൽ എറിഞ്ഞു കൊള്ളിയ്ക്കുവാനുമാകും. ഇനി, പന്തടിയ്ക്കുന്നതിനിടയിൽ വലതുകയ്യിലുള്ള പിടി വിട്ടാൽ അതോടെ ആ കളിക്കാരൻ ഔട്ട് ആകും.  തലമ കളിയിൽ ഏറ്റവും അധികം കളിക്കാർ ഔട്ട് ആകുന്ന റൌണ്ട് കൂടിയാണ് ഈ പീച്ചി.

5. ചക്കരക്കൈ
കളിക്കാരൻ കൊള്ളിയ്ക്കു മുൻപിൽ ഫീൽഡേഴ്സിന് അഭിമുഖമായി നിന്ന്, തന്റെ ഇടതുകൈയിലെ പന്തിനെ പതുക്കെ മേൽപ്പോട്ട് ഇട്ട്, ഇരു കൈകളും കൂട്ടി തമ്മിൽ ഉച്ചത്തിൽ ഒന്നടിച്ചതിനു ശേഷം, താഴ്ന്നു വരുന്ന പന്തിനെ തന്റെ  വലതുകൈയാൽ, ശക്തമായി ഫീൽഡേഴ്സിനിടയിലെ ഒഴിഞ്ഞ സ്ഥലം നോക്കി അടിയ്ക്കുന്നു.

6. ഇട്ടിണ്ടാൻ
കളിക്കാരൻ കൊള്ളിയ്ക്കു മുൻപിൽ ഫീൽഡേഴ്സിന് അഭിമുഖമായി നിന്ന്, തന്റെ ഇടതുകൈയിലെ പന്തിനെ പതുക്കെ വലതു കാല്പാദത്തിലേക്കിട്ട്, കാലു കൊണ്ട് കഴിയുന്നത്ര ശക്തമായി അടിച്ചകറ്റുന്നു.

7. കവാത്ത്
കളിക്കാരൻ കൊള്ളിയ്ക്കു മുൻപിൽ ഫീൽഡേഴ്സിന് അഭിമുഖമായി നിന്ന്, തന്റെ ഇടതുകാൽ നിലത്തുറപ്പിച്ച്, വലതുകാൽമുട്ട് അരയ്‌ക്കൊപ്പം ഉയർത്തി, വലതുകൈയിലെ പന്തിനെ ഉയർത്തിയ വലതു കാലിന്റെ അടിയിലൂടെ മേൽപ്പോട്ട് ഇട്ട്, വലതുകാൽ താഴ്തി, ഇതിനിടയിൽ താഴ്ന്നു വരുന്ന പന്തിനെ വലതു കയ്യാൽ അടിയ്ക്കുന്നു. ഈ കസർത്തിനിടയിൽ പലപ്പോഴും കളിക്കാരൻ ബാലൻസ് തെറ്റി നിലത്തു വീഴാറുണ്ട്. മറ്റു ചിലർ വലതുകാൽ താഴ്തി വരുമ്പോഴേയ്ക്കും, ഉയർത്തിയിട്ട പന്ത് താഴെ നിലത്തെത്തിയിട്ടുണ്ടാകും. അതുകൊണ്ട് തന്നെ, നേരത്തെ നമ്മൾ കണ്ട പീച്ചി പോലെ തന്നെ കുറച്ചേറെ വിഷമകരമായ മറ്റൊരു റൌണ്ടാണിത്.

8. ആനത്തലമ
ഏതാണ്ട് ആദ്യം പറഞ്ഞ തലമ തന്നെ. പക്ഷെ ഇവിടെ മൂന്നിന് പകരം നാല് എണ്ണമാണ് കളിയ്‌ക്കേണ്ടത്. അതിൽ തന്നെ, രണ്ടെണ്ണം ഒരാനയേക്കാൾ ഉയരത്തിൽ അടിയ്ക്കണം. ബാക്കി രണ്ടെണ്ണം വേണമെങ്കിൽ താഴ്ത്തി കളിയ്ക്കാവുന്നതാണ്.

9. ആനഒറ്റ
ഇവിടെയും കളി ഏതാണ്ട് ആദ്യം പറഞ്ഞ ആ ഒറ്റ തന്നെ. പക്ഷേ, മൂന്നിന് പകരം നാലെണ്ണമാണ് കളിയ്‌ക്കേണ്ടത്. അതിൽ തന്നെ രണ്ടെണ്ണം ഒരാനയേക്കാൾ ഉയരത്തിൽ അടിയ്ക്കണം.ബാക്കി രണ്ടെണ്ണം വേണമെങ്കിൽ താഴ്ത്തി കളിയ്ക്കാവുന്നതാണ്.

10. ആനപ്പെട്ട
ഇത് മുകളിൽ പറഞ്ഞ പെട്ട തന്നെ. ഇവിടെയും മൂന്നിന് പകരം നാലെ ണ്ണമാണ് കളിയ്‌ക്കേണ്ടത്. അതിൽ രണ്ടെണ്ണം ഒരാനയേക്കാൾ ഉയരത്തിൽ അടിയ്ക്കണം.ബാക്കി രണ്ടെണ്ണം വേണമെങ്കിൽ താഴ്ത്തി കളിയ്ക്കാവുന്നതാണ്.

ഇനി, കളി തുടങ്ങാം:
ടോസോടെയാണ് കളി തുടങ്ങുന്നത്. അതിനായി, വേലിയിലെ ശീമക്കൊന്ന മരത്തിന്റെ ഒരില പറിയ്ക്കും. പിന്നെ അതിൽ നിന്നും ഒരു ചെറിയ കഷ്ണം വിരൽ കൊണ്ടുതന്നെ മുറിച്ചെടുക്കും. അതുവച്ചാണ് ടോസ്. ഇലയുടെ പച്ച നിറത്തിലുള്ള മുകൾഭാഗം 'അകം', ചെറിയ ചാരനിറമുള്ള മറുഭാഗം 'പുറം'.

ഒരു ടീം ക്യാപ്റ്റൻ ഇലക്കഷ്ണം മുകളിലേയ്ക്കു എറിയുന്നു, അപ്പോൾ  മറു ടീം ക്യാപ്റ്റൻ 'അകം' അല്ലെങ്കിൽ 'പുറം' പറയുന്നു. ഏതാണോ വീഴുന്നത്, ആ ടീം ആകും ആദ്യം കളിയ്‌ക്കേണ്ടത്. മറു ടീം, ഫീൽഡ് ചെയ്യും.

ഫീൽഡിങ് ടീമിലെ കളിക്കാരെല്ലാം നിരന്നാൽ, ആദ്യ കളിക്കാരൻ തലമ കളിയ്ക്കാൻ എത്തുന്നു. നേരത്തെ പറഞ്ഞതു പോലെ, തലമയും ആനത്തലമയും കളിയ്ക്കുമ്പോൾ മാത്രം, കളിക്കാരൻ കൊള്ളിയ്ക്ക് അഭിമുഖമായാണ് നിൽക്കുക. ബാക്കിയൊക്കെ, ഫീൽഡേഴ്സിന് അഭിമുഖമായും.

കളിക്കാരൻ അടിയ്ക്കുന്ന പന്ത്, ഫീൽഡർ നിലത്തു വീഴാതെ കയ്യിൽ ഒതുക്കിയാൽ, ആ കളിക്കാരൻ ഔട്ട്. ഇനി അതല്ല, നിലത്തു തടഞ്ഞു നിർത്തിയ പന്ത് ഫീൽഡർ കൊള്ളിയിൽ എറിഞ്ഞു കൊള്ളിച്ചാലും ആ കളിക്കാരൻ ഔട്ട്.

പന്ത് തടഞ്ഞു നിർത്തുന്ന ഫീൽഡർ തന്നെ എറിയണം എന്നില്ല കേട്ടോ.  മറ്റേതൊരു ഫീൽഡറിനും അതു വാങ്ങി എറിയാം. നമ്മൾ ആദ്യം കണ്ട അവറാനെ പോലെ, ഉന്നം കൂടുതൽ ഉള്ള 'സ്പെഷ്യലിസ്റ് എറിയന്മാർ' ആകും മിക്കവാറും ഏറുകളും എറിയുക.

ഒരു കളിക്കാരൻ ഔട്ട് ആയാൽ, അടുത്ത കളിക്കാരൻ വന്ന്, ആ റൗണ്ടിന്റെ ആദ്യപന്തു മുതൽ കളി തുടരും. 

ഇനി പുറത്തായില്ലെങ്കിലോ? അതേ കളിക്കാരൻ അടുത്ത പന്ത് കളിയ്ക്കും.

കളി-ടീമിലെ മുഴുവൻ കളിക്കാരും പുറത്തായാൽ, ഫീൽഡിങ്-ടീമിനു കളി തുടങ്ങാം. തലമ മുതൽ.

ആനപ്പെട്ടയ്ക്കു മുൻപ് രണ്ടാമത്തെ ടീം ഔട്ട് ആയാൽ, ആദ്യ ടീം വീണ്ടും കളിയ്ക്കാനെത്തും. എവിടെയാണോ മുൻപ് അവർ നിർത്തിയത്, ആ റൗണ്ടിന്റെ ആദ്യ പന്ത് മുതൽ വീണ്ടും കളിയ്ക്കും.

ഏതു ടീം ആണോ ആദ്യം, ആനപ്പെട്ട നാലും കളിച്ചു തീർക്കുന്നത് ആ ടീം ആണ് വിജയികൾ.

എന്താ, ഈ തലമ കളി വളരെ രസകരമായി തോന്നുന്നില്ലേ?

ഒന്ന് കളിച്ചു നോക്കാൻ തോന്നുന്നോ ?

എങ്കിൽ തുടങ്ങിക്കോളൂ. ഓലയെടുക്കുക, പന്ത് പൂട്ടുക, കൊള്ളി കുത്തുക, കൂട്ടുകാരെ കൂട്ടുക, കളി തുടങ്ങുക....... വേറെ, വിലകൂടിയ കളിയുപകരണങ്ങൾ ഒന്നും വേണ്ട, ചെത്തിമിനുക്കിയ മൈതാനങ്ങൾ വേണ്ട, കോച്ചിങ് ക്‌ളാസ്സുകൾ വേണ്ടേ വേണ്ട ......

കളിയോർമ്മകൾ:
ഓർമയിൽ ഇന്നും തങ്ങി നിൽക്കുന്ന, അന്നത്തെ ചില രസകരമായ തലമ സംഭവങ്ങൾ കൂടി പറഞ്ഞിട്ട്, നമുക്കീ അധ്യായം അങ്ങവസാനിപ്പിയ്ക്കാം. എന്താ?

അന്നു ഞങ്ങളുടെ നാട്ടിലെ ഏറ്റവും കരുത്തനായ കളിക്കാരൻ ആയിരുന്നു സുരച്ചേട്ടൻ. 'പുലിസുര' എന്നോ മറ്റോ ആയിരുന്നു പുള്ളിക്കാരന്റെ ഇരട്ടപ്പേര് എന്നാണോർമ്മ. മൊത്തം കളിക്കാരെ രണ്ടു ടീം ആയി വിഭജിയ്ക്കുമ്പോൾ, ഏറ്റവും 'ഡിമാൻഡ്' ഉള്ള ആൾ. പക്ഷെ, ചില ദിവസങ്ങളിൽ ആള് കളിച്ചുകളിച്ചു നമ്മുടെ 'കവാത്ത്' റൌണ്ട് എത്തുമ്പോൾ സ്വയം അങ്ങ് 'റിട്ടയേർഡ് ഹർട്ട്' ആകും.  ആദ്യമൊന്നും ആർക്കും കാര്യം മനസ്സിലായിരുന്നില്ല. പിന്നെ പുള്ളിക്കാരൻ തന്നെയാണ് കൂടെ ഉള്ളവരോട് രഹസ്യമായി ആ കാര്യം പറഞ്ഞത്. ആ ദിവസങ്ങളിൽ പുള്ളിക്കാരൻ തലമകളിയുള്ള കാര്യം ഓർക്കാതെ, 'സ്വതന്ത്രൻ' ആയിട്ടായിരിയ്ക്കുമത്രേ  കവലയ്ക്കിറങ്ങുന്നത് ....!

അതു പോലെ, ചില ദിവസങ്ങളിൽ ഈ കളിയിൽ 'കൊള്ളി' എന്ന വാക്കേ ഉണ്ടാകില്ല പകരം  'കൊമ്പ്' എന്നാവും എല്ലാവരും പറയുക. 'എറിഞ്ഞ് കൊമ്പൊടിയ്ക്കടാ ഉവ്വേ .." എന്നൊക്കെയാണ് അന്നത്തെ ദിവസം വെല്ലുവിളികൾ. അന്നു നമ്മുടെ മാർട്ടിൻ ചേട്ടൻ കളിയ്ക്കാനുണ്ടാകും, അതു കൊണ്ടാണ് ഈ മാറ്റം. കാരണം മനസ്സിലായോ? പുള്ളിക്കാരന്റെ ഇരട്ട പ്പേരാണ് "കൊള്ളി". ആ വാക്ക് കേൾക്കുന്നതു തന്നെ പുള്ളിയ്ക്കാണെങ്കിൽ,  ഹാലിളകുന്നത് പോലെയുമാണ്.

ഒരു ദിവസം, അത്യന്തം വാശിയേറിയ കളി നടക്കുന്നു. അന്ന് ഞങ്ങളുടെ നാൽക്കവലയിൽ വച്ചാണ് കളി. ഇട്ടിണ്ടാൻ ആണ് റൌണ്ട്. ഗോപിയാശാൻ ഉയർത്തിയടിച്ച പന്ത് പിടിയ്ക്കാൻ, പണ്ട് ലോകകപ്പിൽ കപിൽ ദേവ് ഓടിയതു പോലെ നമ്മുടെ രായപ്പൻ ഏറെ ദൂരം പിന്നിലേയ്ക്ക് ഓടി. പിന്നെ നോക്കുമ്പോൾ പന്തും കാണാനില്ല, കൂടെ രായപ്പനെയും കാണാനില്ല. എന്താ സംഭവം? രണ്ടും കൂടി ദാ കിടക്കുന്നു റോഡരികിലെ പനിച്ചെൻ കാട്ടിൽ. (പനിച്ചെൻ - തണ്ടിൽ നിറയെ ചെറിയ മുള്ളുകളുള്ള, ഇലകളിൽ നിറയെ ഒരുതരം രോമങ്ങളുള്ള, ഇലകടിച്ചു നോക്കിയാൽ ചെറിയ പുളിരസമുള്ള ഒരു ചെടി. മിക്കവാറും ആടുകൾക്കു തീറ്റയായി, അന്നൊക്കെ ഈ ചെടി മുറിച്ചു കൊടുക്കാറുണ്ട്). അതും ഏതാണ്ട് ഒന്നൊന്നര ആൾ പൊക്കമുള്ള കാട്ടിൽ. പിന്നെ കളി നിർത്തി വച്ച്, അയൽ വീടുകളിൽ നിന്നും വാക്കത്തിയും, തൂമ്പയുമൊക്കെ വാങ്ങി വന്ന്, എല്ലാവരും കൂടെ ആ പനിച്ചെൻ കാട്  മുഴുവൻ വെട്ടിത്തെളിച്ചാണ് പാവത്തിനെ പുറത്തെടുത്തത്. അതും മേലാസകലം ചെറുമുള്ളുകൾ തറച്ച നിലയിൽ.  പാവം രായപ്പൻ; തിരികെ കളിക്കളത്തിലെത്താൻ കുറെയേറെ ആഴ്ചകൾ എടുത്തു.

ഓർക്കാനാണെങ്കിൽ, ഇനിയും ഇങ്ങിനെ ഒരുപാടുണ്ട്. എന്നാൽ, വിസ്താരഭയത്താൽ തല്ക്കാലം ഇവിടെ നിർത്തട്ടെ.

"കളിയോർമ്മകൾ" നിങ്ങൾക്കിഷ്ടമായി എങ്കിൽ തീർച്ചയായും അറിയിയ്ക്കുക. അങ്ങിനെയെങ്കിൽ, മറ്റൊരു കളിയുടെ വിശേഷങ്ങളുമായി അടുത്ത തവണ, വീണ്ടും കാണാം .

സ്നേഹത്തോടെ,
ബിനു മോനിപ്പള്ളി

*************
Blog: https://binumonippally.blogspot.com

പിൻകുറിപ്പ്: പല നാട്ടിൻപുറങ്ങളിൽ, ഈ 'തലമ' തന്നെ അല്ലറ ചില്ലറ വ്യത്യാസങ്ങളോടെയാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. റൗണ്ടുകളുടെ എണ്ണത്തിലും, രീതിയിലും, പേരിലും ഒക്കെ ചെറിയ ചെറിയ വ്യത്യാസങ്ങൾ കണ്ടേക്കാം. ഉദാഹരണത്തിന്, ചില നാട്ടിൻപുറങ്ങളിൽ കവാത്ത്, കവയൻ എന്ന പേരിലും, ഇട്ടിണ്ടാൻ, ഇണ്ടാൻ എന്ന പേരിലും ഒക്കെയാണ് അറിയപ്പെട്ടിരുന്നത്. 


Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]

പഴമയെ നെഞ്ചേറ്റുന്നൊരാൾ [യാത്രാ വിവരണം]