Posts

Showing posts from September, 2020

മാ നിഷാദാ [കവിത]

Image
മാ നിഷാദാ [കവിത] പച്ചോലത്തുമ്പത്തെ ഊഞ്ഞാലിലിന്നെന്റെ പച്ചപ്പനംതത്ത എത്തിയില്ല പാട്ടൊന്നു പാടുവാൻ ഓമലാൾ വന്നില്ല കാത്തുകാത്തിന്നു ഞാൻ ഏകനായി കൈതാരം പാടത്തെ കൊയ്ത്തു കഴിയുമ്പോൾ കൈ പിടിച്ചീടുവാൻ കാത്തതല്ലേ അത്തിമരത്തിന്റെ ഇത്തിരി പൊത്തിലായ് കൂടൊന്നൊരുക്കി ഞാൻ കാത്തതല്ലേ സ്വന്തമാക്കീടണം കൊക്കുരുമ്മീടണം എന്റെ പെണ്ണെന്റെ കൂടെന്നും വേണം കാതോട്കാതോരം കഥകൾ പറഞ്ഞില്ലേ കനവുകൾ നെയ്തില്ലേ ഞങ്ങളെന്നും എന്നിട്ടുമിന്നെൻറെ പെണ്ണവളെങ്ങുപോയ് മിന്നുമായ് ഞാനിങ്ങു കാത്തിരിയ്ക്കേ വേടന്റെ അമ്പിനാൽ ജീവൻ വെടിഞ്ഞുവോ ഇനിയെങ്ങുപോയി ഞാൻ തേടിടേണ്ടൂ? 'അഭിമാനി'(?)യാകുമാ അച്ചന്റെ കത്തിയാ- നെഞ്ചകം കീറിപ്പിളർന്നതാമോ? താരാട്ടു പാടിയുറക്കിയാ കൈകൾക്കു- ചെന്നിണം ചിന്തുവാനായീടുമോ ? പാതിരാവായിട്ടും ആതിര വന്നില്ല പൂനിലാ വെട്ടം പരന്നതില്ല കൂരിരുൾ മൂടുന്നിന്നെന്റെ മനസ്സിലും ആകുല ചിന്തകൾ അങ്കുരിയ്ക്കേ ഇന്നു ഞാൻ കാത്തിടും ഓമലാളെത്തുവാൻ എത്തിയില്ലെങ്കിലോ, എത്തിടും ഞാൻ എന്നാളു പോയൊരാ ദിക്കിലേയ്ക്കെന്നിട്ട് മിന്നു ചാർത്തീടുമെൻ പെണ്ണവൾക്ക് !! -ബിനു മോനിപ്പള്ളി          ...

'റോൾഡ് ഗോൾഡ്' ചിന്തകൾ [ചെറു കവിത]

Image
'റോൾഡ് ഗോൾഡ്' ചിന്തകൾ   [ചെറു കവിത] പുറകിൽ വന്നൊരാൾ ചിരിച്ചതിൽ പെട്ടു 'കനവ്' കാണവേ കുടുക്കിലും പെട്ടു 'കനകം' മൂലമോ 'കടത്തു' മൂലമോ തലയുയർത്തിടാൻ കഴിഞ്ഞിടാതെയായ് ചിരിച്ചു നിന്നൊരാ മുഖങ്ങളൊക്കെയും തിരിഞ്ഞു നിന്നതാ അകന്നു പോകയായ് 'മാസ്ക്ക്' കാരണം ഞെരിഞ്ഞമരുമാ വെറുപ്പ് കാൺകയില്ലെന്നിരിയ്ക്കിലും മെടഞ്ഞെടുത്തൊരെൻ കഥകളൊക്കെയും വിഴുപ്പലക്കലിൽ മുഷിഞ്ഞു നാറവേ എവിടെയാണൊരു തുരുത്തണയുക പിടിച്ചു നിൽക്കുവാൻ, കരുത്തുനേടുവാൻ പഴയ പോലല്ലീ ജനങ്ങളൊക്കെയും 'പുതിയ മാധ്യമ' പുലികളാണവർ 'വളച്ചൊടിച്ചെന്നാ' പഴയ പല്ലവി തരിമ്പുമിപ്പോഴങ്ങേശിടാതെയായ്   രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റും കഥ പണ്ട് ചൊല്ലിയ പണ്ഡിതനാം  കവിവര ശ്രേഷ്ഠനെ കുമ്പിടുന്നിന്നു ഞാനും, ക്ഷമിയ്ക്കണേ ...!! -ബിനു മോനിപ്പള്ളി  ************* Blog:  https://binumonippally.blogspot.com mail:  binu.monippally@gmail.com ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്