മാ നിഷാദാ [കവിത]
മാ നിഷാദാ
[കവിത]
പച്ചോലത്തുമ്പത്തെ ഊഞ്ഞാലിലിന്നെന്റെ
പച്ചപ്പനംതത്ത എത്തിയില്ല
പാട്ടൊന്നു പാടുവാൻ ഓമലാൾ വന്നില്ല
കാത്തുകാത്തിന്നു ഞാൻ ഏകനായി
കൈതാരം പാടത്തെ കൊയ്ത്തു കഴിയുമ്പോൾ
കൈ പിടിച്ചീടുവാൻ കാത്തതല്ലേ
അത്തിമരത്തിന്റെ ഇത്തിരി പൊത്തിലായ്
കൂടൊന്നൊരുക്കി ഞാൻ കാത്തതല്ലേ
സ്വന്തമാക്കീടണം കൊക്കുരുമ്മീടണം
എന്റെ പെണ്ണെന്റെ കൂടെന്നും വേണം
കാതോട്കാതോരം കഥകൾ പറഞ്ഞില്ലേ
കനവുകൾ നെയ്തില്ലേ ഞങ്ങളെന്നും
എന്നിട്ടുമിന്നെൻറെ പെണ്ണവളെങ്ങുപോയ്
മിന്നുമായ് ഞാനിങ്ങു കാത്തിരിയ്ക്കേ
വേടന്റെ അമ്പിനാൽ ജീവൻ വെടിഞ്ഞുവോ
ഇനിയെങ്ങുപോയി ഞാൻ തേടിടേണ്ടൂ?
'അഭിമാനി'(?)യാകുമാ അച്ചന്റെ കത്തിയാ-
നെഞ്ചകം കീറിപ്പിളർന്നതാമോ?
താരാട്ടു പാടിയുറക്കിയാ കൈകൾക്കു-
ചെന്നിണം ചിന്തുവാനായീടുമോ ?
പാതിരാവായിട്ടും ആതിര വന്നില്ല
പൂനിലാ വെട്ടം പരന്നതില്ല
കൂരിരുൾ മൂടുന്നിന്നെന്റെ മനസ്സിലും
ആകുല ചിന്തകൾ അങ്കുരിയ്ക്കേ
ഇന്നു ഞാൻ കാത്തിടും ഓമലാളെത്തുവാൻ
എത്തിയില്ലെങ്കിലോ, എത്തിടും ഞാൻ
എന്നാളു പോയൊരാ ദിക്കിലേയ്ക്കെന്നിട്ട്
മിന്നു ചാർത്തീടുമെൻ പെണ്ണവൾക്ക് !!
-ബിനു മോനിപ്പള്ളി
*************
സമർപ്പണം: പ്രണയിച്ചതിന്റെ പേരിൽ, ദുരഭിമാനിയായ സ്വന്തം അച്ഛന്റെ കൊലക്കത്തിയ്ക്കിരയാകേണ്ടി വന്ന ആ പാവം പെണ്കുട്ടിയ്ക്കും, പിന്നെ അവളുടെ ഹതഭാഗ്യനായ ആ പ്രണയിതാവിനും !
** 02-April-2018 ൽ ഇതേ ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഈ കവിത, എന്റെ സുഹൃത്ത് ശ്രീ. തങ്കൻ മൂവാറ്റുപുഴയുടെ മനോഹരമായ ആലാപനത്തോടുകൂടി, ഇവിടെ പുനഃപ്രസിദ്ധീകരിയ്ക്കുന്നു.
Comments
Post a Comment