പാൽച്ചുരമിറങ്ങിയൊരു പറശ്ശിനി യാത്ര [വയനാടൻ ടൂർ ഡയറി-2002: ഭാഗം-2]

പാൽച്ചുരമിറങ്ങിയൊരു പറശ്ശിനി യാത്ര [വയനാടൻ ടൂർ ഡയറി-2002: ഭാഗം-2] നനുനനുത്ത ആ വയനാടൻ പ്രഭാതം. ഞായർ ദിവസമെങ്കിലും, നന്നേ വെളുപ്പിന് തന്നെ ഉറക്കമുണർന്നു. അതും, നമ്മുടെ ആ ജനാലക്കുരുവിയെ ആദ്യമായി ഒന്ന് തോൽപ്പിച്ചു കൊണ്ട് ! തണുത്തുറഞ്ഞ വെള്ളത്തിൽ ഒരു കുളി കൂടിയായപ്പോൾ, ആഹാ ... മേലാസകലം കിടുകിടുത്തു. പിന്നെ, ആവി പറക്കുന്ന ഒരു ചായ. എല്ലാവരും തയ്യാറായല്ലോ? ഉഷാറായല്ലോ? ഇന്നത്തെ നമ്മുടെ യാത്ര തുടങ്ങുകയായി. കൊയ്തൊഴിഞ്ഞ, പുലർമഞ്ഞ് മൂടിയ, കൊട്ടവയൽ പാടത്തെ ആ സ്ഥിരം വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ വീണ്ടും ഒരു ഫോട്ടോ കൂടി എടുക്കാതിരിയ്കാനായില്ല. ഇന്ന് നമ്മൾ, വയനാടൻ പാൽച്ചുരമിറങ്ങി, കണ്ണൂരിന്റെ ആ ചുവന്ന മണ്ണിലേക്കാണ്. താമരശ്ശേരി ചുരം അഥവാ വയനാട് ചുരം നമുക്കെല്ലാം ഏറെ പരിചിതമാണെങ്കിലും, പാൽച്ചുരം അഥവാ ബോയ്സ് ടൌൺ ചുരം നിങ്ങളിൽ പലർക്കും, അത്ര പരിചയം കാണില്ല. അല്ലേ? വയനാട് ജില്ലയേയും, കണ്ണൂർ ജില്ലയേയും തമ്മിൽ ബന്ധിപ്പിയ്ക്കുന്നതാണ് ഈ പാൽച്ചുരം. താരതമ്യേന വീതിയും, ദൈർഘ്യവും കുറഞ്ഞതും, എന്നാൽ ഒട്ടേറെ കൊടുംവളവുകൾ നിറഞ്ഞതുമാ...