സ്ട്രെസ് & ടെൻഷൻ [ലേഖനം]
സ്ട്രെസ് & ടെൻഷൻ
[ലേഖനം]
പ്രിയ സുഹൃത്തുക്കളേ,
മുൻപൊരിയ്ക്കൽ, ഏതാണ്ട് ഇതേ കാര്യം നമ്മൾ ഏറെ വിശദമായി ചർച്ച ചെയ്തതാണ്. നമുക്ക് എല്ലാവർക്കും, ഈ പറഞ്ഞ സ്ട്രെസ്, ടെൻഷൻ ഇവയെക്കുറിച്ചൊക്കെ ധാരാളം അറിയുകയും ചെയ്യാം.
എങ്കിലും വീണ്ടും ഒന്നുകൂടി ഓർമ്മപ്പെടുത്തുവാൻ കാരണം, കഴിഞ്ഞ ഏതാനും മാസക്കാലയളവിനുള്ളിൽ നമ്മെ വിട്ടു പിരിഞ്ഞ, ടെക്നോപാർക്കിലെ നമ്മുടെ സഹപ്രവർത്തകരുടെ അഥവാ 'ടെക്കി'കളുടെ എണ്ണമാണ്.
ജീവിതത്തിന്റെ നല്ല പ്രായത്തിൽ, അതായത് ഒരു 30-45 പ്രായപരിധിയിൽ 6 ൽ ഏറെ, പ്രിയ സഹപ്രവർത്തകരെയാണ് നമുക്ക് ഈ കാലയളവിൽ നഷ്ടമായത്.
ഇത് ടെക്നോപാർക്കിലെ മാത്രം കണക്കാണ് കേട്ടോ.
ഇതേ രീതിയിൽ നമ്മെ വിട്ടുപോയ, നമുക്കറിയുന്ന മറ്റുള്ളവരുടെ എണ്ണം, ഇതിനേക്കാൾ എത്രയോ ഏറെയാണ്. അതും, ഐടി മേഖലയിൽ മാത്രമല്ല മറ്റു പല മേഖലകളിലും പ്രവർത്തിച്ചിരുന്നവർ.
എല്ലാം അകാലത്തിലുള്ള വേർപിരിയലുകൾ.
ആ നഷ്ടങ്ങളൊന്നും ഒരിയ്ക്കലും നികത്താവുന്നവയല്ല. ആ കുടുംബങ്ങളുടെ ദുഃഖത്തിൽ നാമും പങ്കു ചേരുന്നു.
ഇനി, ഈ മരണങ്ങളൊക്കെ ഒന്ന് പരിശോധിച്ചാൽ ഒരു കാര്യം മനസ്സിലാകും. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇവരിൽ ആർക്കും തന്നെ ഉണ്ടായിരുന്നില്ല. പലരും കൃത്യമായി കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവരുമായിരുന്നു. സാമ്പത്തിക ബാധ്യതകളുമല്ല കാരണം.
പലരും വർക്കിംഗ് ഫ്രം ഹോം ചെയ്യുന്നവർ, ചിലരാകട്ടെ ഓഫീസ്സിൽ പോയി ജോലി ചെയ്യുന്നവരും. ഒന്നിലേറെ പേരുടെ മരണം, ജോലിയുടെ ഇടവേളകളിൽ അല്ലെങ്കിൽ ഭക്ഷണം കഴിച്ച്, വിശ്രമിയ്ക്കുന്നതിനിടെ.
അപ്പോൾ, എന്താകും ഈ പെട്ടെന്നുള്ള മരണങ്ങൾക്ക് കാരണം?
എന്തായാലും ശാരീരിക പ്രശ്നങ്ങൾ അല്ല, എന്ന് കരുതാം.
ഇവിടെയാണ് നമ്മൾ കൂടുതൽ ശ്രദ്ധാലുക്കൾ ആകേണ്ടതും.
ശാരീരിക ബുദ്ധിമുട്ടുകൾ നമുക്ക് വേഗം മനസിലാക്കാൻ പറ്റുന്നതും, അതിനനുസരിച്ച് ആവശ്യമായ ചികിത്സകൾ തേടാൻ കഴിയുന്നവയുമാണ്.
എന്നാൽ നമ്മൾ ആദ്യം പറഞ്ഞ ആ 'സ്ട്രെസ് & ടെൻഷൻ' നമുക്ക് എളുപ്പം മനസിലാക്കാൻ കഴിയുന്നതോ, എന്തെങ്കിലും പ്രകടമായ ബാഹ്യ ലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കുന്നതോ അല്ല.
പക്ഷേ, പരിണിത ഫലത്തിന്റെ കാര്യത്തിലാകട്ടെ, ശാരീരിക അസുഖങ്ങളേക്കാൾ ഏറെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതും; പലപ്പോഴും മരണത്തിലേയ്ക്ക് തന്നെ നയിയ്ക്കുന്നതും.
'സ്ട്രെസ് & ടെൻഷൻ' എന്താണെന്ന് നമ്മൾ ഇവിടെ വിശദീകരിയ്ക്കുന്നില്ല. കാരണം, അത് നമുക്കെല്ലാം അറിയാം. അതില്ലാത്ത ആളുകളും ഇന്നില്ല.
അതുകൊണ്ട്, എങ്ങിനെ നമുക്ക് 'സ്ട്രെസ് & ടെൻഷൻ' മാനേജ് ചെയ്യാം അതല്ലെങ്കിൽ ഒരു പരിധി വരെയെങ്കിലും മറികടക്കാം എന്നതിനെക്കുറിച്ച്, ഏതാനും ചില ലളിതമായ നിർദ്ദേശങ്ങൾ മാത്രം നമ്മൾ ഇനി പറയുന്നു.
1. ഓഫീസിലാകട്ടെ വീട്ടിലാകട്ടെ, ജോലി സമയം ക്രമീകരിയ്ക്കുകയും, ഇടവേളകളുൾപ്പെടെ ആ സമയക്രമം കൃത്യമായി പാലിയ്ക്കുകയും ചെയ്യുക. നമ്മൾ മലയാളികൾ, ഒരു പ്രാധാന്യവും കൊടുക്കാത്ത ഒരു കാര്യമാണ് ഈ 'സമയക്രമം' എന്നോർക്കുക. അത് ജോലിയിൽ മാത്രമല്ല, ജീവിതത്തിലും.
2. രാവിലെയോ വൈകുന്നേരമോ, കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വ്യായാമത്തിനായി മാറ്റി വയ്ക്കുക. കഠിനമായ വർക്ക് ഔട്ടുകൾക്കു പകരം, നടത്തം, ബാഡ്മിന്റൺ മുതലായവ ആകും കൂടുതൽ അഭികാമ്യം. ദിവസത്തിൽ ഒരല്പസമയമെങ്കിലും സൂര്യപ്രകാശം ഏൽക്കുന്നുവെന്നും ഉറപ്പു വരുത്തുക.
3. ഓഫീസിലെ അല്ലെങ്കിൽ വീട്ടിലെ എല്ലാ കാര്യങ്ങളും, നിങ്ങളുടെ കാഴ്ച്ചപ്പാടിലെ ആ 'ഏറ്റവും പെർഫെക്റ്റ്' ആയ രീതിയിൽ തന്നെ ചെയ്യണം എന്ന വാശി ഉപേക്ഷിയ്ക്കുക. കാരണം, നിങ്ങളുടെ എല്ലാ സഹപ്രവർത്തകരും, എല്ലാ കുടുംബാംഗങ്ങളും, നിങ്ങളെപ്പോലെ അത്ര മിടുക്കരാവണം എന്നില്ലല്ലോ. അതത് കാര്യങ്ങളിലെ ഫലത്തിനെയും, ഗുണമേന്മയേയും, ഗൗരവതരമായി ബാധിയ്ക്കില്ല എങ്കിൽ, കുറച്ചൊക്കെ ഇളവുകൾ അവർക്ക് നല്കാൻ ശ്രമിയ്ക്കുക.
4. ഓഫീസിലെ അല്ലെങ്കിൽ വീട്ടിലെ, അതുമല്ലെങ്കിൽ വ്യക്തിപരമായ, എല്ലാ പ്രശ്നങ്ങളും, ഒറ്റയടിയ്ക്ക് അതും ഒറ്റ ദിവസം കൊണ്ട് അങ്ങ് പരിഹരിച്ചു കളയാം എന്ന മിഥ്യാ ധാരണ ഉപേക്ഷിയ്ക്കുക. ഓരോ പ്രശ്നങ്ങളെയും, ഓരോന്നായി പരിഗണിയ്ക്കുകയും, ഓരോന്നും പരിഹരിയ്ക്കാൻ ആവശ്യമായ സമയപരിധി, യാഥാർഥ്യ ബോധത്തോടെ നിർണ്ണയിയ്ക്കുകയും ചെയ്യുക.
5. ഔദ്യോഗികവും സ്വകാര്യവുമായ മൊബൈൽ വിളികളുടെ എണ്ണവും ഒപ്പം ദൈർഘൃവും, ആവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തുക. പറ്റുമെങ്കിൽ, ഔദ്യോഗിക വിളികളുടെ സമയം ജോലി സമയത്തേക്ക് മാത്രമായി പരിമിതപ്പെടുത്തുക. കൂടെ, ആ സമയത്ത്, സ്വകാര്യവിളികൾ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യുക.
6. നിങ്ങൾ വിവാഹിതരോ, അവിവാഹിതരോ ആകട്ടെ, ദിവസവും കുറച്ചു സമയം സ്വന്തം വീട്ടുകാരോടൊത്തു ചിലവഴിയ്ക്കുക. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും; ഒപ്പം കൂട്ടുകാരോടും. പറ്റുമെങ്കിൽ, മാസത്തിൽ ഒരു തവണയെങ്കിലും ചെറിയ യാത്രകൾ നടത്തുക. അതൊന്നും വലിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് ആകണം എന്നില്ല. തിരക്കൊഴിഞ്ഞ സമീപ റോഡുകളിലൂടെ എല്ലാവരും ചേർന്ന് നടത്തുന്ന ഒരു ഒരുമണിക്കൂർ ഡ്രൈവ് ആയാലും, ധാരാളം.
7. 'സ്ട്രെസ് & ടെൻഷൻ' കുറയ്ക്കാനുള്ള എളുപ്പ വഴി എന്നുള്ള നിലയിൽ, ഒരു തരത്തിലുമുള്ള ലഹരി പദാർത്ഥങ്ങളുടെയും പുറകെ പോകാതിരിയ്ക്കുക. അവയൊന്നും ഒരു തരത്തിലുമുള്ള ആശ്വാസം നിങ്ങൾക്ക് തരില്ല എന്ന് മനസ്സിലാക്കുക. പകരം അവ നിങ്ങൾക്ക് നല്കുന്നതോ? ചുരുങ്ങിയ നിമിഷങ്ങളിലേയ്ക്കുള്ള ചില മായക്കാഴ്ചകളും, പിന്നെ വളരെ ഗൗരവതരമായ ആരോഗ്യ-മാനസിക പ്രശ്നങ്ങളും മാത്രം.
8. ഒരു കാരണവശാലും, ഒരു തരത്തിലുമുള്ള 'ഓൺലൈൻ ഗെയിമുകൾക്ക്' അടിമകളാകാതിരിയ്ക്കുക.
9. ഈ ലിസ്റ്റ് ഇനിയും ഏറെ പറഞ്ഞ്, നീട്ടുന്നില്ല. അവസാനമായി, ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം കൂടി. ഒരു വ്യക്തി എന്നുള്ള നിലയിൽ, ഒരു ദിവസം ഏറ്റവും കുറഞ്ഞത് 30 മിനുട്ടുകൾ നിങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു വിനോദത്തിനായി അഥവാ ഹോബിയ്ക്കായി നീക്കി വയ്ക്കുക. ഹോബി എന്ന് പറഞ്ഞാൽ വെറുതെ ഗമയ്ക്കു വേണ്ടി റെസ്യുമുകളിൽ എഴുതിച്ചേർക്കുന്ന ആ ലിസ്റ്റ് അല്ല കേട്ടോ. പകരം, നിങ്ങളെ തന്നെ മറന്ന്, നിങ്ങൾക്ക് പൂർണ്ണമായും മുഴുകാൻ പറ്റുന്ന ആ വിനോദ മാർഗം ഏതാണോ? അതാണ്. അത് പാട്ടു കേൾക്കലാകാം, പാട്ടു പാടലാകാം, ഡാൻസാകാം, തുന്നലാകാം, ഗ്ലാസ് പെയിന്റിംഗ് ആകാം, എംബ്രോയ്‌ഡറി ആകാം, വായനയാകാം, എഴുത്താകാം, ടിവി കാണലാകാം, ക്‌ളീനിംഗ് ആകാം, ഗാർഡനിങ് ആകാം... അങ്ങിനെ എന്തുമാകാം. അതിൽ മുഴുകുമ്പോൾ, നിങ്ങൾ മറ്റെല്ലാം മറക്കുന്ന 'ആരോഗ്യകരമായ' എന്തും.
ഓർക്കുക. ഒരു ദിവസത്തിൽ ആകെയുള്ള 24 മണിക്കൂറിൽ, നിങ്ങൾ ഉണർന്നിരിയ്ക്കുന്ന 18 മണിക്കൂറുകളിൽ, ഈ 30 മിനുട്ടുകൾ ഒഴികെയുള്ള മുഴുവൻ സമയവും നിങ്ങൾ ജോലിയ്ക്കും, പിന്നെ മറ്റു വേണ്ടപ്പെട്ടവർക്കുമായി മാറ്റി വച്ചുകൊള്ളൂ. പക്ഷെ ഈ 30 മിനുട്ടുകൾ, അതേ അവർക്കു വേണ്ടി കൂടുതൽ ഊർജസ്വലരായി അടുത്ത ദിവസം പ്രവർത്തിയ്ക്കാൻ നിങ്ങളെ സജ്ജരാക്കുന്നതിനു വേണ്ടിയാണ്. അതിനാൽ തന്നെ, അത് ഒരു നഷ്ടമല്ല, മറിച്ച്, ഒരു വലിയ നേട്ടമാണ്; നിങ്ങൾക്കും നിങ്ങളുടെ വേണ്ടപ്പെട്ടവർക്കും.
നമ്മൾ ഈ പറഞ്ഞ 9 കാര്യങ്ങളിൽ ഒന്ന് പോലും, നിങ്ങൾക്ക് അറിയാത്തവയല്ല. അല്ലേ?
അതെ. അവയൊക്കെ, അവയുടെ പ്രധാന്യത്തോടൊപ്പം ഒന്ന് ഓർമ്മിപ്പിയ്ക്കുക മാത്രമാണ് ഇവിടെ ചെയ്തത്.
കഴിയുന്നതും ഇവയൊക്കെ സ്വജീവിതത്തിൽ, ദിനചര്യകളിൽ, കഴിയുന്നത്ര പ്രാവർത്തികമാക്കാൻ ശ്രമിയ്ക്കുക. ശാരീരികവും, മാനസികവുമായി പൂർണ്ണ ആരോഗ്യവാന്മാരായിരിയ്ക്കുക.
ഇതൊരു സ്‌നേഹപൂർവമായ അഭ്യർത്ഥനയാണ്.
സ്നേഹത്തോടെ
ബിനു മോനിപ്പള്ളി
********************
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
ഈ ലേഖനത്തിന്റെ വീഡിയോ പതിപ്പിന് : https://youtu.be/DVxdcvQ5oTU
Comments
Post a Comment