ഓർമ്മയുണ്ടോ ആ കല്യാണവീടുകൾ ? [ഓർമ്മക്കുറിപ്പ്]

 

ഓർമ്മയുണ്ടോ ആ കല്യാണവീടുകൾ ?
[ഓർമ്മക്കുറിപ്പ്]

പ്രിയ വായനക്കാരെ,

നിങ്ങളിൽ, ഒരു മുപ്പത്തഞ്ച്-നാൽപത് വയസ്സുകൾ പിന്നിട്ടവരോടാണ്, ഈ ഒരു ചോദ്യം.

1980-90 കാലഘട്ടത്തിലെ, കല്യാണവീടുകൾ നിങ്ങൾക്കോർമ്മയുണ്ടോ? പ്രത്യേകിച്ചും, നാട്ടിൻപുറങ്ങളിലെ ആ കല്യാണവീടുകൾ. അവിടുത്തെ, ആ ഒരുക്കലും, ദേഹണ്ഡവും, ഒച്ചയും, ബഹളവും .... ഒക്കെ?

ഉണ്ടെങ്കിൽ, നിങ്ങളുടെ മനസ്സിന്റെ അകത്തളങ്ങളിൽ, ഓർമ്മകളുടെ  ആ വലിയ കൂമ്പാരത്തിനുള്ളിൽ, എവിടെയോ ഒക്കെ ഒളിഞ്ഞു കിടക്കുന്ന, ഉത്സവ സമാനമായ ആ കല്യാണഓർമ്മകളെ  നമുക്കൊന്ന് പൊടി തട്ടിയെടുത്താലോ? 

ഇനി, ഈ പറഞ്ഞ മുപ്പത്തഞ്ച്-നാൽപത് വയസ്സുകൾ കഴിയാത്തവർക്ക് ഒരുപക്ഷേ, അതൊരു പുതുമയും ആകും.

എന്താ?

അന്നൊക്കെ ഏതാണ്ട് ഒരാഴ്ച മുൻപേ തന്നെ കല്യാണവീട്ടിലേയ്ക്ക്,  അകലെയുള്ള ബന്ധുക്കൾ എത്തിത്തുടങ്ങും. അയൽവക്കത്തെ കുട്ടികൾ മുഴുവൻ, സ്‌കൂൾ കഴിഞ്ഞെത്തിയാൽ പിന്നെ, നേരെ ഒരോട്ടമാണ് കല്യാണവീട്ടിലേയ്ക്ക്.  കാരണം, ആ നാട്ടിലെ അവരുടെ എല്ലാ കൂട്ടുകാരും അവിടെ കാണും. കൂടെ, എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ തിന്നുവാനും കിട്ടും. ആകെ മൊത്തം സംഗതി കുശാൽ.

തൊട്ടയൽവക്കത്തെയും, അല്ലാതെയുമുള്ള ആ നാട്ടിലെ ചേട്ടന്മാരും, ചേച്ചിമാരും, തങ്ങളുടേതായ ജോലികൾ കഴിഞ്ഞെത്തിയാൽ, നേരെ കല്യാണവീട്ടിലേയ്ക്ക് എത്തുകയായി. ആ ചേട്ടന്മാരിൽ പലരും കൂലിപ്പണിക്കാരും, പെയിന്റിങ് പണിക്കാരും, കള്ളു ചെത്തുകാരും, തടിപ്പണിക്കാരും ഒക്കെ ആകും. അവിടെ എത്തിയാലോ? ആരും പറയാതെ തന്നെ, അവിടുത്തെ ഒരോരോ ജോലികൾ അങ്ങേറ്റെടുക്കും.

അന്നൊക്കെ വീട്ടുമുറ്റത്ത് പന്തലിട്ട്, അതിലാണ് കല്യാണം. ആ പന്തലിടാൻ, ഇന്നത്തെപ്പോലെ ഇരുമ്പു പൈപ്പുകൾ ഒന്നും വാടകയ്ക്ക് എടുക്കാറില്ല. പകരം കല്യാണവീട്ടിലെ പറമ്പിൽ തന്നെ നില്ക്കുന്ന, കമുക് മരങ്ങൾ ആണ് അതിന് ഉപയോഗിയ്ക്കുക. തൊടിയിലെ മിക്ക കമുക് മരങ്ങളിലും കുരുമുളക് ചെടികൾ പടർത്തിയിയിട്ടുണ്ടാകും. അതില്ലാത്ത, കായ്‌ഫലം കുറഞ്ഞ കമുക് മരങ്ങൾ നോക്കി വെട്ടി വീഴ്ത്തി, കോടാലികൊണ്ടു തന്നെ അതിനെ നാലോ ആറോ ഒക്കെയായി നെടുനീളത്തിൽ, ഓരോന്നും ഏതാണ്ട് 3-4 ഇഞ്ച് വീതി വരത്തക്ക വിധത്തിൽ പിളർന്നെടുക്കും. പിന്നെ മൂർച്ചയുള്ള വാക്കത്തി കൊണ്ട്, അകത്തെ ആ 'ചോറ്' അഥവാ 'പൊങ്ങ്' നീക്കും. 'ആരുകൾ' കളഞ്ഞ്, അരികുകൾ ഒന്ന് മിനുക്കുക കൂടി ചെയ്തു കഴിഞ്ഞാൽ, പന്തലിനുള്ള കഴകളായി.

ഇനി, ആ പറമ്പിൽ ആവശ്യത്തിന് കമുകുകൾ ഇല്ലെങ്കിലോ? അയൽവക്കത്തെ പറമ്പിന്റെ ഉടമയെ കണ്ട് കാര്യമൊന്നു പറഞ്ഞിട്ട്, ആ തൊടിയിലെ മരങ്ങൾ വെട്ടും. നാട്ടൊരുമയുടെ ആ നല്ല കാലത്ത്, അതൊന്നും ഒരു പുതുമയേ  അല്ലായിരുന്നു.

പന്തലിന്റെ തൂണുകൾക്ക്, സാധാരണ ഇല്ലി/മുള ആണ് ഉപയോഗിയ്ക്കുന്നത്. അതും, ഈ പറഞ്ഞതുപോലെ വൈകുന്നേരങ്ങളിൽ എത്തുന്ന ചേട്ടന്മാർ, അയൽപ്പറമ്പുകളിൽ പോയി വെട്ടിയെടുക്കുന്നതാണ്. 

ഓരോ ദിവസവും സന്ധ്യയാവുമ്പോഴേയ്ക്കും, അന്ന് വെട്ടിയ കമുക് കഴകളും, മുളകളും ഒക്കെ മുറ്റത്തേയ്ക്ക് എത്തിയ്ക്കും. പിന്നെ, ചെറിയൊരു 'ടീ ബ്രേക്ക്' ആണ്. 

ചൂട് കട്ടൻചായയ്‌ക്കൊപ്പം, കപ്പ പുഴുങ്ങിയതോ, ചക്ക പുഴുങ്ങിയതോ തീർച്ചയായും ഉണ്ടാകും. കൂടെ നല്ല ഉണക്കത്തിരണ്ടി (മീൻ) കൂടുതൽ മുളകു ചേർത്ത്, ഏതാണ്ടൊരു കുഴമ്പു പരുവത്തിൽ കറി വച്ചതും. പിന്നെ, ഇതിനൊരു മേമ്പൊടിയായി ചെത്ത് കള്ളും. അതും, അന്ന് അന്തി ചെത്തിയിറക്കിയ നല്ല നാടൻ പനങ്കള്ള്. ഒന്നോ രണ്ടോ കപ്പ് കള്ള് അങ്ങകത്തു ചെന്നാൽ, നല്ല നാടൻ പാട്ടുകൾ അങ്ങിനെ ഒഴുകിവരും. പിന്നെ, അതിന്റെ അകമ്പടിയോടെയാകും, ബാക്കി പണികൾ. 

നേരം നന്നായി ഇരുട്ടിയാൽ, അന്നത്തെ പണികൾ നിർത്തി എല്ലാവരും മടങ്ങും. വീണ്ടും, അടുത്ത ദിവസം വൈകുന്നേരം തിരികെയെത്തും;  ജോലികൾ തുടരും. 

കൂട്ടത്തിൽ ഒന്നുകൂടി പറയട്ടെ. ഈ പണികൾ ഒന്നും കൂലിയ്ക്ക് ചെയ്യുന്നതല്ല കേട്ടോ. എല്ലാം കറകളഞ്ഞ സ്നേഹ-സേവനങ്ങൾ മാത്രം.

കല്യാണത്തിന് ഒരു മൂന്നോ നാലോ ദിവസം മുൻപ് തന്നെ, സദ്യയ്ക്ക് ആവശ്യമായ പഴക്കുലകൾ തയ്യാറാക്കാനുള്ള പണികൾ തുടങ്ങും. അയലത്തെ പല വീടുകളിലുമായി, ഈ ആവശ്യത്തിനായി ഏറെ വാഴക്കുലകൾ  (മിക്കവാറും ഞാലിപ്പൂവനോ, ചുണ്ടില്ലാക്കണ്ണനോ) നേരത്തെ തന്നെ പറഞ്ഞു നിർത്തിയിട്ടുണ്ടാകും. പോയി അവ വെട്ടിക്കൊണ്ട് വരും. പിന്നെ, ആ കുലകൾ എല്ലാം നിരത്തി വയ്ക്കാൻ പറ്റുന്നത്ര വലിപ്പമുള്ള ഒരു കുഴി തയ്യാറാക്കും. ഏതാണ്ട് രണ്ടോ മൂന്നോ അടി താഴ്ചയിൽ. ആ കുഴിയിൽ കുലകൾ അടുത്തടുത്ത് നിരത്തി വയ്ക്കും. ശേഷം, നീളമുള്ള മരക്കമ്പുകളോ, ഇല്ലികളോ, നെടുകെയും കുറുകേയും വച്ച്, അതിനു മുകളിൽ ഒരു പഴയ പരമ്പോ, പടുതയോ വിരിയ്ക്കും. അതിനും മുകളിൽ ഒരു നിര മണ്ണ് കൂടി നിരത്തി കഴിയുമ്പോൾ, അങ്ങിനെയൊരു കുഴി അവിടെയുണ്ട് എന്നറിയാൻ തന്നെ കഴിയില്ല.  കുഴിയുടെ ഒരു മൂലയിൽ, ഒരു ചെറിയ ദ്വാരം അവശേഷിപ്പിച്ചിട്ടുണ്ടാകും. അതിലൂടെ, പകുതി ഉണങ്ങിയ ചകിരിയുടെ പുക (അല്ലെങ്കിൽ  ചന്ദനത്തിരിയുടെ പുക)  കുഴിയ്ക്കുള്ളിലേക്ക്‌, ഒരു കമുകിൻപാള വിശറി കൊണ്ട്, വീശിക്കയറ്റും. എന്നിട്ട്, ആ പുക അല്പം പോലും പുറത്ത് പോകാതെ, ആ ദ്വാരം അടയ്ക്കും. 

കുലകളുടെ മൂപ്പും, കല്യാണദിവസത്തേക്കുള്ള അകലവും അനുസരിച്ച്, ഈ പുകയിടീൽ ദിവസത്തിൽ ഒന്നോ രണ്ടോ തവണ ആവർത്തിയ്ക്കും. എന്തായാലും ശരി, കല്യാണത്തലേന്ന് കുലകളെല്ലാം, പാകത്തിന് പഴുത്ത്, നല്ല മഞ്ഞ നിറമാർന്നിട്ടുണ്ടാകും. പതുക്കെ, കുഴിയുടെ മേൽമൂടി മാറ്റി, കുലകളെ  ഒന്ന് വെള്ളത്തിൽ കഴുകി, നേരെ കലവറയിലെ, മേൽക്കൂരയിൽനിന്നും തൂക്കിയിട്ട ആ കയറുകളിൽ തൂക്കും.

കല്യാണത്തലേന്നാവും പടുതകൾ എത്തുക. ഇന്നത്തെപ്പോലെ, സിൽപോളിൻ അല്ല കേട്ടോ. പകരം, എടുത്താൽ പൊങ്ങാത്ത യഥാർത്ഥ പടുതകൾ ആണ്. അത് പൊക്കിയെടുത്ത്, പന്തലിന്റെ മുകളിൽ വിരിയ്ക്കുക എന്നത് കഠിനമായ ഒരു ജോലി തന്നെ ആയിരുന്നു.

പടുത വിരിച്ചു കഴിഞ്ഞാൽ, ഉടനെ തന്നെ രണ്ടു ടീമുകൾ പന്തലിലെ പണികൾ ഏറ്റെടുക്കും. 

ഒരു സംഘം, പടുതയുടെ കീഴെയായി 'വിരി'യിടുന്ന തിരക്കിൽ ആകും. ഇന്നത്തെപ്പോലെ, അന്നൊന്നും വെള്ളത്തുണികൾ വാടകയ്‌ക്കെടുത്തല്ല ഈ വിരിയിടൽ. പകരം, ആ ചുറ്റുവട്ടത്തെല്ലാമുള്ള വീടുകളിൽനിന്നും ശേഖരിച്ച സാരികൾ ഉപയോഗിച്ചാണ് കേട്ടോ. സാരികൾക്കു കേടുവരാതെ, കളറുകൾ മാച്ചു ചെയ്യുന്ന രീതിയിൽ, മൊട്ടു സൂചികൾ കുത്തി, പന്തലിന്റെ നീളത്തിലും വീതിയിലും 'വിരി' നിർമ്മിച്ചെടുക്കും. പിന്നെ അതിനെ ഭംഗിയായി, ചുളിവുകൾ ഇല്ലാതെ, പടുതയുടെ അടിയിൽ 'ഫിറ്റ്' ചെയ്യും. അതും, വലിച്ചു കെട്ടിയ ചക്കരകയറുകളിൽ മൊട്ടുസൂചികൾ കുത്തി.

ഈ സമയം രണ്ടാമത്തെ സംഘം, പന്തലിനു മൂന്ന് ചുറ്റിലും, ഏതാണ്ട്  അരയാൾ പൊക്കത്തിൽ, മതിൽ തീർക്കുന്ന തിരക്കിൽ ആകും. എന്തുപയോഗിച്ചാണ് ആ 'അരമതിൽ' നിർമ്മാണം എന്നറിയാമോ? ആവശ്യമുള്ള  ഉയരത്തിനനുസരിച്ച് വലിച്ചു കെട്ടിയ കയറിന് മുകളിൽ കൂടി, അടുത്തടുത്ത് കുത്തിനിർത്തിയ 'ഈന്തിലകൾ' ഒടിച്ചുമടക്കി ഇട്ടാണ്, ഹരിതഭംഗിയാർന്ന ഈ വേലിക്കെട്ടുകൾ തീർക്കുക.

ഇതിനകം തന്നെ, ആദ്യ സംഘം തങ്ങളുടെ അടുത്ത പണിയിലേയ്ക്ക് കടന്നിട്ടുണ്ടാകും. 'മണിപ്പന്തൽ' ഒരുക്കുന്നത് ഏറെ ശ്രമകരമായ ഒരു പണി തന്നെ ആയിരുന്നു. അതിൽ വിദഗ്ധരായ ചില ചേട്ടന്മാർ എല്ലാ നാട്ടിലും ഉണ്ടായിരുന്നു. വർണാഭമായ പട്ടുസാരികൾ ഉപയോഗിച്ച് തൂണുകൾ നിർമ്മിച്ച്, അതിനുള്ളിലെ മേൽക്കൂരയിൽ, വെൽവെറ്റ് തുണികളാൽ പലവിധ ഡിസൈനുകൾ തീർത്ത്, ഒരുക്കിയെടുക്കുന്ന ആ സുന്ദരൻ മണിപ്പന്തലുകൾ അന്നത്തെ ഏറ്റവും വലിയ ആകർഷണം ആയിരുന്നു. അതൊരുക്കുന്നതു കാണാൻ, കല്യാണ വീട്ടിലെ പെൺകുട്ടികൾ എല്ലാം ചുറ്റിനുമുണ്ടാകും. അതുകൂടിയാകുമ്പോൾ, ഈ പണിയിലേർപ്പെട്ടിരിയ്ക്കുന്ന ചേട്ടന്മാരുടെ ഉത്സാഹവും കൂടും. ഒപ്പം പന്തലിന്റെ ഭംഗിയും.

ഈന്തില വേലിയുടെ പണി തീർന്നാൽ, നമ്മുടെ രണ്ടാം സംഘം 'ആനവാതിൽ' അഥവാ 'ആർച്ച്' ഉണ്ടാക്കുന്ന പണിയിലേയ്ക്ക് തിരിയും. കല്യാണപ്പന്തലിലേക്ക് അതിഥികൾ പ്രവേശിയ്ക്കുന്ന പ്രധാന  കവാടത്തിലാണ്,  മുഴുനീളൻ തെങ്ങോലകൾ മെടഞ്ഞുണ്ടാക്കിയ, 'റ' ആകൃതിയിലുള്ള  ഈ കമനീയമായ ആർച്ച് സ്ഥാപിയ്ക്കുക. കൂടുതൽ ഭംഗിയ്ക്ക് വേണ്ടി,  ചിലപ്പോളൊക്കെ കുരുത്തോല കൊണ്ടുള്ള ചെറിയ തൊങ്ങലുകളും ഇതിൽ തൂക്കും.

തങ്ങളുടെ പണികൾ കഴിഞ്ഞാൽ പിന്നെ, ഈ രണ്ടു സംഘങ്ങളും, കല്യാണപ്പന്തൽ അടുത്ത സംഘത്തിന് കൈമാറും. ഇതിലെ അംഗങ്ങളിൽ പലരും, ആ പുതിയ സംഘത്തിലും ഉണ്ടാകും കേട്ടോ. 

ഇപ്പോൾ സമയം, ഏതാണ്ട് സന്ധ്യ കഴിഞ്ഞിട്ടുണ്ടാകും. 

വിദഗ്ദരായ ചില ചേട്ടന്മാർ 'പെട്രോമാക്സ്' കത്തിയ്ക്കാനുള്ള പണികൾ തുടങ്ങും. കുട്ടികൾ എല്ലാം അതിനു ചുറ്റും കൂടും. പുതിയ 'മാന്റിലുകൾ' കൂട് തുറന്നെടുത്ത്, അതിനെ പെട്രോമാക്സിൽ ഉറപ്പിച്ചതിന് ശേഷം,  മണ്ണെണ്ണ പമ്പു ചെയ്തു കയറ്റും; പിന്നെ നോസിൽ തുറന്നും, അടച്ചുമൊക്കെയുള്ള  'ട്യൂണിങ്'. ശരിയ്ക്കും, ഒരു വല്ലാത്ത പണി തന്നെയായിരുന്നു അത്. ശേഷം, ഒരു തീപ്പെട്ടിക്കൊള്ളി കത്തിച്ച്, വിളക്കിന്റെ മുകളിലുള്ള ആ ചെറുദ്വാരത്തിൽ കാണിയ്ക്കുമ്പോൾ, പതിയെ ആ മാന്റിൽ കത്തിത്തുടങ്ങും.

വീണ്ടും, ഗ്യാസ് അളവ് കൂട്ടിയും കുറച്ചും, 'ട്യൂൺ' ചെയ്തു ചെയ്ത്, അവസാനം ആ മാന്റിലുകൾ, നല്ല തൂവെള്ള പ്രകാശത്തോടെ നിറഞ്ഞു കത്താൻ തുടങ്ങും. കുട്ടികൾ അത്ഭുതത്തോടെ അത് നോക്കി നിൽക്കും. കത്തിച്ച ചേട്ടനാകട്ടെ, ഒരു ജേതാവിനെ പോലെ ചുറ്റുമൊന്നു നോക്കി, ഒരു ദിനേശിന് തീ കൊടുക്കും.

സമയം ഇത്രയുമായാൽ പിന്നെ, പിറ്റേന്നത്തെ സദ്യ ഒരുക്കുന്ന സംഘങ്ങൾ പന്തലിലേക്ക്‌ വരും. ഒരു വശത്ത് സ്ത്രീകളുടെ സംഘം, വിവിധ പച്ചക്കറികളും, ഉള്ളിയും, സവാളയും ഒക്കെ മുറിയ്ക്കുകയും, ഒരുക്കുകയും ചെയ്യും. അടുത്തു തന്നെ നിർദ്ദേശങ്ങൾ നൽകിയും, പച്ചക്കറികൾ കഷണങ്ങൾ ആക്കിയും ഒക്കെ  പുരുഷന്മാരുടെ സംഘവും ഉണ്ടാകും. 

രാത്രി ഏതാണ്ട് 8 മണിയോടെ പന്തലിൽ ഭക്ഷണം വിളമ്പും. അത് കഴിഞ്ഞാൽ, പ്രായമായവരും, കൂടെ ചുരുക്കം കുട്ടികളും, അകത്തെ മുറികളിൽ എവിടെയെങ്കിലുമൊക്കെ ഉറങ്ങാൻ കിടക്കും. അല്ലെങ്കിൽ, ഏതെങ്കിലും അയൽവീടുകളിൽ. ഭൂരിഭാഗം കുട്ടികളും, ഓട്ടവും, ചാട്ടവും ഒക്കെയായി ആ പന്തലിൽ തന്നെ ഉണ്ടാകും. ഏതാണ്ട് രാത്രി മുഴുവനും. 

ഈ സമയമൊക്കെ, പന്തലിൽ ആ സമയത്തെ ഹിറ്റ് തമിഴ്, മലയാള, ഹിന്ദി സിനിമ പാട്ടുകൾ ഉച്ചത്തിൽ തകർക്കുന്നുണ്ടാകും. ആ നാട്ടിലെ, 'പച്ചപ്പരിഷ്കാരികളായ' കമലഹാസൻമാരും, ബച്ചൻമാരും, പിന്നെ രവീന്ദ്രൻമാരുമൊക്കെ തങ്ങളുടെ ആ ചടുലനൃത്തക്കഴിവുകൾ വലിയ ഉത്സാഹത്തോടെ അവിടെ പ്രകടിപ്പിയ്ക്കുകയായി.

പാചകത്തിനു വേണ്ട അടുപ്പുകൾ, വൈകുന്നേരം തന്നെ വീടിന്റെ ഒരു വശത്ത് തയ്യാറാക്കിയ ആ പ്രത്യേക പന്തലിൽ ഒരുക്കിയിട്ടുണ്ടാകും. അവിടെ ഒരു മൂലയിലിട്ട കസേരയിൽ, ഈ സദ്യാ-മേൽനോട്ടം വഹിയ്ക്കുന്ന കാരണവർ ഉണ്ടാകും. എല്ലാ വിഭവങ്ങളുടെയും, വേവും, ഉപ്പും, പാകവും ഒക്കെ നോക്കി ആവശ്യമായ നിർദ്ദേശങ്ങൾ നല്കുന്നത് അദ്ദേഹമാണ്. 

മുഖ്യപന്തലിന്റെ തിരക്കൊഴിഞ്ഞ ഒരു മൂലയിൽ, കുറച്ചു മേശകളും കസേരകളും ഒക്കെ തയ്യാറാക്കി, നമ്മുടെ ചീട്ടുകളി ചേട്ടന്മാർ ഇതിനകം കളി തുടങ്ങിയിട്ടുണ്ടാകും. വാശിയേറിയ ആ കളി, രാത്രി ഏതാണ്ട് 12-1 മണി വരെയൊക്കെ നീളും. 1 മണി കഴിയുമ്പോൾ, കളിയൊക്കെ മതിയാക്കി, ഇവരാണ് പായസത്തിനുള്ള തേങ്ങാ ചിരവാൻ പോകുന്നത്. 

നിവർത്തിയിട്ട പുതിയ 'മുളംപരമ്പിൽ', വൃത്താകൃതിയിൽ ചിരവകൾ നിരത്തി, അതിലിരുന്ന്, വാശിയോടെ, അന്താക്ഷരിയൊക്കെ പാടി തേങ്ങാ ചിരകുന്നത്, അഴകുള്ള കാഴ്ചയായിരുന്നു കേട്ടോ. ആ സ്പീഡോ? അതൊന്ന് കാണേണ്ടത് തന്നെ.

ചിരവൽ കഴിഞ്ഞാൽ പിന്നെ, തേങ്ങാപ്പാൽ പിഴിയാനുള്ള ഒരുക്കങ്ങളാകും. പുതിയ ഒരു കച്ചത്തോർത്തുമുണ്ടിൽ, ചിരവിയ തേങ്ങ നിറച്ച്, ഇരുവശത്തു നിന്നും രണ്ടു പേർ വീതം വിപരീത ദിശകളിൽ പിരിയ്ക്കുമ്പോൾ, എത്ര മൂപ്പുള്ള തേങ്ങയാണെങ്കിലും ശരി, ഉള്ള പാല് മുഴുവനും അങ്ങ് ഒഴുകി വീണു പോകും. അങ്ങിനെ ഒന്നാം പാലും, രണ്ടാം പാലും, അവസാനം മൂന്നാം പാലും, പിഴിഞ്ഞു കഴിയുമ്പോൾ, സമയം ഏതാണ്ട് വെളുപ്പിന് 3 മണിയോടടുത്തിട്ടുണ്ടാകും.

പാചകപ്പന്തലിൽ ഇതിനകം, വിവിധ തരം ഉപ്പേരികളും കറികളും  ഒക്കെ  തയ്യാറായി കഴിഞ്ഞിരിയ്ക്കും. ഇടയ്ക്കിടെ, ഒരു 'ഊർജം' കിട്ടാൻ ആ  കള്ളുംകന്നാസ് ഇരിയ്ക്കുന്ന മൂലയിലേക്ക്, പാചക ചേട്ടന്മാർ ചില 'ഷോർട് വിസിറ്റുകൾ' നടത്തുന്നുണ്ടാകും. കൂടെ, മറ്റു ചേട്ടന്മാരും.

ഒരു കാര്യം പറയാൻ മറന്നു. പാതിരാത്രിയ്ക്കു ശേഷം കുറെയെങ്കിലും കുട്ടികൾ ഉറങ്ങിക്കഴിഞ്ഞാൽ, മണിപ്പന്തൽ ചുമതലയുള്ള ചേട്ടന്റെ വക ചില 'രഹസ്യപ്പണികൾ' ഉണ്ടാകും. പിറ്റേന്ന് താലികെട്ട് നടക്കുന്ന സമയത്ത്, വരനെയും, വധുവിനെയും, പിന്നെ കാഴ്ചക്കാരെയും ഒക്കെ, ഒന്ന്  അമ്പരപ്പിയ്ക്കാനുള്ള ചില സൂത്രപ്പണികളാണ് പുള്ളിക്കാരൻ ചെയ്യുക. താലികെട്ടിന്റെ സമയത്ത് പൊട്ടിച്ചു വീഴിയ്ക്കാനുള്ള വർണ്ണപ്പൊടികൾ അല്ലെങ്കിൽ വർണ്ണക്കടലാസുകൾ, അതുമല്ലെങ്കിൽ വധൂവരന്മാർക്കു തൊട്ടുമുൻപിലായി, ആ മേൽവിരിപ്പിൽ നിന്നും താഴേയ്ക്കിറങ്ങി വരുന്ന ചെണ്ടും, നാരങ്ങയും പിന്നെ ആശംസാ സന്ദേശവും.... എന്നിങ്ങനെ, പല പല സൂത്രപ്പണികൾ. ഇവയൊക്ക പെട്ടെന്നാരും കാണാത്തവിധം, പന്തലിലെ ആ മേൽവിരിപ്പിൽ ഒളിപ്പിക്കുന്നത്, ഇത്തിരി അധികം 'ലോജിക്' ഒക്കെ വേണ്ട ഒരു പണിയായിരുന്നു കേട്ടോ.

നേരം വെളുത്തു തുടങ്ങുമ്പോഴേയ്ക്കും, പുറത്തെ അടുപ്പിൽ തന്നെ, പ്രഭാത ഭക്ഷണമായ ഉപ്പുമാവ് തയ്യാറായിട്ടുണ്ടാകും. കൂടെ കഴിയ്ക്കാൻ, കലവറയിൽ നേരത്തെ തൂക്കിയിരിയ്ക്കുന്നവയിൽ വച്ച്, ഏറ്റവും ചെറിയ കായ്കളുള്ള ഒരു പഴക്കുലയിലെ പഴങ്ങളും.

ഇതിനകം, പായസം ഉൾപ്പെടെയുള്ള എല്ലാ വിഭവങ്ങളും പാചകപ്പുരയിൽ തയ്യാറായിക്കഴിഞ്ഞിരിയ്ക്കും. ആ വിഭവങ്ങൾ എല്ലാം, കലവറയിലെ വലിയ പാത്രങ്ങളിൽ ആവും സൂക്ഷിയ്ക്കുക. 

ഇനിയും ഉണ്ടാക്കാൻ ബാക്കിയാവുന്നത് പപ്പടം മാത്രമാവും. അതാകട്ടെ, സദ്യ വിളമ്പുന്നതിനു തൊട്ടു മുൻപാവും കാച്ചുക. അടുത്ത തൈത്തെങ്ങിൽ നിന്നും അടർത്തിയെടുത്ത നീളൻ ഈർക്കിലുകളിൽ, കുറെയധികം പപ്പടങ്ങൾ ഒരുമിച്ചു തുളച്ചുകയറ്റി, അവയെ ഒന്നാകെ തിളച്ചുമറിയുന്ന ആ തനിനാടൻ വെളിച്ചെണ്ണയിൽ ദേ ഇങ്ങനെയങ്ങ് കാച്ചുമ്പോൾ പൊങ്ങുന്ന ആ മണമുണ്ടല്ലോ? ..എന്റെ പൊന്നു സാറേ .. അതിങ്ങനെ മൂക്കിലേയ്ക്കടിച്ചു കേറുമ്പോൾ, നമ്മുടെ സ്വന്തം വയറ്റിൽ നിന്നും അങ്ങിനെ മോളിലേയ്ക്ക് ഇരച്ചു കേറുന്ന, ഒരു പ്രത്യേകതരം വിശപ്പുണ്ട് .... ഹോ .... അതൊന്ന് അനുഭവിച്ചു തന്നെ അറിയണം.

ഇനി, കലവറയ്ക്കാവട്ടെ, അന്നത്തെ ദിവസം ഒരു അധികാരി ഉണ്ടാകും.  സദ്യയുടെ ഓരോ പന്തിയിലും (ഒരു പന്തി എന്നാൽ, ഒരു തവണ ഇരിയ്ക്കുന്ന ആളുകൾ) ചിലവാകുന്ന വിഭവങ്ങളുടെ അളവ് നോക്കി, അടുത്ത പന്തികളിൽ അവയുടെ വിതരണം ക്രമീകരിയ്ക്കുന്നത് ഇദ്ദേഹമാണ്. അപൂർവ്വമെങ്കിലും, ചിലപ്പോളൊക്കെ രണ്ടാമത് ചോറ് പോലും വയ്‌ക്കേണ്ടി വരാറുമുണ്ട്.

ഇപ്പോൾ നമ്മൾ വിവരിച്ചത്, പ്രധാനമായും വധുവിന്റെ വീട്ടിലെ ഒരുക്കങ്ങളാണ് കേട്ടോ. 

വരന്റെ വീട്ടിലും ഏതാണ്ട് ഇതേപോലെ തന്നെയാകും ഒരുക്കങ്ങൾ. എന്നാൽ അവിടെ സദ്യയ്ക്ക് താരതമ്യേന കുറച്ചുപേർ മാത്രമേ ഉണ്ടാകൂ. ബാക്കി മുഴുവൻ  ആളുകളും 'വിരുന്നി'നായി, 'ചെറുക്കൻ പാർട്ടി'യായി വധുവിന്റെ വീട്ടിലേയ്ക്കു പോകുകയാണ് ചെയ്യാറുള്ളത്. 

ആ യാത്രയും, ഒരു ഒന്നൊന്നര യാത്ര ആയിരുന്നു കേട്ടോ. സ്വന്തം വാഹനങ്ങൾ ഉള്ളവർ തീരെ കുറവ്. ഒരു പക്ഷേ, ഇല്ല എന്നുതന്നെ പറയാം. ജീപ്പുകൾ ആയിരുന്നു അന്നത്തെ പ്രധാന കല്യാണവണ്ടികൾ. 

കല്യാണച്ചെറുക്കനും പെണ്ണിനും യാത്ര ചെയ്യാൻ വേണ്ടി, ഒരേയൊരു അംബാസഡറും കാണും. പൂക്കൾ കൊണ്ട് നിറയെ അലങ്കരിച്ച്, കളർ റിബണുകൾ ചാർത്തി, അതിന്റെ മനോഹരമാക്കിയിട്ടുണ്ടാകും. ഈ അലങ്കാരപ്പണികൾ ചെയ്യുന്നതും, മിക്കവാറും നമ്മുടെ ആ മണിപ്പന്തൽ ചേട്ടനാകും.

ഒരു ജീപ്പിൽ, 16 ൽ കുറയാത്ത ആളുകൾ കയറും. മുൻസീറ്റിൽ ഡ്രൈവറെ കൂടാതെ നാലു പേർ. പാവം ഡ്രൈവറുടെ പകുതിഭാഗം മാത്രമേ സീറ്റിൽ കാണൂ. ബാക്കി പകുതി പുറത്തും. ആ ഒരു സ്റ്റൈലിൽ, കീ...കീ ഹോണുമടിച്ച്,  നാട്ടുവഴികളിൽ ചീറിപ്പായുന്ന ഡ്രൈവർ ചേട്ടന്മാർ, അന്നത്തെ പെൺകുട്ടികൾക്ക്, 'സില്മാ' നടന്മാരെക്കാൾ വലിയ ഹീറോസ് ആയിരുന്നു എന്നത്, വേറെ കാര്യം.

ശെയ് .... പറഞ്ഞു വന്ന ആ പതിനാറിന്റെ കണക്ക് മറന്നു. പുറകിലെ ആ രണ്ടു സീറ്റുകളിൽ നാല് പേർ വീതം. പിന്നെ ഒരു നാലുപേരാകട്ടെ, പുറകിലെ ചവിട്ടുപടിയിൽ ഓരോ കാലുറപ്പിച്ച്, മുകളിലെ ആ കമ്പിയിൽ കൈകൾ തൂങ്ങി ഒരു നിൽപ്പാണ്. ജീപ്പ് ഡ്രൈവർമാർ കഴിഞ്ഞാൽ, കല്യാണ ദിവസത്തിലെ രണ്ടാം നിര ഹീറോസ് ഇവരാണ്.

ജീപ്പിലെ സ്റ്റീരിയോയിൽ തട്ടുപൊളിപ്പൻ പാട്ടും വച്ചുള്ള ആ ഒരു യാത്രയുടെ  രസമൊന്നും, ഇന്നത്തെ ആ 'ഡോൾബി-എസി-സ്ലീപ്പർ ബസ്' കല്യാണവണ്ടികളിൽ ഇല്ലേയില്ല; എന്നുപറഞ്ഞാൽ, അതൊട്ടും അതിശയോക്തി ആവില്ല തന്നെ.

വരന്റെ ആളുകൾ വധൂഗൃഹത്തിൽ എത്തിയാൽ, പന്തലിലെ കസേരകളിൽ സ്വീകരിച്ചിരുത്തും. പിന്നെ 'കിസ്സാൻ' സ്ക്വാഷോ, അല്ലെങ്കിൽ 'ഡബിൾ കോള'യോ കുടിയ്ക്കാൻ നൽകും. 

വല്യമ്മമാരുടെ കുരവയുടെയും, പുരുഷകേസരികളുടെ കാതടപ്പിക്കുന്ന ആർപ്പിന്റെയും അകമ്പടിയോടെ, താലികെട്ടൽ. ആ ചടങ്ങുകൾ പൂർത്തിയായാൽ പിന്നെ, വിഭവസമൃദ്ധമായ സദ്യ. അന്ന് കാറ്ററിങ് സംഘങ്ങൾ വിളമ്പലിനും ഇല്ല കേട്ടോ. അതൊക്കെ ആ കല്യാണവീട്ടിലെ ആളുകൾ തന്നെ ഏറ്റെടുക്കും. കുട്ടികൾക്കൊക്കെ എന്തൊരു ഉത്സാഹമായിരുന്നെന്നോ, ഉപ്പെങ്കിലും ഒന്ന് വിളമ്പാൻ കിട്ടാൻ. 

ഓരോ പന്തിയും കഴിഞ്ഞ്, ആളുകൾ എണീൽക്കുമ്പോൾ അവരുടെ കയ്യിൽ, 'സെന്റ്‌' മുക്കി വർണ്ണനൂൽ കെട്ടിയ ഓരോ ചെണ്ടും,  കൂടെ ഓരോ  ചെറുനാരങ്ങയും കൊടുക്കും. 

പിന്നെ, വേഗം മേശകൾ തുടച്ച് വൃത്തിയാക്കി,  അടുത്ത പന്തിയ്ക്ക്  വിളമ്പുകയായി.

ഭക്ഷണം കഴിഞ്ഞവരാകട്ടെ, നാട്ടുവിശേഷങ്ങളുമായി, ചെറു കൂട്ടങ്ങളായി ആ  പറമ്പിലെ മരത്തണലുകളിൽ നിരത്തിയിട്ട കസേരകളിൽ, ആസനസ്ഥരാകും. അവിടവിടെയായി ഇട്ടിരിയ്ക്കുന്ന ചില കസേരകളിലെ സ്റ്റീൽ പ്ളേറ്റുകളിൽ, സിസറും, പനാമയും, വിൽസും, ദിനേശും, സാധുവുമൊക്ക, പ്രിയപ്പെട്ട വലിക്കാരെയും കാത്ത്, അക്ഷമരായി കിടക്കുന്നുണ്ടാകും. സ്ഥിരമായി സാധു വലിയ്ക്കുന്ന ചില സാധുക്കൾ അന്നൊരു വിൽസ് ഒക്കെ പുകച്ച്, ഗമയിൽ ആ പുകച്ചുരുളുകൾ ഊതിയുയർത്തും. മറ്റു ചില പ്ളേറ്റുകളിലാകട്ടെ, നല്ല നാടൻ ആലുവാ വെറ്റിലയും, വാസനച്ചുണ്ണാമ്പും, കൂടെ കാലിപ്പൊകലയും*.

എല്ലാവരും സദ്യ കഴിച്ചു കഴിഞ്ഞാൽ പിന്നെ, ആഘോഷമായി മടക്കം. 

ഇതിനിടയിൽ അത്യാവശ്യം 'ഫോട്ടം പിടുത്തം' ഒക്കെ കഴിഞ്ഞിട്ടുണ്ടാകും. വധൂഗൃഹത്തിന്റെ ചുറ്റുവട്ടത്തായി കുറച്ച് 'ഔട്ട് ഡോറും' നടത്തിയിട്ടുണ്ടാകും, കാരണം, അന്നൊക്കെ മിക്കവാറും വീടുകൾക്കരികെ, ഉച്ചവെയിലിൽ തലയാട്ടി നിൽക്കുന്ന, അതിരു കാണാത്ത നെൽവയലുകളോ, അല്ലെങ്കിൽ നിറഞ്ഞ തണൽ വിരിച്ച റബ്ബർതോട്ടങ്ങളോ ഒക്കെ ആകും. അതുപോലെ, അന്നൊക്കെ വീഡിയോ പിടുത്തം കാര്യമായി ഇല്ലായിരുന്നു; അതുമല്ലെങ്കിൽ, മിക്കവാറും ഒരു ആഡംബരം ആയിരുന്നു എന്നും പറയാം.

കല്യാണസദ്യയ്ക്കു ശേഷം, വധൂഗൃഹത്തിൽ നിന്നും വരന്റെ സംഘം യാത്രയാവുമ്പോൾ, ഞങ്ങൾ കുട്ടികൾക്ക് തീരെ മനസ്സിലാകാത്ത, എന്നാൽ അന്നത്തെ എല്ലാ കല്യാണവീടുകളിലും സ്ഥിരമായി കാണുന്ന, ഒരു ചടങ്ങുണ്ടായിരുന്നു കേട്ടോ. എന്താണെന്നറിയാമോ? 

മറ്റൊന്നുമല്ല, സ്വന്തം അച്ഛനെയും, അമ്മയെയും, സഹോദരങ്ങളെയും, ഒക്കെ കെട്ടിപ്പിടിച്ചുള്ള വധുവിന്റെ ഒരു പൊട്ടിക്കരച്ചിൽ. കൂടി നിൽക്കുന്നവരിൽ എല്ലാവരും ചിരിച്ചും കളിച്ചും ഒക്കെ നിൽക്കുമ്പോൾ, അവരിൽ ഒരാളായി, അതുവരെ കള്ളനാണത്തോടെ ചിരിച്ചു നിന്നിരുന്ന കല്യാണപ്പെണ്ണ്, പെട്ടെന്ന് ഇവ്വിധം മാറുന്നതെന്തിന് എന്ന്, അന്നൊന്നും എത്ര ആലോചിച്ചിട്ടും ഞങ്ങൾ കുട്ടികൾക്ക് മനസ്സിലായിരുന്നില്ല. മാത്രവുമല്ല, അംബാസഡറിൽ കയറി കല്യാണചെക്കനൊപ്പം ഒരല്പദൂരം യാത്ര ചെയ്യുമ്പോൾ തന്നെ, ആ  കരച്ചിൽ മാറി ചെറുചിരിയാവുകയും ചെയ്യും.

എന്താല്ലേ? 

വരന്റെ വീട്ടിലേയ്ക്കുള്ള ആ മടക്കയാത്രയിൽ, കല്യാണപ്പന്തലിൽ കിട്ടിയ വിലപ്പെട്ട ഉപഹാരങ്ങൾ എല്ലാം നിറച്ച, ഒരു പുതുപുത്തൻ 'വി ഐ പി' സ്യൂട്-കേസുമായി (മിക്കവാറും ബ്രൗൺ നിറത്തിലുള്ളത്) ഒരൽപ്പം അധികാരഭാവത്തിൽ, ആ കല്യാണക്കാറിൽ പെണ്ണിനും ചെറുക്കനുമൊപ്പം കയറുന്ന ഒരാൾ ഉണ്ട്. മറ്റാരുമല്ല, ചെറുക്കന്റെ മൂത്ത പെങ്ങൾ. അതായത്, പുതുപ്പെണ്ണിന്റെ നാത്തൂൻ. അത് കാണുമ്പോഴേ, പുതുപ്പെണ്ണിന്റെ ഉള്ളിലൊരു ആന്തൽ മൂളും. 

വിവാഹപ്പാർട്ടി തിരികെ വരന്റെ വീട്ടിലെത്തിയാൽ, കത്തിച്ച നിലവിളക്കുനൽകി, വരന്റെ മാതാവ് വധുവിനെ സ്വീകരിയ്ക്കും. പിന്നെ വധു, ആ വിളക്കുമായി വലതുകാൽ വച്ച് വീട്ടിനുള്ളിലേക്ക്. 

അയ്യയ്യോ ... പറഞ്ഞു പറഞ്ഞു വന്നപ്പോൾ, പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ വിട്ടു, കേട്ടോ. അന്നൊക്കെ നാട്ടിലെ ചെറിയ ചെറിയ പ്രേമബന്ധങ്ങൾ ഒക്കെ തളിരിടുന്നതും മറ്റും, ഇത്തരം കല്യാണത്തലേന്നുകളിലോ, അതുമല്ലെങ്കിൽ സദ്യ വിളമ്പുമ്പോഴോ ഒക്കെ ആയിരുന്നു. ഒന്നോ രണ്ടോ നോട്ടങ്ങളിൽ ഉടലെടുത്ത്, ഒന്നോ രണ്ടോ മണിക്കൂറുകളിൽ വികാസം പ്രാപിച്ച്, ആർക്കും വേദനകൾ സമ്മാനിയ്ക്കാതെ, കുറച്ചു ദിവസങ്ങളിലേയ്ക്ക് സ്വന്തം കരളിൽ വച്ചോമനിയ്ക്കാനുള്ള ഒരു മൃദുവികാരം മാത്രമായി, അങ്ങിനെ മൂകമായി എരിഞ്ഞടങ്ങുന്നവയായിരുന്നു അവയിൽ ഏറെയും.

നാട്ടൊരുമയും, അകം പൊള്ളയല്ലാത്ത നാട്ടുവർത്തമാനങ്ങളും, പിന്നെ ശബ്ദമുഖരിതമായ ആഘോഷരാവുകളുമൊക്കെ നിറയുന്ന  ആ പഴയ കല്യാണ ഓർമ്മകൾക്ക് ഇന്നും എത്ര ചെറുപ്പം... എത്ര തെളിമ. 

മാറ്റം കാലത്തിന്റെ അനിവാര്യതയാണ്. ഞാനും, നിങ്ങളും, നമ്മളും, എല്ലാം  മാറിയേ പറ്റൂ. ആ മാറ്റങ്ങൾ എല്ലാം മോശമാണ്, എന്നൊരു അഭിപ്രായവും ഇല്ല. എങ്കിലും, അങ്ങിനെ മാറിയപ്പോൾ, നമ്മുടെ മാത്രം കൈമുതലായിരുന്ന ആ 'നാട്ടൊരുമ'യും പിന്നെ ബന്ധങ്ങളിലെ ആ 'നിസ്വാർത്ഥതയും', 'ഊഷ്മളതയും', ഏതാണ്ട് മുഴുവനായും കൈമോശം വന്നുപോയില്ലേ? എന്നൊരു സംശയം മാത്രം. ആ നഷ്ടത്തിൽ, ഉള്ളിൽ എവിടെയോ ഊറുന്ന ഒരു വേദനയും.

പ്രിയപ്പെട്ട വായനക്കാരെ, എഴുതി വന്നപ്പോൾ ഒരല്പം ദീർഘമായിപ്പോയി. അല്ലേ? എങ്കിലും, ഈ പഴയകാല കല്യാണഓർമ്മകൾ, നിങ്ങൾക്ക് ഇഷ്ടമായി എന്ന് കരുതട്ടെ.

സ്നേഹത്തോടെ
ബിനു മോനിപ്പള്ളി

പിൻകുറിപ്പ്: ഈ ആഘോഷങ്ങൾക്കൊപ്പം, പൊട്ടിച്ചിരിയ്ക്ക് വക നൽകുന്ന ഏറെ മണ്ടത്തരങ്ങളും, ഇത്തരം കല്യാണവീടുകളിൽ അന്ന് അരങ്ങേറിയിരുന്നു കേട്ടോ. അവയിൽ  ചിലതൊന്ന് ഓർമിയ്ക്കാം. നല്ല വേനൽക്കാലം. മിക്കവാറും കിണറുകൾ വറ്റുന്ന ആ കാലത്തെ, ഞങ്ങളുടെ നാട്ടിലെ ഒരു കല്യാണവീട്. കുറച്ചു ദൂരെയുള്ള പഞ്ചായത്ത് കിണറ്റിൽ നിന്നും,  തലച്ചുമടായി വേണം വെള്ളം കൊണ്ടുവരാൻ. ആ വെള്ളംചുമടും അന്നൊരു ആഘോഷമാണ്. നാടൻ കള്ളിൽ ഒരല്പം മിനുങ്ങി, തലയിൽ കുടങ്ങളോ, കന്നാസോ#   ഒക്കെ വച്ച് പെട്രോമാക്സിന്റെ വെളിച്ചത്തിൽ, നടത്തിയിരുന്ന രാത്രികാല വെള്ളംചുമട്‌ യാത്രകൾ. കാലിക്കുടങ്ങളുമായി, കിണറ്റിൻകരയിലേയ്ക്കുള്ള യാത്രയിൽ, ഉച്ചത്തിൽ പാട്ടുകൾ പാടി, ഡാൻസും കളിച്ചാകും പോക്ക്. അതിനേക്കാൾ ഉച്ചത്തിൽ കുരച്ച്, റോഡരികിലെ വീടുകളിലെ പട്ടികളും, ആ പാട്ടുകാരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിയ്ക്കും. അന്നത്തെ ഒരു യാത്രയിൽ, പാട്ടിൽ ആവേശം കയറി, പെട്രോമാക്സ് തലയിൽ വച്ചിരുന്ന നമ്മുടെ ചേട്ടനും അറിയാതെ ഒന്ന് ഡാൻസ് കളിച്ചു. അതോടെ, പെട്രോമാക്സിന്റെ മാന്റിൽ ദാ കിടക്കുന്നു, പൊടിഞ്ഞു താഴെ. അതോടെ, പാട്ടുകളുടെ  ഭാവവും മാറി. (ഇതൊരു 'ഒ ടി ടി പ്ലാറ്റ് ഫോം' ആയിരുന്നെങ്കിൽ, അതങ്ങിനെ തന്നെ നമുക്ക് ഇവിടെ പറയാമായിരുന്നു). പാവം ചേട്ടൻ.

ഇതേ ചുമട് യാത്രയിൽ തന്നെ, മറ്റൊരു സംഭവം കൂടി നടന്നു. തലച്ചുമടായി കൊണ്ടുവരുന്ന വെള്ളം, കല്യാണവീട്ടിൽ നിരത്തി വച്ചിരിയ്ക്കുന്ന  ചെമ്പിലോ$, വാർപ്പിലോ അല്ലെങ്കിൽ വലിയ വീപ്പകളിലോ ഒക്കെയാണ് നിറയ്ക്കുക. ആദ്യമേ പറഞ്ഞുവല്ലോ, അല്പം കള്ളൊക്കെ മോന്തിയാകും ഈ വെള്ളംചുമട് എന്ന്. നല്ല രാത്രിയുമല്ലേ? മുന്നിൽ വന്ന ചേട്ടൻ, അരികിൽ കണ്ട വല്യ ചെമ്പിലേയ്ക്ക് വെള്ളം ഒഴിച്ചു, എന്നിട്ട് അടുത്തതിനായി തിരിഞ്ഞു നടന്നു. പിറകെ വന്നവരും അതു തന്നെ ചെയ്തു. അവർ പോയി, കുറച്ചു കഴിഞ്ഞപ്പോൾ, പാചകപ്പുരയിൽ പാചകം ചെയ്തിരുന്നവർ ഓടിയെത്തി. പാചകപ്പുരയിലെ  അടുപ്പിലേയ്ക്ക് മുഴുവൻ, എവിടെ നിന്നോ നിറയെ വെള്ളം ഒഴുകിയെത്തുന്നു. കാര്യം പിടികിട്ടിയോ? നമ്മുടെ ഒന്നാം നമ്പർ ചേട്ടന് വലിയ ചെമ്പായിത്തോന്നിയത്, യഥാർത്ഥത്തിൽ പിറ്റേന്ന് ചോറ് വാർക്കാൻ വേണ്ടി, കഴുകി വൃത്തിയാക്കി വച്ചിരുന്ന ഒരു വലിയ 'വല്ലം'@  ആയിരുന്നു. 

** ചിത്രത്തിന് കടപ്പാട്: ഗൂഗിൾ ഇമേജസ് 

സൂചികകൾ:
* പൊകല= പുകയില
#  കന്നാസ്= ചതുരാകൃതിയോ വൃത്താകൃതിയോ ഉള്ള, വലിയ പ്ലാസ്റ്റിക് പാത്രം
$ ചെമ്പ്/വാർപ്പ്  = പണ്ടൊക്കെ പാചകത്തിനുപയോഗിച്ചിരുന്ന, ചെമ്പിലോ മറ്റു കൂട്ടുലോഹങ്ങളിലോ ഒക്കെ നിർമ്മിച്ച വലിയ പാത്രങ്ങൾ .
@ വല്ലം= ചൂരലിൽ നിർമ്മിച്ച വലിയ കൊട്ട

********
 
എഴുതി തീർന്നപ്പോൾ ഏറെ ദീർഘിച്ചു പോയ ഈ ഓർമ്മക്കുറിപ്പ്, 'ഇമ മാസിക'യുടെ ഏപ്രിൽ-2022 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. എഡിറ്റർ ശ്രീ. രേഖ വെള്ളത്തൂവൽ സാറിന് പ്രത്യേക നന്ദി.

ഇമ മാസിക വായിയ്ക്കുവാൻ താഴെ നൽകുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.

https://www.imamasika.com/







Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]