മണത്തണയിലെ ചിന്താഗൃഹം [വയനാടൻ ടൂർ ഡയറി - 2022: ഭാഗം-3]

മണത്തണയിലെ ചിന്താഗൃഹം [വയനാടൻ ടൂർ ഡയറി - 2022: ഭാഗം-3] നമ്മുടെ ഈ ലേഖനത്തിന്റെ തലക്കെട്ട്, വടക്കൻ കേരളത്തിലെ വായനക്കാർക്ക് ചിന്താക്കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കില്ല എങ്കിൽത്തന്നെയും, തെക്കൻ കേരളത്തിലെ വായനക്കാർ ഒരു പക്ഷേ, ഒരല്പം 'കൺഫ്യൂഷനിൽ' ആയേക്കാം. അതിനാൽ തന്നെ, ആദ്യം നമുക്കതങ്ങ് 'ക്ലിയർ' ചെയ്യാം. എന്താ? 'മണത്തണ' എന്നത് കണ്ണൂർ ജില്ലയിൽ, കൊട്ടിയൂരിനടുത്തുള്ള ഒരു ചെറിയ ഗ്രാമം ആണ്. 'ചിന്താഗൃഹം' എന്നത് അവിടെയുള്ള ഒരു കൊച്ചുവീടിന്റെ, വലിയ പേരുമാണ്. ഏഹ് ... ഒരു വീടിനെപ്പറ്റിയാണോ ഈ ലക്കം യാത്രാവിവരണം, എന്നാണോ നിങ്ങൾ ചിന്തിയ്ക്കുന്നത്? അതെ. എന്നാൽ, പേര് സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ ആ വീട്, നമുക്ക് അഥവാ നമ്മിൽ, ഒരുപാട് ചിന്തകൾക്ക് വഴിതുറക്കുന്ന ഒന്നാണ്. എക്‌സൈസ് വകുപ്പിൽ നിന്നും, ഏറെ വർഷത്തെ സേവനത്തിനു ശേഷം അടുത്തൂൺ പറ്റിയ, ശ്രീ. പദ്മനാഭൻ സാറിന്റെ വീടാണത്. പ്രശസ്തമായ കൊട്ടിയൂർ മഹാദേവക്ഷേത്രത്തിലെ സ്ഥാനികരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. [കൊട്ടിയൂർ ക്ഷേത്രത്തിലെ തിരുവാഭരണവും മറ്റും സൂക്ഷിയ്ക്കുന്നത് മണത്തണയിലാണ്. ഉത്സവ സമയത്ത് ഈ തിരുവാഭരണം ക്ഷേത്രത്തിലേയ...