മണത്തണയിലെ ചിന്താഗൃഹം [വയനാടൻ ടൂർ ഡയറി - 2022: ഭാഗം-3]

മണത്തണയിലെ ചിന്താഗൃഹം

[വയനാടൻ ടൂർ ഡയറി - 2022: ഭാഗം-3]

നമ്മുടെ ഈ ലേഖനത്തിന്റെ തലക്കെട്ട്, വടക്കൻ കേരളത്തിലെ വായനക്കാർക്ക് ചിന്താക്കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കില്ല എങ്കിൽത്തന്നെയും, തെക്കൻ കേരളത്തിലെ വായനക്കാർ ഒരു പക്ഷേ, ഒരല്പം 'കൺഫ്യൂഷനിൽ' ആയേക്കാം. അതിനാൽ തന്നെ, ആദ്യം നമുക്കതങ്ങ് 'ക്ലിയർ' ചെയ്യാം. എന്താ?

'മണത്തണ' എന്നത് കണ്ണൂർ ജില്ലയിൽ, കൊട്ടിയൂരിനടുത്തുള്ള ഒരു ചെറിയ ഗ്രാമം ആണ്. 'ചിന്താഗൃഹം' എന്നത് അവിടെയുള്ള ഒരു കൊച്ചുവീടിന്റെ, വലിയ പേരുമാണ്. 

ഏഹ് ... ഒരു വീടിനെപ്പറ്റിയാണോ ഈ ലക്കം യാത്രാവിവരണം, എന്നാണോ നിങ്ങൾ ചിന്തിയ്ക്കുന്നത്?

അതെ. 

എന്നാൽ, പേര് സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ ആ വീട്, നമുക്ക് അഥവാ നമ്മിൽ, ഒരുപാട് ചിന്തകൾക്ക് വഴിതുറക്കുന്ന ഒന്നാണ്. 


എക്‌സൈസ് വകുപ്പിൽ നിന്നും, ഏറെ വർഷത്തെ സേവനത്തിനു ശേഷം  അടുത്തൂൺ പറ്റിയ, ശ്രീ. പദ്മനാഭൻ സാറിന്റെ വീടാണത്. പ്രശസ്തമായ കൊട്ടിയൂർ മഹാദേവക്ഷേത്രത്തിലെ സ്ഥാനികരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. [കൊട്ടിയൂർ ക്ഷേത്രത്തിലെ തിരുവാഭരണവും മറ്റും സൂക്ഷിയ്ക്കുന്നത് മണത്തണയിലാണ്. ഉത്സവ സമയത്ത് ഈ തിരുവാഭരണം ക്ഷേത്രത്തിലേയ്ക്കും, ഉത്സവാനന്തരം തിരികെ മണത്തണയിലേയ്ക്കും എത്തിയ്ക്കുന്നത്, 'കുടിപതികൾ' എന്നറിയപ്പെടുന്ന ഈ സ്ഥാനികരാണ്].

ഏതാനും മാസങ്ങൾക്ക് മുൻപാണ് അദ്ദേഹം തന്റെ ആ വീട്ടിൽ, ഒരു സ്വകാര്യ മ്യൂസിയം തുറന്നത്. അതും ചരിത്ര-പുരാണ-അന്വേഷണ കുതുകികൾക്കായി, സൗജന്യ പ്രവേശനത്തോടെ. 

അദ്ദേഹത്തിന്റെ ക്ഷണപ്രകാരം, പറശ്ശിനിക്കടവിൽ നിന്നുമുള്ള മടക്കയാത്രയിലാണ് ഞങ്ങൾ ചിന്താഗൃഹത്തിലെത്തിയത്. 

മുൻപ് ഫോണിൽ ഒരുപാട് തവണ സംസാരിച്ചിട്ടുണ്ട് എങ്കിൽ തന്നെയും, ആദ്യമായാണ് ഞങ്ങൾ തമ്മിൽ നേരിൽ കാണുന്നത്. എന്നാൽ, ആ അകൽച്ചയേതുമില്ലാതെ, സ്വതസിദ്ധമായ നിറഞ്ഞ ചിരിയോടെ അദ്ദേഹം പൂമുഖത്തു തന്നെയുണ്ടായിരുന്നു. കൂടെ അദ്ദേഹത്തിന്റെ സഹധർമ്മിണിയും. 

വീട്ടിലെ ഒരു മുറി പൂർണ്ണമായും, [കൂടെ, പുറത്തുള്ള വിശാലമായ ഒരു ചായ്പ്പും (കൂട്ടിയെടുപ്പും)], തന്റെ മ്യൂസിയത്തിനായി അദ്ദേഹം മാറ്റി വച്ചിരിയ്ക്കുന്നു. 

തീർത്തും അത്ഭുതപ്പെടുത്തുന്ന, ഒരു വലിയ ചരിത്ര/പുരാണ/പുരാവസ്തു ശേഖരമാണ് ഞങ്ങളുടെ മുൻപിൽ അവിടെ പ്രത്യക്ഷമായത്.

ഏതാണ്ട്, മുപ്പതോളം വരുന്ന വ്യത്യസ്ത തരം രാമായണങ്ങൾ. വാല്മീകി രാമായണം മുതൽ അദ്ധ്യാത്മ രാമായണം, ആദ്യ രാമായണം, ഉറുദു രാമായണം, ഇംഗ്ലീഷ് രാമായണം, അദ്ധ്യാത്മരാമായണം (സംസ്കൃത മൂലം), മുത്തശ്ശി രാമായണം, കുട്ടികളുടെ രാമായണം, കണ്ണശ്ശ രാമായണം, ജൈന രാമായണം ..... എന്നിങ്ങനെ നീണ്ടു നീണ്ടു പോകുന്നു ആ നിര.

കൂടാതെ, രാമായണ സംബന്ധിയായ നൂറിലേറെ പുരാതന പുസ്തകങ്ങളും. അവയിൽ പലതും, കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു തുടങ്ങിയിരിയ്ക്കുന്നു.







ഫാദർ കാമിൽ ബുൽകെയുടെ രാമകഥ, ഒരു കൈവെള്ളയിൽ ഒതുക്കാവുന്നത്ര കുഞ്ഞനായ തമിഴ് രാമകഥ,  മാണിമാധവ ചാക്യാരുടെ രാമായണം പ്രബന്ധം, രാമായണം കുറത്തിപ്പാട്ട്‌, രാമായണം-ചിത്രങ്ങളിലൂടെ എന്ന കയ്യെഴുത്തു ഗ്രന്ഥം....  നിര അങ്ങിനെ പിന്നെയും നീളുന്നു.

ആധുനികത കൊടികുത്തി വാഴുന്ന, പഴയ തലമുറക്കാർ വെറും 'ഓൾഡ് ബ്രോസ്' ആകുന്ന, ഈ പുതുപുത്തൻ കാലത്ത്, ഇവയൊക്കെ ശേഖരിയ്ക്കാൻ ഇദ്ദേഹം എത്ര ബുദ്ധിമുട്ടിയിട്ടുണ്ടാകും എന്ന് അറിയാതെ ചിന്തിച്ചു പോയി, ആ ചിന്താഗൃഹത്തിൽ വച്ച്‌ തന്നെ.









മുറിയിൽ, പിന്നീട് നമ്മുടെ ശ്രദ്ധയെ ആകർഷിയ്ക്കുന്ന മറ്റൊരു കാര്യമാണ്, ഭംഗിയായി അടുക്കി വച്ചിരിയ്ക്കുന്ന ആ താളിയോല ഭാഗവതം. 

സാവധാനം കയ്യിലെടുത്ത്, അതൊന്നു വിടർത്തി നോക്കിയപ്പോൾ, അറിയാതെ ആ ഭഗവദ് ചിന്തകൾ മനസ്സിലേക്കോടിയെത്തി. 

ശ്രീ വേദവ്യാസൻ ആണ് ഭാഗവതം എഴുതിയതെന്നാണ് ഭാഗവതത്തിൽ തന്നെ പറഞ്ഞിരിയ്ക്കുന്നത്.പതിനെണ്ണായിരം ശ്ലോകങ്ങളടങ്ങിയ ഭാഗവതത്തിന് പന്ത്രണ്ട് അധ്യായങ്ങൾ അഥവാ സ്കന്ദങ്ങൾ ഉണ്ട്. വേദങ്ങൾ വിന്യസിച്ചു കഴിഞ്ഞ ശേഷം, ധർമ്മ വിചിന്തനം ചെയ്യുന്ന മഹാഭാരതവും എഴുതിത്തീർത്ത വേദവ്യാസന് പക്ഷേ, എന്തോ ഒരു വല്ലാത്ത തൃപ്തിയില്ലായ്മ അനുഭവപ്പെട്ടുവത്രേ. ഇക്കാര്യം അദ്ദേഹം നാരദ മഹർഷിയുമായി പങ്കുവയ്ക്കുകയും, ശേഷം അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ഭഗവത് സ്വരൂപം മുഴുവൻ വ്യക്തമാക്കുന്ന ഒരു കൃതി, സമാധിയിലിരുന്ന് എഴുതാൻ തുടങ്ങുകയും ചെയ്തുവത്രേ. ഈ കൃതിയാണ് ഭാഗവതം.

രാമായണവും, ഭാഗവതവും മാത്രമല്ല കേട്ടോ, ഇവിടുള്ളത്. മറ്റനേകം പുരാതന ഗ്രന്ഥങ്ങളാൽ സമ്പന്നമാണ് ഈ മ്യൂസിയം. 

പഴയ മലയാള അക്ഷരങ്ങളിൽ അച്ചടിച്ച 2021-2022 ലെ കലണ്ടർ, മാതൃഭൂമിയുടെ അനേക വർഷങ്ങളിലെ വാരാന്തപ്പതിപ്പുകൾ, ഭാരതത്തിലെ പ്രമുഖവ്യക്തികളുടെ വിയോഗപ്പിറ്റേന്ന് ആ വാർത്ത അച്ചടിച്ചു വന്ന ദിനപത്രത്താളുകളുടെ കനപ്പെട്ട ശേഖരം. അപൂർവമായ ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോകളുടെ വിപുലമായ ശേഖരം.


വളരെ കുറച്ചു സമയം മാത്രമേ ഞങ്ങളുടെ പക്കൽ  ഉണ്ടായിരുന്നുള്ളു  എന്നതിനാൽ തന്നെ, ആ അപൂർവ്വ ഗ്രന്ഥങ്ങൾ എല്ലാം, ഒന്ന് മറിച്ചു നോക്കുവാൻ പോലുമായില്ല, എന്നതാണ് സത്യം. 

ഇതിനിടയിൽ, പദ്മനാഭൻ സാറിന്റെ ഭാര്യ ഞങ്ങൾക്ക് വേണ്ടി ചായ തയ്യാറാക്കിയിരുന്നു. 

ശേഷം, തൊട്ടടുത്ത മുറിയിലെ ആ പുരാവസ്തു ശേഖരം കാണാൻ കയറി. 



പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന കൽപ്പാത്രങ്ങൾ, ചെമ്പുപാത്രങ്ങൾ ഇവയുടെ ഒരു വലിയ ശേഖരം തന്നെയുണ്ട് ഇവിടെ. കലപ്പ മുതലായ അന്യം നിന്ന കാർഷിക ഉപകരണങ്ങൾ, അളന്നുതൂക്കാൻ ഉപയോഗിച്ചിരുന്ന കല്ലുകൾ (ത്രാസ്സ് കല്ലുകൾ); കൂടെ, ചെമ്പിലും മരത്തിലും പിച്ചളയിലുമൊക്കെ തീർത്ത അനേകം കരകൗശല വസ്തുക്കൾ.

കൂട്ടത്തിൽ, പെട്ടെന്ന് ശ്രദ്ധയെ ആകർഷിച്ച ഒന്നാണ് ഈ പ്രത്യേക ആകൃതിയിലുള്ള കൽപ്പാത്തി. പെട്ടെന്ന് കാണുമ്പോൾ ഒരുതരം തീർത്ഥജല വാഹിനി പോലെ  തോന്നിപ്പിയ്ക്കുന്ന ഒന്ന്. സംഗതി എന്താണെന്ന് പിടി കിട്ടിയോ? ഇതായിരുന്നുവത്രെ അന്നത്തെ  വലിയ തറവാട്ടുകാരണവന്മാർക്കു  മാത്രം സ്വന്തമായിരുന്ന, മുറിയ്ക്കുള്ളിൽ നിന്നും ഉപയോഗിയ്ക്കാൻ പറ്റുന്ന 'കേരളാ യൂറിനൽ'. 

ഹോ ... ഓരോരോ കണ്ടുപിടുത്തങ്ങളേയ് ?

ഇനി ഇതാണെങ്കിലോ? ഇതിലായിരുന്നുവത്രെ പണ്ടത്തെ ആ കാച്ചെണ്ണ മണമോലും (ധനിക)സുന്ദരിമാർ, അവരുടെ കടക്കണ്ണിന് അഴകേറ്റുവാനുള്ള ആ കണ്മഷി സൂക്ഷിച്ചിരുന്നത്. അതും, ഭദ്രമായി പൂട്ടിവയ്ക്കാൻ പറ്റുന്ന തരത്തിൽ. 

ഇത് പുരാതനമായ വടക്കുനോക്കി യന്ത്രം.


ഇത് നോക്കൂ. 1944 ലെ തപാൽ കാർഡ്. 


പ്രശസ്തമായ, പഴയ ആ വെസ്റ്റെൻഡ് വാച്ച് കമ്പനിയുടെ ഒരു അസ്സൽ എഴുത്താണ്, ദേ ഇത്. 


ഇത് പുരാണകിട്ടം 


ഇതാകട്ടെ, വിശുദ്ധ സാളഗ്രാമം.


അസാധാരണ വലുപ്പമുള്ള കൂവളക്കായ, എണ്ണക്കുറ്റികൾ, പഴയ ചിമ്മിനി വിളക്ക്.... ഇവയൊക്കെ നോക്കി വരുമ്പോഴാണ്, ഒരു മൂലയ്ക്കൊതുങ്ങിയിരിയ്ക്കുന്ന ഇവൻ, ദേ പെട്ടെന്ന് ഞങ്ങളുടെ കണ്ണിലുടക്കിയത്. 

ആളെ മനസ്സിലായോ? 

"അമ്പട ... കേമാ സണ്ണിക്കുട്ടാ ....." എന്ന് വിളിയ്ക്കാൻ വരട്ടെ. കാരണം ഇവൻ അവനല്ല..!!

ഇവനാണ് 916 ശുദ്ധതയുള്ള നല്ല അസ്സൽ 'മരവുരി'. അറിയാതെ ഒന്ന്  തൊട്ടുനോക്കിയപ്പോളോ? നമ്മുടെ സിൽക്ക് തുണി പോലെ മൃദുത്വമാർന്നത്. ആ മരവുരി കണ്ടപ്പോൾ അറിയാതെ ആ കാനനസുന്ദരി മനസിലേയ്‌ക്കെത്തി.

ഏഹ് ...... അതാര്? എന്നാണോ?

"ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ

ശകുന്തളേ നിന്നെ ഓർമ്മ വരും

ശാരദസന്ധ്യകൾ മരവുരി ഞൊറിയുമ്പോൾ

ശകുന്തളേ നിന്നെ ഓർമ്മവരും ....."

പഴയകാല ബസ്, തീവണ്ടി ടിക്കറ്റുകൾ, ബ്രിട്ടീഷ് കാലത്തെ ചില കത്തിടപാടുകൾ, പിന്നെ, സ്ഫടികക്കുപ്പികളുടെ ഒരു വിശാല ശേഖരം, ഇപ്പോഴും പ്രവർത്തിയ്ക്കുന്ന ഒന്നിലേറെ പുരാതന ക്ളോക്കുകൾ... 

ഇങ്ങനെ പറഞ്ഞാലും തീരാത്ത ഒരുപാട് വസ്തുക്കൾ പദ്മനാഭൻ സാർ സ്വന്തമാക്കിയിരിയ്ക്കുന്നു. അല്ല, മറ്റുള്ളവർക്കായി അവയൊക്കെ തുറന്നു കൊടുത്തിരിയ്ക്കുന്നു. 

മാത്രവുമല്ല, ഈ മ്യൂസിയം കുറച്ചു കൂടി വിപുലപ്പെടുത്തുവാനായി, തന്റെ വീടിന് ഒരു രണ്ടാം നില കൂടി പണിയാനുള്ള തയ്യാറെടുപ്പിലുമാണ് ഇപ്പോൾ അദ്ദേഹം.

ഒരു കാര്യം ഉറപ്പ്. ഗവേഷണ വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമാണ് ഈ സ്വകാര്യ മ്യൂസിയം. ഞങ്ങൾ അവിടെ എത്തുമ്പോഴും, അത്തരം രണ്ടു വിദ്യാർത്ഥികൾ അവിടെ ഉണ്ടായിരുന്നു. 


ഇത്തരമൊരു മ്യൂസിയം ഉണ്ടാക്കുവാനും, അത് ഭംഗിയായും ഫലപ്രദമായും, നടത്തിക്കൊണ്ടുപോകുവാനുമുള്ള ശ്രീ. പദ്മനാഭൻ സാറിന്റെ ആ പരിശ്രമത്തിനും, ഇച്ഛാശക്തിയ്ക്കും മുന്നിൽ, ആദരവുകൾ അർപ്പിച്ചു കൊണ്ട്, നമ്മുടെ പരമ്പരയുടെ ഈ ഭാഗം ഇവിടെ അവസാനിപ്പിയ്ക്കുന്നു.







പ്രിയ വായനക്കാരിൽ ആർക്കെങ്കിലും, 'ചിന്താഗൃഹം' സന്ദർശിയ്ക്കണം എന്നുണ്ടെങ്കിൽ, അദ്ദേഹത്തിനെ ബന്ധപ്പെടാനുള്ള നമ്പർ നൽകുന്നതാണ്.

ഇനിയും കൂടുതൽ വയനാടൻ യാത്രാവിശേഷങ്ങൾ, അടുത്ത ഭാഗത്തിൽ.

+++++++++++++++++++++++

പിൻകുറിപ്പ്: 2020, 2021 വർഷങ്ങളിൽ, നമ്മുടെ ഈ ബ്ലോഗ് പേജിലൂടെ പ്രസിദ്ധീകരിച്ച "രാമായണം - അറിയപ്പെടാത്ത കഥാപാത്രങ്ങൾ" എന്ന പരമ്പരയിലൂടെയാണ്, ഞാനും ശ്രീ പദ്മനാഭൻ സാറും തമ്മിൽ പരിചയപ്പെട്ടതും, അതുവഴി ഇതാ ഇപ്പോൾ ഈ കൂടിക്കാഴ്ച തരമായതും.

********************

സ്നേഹത്തോടെ

ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp BinuMonippally

********








Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]