യുദ്ധം [കവിത]
യുദ്ധം
[കവിത]
യുദ്ധമാണത്രെ !
യുദ്ധം ജയിയ്ക്കേണമത്രേ !!
യുദ്ധമാണത്രെ !
യുദ്ധം ജയിയ്ക്കേണമത്രേ !!
ആയിരം ജന്മങ്ങൾ കുരുതി നൽകി
പതിനായിരം പേരെ അനാഥരാക്കി
ചുടലപ്പറമ്പുകൾ നാടാകെ തീർക്കുന്ന
ചെന്നിണം നിറയുന്ന ഘോഷമത്രെ
ആര് ജയിച്ചിടും, ആരെ ജയിച്ചിടും,
ആരവിടൊന്നാമനായി മാറും?
ആറിത്തണുക്കാത്ത ചോരപ്പുഴയിലി-
ന്നാരുടെ തലയിൽ കിരീടമേറും?
ഇനിയുള്ള ജന്മം കണ്ണീരുണങ്ങാതെ
കരയുമാ സൈനികപ്പാതി ഓർക്ക
ഇനിയെന്ത് നാളെ എന്നോർമ്മപ്പകപ്പിലായ്
അകലേക്ക് നോക്കും കുരുന്നു കൺകൾ
ഇനിയാര് തുണയാകുമെന്നോർത്ത് വിങ്ങുന്ന
അമ്മ തൻ നെഞ്ചകത്താളത്തിലോ?
കത്തിയമർന്നൊരാ ചിതയുള്ളിൽ അണയാതെ
വേവുന്നൊരച്ഛന്റെ ഇടനെഞ്ചിലോ?
ഉരുകിയൊലിയ്ക്കുമാ നാടിനിയെന്നതിൻ
പൂർവ്വമാ സ്ഥിതിയിൽ തിരിച്ചു പോകും?
പോകുവാനാകുമോ, തോന്നുന്നതില്ലവൾ
തൂവൽ കൊഴിഞ്ഞൊരു അമ്മക്കിളി
ഞാനെന്ന മേനി നടിയ്ക്കുവാൻ, പിന്നെയീ
നശ്വര ലോകത്തിൽ ആളാകുവാൻ
ആരൊക്കെയോ ചേർന്ന് ആരുടെയൊക്കെയോ
'മസ്തിഷ്‌ക പ്രക്ഷാളനം' നടത്തി
നാടുമുടിച്ചവർ, വീട് മുടിച്ചവർ
നരകത്തെ നാട്ടിലങ്ങെത്തിച്ചവർ
കാരണഭൂതരാം ചിലരവിടെ മാറിനിന്ന-
ജ്ഞത തൻ മൂടിയേറ്റിടുന്നു
പഞ്ചനക്ഷത്രമാ കൊട്ടാരക്കെട്ടില-
ങ്ങധികാര വർഗ്ഗങ്ങളുല്ലസിയ്ക്കേ
ബങ്കറിന്നുള്ളിലോ പിടയുന്ന ജനതയുടെ
ആർത്തനാദങ്ങളങ്ങുയരുന്നതാ
ഇല്ല നൽകീടില്ലിവർക്കൊന്നുമൊരുകാല-
മൊരു മാത്ര പോലുമാ ജനത മാപ്പ്
കാലം കരുതി വച്ചീടും, നിസ്സംശയം
കാലത്തിൻ കയ്യിലെ കാവ്യനീതി ..!!
കാലം കരുതി വച്ചീടും, നിസ്സംശയം
കാലത്തിൻ കയ്യിലെ കാവ്യനീതി ..!!
**********
പിൻകുറിപ്പ്: ഓരോ യുദ്ധവും നമുക്ക് നൽകുന്നത്, കടുത്ത വേദനയുടെ നാളുകളാണ്, വാർത്തകളാണ്, ദൃശ്യങ്ങളാണ്. അതുകൊണ്ടു തന്നെ, അവയൊന്നും വീണ്ടും വിവരിയ്ക്കുവാനല്ല ഇവിടെ ശ്രമം. മറിച്ച്, യുദ്ധത്തിന്റെ അർത്ഥശൂന്യതയെ ഒന്നോർമ്മിപ്പിയ്ക്കുക; അതിനു കാരണക്കാരായവർക്ക് കാലം ഉചിതമായ തിരിച്ചടി നൽകും എന്നു സമാധാനിച്ച്, ഉള്ളിലെ ആ അടങ്ങാത്ത വേദനയെ അല്പമെങ്കിലും ഒന്ന് കുറയ്ക്കുക. ഉദ്ദേശം അത്രമാത്രം.
*ചിത്രത്തിന് കടപ്പാട്: ഗൂഗിൾ ഇമേജസ്
********************
സ്നേഹത്തോടെ
ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
Comments
Post a Comment