ഓർമ്മയിൽ ഇന്നുമാ 'കപ്പവാട്ട്' [ ഓർമ്മക്കുറിപ്പ് ]

ഓർമ്മയിൽ ഇന്നുമാ 'കപ്പവാട്ട്' [ ഓർമ്മക്കുറിപ്പ്] പതിവില്ലാത്ത വിധം മഞ്ഞു മൂടിയ, ആ തണുത്ത പുലരിയുടെ ആലസ്യത്തിൽ, തലേന്ന് ബാക്കിയായ മെസ്സേജുകൾ അങ്ങിനെ തോണ്ടി വിടുമ്പോളാണ്, ദേ അവൻ ... ആ 'കപ്പ', വീണ്ടും മനസ്സിലേയ്ക്ക് ചാടിക്കയറി വന്നത്. വെറുതെയങ്ങ് കയറി വന്നതല്ല കേട്ടോ. ഏതാനും വർഷങ്ങൾക്ക് മുൻപ് എഴുതി, അത്യാവശ്യം 'വൈറൽ' ആയ "വേണ്ട നമുക്കിന്നു കപ്പ" എന്ന ആ കവിത, ഒരു സുഹൃത്ത് ഇന്നും പങ്കുവച്ചിരിയ്ക്കുന്നു. ങ്ഹാ .... എന്നാൽ പിന്നെ, ഒന്ന് കൂടി നമുക്ക് ആ കപ്പയെ കുറിച്ച് തന്നെ പറഞ്ഞാലോ? എന്താ? ഏതാണ്ടൊരു മുപ്പത്-നാൽപ്പത് വർഷങ്ങൾ പുറകിലേക്ക് പോയാൽ, ശരിയ്ക്കും ഒരു 'നാട്ടുത്സവം' തന്നെയായിരുന്നു 'കപ്പവാട്ട്'. ഈ പേരുകേട്ട് അത്രയ്ക്ക് പരിചയം ഇല്ലാത്തവർ, തെറ്റിദ്ധരിയ്‌ക്കേണ്ട. നിങ്ങൾ ഉദ്ദേശിയ്ക്കുന്ന ആ മറ്റേ 'വാറ്റു'മായി ഇതിന് ഒരു ബന്ധവുമില്ല. പിന്നെ, ഇതെന്താ സാധനം എന്നാണെങ്കിൽ, അതാണല്ലോ നമ്മൾ ഇനി പറയാൻ പോകുന്നത്. അന്നൊക്കെ നാട്ടിൽ, എല്ലാവർക്കും തന്നെ കപ്പകൃഷി ഉണ്ടാകും. അതുകൊണ്ടു തന്നെ, ഊഴം വച്ചാണ് ഓരോ വീട്ടുകാരുടെയും കപ്പവാട്ട്. ക...