ഓർമ്മയിൽ ഇന്നുമാ 'കപ്പവാട്ട്' [ ഓർമ്മക്കുറിപ്പ് ]


ഓർമ്മയിൽ ഇന്നുമാ 'കപ്പവാട്ട്' 

[ഓർമ്മക്കുറിപ്പ്]

പതിവില്ലാത്ത വിധം മഞ്ഞു മൂടിയ, ആ തണുത്ത പുലരിയുടെ ആലസ്യത്തിൽ, തലേന്ന് ബാക്കിയായ മെസ്സേജുകൾ അങ്ങിനെ തോണ്ടി വിടുമ്പോളാണ്, ദേ അവൻ ... ആ 'കപ്പ', വീണ്ടും മനസ്സിലേയ്ക്ക് ചാടിക്കയറി വന്നത്. 

വെറുതെയങ്ങ് കയറി വന്നതല്ല കേട്ടോ. ഏതാനും വർഷങ്ങൾക്ക് മുൻപ് എഴുതി, അത്യാവശ്യം 'വൈറൽ' ആയ "വേണ്ട നമുക്കിന്നു കപ്പ" എന്ന ആ കവിത, ഒരു സുഹൃത്ത് ഇന്നും പങ്കുവച്ചിരിയ്ക്കുന്നു. 

ങ്ഹാ .... എന്നാൽ പിന്നെ, ഒന്ന് കൂടി നമുക്ക് ആ കപ്പയെ കുറിച്ച് തന്നെ പറഞ്ഞാലോ? 

എന്താ?

ഏതാണ്ടൊരു മുപ്പത്-നാൽപ്പത് വർഷങ്ങൾ പുറകിലേക്ക് പോയാൽ, ശരിയ്ക്കും ഒരു 'നാട്ടുത്സവം' തന്നെയായിരുന്നു 'കപ്പവാട്ട്'. 

ഈ പേരുകേട്ട് അത്രയ്ക്ക് പരിചയം ഇല്ലാത്തവർ, തെറ്റിദ്ധരിയ്‌ക്കേണ്ട. നിങ്ങൾ ഉദ്ദേശിയ്ക്കുന്ന ആ മറ്റേ 'വാറ്റു'മായി ഇതിന് ഒരു ബന്ധവുമില്ല. പിന്നെ, ഇതെന്താ സാധനം എന്നാണെങ്കിൽ, അതാണല്ലോ നമ്മൾ ഇനി പറയാൻ പോകുന്നത്. 

അന്നൊക്കെ നാട്ടിൽ, എല്ലാവർക്കും തന്നെ കപ്പകൃഷി ഉണ്ടാകും. അതുകൊണ്ടു തന്നെ, ഊഴം വച്ചാണ് ഓരോ വീട്ടുകാരുടെയും കപ്പവാട്ട്‌. കാരണം, എന്നാലേ കപ്പ ഉണക്കാൻ വേണ്ടി ഓരോരുത്തർക്കും ആ 'നെല്ലാപ്പാറ' കിട്ടൂ. പിന്നെ, പണിയ്ക്ക്  കൂടാൻ അയൽവക്കക്കാരെയും.

കപ്പപറിയുടെ ദിവസം ഉച്ച കഴിയുമ്പോഴേയ്ക്കും, നാട്ടിലെ തടിമിടുക്കുള്ള ഏതാണ്ടെല്ലാ ചേട്ടന്മാരും, ചേച്ചിമാരും ആ വീട്ടിലെത്തും. പിന്നെ നേരേ കപ്പത്തോട്ടത്തിലേയ്ക്ക്. ഒരു വശത്തുനിന്നും അങ്ങ് പറിച്ചു തുടങ്ങും. ആമ്പക്കാടൻ മുതൽ സിലോൺ, മഞ്ഞക്കപ്പ, ആറാം മാസപ്പൂള തുടങ്ങി, ഇങ്ങ് കട്ടൻകപ്പ വരെ പല-പല ഇനങ്ങൾ. അതുകൊണ്ട് തന്നെ, ഇനം തിരിച്ചാവും  പറിയ്ക്കലും. വലിയ ചില മൂടൊക്കെ പറിയ്ക്കാൻ, മൂന്നോ നാലോ ചേട്ടന്മാർ ഒരുമിച്ചു കൂടേണ്ടിപ്പോലും വരും.

പറിച്ചിടുന്ന കപ്പകൾ അപ്പോൾ തന്നെ, വലിയ വളക്കുട്ടയിലോ, വല്ലത്തിലോ ഒക്കെ നിറച്ച് തലച്ചുമടായി 'നെല്ലാപ്പാറയിൽ' എത്തിയ്ക്കുന്നുണ്ടാകും. ഒച്ചയും, ബഹളവും, നാട്ടുവർത്തമാനങ്ങളും, പാട്ടും, കളിയാക്കലും, പിന്നെ അതിനെച്ചൊല്ലിയുള്ള കൊച്ചുതർക്കങ്ങളും ഒക്കെയായി, ആകെയൊരു  ഉത്സവപ്രതീതിയാവും,  അന്ന് ആ കപ്പത്തോട്ടത്തിൽ.

സ്‌കൂൾ വിട്ടെത്തിയാൽ, ആ നാട്ടിലെ എല്ലാ കുട്ടികളും    കപ്പത്തോട്ടത്തിലേക്കെത്തും. പിന്നെ അവരുടെ വക ഓട്ടവും, ചാട്ടവും, മറിച്ചിലും, ഒക്കെ വേറെ.

സന്ധ്യയാവുമ്പോഴേയ്ക്കും 'പറിയ്ക്കൽ' ഏതാണ്ട് കഴിയും. പിന്നെ ഒരു ചായകുടി. ആദ്യം പറിച്ചതിൽ നിന്നും എടുത്ത് പുഴുങ്ങിയ, നല്ല ആമ്പക്കാടൻ കപ്പയും, കാന്താരി അരച്ചതും, കുടംപുളിയിട്ടു വറ്റിച്ച മീൻ കറിയും, കൂടെ 'ഊർജ്ജദായകമായി' നല്ല നാടൻ പനങ്കള്ളും (വേണ്ടവർക്ക് മാത്രം).

ചായകുടി കഴിഞ്ഞാൽ, എല്ലാവരും നേരെ നെല്ലാപ്പാറയിലേയ്ക്ക്. വിസ്തൃതമായി, ഏതാണ്ട് സമനിരപ്പിൽ, അങ്ങിനെ പരന്നു കിടക്കുന്ന ഒരു വലിയ പാറയാണ് ഈ നെല്ലാപ്പാറ. ആ പാറയിൽ തന്നെ നടുക്കായി, സാമാന്യം വലിയ രണ്ടു കുളങ്ങളും ഉണ്ട്. 

അവിടെ ഒരു മൂലയിൽ ആകും, കപ്പ കൂട്ടിയിട്ടിട്ടുണ്ടാകുക. അതിനു ചുറ്റും എല്ലാവരും വട്ടംകൂടി ഇരിയ്ക്കും. വെളിച്ചത്തിനായി മുകളിൽ നിലാവും, താഴെ ഒന്നോ രണ്ടോ പെട്രോമാക്‌സുകളും. 

ഏതാണ്ട് ഒരടി നീളവും, ഒരിഞ്ചു വീതിയും വരുന്ന, അരികുകൾ ചെത്തി  മൂർച്ചയാക്കിയ മുളംകോലുകൾ ('കപ്പക്കോലുകൾ' എന്നാണ് അതിനെ, ഞങ്ങൾ വിളിയ്ക്കുക) ഉപയോഗിച്ച്, കപ്പക്കിഴങ്ങുകളുടെ പുറത്തെ ആ 'കരിംതൊലി' ചുരണ്ടുക എന്നതാണ് ആദ്യ പണി. 

കുട്ടികളും ഉത്സാഹത്തോടെ ഇതിൽ പങ്കെടുക്കും. അവർക്കു വേണ്ടി, ചുരണ്ടാൻ എളുപ്പമുള്ള കുറേ കിഴങ്ങുകൾ മാറ്റിയിട്ടു കൊടുക്കും. 

നാട്ടിലെ  പേരുകേട്ട ചില കപ്പപ്പണിക്കാർ എത്തുക, സ്വന്തം 'കപ്പക്കോലും', പിന്നെ 'കപ്പക്കത്തി'യുമൊക്കെ ആയിട്ടാണ്, കേട്ടോ. അവരാകട്ടെ, അതാർക്കും ഒന്ന് തൊട്ടുനോക്കാൻ പോലും കൊടുക്കുകയുമില്ല. 

ഈ കപ്പ ചുരണ്ടൽ മിക്കവാറും പാതിരാത്രിയും കഴിഞ്ഞു നീളും. നിലാവിന്റെ ആ നിറഞ്ഞ വെളിച്ചത്തിൽ, നിരന്ന ആ പാറപ്പുറത്ത്, കൂട്ടുകാരോടോത്ത്  അങ്ങിനെ ഓടിക്കളിയ്ക്കാനും, ഇടയ്ക്ക് പോയി കുറച്ചു കപ്പ ചുരണ്ടാനും,  എന്ത് രസമായിരുന്നെന്നോ? അതും, നാട്ടിലെ ചേട്ടന്മാരും, ചേച്ചിമാരും, പിന്നെ കാരണവന്മാരും ഒക്കെ ഒരുമിച്ച്, ഒച്ചയും, ബഹളവും, പാട്ടും, മേളവുമൊക്കെയായി ഒത്തുകൂടുന്ന ആ സന്തോഷവേളയിൽ...

എട്ടരയോടെ രാത്രിഭക്ഷണം എത്തും. മിക്കവാറും, വീട്ടിൽ നിന്നും വലിയ ഒന്നോ രണ്ടോ കൊട്ടകളിൽ (ഞങ്ങൾ അതിനെ 'ചോറ്റുകൊട്ട' എന്നാണ് വിളിയ്ക്കുക) ആകും കൊണ്ടുവരിക. ചോറും, പോത്തിറച്ചി ഉലർത്തിയതും, മോര് കറിയും, പിന്നെ കപ്പപ്പുഴുക്കും ഒക്കെ അടങ്ങിയ 'ലഘു ഭക്ഷണം'. അയൽപറമ്പിൽ നിന്നും കുറച്ചു വാഴയിലകൾ കീറിയെടുത്ത്, പാറക്കുളത്തിലെ വെള്ളത്തിൽ കഴുകി, അതിലാകും എല്ലാവർക്കും ഭക്ഷണം വിളമ്പുക.

നേരം ഏറെ വൈകുമ്പോൾ, എല്ലാവരും സ്വന്തം വീടുകളിലേക്കു മടങ്ങും. 

പിറ്റേന്നാണ്‌ കപ്പവാട്ട്.

രാവിലെ തന്നെ എല്ലാവരും പാറയിൽ എത്തും. ഒരു കൂട്ടർ ചുരണ്ടൽ തുടരും. മറ്റൊരു കൂട്ടർ അടുപ്പു കൂട്ടുന്ന തിരക്കിൽ ആകും. നേരത്തെ, വേറെ ഏതെങ്കിലും കപ്പവാട്ടു കഴിഞ്ഞിട്ടുണ്ടെങ്കിൽ, ആ അടുപ്പ് ഉണ്ടാകും അവിടെ. അതിൽ വലിയ *ചെമ്പ് വച്ച്, പാറക്കുളത്തിലെ വെള്ളം ഒഴിച്ച് തിളപ്പിയ്ക്കും.

അതിനകം തന്നെ വിദഗ്ദ്ധരായ ചേട്ടന്മാർ (കൂടെ ചില കാരണവന്മാരും) ചുരണ്ടിയിട്ട കപ്പ അരിയാൻ തുടങ്ങിയിട്ടുണ്ടാകും. കൊല്ലനോട് പ്രത്യേകം പറഞ്ഞു തയ്യാറാക്കിയ, കപ്പക്കത്തികൾ, ഉപയോഗിച്ചാണ് ഈ കപ്പ അരിയൽ. 

തൊട്ടാൽ കൈ മുറിയുന്ന, 'ഷേവിങ്ങ് ബ്ലേഡി'നേക്കാൾ മൂർച്ച കൂടിയ കപ്പക്കത്തികൾ കൊണ്ട്, ഏതാണ്ട് മൂന്നോ നാലോ മില്ലിമീറ്റർ കനത്തിൽ, ഒരൽപം പോലും തെറ്റാതെയുള്ള ആ കപ്പ അരിയൽ, കണ്ടുനിൽക്കാൻ തന്നെ എന്തൊരു രസമാണെന്നോ?

പിടിച്ചാൽ കയ്യിൽ ഒതുങ്ങാത്ത കിഴങ്ങുകൾ പോലും, വെറും ഒരു ഹൽവത്തുണ്ട് മുറിയ്ക്കുന്ന ലാഘവത്തോടെ, മുന്നിൽ വിരിച്ചിട്ട ആ മുളംപരമ്പിലേക്ക്  അരിഞ്ഞിടുമ്പോൾ, ദീർഘ വൃത്താകൃതിയുള്ള ഓരോ കഷണങ്ങളും 'ടക്-ടക്' ശബ്ദത്തോടെ, അങ്ങിനെ പറന്നു വീഴുന്ന ആ കാഴ്ച, ഇന്നും അതേപോലെ തന്നെ മനസ്സിൽ ഉണ്ട്.

ചെമ്പിലെ വെള്ളം തിളയ്ക്കുമ്പോൾ, അരിഞ്ഞിട്ട കപ്പ അതിലേയ്ക്കിടും. പിന്നെ നീണ്ട **നയമ്പുകൊണ്ട് ഇടയ്ക്കിടെ ഇളക്കിക്കൊടുക്കും. വെന്തു വരുന്നതിന് അനുസരിച്ച്, അധികമാകുന്ന വെള്ളം, കമുകിൻ പാളയിൽ ഉണ്ടാക്കിയ  'കോട്ടുപാത്രം' കൊണ്ട് കോരി മാറ്റും.

വേവ് പാകത്തിനാകുമ്പോൾ, വലിയ ചൂരൽക്കൊട്ട കൊണ്ട് കോരി, കപ്പയെ അടുത്ത് വച്ചിരിയ്ക്കുന്ന ആ വലിയ #വല്ലത്തിലേയ്ക്ക് മാറ്റും. അതിലിരുന്ന് വെള്ളം മുഴുവൻ വാർന്നു പോയിക്കഴിഞ്ഞാൽ പിന്നെ, അതിനകം തന്നെ വെയിലേറ്റ് ചൂടായിക്കിടക്കുന്ന, ആ പാറപ്പുറത്ത് കൊണ്ടുപോയി നിരത്തും. 

ഉച്ചയാകുമ്പോൾ വീട്ടിൽ നിന്നും ചോറ്റുകൊട്ടകളിൽ, ഉച്ചഭക്ഷണം എത്തും. ചോറും, ഇറച്ചിക്കറിയും, കപ്പപ്പുഴുക്കും, മീൻകറിയുമൊക്കെ ഉള്ള നാടൻ ഊണ്. 

ദിവസം മുഴുവനുമുള്ള വിതരണത്തിനായി, ആവശ്യത്തിന് പനങ്കള്ള് നമ്മുടെ ആ കന്നാസിൽ സ്റ്റോക്കുണ്ടാകും. അതിന്റെ ആ ഒരു 'ചിമിട്ടി'ൽ, പൊള്ളുന്ന പാറപ്പുറത്തിന്റെ ചൂടൊക്കെ, നമ്മുടെ ചേട്ടന്മാർക്ക്, നറുനിലാവിന്റെ കുളിർമ പോലല്ലേ..!

വൈകുന്നേരം ചായ എത്താറാകുമ്പോൾ, കൂടെ കഴിയ്ക്കാൻ ഒരു 'സ്പെഷ്യൽ ഇൻസ്റ്റന്റ് ഐറ്റം' ഉണ്ടാക്കും. എന്താണെന്നറിയാമോ? നമ്മൾ നേരത്തെ പറഞ്ഞ ആ ആമ്പക്കാടൻ കപ്പയില്ലേ? അതിന്റെ നല്ല കുറച്ചു കിഴങ്ങുകൾ, ആളിക്കത്തുന്ന ആ അടുപ്പിലേക്കിടും. നിറഞ്ഞ തീയിൽ ചുട്ടെടുക്കുന്ന അവനെ തൊലി കളഞ്ഞ്, കട്ടൻ ചായയ്‌ക്കൊപ്പം കഴിയ്ക്കുമ്പോഴുണ്ടല്ലോ? 

ആഹാ ... ഒന്നു മുക്കാൻ  ഇത്തിരി കാന്താരി അരച്ചതും കൂടെ ഉണ്ടെങ്കിൽ ... ആഹാ ..ആഹാ ....!!

മിക്കവാറും, കപ്പ മുഴുവനായും  വാട്ടിതീരുമ്പോൾ, സന്ധ്യ മയങ്ങാൻ തുടങ്ങിയിട്ടുണ്ടാകും.  

ഇനി, ഒരു മൂന്നോ നാലോ ദിവസം നമ്മുടെ കപ്പ ആ പാറപ്പുറത്തു കിടന്നു നന്നായി ഉണങ്ങും. ഇടയ്ക്കൊക്കെ വീട്ടുകാർ പോയി, വശം മറിച്ചിടും.

ഇതിനിടയിൽ ഏതെങ്കിലും ദിവസം, ചെറുതായെങ്കിലും ഒന്ന് മഴക്കാറ് വച്ചാലോ? എല്ലാവരും കൂടി ഓടിപ്പോയി കപ്പ മുഴുവൻ, പാറയുടെ ഒരു ഉയർന്ന കോണിൽ തൂത്തുകൂട്ടും. എന്നിട്ട്, പരമ്പോ, പടുതയോ ഒക്കെ ഇട്ട് നന്നായി മൂടും. പിറ്റേന്ന് രാവിലെ വീണ്ടും പാറമേൽ നിരത്തും.

പാകത്തിന് ഉണങ്ങിയാൽ, ചാക്കുകളിൽ നിറയ്ക്കും. ആവശ്യത്തിനുള്ളത്  സൂക്ഷിച്ചു വയ്ക്കും. ബാക്കി ചന്തയിൽ കൊണ്ട് പോയി വിൽക്കും.

അടുപ്പുകളും, പിന്നെ ബാക്കി വന്ന വിറകുമൊക്കെ അവിടെ തന്നെ ഇട്ടിട്ടുണ്ടാകും. കാരണം ഈ കപ്പ, പാറയിൽ നിന്നും വാരുന്ന അന്നാകും അടുത്ത വീട്ടുകാരുടെ 'കപ്പപറി'.

ആ കാലമൊന്നും ഇനി തിരികെയെത്തില്ല എന്നറിയാം. നമ്മുടെ ആ  നാട്ടിൻപുറങ്ങളിൽ പോലും. 

ഓർക്കാൻ ഏറെ സുഖമുണ്ടെങ്കിലും, ഓർത്തു കഴിയുമ്പോൾ മിഴിക്കോണിൽ എവിടെയോ അറിയാതെ ഒരു തുള്ളി കണ്ണുനീര് കിനിയും. ഒന്നിനുമല്ല...പൊയ്‌പ്പോയ ആ കാലത്തിന്റെ, ആ നഷ്ടസ്മൃതികളുടെ... മുന്നിൽ ഒരു കണ്ണുനീർ അർച്ചന പോലെ മാത്രം ....

പ്രിയ കവിപാടിയത് പോലെ .....

".... വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം...."

*****************

സൂചകങ്ങൾ:

*ചെമ്പ് = ചെമ്പിൽ തീർത്ത വലിയ പാത്രം

**നയമ്പ് = തെങ്ങിന്റേയോ പനയുടെയോ അലകിൽ തീർത്ത ഇളക്കുകോൽ 

# വല്ലം = ചൂരലിൽ ഉണ്ടാക്കിയ വലിയ കൊട്ട

===============

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

**തിരൂർ ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന സമസ്യ പബ്ലിക്കേഷൻസ് പുറത്തിറക്കിയ "ഓർമ്മക്കായലിൽ ഒരു ഓടിവള്ളം" എന്ന പുസ്‌തകത്തിൽ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പ്.

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]