ഓടിപ്പിടിച്ചൊരു ഓണയാത്ര [വയനാടൻ ടൂർ ഡയറി - 2023]
ഓടിപ്പിടിച്ചൊരു ഓണയാത്ര
[വയനാടൻ ടൂർ ഡയറി - 2023]
ഓണമല്ലേ? നമുക്കൊരുമിച്ചൊരു യാത്ര പോയാലോ?
അതും ആ വയനാടൻ വനസുന്ദരിയുടെ അടുത്തേയ്ക്ക്.
പക്ഷേ, ഒരു കാര്യം നേരത്തെ പറയാം കേട്ടോ. സാധാരണ നമ്മൾ ഒരുമിച്ചു നടത്താറുള്ള ആ യാത്രകൾ പോലെ, അവൾക്കൊപ്പം ഒരു പാട് സ്ഥലങ്ങൾ സന്ദർശിയ്ക്കാൻ ഇത്തവണ നമുക്കാവില്ല. കാരണം ഓണത്തിനുമപ്പുറം, മറ്റു ചില പരിപാടികൾ കൂടി നമുക്കുണ്ട്. സമയമാണെങ്കിൽ തീരെ കുറവും.
എങ്കിലും, അവൾ ആ വയനാടൻ പെണ്ണ് നമുക്കായി എന്തെങ്കിലുമൊക്കെ ഒരുക്കി വയ്ക്കാതിരിയ്ക്കില്ല. അത്ര പാവമല്ലേ അവൾ...?
എന്നാൽ തുടങ്ങാം...
നഗരത്തിന്റെ കത്തുന്ന ആ ചൂടിൽ നിന്നും രക്ഷ തേടി, എന്നാൽ ചുരത്തിലെ ട്രാഫിക് ബ്ലോക്കിനെ പേടിച്ച്, ഞങ്ങൾ വയനാടൻ മണ്ണിലെത്തുമ്പോൾ സമയം നട്ടുച്ച. കഴിഞ്ഞ തവണ ഏറെ നേരം ഞങ്ങളെ പിടിച്ച് വച്ചതിനാലാകണം, ഇത്തവണ 'ബ്ലോക്കേ' ഉണ്ടായില്ല. പക്ഷേ, ചൂട് അസഹനീയം.
ആ ചൂടിലും, വേലിപ്പടർപ്പിലെ ഈ ഗ്രാമ സൗന്ദര്യം ഞങ്ങൾക്ക് സ്വാഗതമോതി. ഒരൽപ്പം കുളിരും.
ഓണത്തലേന്ന് ഏവരും ഉത്രാടപ്പാച്ചിലിൽ ഉഴലുമ്പോൾ ഞങ്ങൾ, എല്ലാ വയനാടൻ യാത്രയിലും നടത്താറുള്ള മുത്തങ്ങ വനയാത്രയ്ക്കിറങ്ങി. ഇരുവശത്തേയും, വന്യതയാർന്ന ആ വനത്തണലുകൾ കനത്ത ചൂടിൽ നിന്നും സാന്ത്വനമേകുന്ന ഈ വനയാത്ര ശരിയ്ക്കും നമ്മുടെ ശരീരം മാത്രമല്ല മനസ്സും നന്നായി തണുപ്പിയ്ക്കും കേട്ടോ.
ഇടയ്ക്ക് വലതു വശത്തായി വലിയൊരു മാൻകൂട്ടം ഒരു കൂസലുമില്ലാതെ അങ്ങിനെ മേയുന്നു.
ആനകളെ കണ്ടില്ലല്ലോ എന്ന മനസ്താപത്തിലായിരുന്നു ഞങ്ങൾ. അപ്പോൾ അതാ വീണ്ടും വലതു വശത്തായി അലസമായി മേയുന്ന രണ്ട് ആനകൾ. "ഓഹ് .. ഞങ്ങൾ ഇതൊക്കെ എത്ര കണ്ടതാ ... ഒന്ന് വേഗം പോടേ ..നാളെ നല്ലോരു ഓണമല്ലേ .." എന്നൊരു ഭാവത്തിൽ അവരങ്ങിനെ ഞങ്ങളെ തീർത്തും 'മൈൻഡ്' ചെയ്യാതെ തങ്ങളുടെ തീറ്റ തുടർന്നു.
വനാതിർത്തി താണ്ടിയ ഞങ്ങളാകട്ടെ ഗുണ്ടൽപേട്ട് യാത്ര തുടർന്നു. സൂര്യകാന്തിപ്പാടങ്ങളാണ് ലക്ഷ്യം. പക്ഷേ, പ്രധാന സീസൺ കഴിഞ്ഞതിനാൽ പല പാടങ്ങളും ഒഴിഞ്ഞിരുന്നു. എങ്കിലും നമുക്ക് വേണ്ടി കുറച്ചു പാടങ്ങൾ അവിടെ ക്ഷമയോടെ കാത്ത് നിന്നിരുന്നു.
സ്വന്തം തേൻ നുകരാനെത്തുന്ന കരിവണ്ടുകളോടു പോലും ചിരിച്ചു തലയാട്ടി വിശേഷങ്ങൾ പറയുന്ന ആ സൂര്യകാന്തികൾ നിരന്നു നിൽക്കുന്ന പാടങ്ങൾ, അവയുടെ സൗന്ദര്യം.... അത് വാക്കുകളുടെ വർണ്ണനയ്‌ക്കും അതീതമാണ്.
ആ കൂടെ നിൽക്കുമ്പോൾ, നമ്മൾ യാത്രാക്ഷീണവും വെയിലും പിന്നെ മറ്റെന്തൊക്കെയോ മറക്കും. അറിയാതെ നമ്മളും ഒരു കരിവണ്ടായി മാറും. സൂര്യകാന്തികൾക്കിടയിൽ അവയെ തഴുകിയുണർത്തി നമ്മളങ്ങിനെ നടക്കും.
നേരം പതുക്കെ വൈകിത്തുടങ്ങി. സൂര്യൻ യാത്രപറയുമ്പോൾ കണ്ണീരോടെ സൂര്യകാന്തികൾ തല കുനിച്ചു. നിറയുന്ന കണ്ണുകൾ ഞങ്ങൾ കാണാതിരിയ്ക്കാനാകണം അത്. സൂര്യനും ശോഭ മങ്ങി പതിയെ ഇരുൾ പരന്നു തുടങ്ങിയപ്പോൾ മനസില്ലാമനസ്സോടെ ഞങ്ങൾ മടക്കയാത്ര തുടങ്ങി.
മടക്കയാത്രയിൽ ഓണപ്പൂക്കളത്തിനു വേണ്ട പൂക്കൾ വാങ്ങി. തീർത്തും വിലക്കുറവിൽ. ഒരു കിലോ വാടാമല്ലിയ്ക്ക് വെറും 25 രൂപ. അതും വലിയൊരു കവറിൽ തൂക്കം പോലും നോക്കാതെ വാരി നിറച്ചതിന്. അതേപോലെ തന്നെ മറ്റു പൂക്കളും.
പിന്നെ തിടുക്കത്തിൽ വീട്ടിലെത്തി, രാത്രിയിൽ തന്നെ പൂക്കളം തീർത്തു. അതും കുട്ടിപ്പട്ടാളത്തിന്റെ വക മനോഹരമായൊരെണ്ണം.
കൂട്ടത്തിൽ ഒരു രഹസ്യം കൂടി പറയാം. പലപ്പോഴും പൂക്കളം ഇടുമ്പോൾ നമ്മെ വിഷമിപ്പിയ്ക്കുന്നതാണ് ആ കടുംപച്ച നിറം. ദേവദാരു തണ്ടിൽ നിന്നും കടുപ്പമേറിയ ആ പച്ച ഇതളുകൾ അടർത്തി കൈവിരലുകൾ ആകെ നാശമാകാറുമുണ്ട്. അല്ലേ? അതൊന്നുമല്ലാതെ ഒരു എളുപ്പവഴി ഉണ്ട്. ഈ പൂക്കളത്തിലെ ആ പച്ച കളർ കണ്ടോ? സൂപ്പർ അല്ലേ? നാച്ചുറൽ ആണ് സംഭവം. സംഗതി പരമരഹസ്യം ആയതു കൊണ്ട്, ഇവിടെ പറയാൻ പറ്റില്ല കേട്ടോ. അടുത്ത ഓണത്തിന് പറയാം. തീർച്ച.
പകൽ യാത്രയുടെ ക്ഷീണവും പിറ്റേന്നത്തെ തിരുവോണപ്രതീക്ഷയും കാരണമാകാം പെട്ടെന്ന് ഉറക്കത്തിലേക്ക് വഴുതി.
സാധാരണ ഓണത്തിന് തലേന്ന് തന്നെ ഇഞ്ചിക്കറി, ഉള്ളിക്കറി, പച്ചടി, കിച്ചടി, അച്ചാറുകൾ തുടങ്ങി കുറെയേറെ വിഭവങ്ങൾ ഉണ്ടാക്കി വയ്ക്കാറാണ് പതിവ്. യാത്രകളും തിരക്കും കാരണം ഇത്തവണ അത് തെറ്റി.
മാത്രമല്ല, ഇത്തവണ ഞങ്ങളുടെ ഓണം അനിയന്റെ പുതിയ വീട്ടിൽ ആണ് കേട്ടോ. അതും നാട്ടിൽ നിന്നും എത്തിയ അച്ഛന്റെ അനിയനും കുടുംബവും, പിന്നെ അച്ഛന്റെ പെങ്ങൾ.... അങ്ങിനെ ഒരുപാട് പേരോടൊന്നിച്ച്. ഒരുപാട് വർഷങ്ങൾക്ക് ശേഷം....
എല്ലാവരും കൂടി ഒത്തു ശ്രമിച്ചപ്പോൾ ഇതാ 25 തരം വിഭവങ്ങളുമായി ഒരുഗ്രൻ ഓണസദ്യ തയ്യാർ. അതും നമ്മുടെ ഇഷ്ടവിഭവമായ, മൂന്ന് നിര തേങ്ങാപ്പാൽ ചേർത്ത് തയ്യാറാക്കുന്ന ആ അരി/പരിപ്പ്-മിശ്രിത പായസം ഉൾപ്പെടെ.
പിന്നെ തൂശനിലയുടെ മുൻപിൽ എല്ലാവരും ഒത്തൊരുമിച്ചൊരു പിടി ആയിരുന്നു. ആഹാ .... അവസാനം അല്പം രസവും പച്ചമോരും കൂടെ ഒരുമിച്ചു കുടിച്ച്, ആ ഇലമുന്പിൽ നിന്നും ഒരു ഏമ്പക്കവും വിട്ട് എഴുന്നേറ്റപ്പോൾ, ഈ ഓണസദ്യ കണ്ടുപിടിച്ച ആ മഹാന് മനസ്സാ മംഗളം നേർന്നു.
പിന്നെ ഒരൽപ്പം വിശ്രമം. ശേഷം, വൈകുന്നേരത്തോടെ വയലിലേയ്ക്കൊരു യാത്ര. വീട്ടിൽ നിന്നും ഏതാണ്ട് 500 മീറ്റർ മാത്രം അകലം ഉള്ളതിനാൽ കുട്ടികൾ എല്ലാവരെയും കൂടെകൂട്ടി നടന്നായിരുന്നു യാത്ര. അവരാകട്ടെ പെരുത്ത സന്തോഷത്തിലും. കാരണം അവർക്കവിടെ കാണാൻ ഒരു പാട് കാഴ്ച്ചകളും, പിന്നെ ചൂണ്ടയിട്ട് മീൻ പിടിയ്ക്കാൻ ചെറിയ തോടുകളുമൊക്കെയുണ്ടല്ലോ. പിന്നെ, തരം കിട്ടിയാൽ കഴിഞ്ഞ തവണത്തേതുപോലെ ആ ചേറിൽ കിടന്നൊന്നു കുളിയ്ക്കുകയുമാവാം.
കണ്ണെത്താദൂരം പരന്നു കിടക്കുന്ന വയലേലകളെ രണ്ടായി പകുത്ത് നീണ്ടുപോകുന്ന ടാർ റോഡ്. ഒരു വശത്ത് വയൽനടുവിൽ എല്ലാ മാസവും ഒന്നാം തീയതികളിൽ മാത്രം തുറക്കുന്ന ഒരു കൊച്ചു ക്ഷേത്രം. അതിനും പുറകിലായി നാണത്താൽ തുടുത്ത ചെമ്മാനത്തോട് വിങ്ങുന്ന മനസ്സോടെ യാത്ര പറയുന്ന അസ്തമയ സൂര്യൻ.
ഇല്ല.... ഒരു വിവരണത്തിനും പകർത്താനാവില്ല ആ ദൃശ്യഭംഗി. അതുകൊണ്ടു തന്നെ, അത് നിങ്ങൾ കണ്ടാസ്വദിയ്ക്കുക.
നേരം നന്നായി ഇരുട്ടിയിട്ടും വീട്ടിലേയ്ക്കു മടങ്ങാൻ മനസ്സ് വന്നില്ല. പക്ഷെ കൂടെ കുട്ടികൾ ഉള്ളത് കൊണ്ട് തന്നെ, രാവേറെയാകുന്നതിനു മുൻപേ മടങ്ങി.
ഓണപ്പിറ്റേന്ന്, ഉച്ച കഴിഞ്ഞ് ഞങ്ങൾ മറ്റൊരു ഇഷ്ട ലൊക്കേഷൻ ആയ കാരാപ്പുഴ ഡാമിലേയ്ക്കൊരു യാത്ര നടത്തി. പക്ഷേ, അവിടെയെത്തിയപ്പോൾ ദാ ...കെടക്കണ് കട്ടേം പടോം ... എന്ന സ്ഥിതി. തൃശ്ശൂർ പൂരത്തിനേക്കാൾ തിരക്ക്. അല്പം നിരാശയോടെ, ഞങ്ങൾ നേരെ ബത്തേരിയിലേയ്ക്ക് യാത്ര തുടർന്നു.
ആ യാത്രയിൽ ആണ് അവിചാരിതമായി 'ആയിരംകൊല്ലി ഫാന്റം റോക്' എന്നൊരു ദിശാസൂചിക കണ്ടത്. നേരെ അങ്ങോട്ട് വിട്ടു. ഇതേ വരെ പോകാത്ത ഒരു സ്ഥലമല്ലേ. ഒന്ന് പോയി നോക്കാം. എന്താ?
ഒട്ടും നഷ്ടമായില്ല ആ യാത്ര.
നോക്കൂ നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ അതിമനോഹരമായ കാഴ്ചയല്ലേ നമ്മുടെ ഫാന്റം റോക്?
ഒരു പക്ഷേ ഒരു നല്ല നാളെ എന്ന പ്രതീക്ഷയുടെ പ്രതീകമായി ഫാന്റം ആ നീലാകാശപ്പരപ്പിലേയ്ക്ക് മിഴിയെറിയുന്നതാകാം.
അതുമല്ലെങ്കിൽ, ദുര മൂത്ത മനുഷ്യർ തന്റെ ചുറ്റിലിമുണ്ടായിരുന്ന ആ കൂറ്റൻ പാറക്കെട്ടുകൾ ഒന്നൊഴിയാതെ പൊട്ടിച്ച് മാറ്റിയപ്പോൾ, അറിയാതെ നിറഞ്ഞൊഴുകിയ കണ്ണുകളോടെ സൂര്യദേവനോട് തന്റെ ആ തീരാത്ത സങ്കടം പറയുന്നതുമാകാം.
അതോർത്തപ്പോൾ അറിയാതെ ഞങ്ങളുടെ ഉള്ളിലും നേരിയ സങ്കടം നിറഞ്ഞു. പിന്നെ പതുക്കെ, എന്നും യാത്രകളിൽ സന്തതസഹചാരിയായ നമ്മുടെ പാവം വാഹനത്തിലേയ്ക്ക് മടങ്ങി. അങ്ങകലെ സൂര്യനും മറ്റൊരു അസ്തമയത്തിനു തയ്യാറെടുത്തു.
പിറ്റേന്ന്, പതിവ് പോലെ ഒരല്പം മ്ലാനമായിരുന്നു. ഞങ്ങളും, പിന്നെ വയനാടൻ പെണ്ണും. കാരണം, അനിവാര്യമായ മടക്കയാത്രയുടെ ദിവസമാണത്. നേരത്തെ നമ്മൾ കണ്ട ആ വയലിൽ വിളഞ്ഞ നെല്ല് കുത്തിയ്ക്കാൻ, അടുത്ത ടൗണിൽ പോയി മടങ്ങി വരും വഴിയാണ്, വഴിവക്കിൽ പലരും പതിവില്ലാതെ ആകാശത്തേയ്ക്ക് നോക്കുന്നത് കണ്ടത്. വണ്ടി ഒരു വശത്തൊതുക്കി മേലോട്ട് നോക്കിയപ്പോൾ അല്ലേ രസം?
അതാ അവിടെ നമ്മുടെ സൂര്യൻ ഒരു സപ്തവർണ്ണ ഓണപ്പൂക്കളത്തിനകത്ത്..... "നിങ്ങൾക്ക് മാത്രമല്ലടാ... എനിയ്ക്കുമുണ്ടടാ ഈ ഓണോം ഓണപ്പൂക്കളോം ഒക്കെ... " എന്നൊരു ഭാവത്തിൽ.
പെട്ടെന്ന് മൊബൈലിൽ പകർത്തി ആ സുന്ദര ദൃശ്യം. [പിറ്റേന്ന് പത്രവാർത്തയിൽ നിന്നുമറിഞ്ഞു, അത് 'ഹാലോ' എന്ന അപൂർവ്വ പ്രതിഭാസം ആയിരുന്നത്രേ. നീരാവി തണുത്ത്, അന്തരീക്ഷത്തിൽ കാറ്റില്ലാത്ത സമയത്തു രൂപപ്പെടുന്ന, 22 ഡിഗ്രി കോണുള്ള, ത്രികോണാകൃതിയിലുള്ള ഐസ് പരലുകളിലൂടെ സൂര്യപ്രകാശം കടന്നുപോകുമ്പോൾ (പ്രകീർണനം) ഉണ്ടാകുന്ന പല നിറങ്ങിലുള്ള പ്രഭാവലയമാണിതത്രെ].
ഉച്ചയൂണിന്റെ സമയമായി. പാടത്തു വിളഞ്ഞ നെല്ലിന്റെ ചോറും, പിന്നെ എന്നും എന്റെ ഇഷ്ടവിഭവമായ ആ 'ചക്കക്കുരു മാങ്ങാക്കറിയും', വലിയ വയനാടൻ മാന്തൾ മീൻ വറുത്തതും (ഇത് വായിയ്ക്കുമ്പോൾ, കടലില്ലാത്ത വയനാടിന് എവിടെ നിന്നാ ഈ മാന്തൾ? എന്ന് ചിന്തിയ്ക്കേണ്ട കേട്ടോ. സ്വന്തമായി കടലുള്ള നല്ലവരായ ആ കോഴിക്കോട്ടുകാർ, സ്നേഹപൂർവ്വം നമ്മുടെ വയനാടിന് സമ്മാനിയ്ക്കുന്നതാണത്), തൊടിയിൽ നിന്നും അന്ന് രാവിലെ പറിച്ച നാടൻ വഴുതനങ്ങ മെഴുക്കുപുരട്ടിയും, ഇത്തിരി കടുമാങ്ങ അച്ചാറും, പിന്നെ എല്ലാത്തിനും മേമ്പൊടിയായി കൂടെ രണ്ട് ഉണക്ക മുള്ളൻ വറുത്തതും കൂട്ടിയുള്ള ഒരു ചെറിയ ഊണ്. ശോ ... അത് പറയുമ്പോൾ ദേ ഇപ്പോഴും വായിൽ വെള്ളമൂറുന്നു. ശരിയ്ക്കും.....
പിന്നെ .... എല്ലാ തവണത്തേയും പോലെ, മനസ്സില്ലാമനസ്സോടെ മടക്കയാത്രക്കുള്ള ഒരുക്കങ്ങളായി. മറ്റൊരു വരവിനായുള്ള പ്രതീക്ഷയോടെ.
നിരന്ന ഹരിതാഭയിൽ സുന്ദരിയായ ആ വയനാടൻതേയിലക്കാടുകൾ വഴിയോരത്തു നിരന്നു നിന്ന്, ഞങ്ങൾക്ക് യാത്രാമംഗളങ്ങൾ നേർന്നു.
വീണ്ടും നമ്മൾ നഗരത്തിരക്കിലേയ്ക്കിറങ്ങുകയായി. ഗ്രാമസൗഭാഗ്യങ്ങളുടെ, ആ ശാന്തതയുടെ ചില നികത്താനാവാത്ത നഷ്ടബോധങ്ങളുമായി.....!!
===============
സ്നേഹപൂർവ്വം
- ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
Best Kanna best !!!
ReplyDeletethanks Doolu ..thanks ...
Delete